കാലമേ നന്ദി, മാധവിക്കുട്ടിക്കു പുനരവതാരമായി

Web Desk
Posted on March 18, 2018, 10:07 pm

കാലത്തിനു കൈരളി നന്ദി പറയുക. കാലം ഒരക്ഷയപാത്രമാണ്. കാലത്തിലൊളിച്ച ജയദേവകവിയേയും ‘അങ്കത്തടത്തിലിരുത്തിയെന്‍ കൊങ്കത്തടങ്ങള്‍ കരപങ്കജം കൊണ്ടവന്‍ തലോടി‘യെന്ന ശൃംഗാരലഹരി പകര്‍ന്നുതന്ന ഇരയിമ്മന്‍ തമ്പിയേയും കാലം ഇതുവരെ നമുക്കു തിരിച്ചുതന്നിട്ടില്ലെങ്കിലും ‘മൈ സ്റ്റോറി’ എന്ന ഇക്കിളിപ്പുസ്തകമെഴുതിയ മാധവിക്കുട്ടിയെന്ന കമലാദാസ് എന്ന കമലാസുരയ്യയെ നിഷാ ജോസ് കെ മാണിയിലൂടെ കാലം നമുക്ക് തിരിച്ചുസമ്മാനിക്കുന്നു. പരപുരുഷബന്ധങ്ങളുടെ കഥ പറയുന്ന മാധവിക്കുട്ടിയുടെ ‘മൈ സ്റ്റോറി’ പണ്ട് ‘കറന്റ്’ വാരികയിലൂടെ ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചപ്പോള്‍ പല വിവാദങ്ങളും ഉയര്‍ന്നുവന്നിരുന്നു. അതിലൊന്ന് ഗ്ലോറിയാ ബാരറ്റിന്റെ ‘ദി മെന്‍’ എന്ന പുസ്തകത്തിന്റെ കോപ്പിയടിയാണ് ‘മൈ സ്റ്റോറി’ എന്നതായിരുന്നു. ദേവിക രണ്ട് പുസ്തകങ്ങളും വായിച്ചുനോക്കിയപ്പോള്‍ ‘ദി മെന്നി‘ലും ”മൈ സ്റ്റോറി‘യിലും കഥാകൃത്തുക്കളുമായി അഭിരമിക്കുന്നത് ചില സാങ്കല്‍പിക കഥാപാത്രങ്ങളായിരുന്നുവെന്ന് തോന്നി. പുസ്തകകച്ചവടത്തിനും വേണമല്ലോ ചില കച്ചവട രസതന്ത്രങ്ങള്‍.
പക്ഷേ കരിങ്ങോഴയ്ക്കല്‍ തറവാട്ടില്‍ മാണിയുടെ മരുമകള്‍ നിഷയായി ഒരു മാധവിക്കുട്ടി പുനരവതരിക്കുമെന്ന് ഭൂമിമലയാളത്തിലുള്ളവര്‍ സ്വപ്‌നം പോലും കണ്ടുകാണില്ല. അന്തരീക്ഷ സൃഷ്ടിക്കിടയിലാണല്ലോ പ്രതിഭകള്‍ പറന്നുവീണു കൈകാലിട്ടടിക്കുന്നതും ‘നഗ്ന’സത്യങ്ങള്‍ തുറന്നുകാട്ടുന്നതും. സോളാര്‍ കേസില്‍ സരിതയും തന്റെ കണവന്‍ ജോസ് കെ മാണിയുമായുള്ള ലൈംഗികവേഴ്ചക്കേസ് എന്ന അന്തരീക്ഷ സൃഷ്ടിയുണ്ടായതോടെയാവണം നിഷയിലെ മാധവിക്കുട്ടി ഉണര്‍ന്നെണീറ്റത്. ഗ്ലോറിയാ ബാരറ്റിനേയും മാധവിക്കുട്ടിയേയും പോലെ നിഷയും തന്റെ ‘ദി അദര്‍സൈഡ് ഓഫ് ദിസ് ലൈഫി‘ല്‍ ലൈംഗിക കച്ചവടതന്ത്രം പയറ്റിയതിലും അത്ഭുതപ്പെടാനില്ല. കോഴിക്കോടുനിന്നും കോട്ടയം വരെയുള്ള തീവണ്ടി യാത്രയ്ക്കിടയില്‍ കോട്ടയത്തെ ഒരു നേതാവിന്റെ ജീരകപ്പൂവിന്റെ ഭംഗിയോലുന്ന കൊലുന്നനെയുള്ള ഒരു പയ്യന്‍ തന്നെ ഉറങ്ങാന്‍ സമ്മതിക്കാതെ നുള്ളുകയും കിള്ളുകയും ഇക്കിളിപ്പെടുത്തുകയുമൊക്കെ ചെയ്തുവെന്നാണ് നിഷാമാണിയുടെ നിദ്രാവിഹീനമായ അവളുടെ രാവുകളെക്കുറിച്ചുള്ള കഥാവര്‍ണന.
കഥ കേട്ടതോടെ പി സി ജോര്‍ജ് അങ്കത്തിനിറങ്ങി. തന്റെ മോനെ അപമാനിക്കാനെഴുതിയ കെട്ടുകഥയെന്നായി അദ്ദേഹം. കൃശഗാത്രനായ പയ്യന്‍ എന്ന് നിഷ പറഞ്ഞത് തന്നെക്കുറിച്ചെന്നായി പി സിയുടെ പുത്രന്‍ ഷോണ്‍ ജോര്‍ജ്. കൃശഗാത്രന്മാരെല്ലാം ഷോണ്‍ ജോര്‍ജുമാരല്ലല്ലോ. കാര്യമെന്തായാലും തന്നെ അഞ്ചാറുവര്‍ഷം മുമ്പ് പീഡിപ്പിച്ചയാളെക്കുറിച്ച് നിഷ പൊലീസില്‍ പരാതി നല്‍കാത്തെതെന്തെന്ന് ചില കുന്നായ്മകള്‍ ചോദിക്കുന്നു. തനിക്കെതിരെ തീവണ്ടിവിക്രിയ കാട്ടിയയാളെ നിഷയ്ക്കറിയുകയും ചെയ്യാം. കോട്ടയത്തിറങ്ങിയപ്പോള്‍ ‘ഓടരുതനിയാ ആളറിയാം’ എന്നുപറഞ്ഞ് തൊട്ടടുത്ത പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാത്തതെന്ത് എന്നൊന്നും ചോദിക്കരുത്. പുസ്തകമെഴുതാന്‍ കാത്തുവച്ച വിഷയം പൊലീസ് സ്റ്റേഷനിലിട്ട് അലക്കിക്കൂടല്ലോ. നിഷയുടെ ഭര്‍ത്താവ് ജോസ് കെ മാണിയാണെങ്കില്‍ രാജ്യത്തിന്റെ പരമാധികാര നിയമനിര്‍മാണസഭയായ ലോക്‌സഭയിലെ അംഗമെന്ന ബഡാ മേല്‍വിലാസം വേറെ.
സംഗതികള്‍ കൊഴുത്തു കുഞ്ഞന്‍പിള്ളയായപ്പോള്‍ ഭര്‍ത്താവ് ജോസ് കെ മാണി നടത്തിയ പ്രതികരണം കെങ്കേമം. നിഷ എഴുതിയതു വിവാദമാക്കേണ്ടെന്നു മാണിമോന്‍. അതിലെ നല്ല അംശങ്ങള്‍ മാത്രം മാലോകര്‍ പകര്‍ത്തിയാല്‍ മതിയെന്ന ഒരു വചനപ്രഘോഷണവും. ലൈംഗികമായ പീഡനത്തിലെന്തു നല്ലവശം എന്റെ ജോസ്‌മോനേ. പതിനാല് സെക്കന്റ് നേരം ഒരു പെണ്ണിനെ തുറിച്ചുനോക്കിയാല്‍ പോലും ലൈംഗികപീഡനമാകുമ്പോഴാണ് ‘കാമിനീ നിന്നെ ഞാന്‍ ഉറക്കുകില്ല’ എന്നു പറഞ്ഞുള്ള ലൈംഗിക പരാക്രമങ്ങളില്‍ നന്മയുണ്ടെന്ന പുതിയ ജോസ്‌മോന്‍ സിദ്ധാന്തം. കള്ളത്തരങ്ങളുടെ വൈഭവം അമ്മായിയപ്പന്‍ കെ എം മാണിയില്‍ നിന്നും സരിതാകേളി നൈപുണ്യം ഭര്‍ത്താവില്‍ നിന്നും അഭ്യസിച്ച നിഷയ്ക്ക് എഴുത്തുകാരിയായി മാത്രമല്ല ‘മാണി രാഷ്ട്രീയ’ത്തിലും നല്ലൊരു ഭാവിയുണ്ട്. പക്ഷേ രാഷ്ട്രീയത്തിലേയ്ക്ക് താനില്ലെന്ന് പറഞ്ഞ് നിഷ നാട്ടാരെ നിരാശയിലാഴ്ത്തരുത്.
ചില കാലങ്ങളില്‍ ചില സംഭവങ്ങള്‍ ഒത്തുവരാറുണ്ട്. ചക്രക്കസേരയിലിരുന്ന് ബ്രഹ്മാണ്ഡരഹസ്യങ്ങളെക്കുറിച്ച് ചരിത്രഭാഷ്യം ചമച്ച് സ്റ്റീഫന്‍ ഹോക്കിങ് വിടചൊല്ലിയത് കഴിഞ്ഞ ദിവസം. ന്യൂട്ടന്റെ ആപേക്ഷികസിദ്ധാന്തത്തിനും ക്വാണ്ടം തിയറിക്കുംശേഷം അദ്ദേഹം കണ്ടെത്തിയ തമോഗര്‍ത്ത സിദ്ധാന്തമായിരുന്നു ലോകത്തെ ഇരുത്തിചിന്തിപ്പിച്ചത്. തമോഗര്‍ത്തങ്ങള്‍ ഊര്‍ജ്ജം ചോര്‍ത്തുന്നുവെന്നും അവ ശൂന്യതയില്‍ വിലയം പ്രാപിക്കുന്നുവെന്നുമായിരുന്നു ഹോക്കിങിന്റെ സിദ്ധാന്തം. പ്രപഞ്ചത്തിന്റെ താക്കോല്‍ തുറന്നുള്ള അനുപമമായ കണ്ടെത്തല്‍. തമോഗര്‍ത്തത്തിനുള്ളിലാവുന്ന വസ്തുക്കള്‍ തമോഗര്‍ത്തത്തോടൊപ്പം അടയാളം പോലും അവശേഷിപ്പിക്കാതെ തിരോഭവിക്കുന്നുവെന്നും അദ്ദേഹം നമുക്ക് പറഞ്ഞുതന്നു.
ഹോക്കിങ് ലണ്ടനിലെ വസതിയില്‍ അന്ത്യശ്വാസം വലിക്കുന്ന അതേദിവസം തന്നെ ഇങ്ങ് അകലെ ഇന്ത്യയില്‍ ഒരു തമോഗര്‍ത്ത സിദ്ധാന്തം പ്രവൃത്തിപഥത്തിലെത്തിയത് ശാസ്ത്രചരിത്രത്തിലെ അപൂര്‍വ കൗതുകമാവാം. യുപി എന്ന ബിജെപിയുടെ ബാലികേറാമല ഗോരഖ്പൂരിലും ഫുല്‍പൂരിലും അടയാളം പോലും അവശേഷിപ്പിക്കാതെ തമോഗര്‍ത്തത്തിലാണ്ടപ്പോള്‍ ജനം അറിയാതെ ചോദിച്ചുപോയി, തന്റെ തമോഗര്‍ത്ത സിദ്ധാന്തം പ്രാവര്‍ത്തികമാവുന്നതുവരെ കാത്തിരുന്നു കണ്ടിട്ട് ഹോക്കിങ് കാലത്തിന്റെ തമോഗര്‍ത്തത്തില്‍ ഒളിക്കുകയായിരുന്നോ.
തൊഴിലാളി-കര്‍ഷക വര്‍ഗസമരങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നത് ആ വര്‍ഗങ്ങളുടെ അളമുട്ടുമ്പോഴാണ്. അവരുടെ വേരുകള്‍ പറിച്ചെറിയപ്പെടുമ്പോഴാണ്. അവര്‍ക്കെതിരായ നീതിനിരാസങ്ങള്‍ കൊടുമ്പിരികൊള്ളുമ്പോഴാണ്. നന്ദിഗ്രാമിലായാലും നാസിക്കിലായാലും കീഴാരൂറ്റിലായാലും കര്‍ഷകര്‍ കലാപകാരികളായത് അവരുടെ നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിലാണ്. ആ കലഹത്തിന് കൊടികളുടെ നിറം ബാധകമല്ല. നന്ദിഗ്രാമിലെയും നാസിക്കിലെയും കര്‍ഷക കലാപങ്ങളില്‍ ഭരണകൂടങ്ങള്‍ മുട്ടുകുത്തിയ ചരിത്രം നാം കാണുന്നു. നാസിക്കിലെ കര്‍ഷകര്‍ മഹാനഗരമായ മുംബൈ വളഞ്ഞപ്പോള്‍ അവര്‍ക്കു മുന്നില്‍ സാഷ്ടാംഗപ്രണാമം ചെയ്തു കീഴടങ്ങിയത് മഹാരാഷ്ട്രയിലെ ബിജെപി സര്‍ക്കാര്‍. ആ കര്‍ഷക സമരം മാവോയിസ്റ്റ് സമരമെന്ന് മുദ്രകുത്തിയത് ബിജപി നേതൃത്വം. ഇങ്ങു കേരളത്തിലെ കീഴാറ്റൂരില്‍ തങ്ങളുടെ കൃഷിഭൂമികളില്‍ നിന്നും തൂത്തെറിയപ്പെടുന്ന കര്‍ഷകര്‍ കലാപത്തിനിറങ്ങിയപ്പോള്‍ അവര്‍ മാവോയിസ്റ്റുകളായി ജമാ അത്തേ ഇസ്ലാമികളായി. തങ്ങളുടെ സമരപ്പന്തല്‍ കത്തിച്ചത് സമരക്കാരായ ഭീകരര്‍ എന്നൊരു തുല്യം ചാര്‍ത്തലും. കര്‍ഷകപോരാട്ടങ്ങളെ അന്യവര്‍ഗചിന്താഗതിയോടെ പ്രതിലോമകാരിത്വത്തിന്റെ ചാപ്പ കുത്തുന്ന യുക്തിഭംഗത്തിനും വേണ്ടേ ഒരുതരി യുക്തിഭദ്രത.
കഴിഞ്ഞ ദിവസങ്ങളില്‍ ചാനലുകളിലും പത്രങ്ങളിലും ഒരു മത്തങ്ങാ വാര്‍ത്ത കണ്ടു. മന്ത്രിമന്ദിരങ്ങളിലെ കര്‍ട്ടന്‍ മാറ്റാന്‍ ചെലവായത് എട്ട് ലക്ഷം രൂപയെന്ന്. സാമ്പത്തിക പ്രതിസന്ധിയില്‍ പുളയുന്ന സര്‍ക്കാരിന് ഇതൊരു വലിയ തുക തന്നെയാണ്. പക്ഷേ ഇത്തരം സംഭവങ്ങളുടെ പിന്നാമ്പുറങ്ങളിലൂടെ സഞ്ചരിക്കുമ്പോഴാണ് കാര്യങ്ങളുടെ പൂച്ചുപുറത്തുവരുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദേ്യാഗിക വസതിയായ ക്ലിഫ്ഹൗസിലെ കര്‍ട്ടനുകള്‍ക്ക് രണ്ട് ലക്ഷത്തിലെറെ ചെലവായെന്നാണ് വാര്‍ത്ത. ഇതേ ക്ലിഫ്ഹൗസില്‍ ജഗജില്ലിയായ കെ കരുണാകരന്‍ വാണരളുന്ന കാലം. ബ്രിട്ടീഷുകാരുടെ കാലത്തു നിര്‍മിച്ച ഈ സൗധത്തിന്റെ വെനീഷ്യന്‍ പൂമുഖവാതില്‍ അതിമനോഹരമായ ദൃശ്യചാരുതയായിരുന്നു. സര്‍ക്കാര്‍ മന്ദിരങ്ങളുടെ അറ്റകുറ്റപ്പണി നടത്തുന്ന എന്‍ജിനീയര്‍മാര്‍ കരുണാകരനെ സമീപിച്ച് ആ വെനീഷ്യന്‍ വാതില്‍ മാറ്റുന്ന കാര്യം ഉണര്‍ത്തിച്ചു. കരുണാകരനാണെങ്കില്‍ ചില കുരുക്കുകളില്‍പ്പെട്ടിരുന്ന കാലവുമായിരുന്നു അത്. വാതില്‍ ജീര്‍ണാവസ്ഥയിലാണെന്നും വാസ്തുശാസ്ത്രപ്രകാരം അത് മാറ്റിസ്ഥാപിക്കണമെന്നും എന്‍ജിനീയര്‍മാര്‍ പറഞ്ഞപ്പോള്‍ കരുണാകരന് പെരുത്തു സന്തോഷം. പോറല്‍ പോലുമില്ലാത്ത വെനീഷ്യന്‍ വാതില്‍ രായ്ക്കുരാമാനം ഇളക്കിമാറ്റി. പകരം സ്ഥാപിച്ചത് റബര്‍ തടി അരച്ചെടുത്ത് നിര്‍മിച്ച വാതില്‍. ആ വാതില്‍ ഇതിനകം എത്ര തവണ മാറ്റിയിട്ടുണ്ടെന്നറിയില്ല.
ഇനിയാണ് ഇളക്കിമാറ്റിയ വെനീഷ്യന്‍ വാതിലിന്റെ കഥ. സ്ഥാനഭ്രഷ്ടനായ വാതില്‍ ലേലത്തില്‍ പിടിച്ചത് വാതില്‍ മാറ്റണമെന്ന് നിര്‍ദേശിച്ച അതേ എന്‍ജിനീയര്‍. ഈ വാതില്‍ വച്ചുപിടിപ്പിച്ചത് നിര്‍മാണം പൂര്‍ത്തിയായി ഗൃഹപ്രവേശന കര്‍മതീയതി നിശ്ചയിച്ച എന്‍ജിനീയറുടെ രമ്യഹര്‍മ്യത്തിന്റെ പൂമുഖത്ത്. ഒരു പത്രലേഖകന്‍ മന്ത്രിമന്ദിരങ്ങള്‍ കേന്ദ്രീകരിച്ച് എന്‍ജിനീയര്‍മാര്‍ നടത്തുന്ന കോടികളുടെ അഴിമതിയെക്കുറിച്ചുള്ള പരമ്പരയില്‍ ഇക്കാര്യം പുറത്തുകൊണ്ടുവന്നു. വാര്‍ത്ത വന്ന ദിവസം തന്നെ വാതില്‍ ഇളക്കിമാറ്റി. പൂമുഖവാതിലില്ലാതെ ഗൃഹപ്രവേശം നടന്നു. ആ വെനീഷ്യന്‍ വാതില്‍ ലേലരേഖകള്‍ നശിപ്പിച്ച് പൊതുമരാമാത്ത് വകുപ്പിന്റെ ഗോഡൗണില്‍ ഭദ്രമായി തിരിച്ചുകൊണ്ടെത്തിക്കുകയും ചെയ്തു.
മന്ത്രിമന്ദിരങ്ങളുടെ അലങ്കാരപ്പണികള്‍ ടൂറിസം വകുപ്പും അറ്റകുറ്റപ്പണികള്‍ പൊതുമരാമത്ത് വകുപ്പുമാണ് നടത്തുന്നത്. മുണ്ടും മാടിക്കുത്തി ഏണിയില്‍ കയറി മന്ത്രിമന്ദിരത്തിന്റെ ചോര്‍ച്ചയടയ്ക്കലും കര്‍ട്ടന്‍ മാറ്റലുമല്ലല്ലോ മുഖ്യമന്ത്രി പിണറായിയുടേയും മന്ത്രിമാരുടെയും പണി. ഈ പണികളെല്ലാം നിശ്ചയിക്കുകയും നടത്തുകയും ചെയ്യുന്ന എന്‍ജിനീയര്‍മാര്‍ തുകയില്‍ നല്ലൊരു പങ്കും തട്ടുന്നത് നാട്ടുനടപ്പ്. പൊതുപ്പണം ചോരുന്ന ഈ വഴികളെക്കുറിച്ച് ഒരു അനേ്വഷണവുമില്ലാതെ വരുമ്പോഴാണ് ‘കാട്ടിലെ തടി തേവരുടെ ആന വലിയെടാ വലി’ സിദ്ധാന്തത്തിനു പ്രസക്തിയേറുക. ഈ കര്‍ട്ടനു പിന്നിലെ കളികള്‍ ഒന്നനേ്വഷിച്ചു നോക്കിയാല്‍ മഞ്ഞുമലയുടെ തുമ്പായിരിക്കും വിരലില്‍ തട്ടുക.