കലയില്ലാത്ത രാഷ്ട്രീയ പ്രവർത്തകരും രാഷ്ട്രീയമില്ലാത്ത കലാ പ്രവർത്തകരും ഒരുപോലെ സമൂഹത്തെ ദുഷിച്ച വഴിയിലൂടെ നടത്തും. കലാകാരന്മാർ കലയിലേക്ക് വരുന്നതെന്തിന് എന്നതിനെ സംബന്ധിച്ച് ദിശാബോധക്കുറവ് നല്ലവണ്ണമുണ്ട്. കല പഠിപ്പിക്കുന്ന സ്ഥാപനങ്ങൾ ധാരാളം ഉള്ളപ്പോഴും ദിശാബോധം നൽകുന്ന സ്ഥാപനങ്ങളും ഗുരുസ്ഥാനീയരും വളരെ വിരളം. ഇക്കാലത്ത് മുതിർന്ന കലാപ്രവർത്തകർ പോലും കലാ — സാംസ്കാരിക പ്രവർത്തനങ്ങളെ പണം, പ്രസിദ്ധി, സ്ഥാനമാനങ്ങൾ തുടങ്ങിയവയിലേക്കുള്ള കുറുക്കുവഴിയായി മാത്രം കാണുന്നു. വ്യക്തമായ സാമൂഹ്യബോധത്തിലധിഷ്ഠിതമാവണം കലാ പ്രവർത്തനങ്ങൾ. തോല്പിക്കലും മറികടക്കലുമൊന്നുമല്ല കലയുടെ ലക്ഷ്യമെന്നും എല്ലാ മത്സരങ്ങളും, വിഭാഗീയതകളും അവസാനിക്കുമ്പോഴാണ് കല ആരംഭിക്കുന്നത് എന്നുമുള്ള അടിസ്ഥാന തത്വം എത്ര പേർ തിരിച്ചറിയുന്നു. കലയുള്ളതുകൊണ്ട് സമൂഹമല്ല, സമൂഹമുള്ളതുകൊണ്ട് കലയും കലാപ്രവർത്തകരുമാണ് നിലനിൽക്കുന്നത് എന്ന ബോധ്യം അടിയുറയ്ക്കുമ്പോൾ മാത്രമേ സമൂഹത്തിന് തന്റെ കലാപ്രവർത്തനം കൊണ്ട് എന്ത് ഗുണമുണ്ടായി എന്ന് ചിന്തിക്കാൻ സാധിക്കൂ. സമൂഹത്തെ പുതിയ ബോധ്യങ്ങളിലേക്ക് കൈപിടിച്ചു നടത്തലാവണം കലാപ്രവർത്തകരുടെ ശ്രദ്ധ. തനിക്കുശേഷം സ്വന്തം മക്കള്‍ മാത്രം വളർന്നാൽ മതി എന്ന ചിന്തയിൽ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാത്ത കലാകാരന്മാരും കലാകാരികളും ഉണ്ട്. അവാർഡിനും അംഗീകാരത്തിനും വേണ്ടി അർഹതയില്ലാത്തവനെയും സ്തുതിക്കുക, അവരുടെ മുന്നിൽ ഓച്ഛാനിച്ചു നിൽക്കുക തുടങ്ങിയ അല്പത്തരങ്ങളിൽ അഭിരമിക്കുന്നവരും ധാരാളം. കലകളുടെ, സംസ്കാരത്തിന്റെ രാഷ്ട്രീയമെന്ത്, അഥവാ അവയ്ക്ക് രാഷ്ട്രീയം തന്നെയുണ്ടോ എന്ന ചർച്ച സാഹിത്യത്തിലൂന്നി നടന്ന ഒരു പൂർവകാലം ഉണ്ട്. രൂപഭദ്രതയോ ഭാവഭദ്രതയോ എന്ന സമവാക്യത്തിൽ അന്ന് ചർച്ച ചെയ്തതും ഒരർത്ഥത്തിൽ കലകളുടെ രാഷ്ട്രീയം തന്നെയായിരുന്നു. കലകൾക്കും അതുവഴി സാംസ്കാരിക പ്രവർത്തനങ്ങൾക്കും ഒരു സാമൂഹ്യലക്ഷ്യമുണ്ട് എന്ന് സ്ഥാപിക്കാൻ പ്രാചീന കലാരൂപങ്ങളും സാഹിത്യവും തെളിവുകളായി വ്യാഖ്യാനിക്കാനും കഴിഞ്ഞിരുന്നു. അങ്ങനെയാണ് പൂർവകാല കൃതികളുടെ പുനർവായന എങ്ങനെയാണ് സഫലമാവുക എന്ന ചർച്ചയുണ്ടായത്. ഒരു കലാരൂപത്തെ അഥവാ കൃതിയെ വർത്തമാനകാലത്തേക്ക് അപനിർമ്മിക്കുന്നതിന്റെ രീതിശാസ്ത്രത്തിലേക്കുള്ള വളർച്ചയെ മലയാളി സൂക്ഷ്മമായി ഉൾക്കൊണ്ടതിന്റെ ചരിത്രം വിസ്മരിക്കാൻ പാടില്ല. അതോടൊപ്പം തന്നെ മറ്റൊരു സാംസ്കാരിക ധാരയും അതിൽ ഉൾച്ചേർന്നിരുന്നു. യാഥാസ്ഥിതിക പുനരുജ്ജീവനത്തിന്റെ പ്രതിലോമ വഴിയായിരുന്നു അത്.
ചരിത്രമെന്നത് കെട്ടുകഥകളും കേട്ടുകേൾവികളും വിശ്വാസമായി മാറിയിരുന്ന ഇവിടെ, പൂർവകാല സാംസ്കാരിക പ്രരൂപങ്ങളെ, സാഹിത്യമുൾപ്പെടെ, അവയുണ്ടായ കാലത്തെ ഭൗതിക ചരിത്രവുമായി ബന്ധപ്പെടുത്തി അഥവാ ചരിത്രത്തിന്റെ സൃഷ്ടികളായി വായിച്ചെടുക്കാനോ വിലയിരുത്താനോ നാം വേണ്ടത്ര ശ്രമിച്ചിട്ടുണ്ട് എന്നു തോന്നുന്നില്ല. അതുകൊണ്ടാണ് ഭാരതീയ ദർശനങ്ങളിൽ ഒരിടത്തും കണ്ടെത്താൻ കഴിയാത്ത ഹിന്ദു എന്ന മത കല്പനയെ, സാംസ്കാരികമായി പുനർനിർവചിക്കാനും, ചരിത്രത്തെ ഹിന്ദു മതത്തിന്റെ സാംസ്കാരിക പ്രവാഹമായി മാറ്റാനും പ്രതിപ്രത്യയശാസ്ത്രത്തിന്റെ പ്രയോക്താക്കൾക്ക് കഴിഞ്ഞത്.
ഭാരതീയ ഉപനിഷത്തുക്കളെയും സാഹിത്യരൂപങ്ങളായിരുന്ന പുരാണങ്ങളെയും തത്വശാസ്ത്രങ്ങളായോ സാഹിത്യരൂപങ്ങളായോ അല്ല പുനരുജ്ജീവനവാദികൾ അവതരിപ്പിച്ചത്. അവയ്ക്കുമേൽ ചാർത്തിയ പരിശുദ്ധിയും ദിവ്യത്വവും തികച്ചും മതപരം മാത്രമായിരുന്നു. അതിനുപിന്നിലെ അധികാരത്തിന്റെ രാഷ്ട്രീയം നവോത്ഥാനത്തിലൂടെ പിറന്നുവീണ പുരോഗമന ശക്തികൾ വേണ്ടത്ര തിരിച്ചറിഞ്ഞില്ല. സാംസ്കാരിക സംഘടന എന്ന മേൽവിലാസത്തിൽ ഭാരതത്തിൽ പിറന്നു വീണ ഒരു സംഘടന, ഭാരതീയ വിചാരധാര എന്ന പദമുപയോഗിച്ചത് യാഥാസ്ഥിതിക പുനരുജ്ജീവനത്തിന്റെ ആയുധമായിട്ടായിരുന്നല്ലോ. അവിടെ നമ്മുടെ കലാരൂപങ്ങളെയെല്ലാം മതദർശനത്തിന്റെ പ്രതിലോമ മണ്ഡലത്തിലേക്ക് വിളക്കിച്ചേർക്കാനുള്ള രാഷ്ട്രീയ കൗശലമാണ് ഇപ്പോഴും കണ്ടുകൊണ്ടിരിക്കുന്നത്.
ഹിന്ദുത്വ വാദികൾ സാംസ്കാരിക — കലാ മേഖലകളിലൂടെ ആശയ മണ്ഡലത്തെ ആക്രമിച്ച് കീഴടക്കുകയല്ല ചെയ്തത്. മെരുക്കി അനുനയിപ്പിച്ച് വിശ്വസിപ്പിക്കുക എന്ന നയമായിരുന്നു സ്വീകരിച്ചത്. വിശ്വാസം എന്ന പദത്തെ വളരെ കൃത്യമായി അപനിർമ്മിച്ച് അന്ധവിശ്വാസത്തിലേക്കും പിന്നീട് മതാത്മകതയിലേക്കും ആനയിക്കുന്നതിനുള്ള ഉപാധികളിൽ ഒന്നായി കലാരൂപങ്ങളെ ചിഹ്നങ്ങളാക്കി അവതരിപ്പിക്കാൻ അവർക്ക് കഴിഞ്ഞു. കഥകളി, കൂടിയാട്ടം, തുള്ളൽ തുടങ്ങിയ കേരളീയ കലകളെ ക്ഷേത്ര കലകളായും അതുവഴി ഹൈന്ദവ കലകളായും മാറ്റാൻ വലിയ പ്രയാസമുണ്ടായില്ല. കർണാടക സംഗീതത്തിനും, നൃത്തരൂപങ്ങളായ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, തുടങ്ങിയവയ്ക്കും ഈ വിപര്യയത്തിൽ നിന്നു മോചനമുണ്ടായില്ല. വിശ്വാസത്തെ അന്ധവിശ്വാസമാക്കാനും കലകളെ മതാനുഷ്ഠാനമാക്കാനും കഴിഞ്ഞത് നവോത്ഥാനത്തിന്റെ നേർവഴികൾക്കു പുറത്തായതു കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ടതുമില്ല. വിശ്വപ്രസിദ്ധ സാഹിത്യ കൃതികളായ രാമായണത്തെയും മഹാഭാരതത്തെയും അവർ ദിവ്യത്വമുള്ള കൃതികളാക്കി. രാമായണ കഥയെ മുഴുവൻ അവരുടെ താല്പര്യങ്ങൾക്കനുസരിച്ച് ദുർവ്യാഖ്യാനിച്ച്, വാല്മീകിയുടെ രാമനിൽ നിന്ന് വ്യത്യസ്തനായ, അവർക്കു വേണ്ട രാമനെ സൃഷ്ടിച്ചു. എന്നിട്ട് ആ രാമന്റെ കഥ ജനലക്ഷങ്ങളിലേക്ക് പകർന്നു. അങ്ങനെ ജനതയുടെ മനസിനെ യാഥാർത്ഥ്യങ്ങളിൽ നിന്ന് അകറ്റി മിത്തുകളിലും സാങ്കല്പിക കഥകളിലും അഭിരമിപ്പിക്കുന്നവരാക്കി. നവോത്ഥാനമുയർത്തി സ്ഥാപിച്ച യുക്തിഭദ്രമായ ചിന്താപദ്ധതി അപ്രസക്തമാക്കിക്കൊണ്ട് മതത്തെ കേവലമായ അന്ധവിശ്വാസ ജടിലമാക്കി അവതരിപ്പിക്കുക എന്ന തന്ത്രത്തിലൂടെ ദേശീയതയെയും സംസ്കാരത്തെയും നിർവചിക്കുകയും ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രമാക്കി മാറ്റുകയും ചെയ്തു.
ഫാസിസ്റ്റുകൾ എപ്പോഴും പ്രതീകങ്ങളിലും നാമധേയങ്ങളിലും അഭിരമിക്കും. അവർക്ക് അടയാളങ്ങളും നാമങ്ങളും പ്രാധാന്യമുള്ളതാണ്. അതിനെ അവർ ഉപയോഗിക്കുന്നത് ശക്തമായ വികാരവും ബന്ധുബലവും സൃഷ്ടിച്ചെടുക്കാനാണ്. ഫാസിസം എന്താണ് എന്ന് പഠിക്കാൻ അടയാളത്തിനും നാമങ്ങൾക്കും അവർക്കിടയിലുള്ള പ്രധാന്യവും പഠിക്കണം. അവരെ സംബന്ധിച്ചിടത്തോളം അവ ഐക്യത്തിന്റെ, ശക്തിയുടെ, അധികാരത്തിന്റെ, പവിത്രതയുടെ പ്രതീകങ്ങളാണ്. അവർ വിശുദ്ധമായി കാണുന്ന ഒരു നാമവും വേറെ ഒരു സന്ദർഭത്തിലും ഉപയോഗിക്കാൻ അനുവദിക്കില്ല. തികച്ചും സങ്കുചിത തത്വത്തിന്റെ ആൾരൂപങ്ങളാണ് ഫാസിസ്റ്റുകൾ. അവർ മസ്തിഷ്കത്തിലേക്ക്, കാറ്റും വെളിച്ചവും കടത്തിവിടുകയില്ല, ലോകം എത്ര പുരോഗമിച്ചാലും. അതാണ് സുംബയിലും, ജാനകി എന്ന പേരിനെ ചൊല്ലിയുള്ള തർക്കത്തിലും കാണുന്നത്. അവർ ചില നാമങ്ങൾ ഉപയോഗിക്കുന്നത് വൈകാരികത വളർത്താനും എതിരഭിപ്രായം ഉള്ളവരെ രാക്ഷസീയവൽക്കരിക്കാനും ആണ്. കാട്ടാളന്മാരുടെ എണ്ണം അനുദിനം പെരുകികൊണ്ടിരിക്കുന്ന ഈ ആസുര കാലത്ത് നമ്മുടെ സമൂഹത്തെ ഭരിക്കുന്ന പ്രധാനപ്പെട്ട ഒരു വികാരം ഭയം ആണ്. കലാകാരന്മാരിലും സാഹിത്യകാരന്മാരിലും കുറെപ്പേർ ആ ഭയത്തിന് കീഴ്പ്പെട്ടിരിക്കുന്നു. കലാ സാഹിത്യ രംഗത്ത് മാത്രമല്ല രാഷ്ട്രീയ രംഗത്തും ഭയം സർവവ്യാപിയായിരിക്കുന്നു. സ്ഥാനങ്ങളും സൗകര്യങ്ങളും നഷ്ടപ്പെടുമോ എന്ന ഭയം കൊണ്ട് വലിയ ഒരു വിഭാഗം പൊതുപ്രവർത്തകർ ഭയത്തിന് വിധേയമാകുന്നു. അങ്ങനെ സത്യസന്ധമായ നിലപാടുകൾ കൈക്കൊള്ളാൻ സാധിക്കാത്തവരായി മാറുന്നു. നീതിനിഷേധത്തിനും സ്വജനപക്ഷപാതത്തിനും എതിരെ അസന്ദിഗ്ധ നിലപാടുകൾ സ്വീകരിക്കുന്നവർ വളരെ വിരളം. അങ്ങനെ സ്വീകരിക്കുന്നവർക്ക് ഭയമില്ല. കാരണം അവർ സ്ഥാനങ്ങളോ ആനുകൂല്യങ്ങളോ പ്രതീക്ഷിക്കുന്നില്ല. ഭയം വിതയ്ക്കുന്നത് ഫാസിസത്തിന്റെ ഒരു തന്ത്രമാണ്. ഭയം അടിമകളെ സൃഷ്ടിക്കും. അന്ധവിശ്വാസത്തെ ശക്തിപ്പെടുത്തും. കലാകാരന്മാരും സാഹിത്യകാരന്മാരും രാഷ്ട്രീയ പ്രവർത്തകരും അടിമത്തത്തിന് കീഴ്പ്പെട്ടാൽ ഒരു ജനതയാകെ അടിമത്തത്തിലേക്ക് കൂപ്പുകുത്തും. മതമൗലികവാദികൾ അവരുടെ തിട്ടൂരം ഇറക്കുമ്പോൾ, അതുകണ്ട് ഭയന്ന് നിഷ്ക്രിയരായിരിക്കുന്ന രാഷ്ടീയ, സാമൂഹ്യ, കലാ, സാഹിത്യ, സാംസ്കാരിക സമൂഹം ഒരു ജനതയുടെ ആത്മാഭിമാനം പണയപ്പെടുത്തുന്നു. പ്രാകൃത ചിന്തകൾ വ്യാപകമായ സ്വാധീനം ഉറപ്പിക്കുന്ന ഈ കാലത്ത് അത്തരം മനുഷ്യത്വരഹിതമായ ചിന്തകൾക്കെതിരെ അതിശക്തമായ നിലപാടുകൾ എടുക്കേണ്ടതുണ്ട്. അതിന് ധൈര്യത്തിന്റെ പടയാളികളാകണം ജനത.
സാധാരണജനങ്ങളുടെ സർഗവൈഭവവും ആസ്വാദനശേഷിയും നിസീമം തന്നെയാണ്. നിത്യജീവിത സൗകര്യങ്ങൾ തന്നെ നിഷേധിക്കപ്പെട്ട് ചൂഷിതരായി, അധഃകൃതരായി നൂറ്റാണ്ടുകൾ കഴിഞ്ഞുകൂടിയിട്ടുള്ള ജനങ്ങളുടെ ആന്തരിക ചൈതന്യം അപാരമാണ്. ആ ചൈതന്യം പൂർണരൂപത്തിൽ പ്രകടിപ്പിക്കുവാൻ അവസരം ലഭിക്കാത്ത പ്രതികൂല സാഹചര്യങ്ങളിൽ ദുരിതക്കനി മാത്രം നുണഞ്ഞാണ് ജീവിതമെങ്കിലും സ്വന്തം നൈസർഗിക ശക്തിയുടെ തളർന്ന നാളങ്ങൾ കെടാതെ സൂക്ഷിക്കാൻ ജനങ്ങൾക്കു കഴിഞ്ഞിട്ടുണ്ട്. ഒരു കാര്യം പ്രത്യേകം ഓർക്കുക, കലകളുടെ മാത്രമല്ല സംസ്കാരത്തിന്റെ മുഴുവൻ സ്രഷ്ടാക്കൾ ജനങ്ങളാണ്.
സ്വാതന്ത്ര്യം എന്നത് കേവലം ഒരു വാക്കല്ല. അതൊരു ജാഗ്രതയാണ്. ആ ജാഗ്രത സമൂഹത്തിന് നഷ്ടപ്പെട്ടാൽ നമ്മുടെ സ്വാതന്ത്ര്യവും ജനാധിപത്യവും അവർ കവർന്നെടുക്കും. ഇപ്പോൾത്തന്നെ പല മേഖലകളിലും സ്വാതന്ത്ര്യത്തെ കവർന്നെടുത്തു കൊണ്ടിരിക്കുന്നു. ’ മതത്തെയും വിശ്വാസത്തെയും ജ്ഞാനത്തിന്റെ, അറിവിന്റെ വെളിച്ചത്തിൽ നവീകരിച്ച് ബഹുസ്വരമായ സമൂഹം നിലനിർത്തുക എന്ന നവോത്ഥാന ലക്ഷ്യമാണ് ഇവിടെ നിഷ്കരുണം അട്ടിമറിക്കപ്പെടുന്നത്. സമഷ്ടിയുടെ അടിസ്ഥാന ഭാവം വൈവിധ്യമാണെന്നും, അത് ഏകതയിലേക്ക് കേന്ദ്രീകരിക്കപ്പെടുമ്പോൾ കടന്നുവരുന്നത് നവ ഫാസിസമാണെന്നും പൊതുമണ്ഡലം മറക്കാൻ പാടില്ല. ചിന്തയിൽ, സംസ്കാരത്തിൽ, കലാവിഷ്കാരങ്ങളിൽ ബോധപൂർവം നാം ഇടപെടണം. രാഷ്ട്രീയ പ്രവർത്തനത്തിന്റെ സാമ്പ്രദായിക ശൈലി മാറിയേ മതിയാകൂ. അധികാരത്തിലെത്തുക എന്നത് മാത്രമാകരുത് രാഷ്ട്രീയ പ്രവർത്തനത്തിന്റെ ലക്ഷ്യം. സമൂഹത്തിന്റെ ദൈനംദിന ജീവിതത്തിൽ ജനാധിപത്യത്തിന്റെ നൈതികത ഉയർത്തിപ്പിടിക്കണം. മനുഷ്യന്റെ മനസിലെ മാധുര്യവും വെളിച്ചവും പുറത്തു വരാൻ മാനവികതയുടെ, ആശയങ്ങളുടെ വിപുലമായ പ്രചരണവും പഠനവും നടത്തിയേ മതിയാകൂ. ഇവിടെ ഫാസിസ്റ്റുകൾ സൃഷ്ടിക്കുന്ന തമസിൽ വേതാള നൃത്തം ചെയ്യുന്ന മതമൗലികവാദികളുടെയും, സാമൂഹ്യ പ്രതിബദ്ധതയില്ലാത്ത, സ്വാർത്ഥ താല്പര്യമുള്ള പൊതുപ്രവർത്തകരുടെയും പാതയിൽ നിന്ന് മാറി മനുഷ്യൻ മനുഷ്യനോളം വലുതാകുന്ന പ്രഭാതങ്ങൾക്കു് വേണ്ടിയുള്ള പോരാട്ടം അനുസ്യൂതം തുടരണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.