മരണം തോൽക്കുന്ന ജീവിതം

പി എ വാസുദേവന്‍

കാഴ്ച്ച

Posted on June 20, 2020, 4:45 am

എം പി വീരന്ദ്രകുമാറിന്റെ തിരോധാനം പലതിന്റെയും അന്ത്യമായിരുന്നു. രാഷ്ട്രീയ‑സാമൂഹിക രംഗങ്ങളിലെ അദ്ദേഹത്തിന്റെ സമൃദ്ധമായ സാന്നിധ്യം അത്ഭുതകരമായിരുന്നു. അത്തരം വ്യക്തികളില്‍ പലരുടെയും വ്യക്തിബന്ധങ്ങള്‍ വേണ്ടത്ര ആത്മാര്‍ത്ഥതയില്ലാത്തതും വിരസവുമായിരുന്നു. ഇത് എന്റെ വ്യക്തിപരമായ അനുഭവം കൂടിയാണ്.

ഭൗതിക നേട്ടങ്ങളുടെ ‘ഏണിപ്പടികള്‍’ കയറുമ്പോള്‍ താഴോട്ടു നോക്കുക അസൗകര്യമാവുന്നു. അങ്ങനെ ഒരനുഭവം വീരേന്ദ്രകുമാറിന്റെ കാര്യത്തില്‍ എനിക്കുണ്ടായിട്ടില്ല. ഏതാണ്ട് നാലു പത്താണ്ടുകാലത്തെ ഹൃദ്യമായൊരു ബന്ധത്തിന്റെ തിരശീലയാണ് വീണത്. ഇനി ബാക്കിയൊക്കെ ഓര്‍മ്മകളാണ്. മറ്റുള്ളവര്‍ക്ക് ഓര്‍മ്മകളുടെ സമൃദ്ധി നല്കി പിന്‍വാങ്ങുന്നവരാണ് പുണ്യാത്മാക്കള്‍. രാഷ്ട്രീയ നേതാവ്, ഭരണകര്‍ത്താവ്, സോഷ്യലിസ്റ്റ്, പൊതുപ്രവര്‍ത്തകന്‍, എഴുത്തുകാരന്‍, പ്രസംഗകന്‍, പത്രരംഗത്തെ സാരഥി തുടങ്ങി ഒരുപാട് മേഖലകളില്‍ നിസ്തുലസേവനം നടത്തിയ അദ്ദേഹത്തെ ഇനിയും ഈ നിലയ്ക്കെല്ലാം ഓര്‍ക്കാനിവിടെ പറ്റില്ല.

അദ്ദേഹത്തെ, ഈ പല രംഗങ്ങളിലും അടുത്തുനിന്നു കാണാനും പല ഘട്ടങ്ങളിലും ഒരുമിച്ചു പ്രവര്‍ത്തിക്കാനും സാധിച്ച ഞങ്ങളുടെ പരിചയ ബന്ധത്തില്‍ നിന്ന് ഒന്നോ രണ്ടോ മേഖലകളെ മാത്രമേ ഇവിടെ പരാമര്‍ശിക്കുന്നുള്ളു. അദ്ദേഹത്തിന്റെ കക്ഷിരാഷ്ട്രീയ നിലപാടുകളില്‍ എനിക്ക് താല്പര്യമില്ലായിരുന്നു. അതേക്കുറിച്ച് ഞങ്ങള്‍ ഏറെ സംസാരിച്ചിട്ടുമില്ല. തന്നെയുമല്ല, ആ രംഗത്തെ തീരുമാനങ്ങളും നീക്കങ്ങളും തെറ്റായിരുന്നു എന്ന് പലപ്പോഴും സംസാരമധ്യേ സൂചിപ്പിക്കുകയുണ്ടായിരുന്നു. അതൊന്നും അദ്ദേഹത്തിനു പ്രശ്നമല്ലായിരുന്നു. ഒരു സാധാരണ കക്ഷിരാഷ്ട്രീയക്കാരന് പിണങ്ങാന്‍ അത് മതിയായിരുന്നു. അവിടെയാണദ്ദേഹം വ്യത്യസ്തനാകുന്നത്.

വീരേന്ദ്ര കുമാറിന്റെ സാമൂഹിക ഇടപെടലുകളും സര്‍ഗവ്യാപാരത്തിന്റെ മേഖലകളും മാത്രമാണ് ഇപ്പോള്‍ സ്പര്‍ശിക്കുന്നത്. ഇവയ്ക്കു രണ്ടിനും മുമ്പ് അദ്ദേഹം ഒരു രാഷ്ട്രീയ ജീവിയായിരുന്നു. ലോഹ്യ, ജെ പി എന്നിവരില്‍ നിന്നാരംഭിക്കുന്ന പ്രത്യയശാസ്ത്ര ഗുരുകുലം പിതാവില്‍ നിന്നുള്ള ദാര്‍ശനിക, രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയിലേക്കും സോഷ്യലിസത്തിലേക്കും അങ്ങനെ ഇടതുപക്ഷ വീക്ഷണത്തിലേക്കുമുള്ള പ്രയാണം. ഈ പിന്‍ഭൂമികയിലാണദ്ദേഹം തന്റെ സാമൂഹിക ഇടപെടലും എഴുത്തും തുടങ്ങുന്നത്.

വളരെ അടുത്ത, നീണ്ട സംവാദങ്ങളില്‍, സമത്വാധിഷ്ഠിത ലോകക്രമത്തെ പറ്റിയുള്ള ഒരു കാഴ്ചപ്പാട് എപ്പോഴും ഉയര്‍ന്നുവരാറുണ്ടായിരുന്നു. അദ്ദേഹത്തിന്റെ സാമൂഹിക ഇടപെടലിന്റെ ഏറ്റവും വലിയ സമ്മര്‍ദ്ദം പ്ലാച്ചിമട തന്നെയായിരുന്നു. ആഗോളീകരണത്തിന്റെ, മനുഷ്യന്റെ സ്വകാര്യ സ്വത്തുക്കളിലേക്കുള്ള കടന്നുകയറ്റം ഏറ്റവും പ്രത്യക്ഷമായി കണ്ടത് പാലക്കാട്ടെ പ്ലാച്ചിമടയിലെ കുടിവെള്ള പ്രശ്നം രൂക്ഷമായപ്പോഴാണ്. ഒരു സന്ധ്യക്ക് വണ്ടിത്താവളത്ത് നടന്ന ഒരു സമ്മേളനത്തിലാണ് പ്ലാച്ചിമടക്കാരുടെ കുടിനീര്‍, കൊക്കക്കൊള കമ്പനി ഊറ്റിയെടുത്ത് കോളയാക്കി ലാഭം നേടുന്നതിന്റെ പരാമര്‍ശമുണ്ടായത്.

പിന്നെ നേരെ തൊട്ടടുത്ത പ്ലാച്ചിമടയിലേക്ക് അവരുടെ ദുരിതം കേട്ട് രാത്രിയായി. കുടിവെള്ളനത്തിന് നാഴികകള്‍ താണ്ടണം. ഇവിടത്തെ ജലം കമ്പനി ഊറ്റി അത് ഉപയോഗശൂന്യമാക്കി. കഞ്ഞിവച്ചാല്‍ ആകെ പശപോലെയാവും. രോഗങ്ങള്‍, ദുരിതങ്ങള്‍. കഥകള്‍ രാത്രിയിലേക്ക് നീണ്ടു. തന്റെ സമരമുഖം പ്ലാച്ചിമടയാക്കാന്‍ അദ്ദേഹം തീരുമാനിച്ചു. വെള്ളവും വായുവും വിത്തും മണ്ണും സ്വന്തമാക്കാന്‍ ശ്രമിക്കുന്ന ആഗോള കുത്തകകള്‍ക്കെതിരെ ശക്തമായ ലോക്കല്‍ പ്രതികരണങ്ങളും പ്രതിഷേധവുമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.

പിന്‍വാങ്ങലില്ലാത്ത സമരങ്ങളായിരുന്നു അദ്ദേഹത്തിന്റേത്. ജല സാക്ഷരത, ജല ജനാധിപത്യം എന്നിവയിലൂന്നിയ സന്ധിയില്ലാ സമരം പ്രഖ്യാപിച്ച അദ്ദേഹം എത്രയോ തവണ ഞങ്ങളൊന്നിച്ച് പ്ലാച്ചിമടയില്‍ പോയി. മയിലമ്മ എന്ന അവിടത്തെ ഒരു നാട്ടിമ്പുറത്തുകാരിയെ പ്രതീകമാക്കി, കോളാ കമ്പനിക്കും മുന്നിലെ കുടില്‍ സാക്ഷിയാക്കി തുടങ്ങിയ സമരം പെട്ടെന്ന് നാടൊട്ടുക്കും പരന്നതിന് വിരേന്ദ്രകുമാറും അദ്ദേഹത്തിന്റെ പത്രവുമായിരുന്നു കാരണം. എത്രയോ രാത്രികളില്‍ അദ്ദേഹം പാലക്കാട്ട് തങ്ങിയിട്ടാണ് ലോക ജലസമ്മേളനം ആസൂത്രണം ചെയ്തത്. അതൊന്നും ഏറെ വിസ്തരിക്കുന്നില്ല.

രാഷ്ട്രീയ നേതാക്കളെത്തി. ഇടക്കാലത്തെ പിണക്കം അവസാനിപ്പിച്ച് അഴീക്കോട് മാഷ് വന്ന് രാപകല്‍ ഇവിടെ നിന്നു. മേനദ് ബാര്‍ലേ, ഹോസെബുവ തുടങ്ങി ആഗോളതലത്തിലെ പ്രമുഖ ഇടതു ചിന്തകര്‍‍ വന്നെത്തി. ഉത്തരേന്ത്യയില്‍ നിന്നു പ്രഗത്ഭരെ കൊണ്ടുവന്നു സത്യം പറയട്ടെ, ഇതിനൊക്കെ വാഹനങ്ങളും താമസവും ഒരുക്കിയത് ഈ മനുഷ്യന്റെ ശേഷിയായിരുന്നു. വ്യക്തിപരമായ ഒരു ലാഭവും മുന്നിലുണ്ടായിരുന്നില്ല. താഴെതട്ടിലെ ജീവിതങ്ങളുടെ ദുരിതം കണ്ടറിഞ്ഞ ഒരു സംവേദനക്ഷമമായ മനസിന്റെ കുതറലുകളായിരുന്നു. സര്‍വശേഷിയായ ആ സമരത്തിന്റെ പരിസമാപ്തിയില്‍ നാടന്‍ കരുത്തിനു മുമ്പില്‍ ആഗോള ഭീമന്‍ തോറ്റു.

കോള കമ്പനി പൂട്ടി. ഒരു പ്രതിഷേധ പ്രസ്ഥാനവും ആരും ഒറ്റയ്ക്ക് നടത്തുന്നതല്ല. പക്ഷെ ആശയപരമായും കര്‍മ്മത്തിലും ഒട്ടേറെ ചെറുപ്രസ്ഥാനങ്ങളെ കുറേക്കൂട്ടി, ഒരു മഹാ പ്രസ്ഥാനമാക്കുന്നതാണ് വിജയം. അതിന്റെ മുന്നില്‍ വീരേന്ദ്രകുമാറിന്റെ കറകളഞ്ഞ ഇടതുപക്ഷ മനസുണ്ടായിരുന്നു. ഇതിനിടയിലും അദ്ദേഹം നിരന്തരം സാഹിത്യ സൃഷ്ടികള്‍ നടത്തിക്കൊണ്ടിരുന്നു. സമന്വയത്തിന്റെ വസന്തം, ബുദ്ധന്റെ ചിരി, ഗാട്ടും കാണാചരടുകളും, രാമന്റെ ദുഃഖം, ആത്മാവിലേക്കൊരു തീര്‍ത്ഥയാത്ര, ചങ്ങമ്പുഴ – വിധിയുടെ വേട്ടമൃഗം, ലോകവ്യാപാര സംഘടനയും ഊരാക്കുടുക്കുകളും (ഞങ്ങള്‍ രണ്ടുപേരും കൂടി എഴുതിയത്) ആമസോണും കുറേ വ്യാകുലതകളും, രോഷത്തിന്റെ വിത്തുകള്‍, അധിനിവേശത്തിന്റെ അടിയൊഴുക്കുകള്‍ തുടങ്ങി ഏതാണ്ട് ഇരുപതോളം പുസ്തകങ്ങള്‍ അദ്ദേഹം എഴുതി. അതില്‍ ഏറ്റവും പ്രചാരം ലഭിച്ചത് ‘ഹൈമവത ഭൂവില്‍’, വിവേകാനന്ദന്‍ എന്നീ ക്ലാസിക്കുകള്‍ക്കാണ്. ഹൈമവത ഭൂവില്‍ യാത്രാസാഹിത്യത്തിന്റെ അതിരുകള്‍ മാറ്റി, പുനര്‍നിര്‍മ്മിക്കുകയായിരുന്നു. കേന്ദ്ര സാഹിത്യ അക്കാദമി, വയലാര്‍ രാമവര്‍മ്മ പുരസ്കാരം, മൂര്‍ത്തീദേവീ പുരസ്കാരം തുടങ്ങി ഏതാണ്ട് എല്ലാ പ്രശസ്ത പുരസ്കാരങ്ങളും കരസ്ഥമാക്കുകയും ചെയ്തു.

അദ്ദേഹത്തിന്റെ സര്‍ഗസഞ്ചാരത്തിന്റെ പ്രതലങ്ങള്‍ അത്ഭുതപ്പെടുത്തുന്ന വൈവിധ്യമുള്ളവയായിരുന്നു. ഓരോ ഗ്രന്ഥത്തിനും വ്യക്തമായ ധൈഷണിക സന്ദേശവുമുണ്ടായിരുന്നു. മനുഷ്യന്റെ സ്വാതന്ത്ര്യവും ജീവിതാവസ്ഥകളും നിഹനിക്കപ്പെടുന്ന വിഷയങ്ങളില്‍ ശക്തമായ മനുഷ്യപക്ഷം പിടിച്ച് വ്യക്തമായ വാദങ്ങളിലൂടെ പൊതുബോധത്തെ ഉണര്‍ത്തുകയായിരുന്നു അദ്ദേഹത്തിന്റെ എഴുത്തിന്റെ ലക്ഷ്യം. ബുദ്ധന്റെ ചിരി, ഗാട്ട്, അധിനിവേശത്തിന്റെ അടിയൊഴുക്കുകള്‍, ആമസോണും കുറേ വ്യാകുലതകളും തുടങ്ങിയവയെല്ലാം ധ്വംസിക്കപ്പെടുന്ന മനുഷ്യജീവിതങ്ങള്‍ക്കു വേണ്ടിയായിരുന്നു. അദ്ദേഹത്തിന്റെ കൃതികളുടെ പഠനമല്ല ഇവിടെ ഉദ്ദേശിക്കുന്നത്. അതൊക്കെ ഏറെ നിര്‍വ്വഹിക്കപ്പെട്ടതാണ്.

പാണ്ഡിത്യത്തിന്റെയും സമ്പന്നതയുടെ അനന്ത ലേശംപോലും ഏശാത്ത വ്യക്തിയായിരുന്നു അദ്ദേഹമെന്നത്, ആ മനുഷ്യനെ അറിയുന്ന എല്ലാവര്‍ക്കുമറിയാമായിരുന്നു. ജീവിതദര്‍ശനം പോലെ പെരുമാറ്റത്തിലും തികഞ്ഞ സമത്വഭാവമുണ്ടായിരുന്നു. അടുത്തവര്‍ക്കൊക്കെ ആ വേര്‍പാട് മഹാ നഷ്ടമായിരുന്നു. ഞങ്ങളുടേത് തികഞ്ഞ ധൈഷണിക സൗഹൃദമായിരുന്നു. എത്രയോ സമാഗമങ്ങള്‍, എത്രയോ സഹയാത്രകള്‍, വായനകളും ചര്‍ച്ചകളും. ഞങ്ങള്‍ പാര്‍ട്ടി ചര്‍ച്ചകള്‍ നടത്താറില്ല.

അത് ഓരോരുത്തരുടെയും സ്വകാര്യതകളായി കണക്കാക്കി. അദ്ദേഹം പാലക്കാട് പാര്‍ലമെന്റ് നിയോജക മണ്ഡലത്തില്‍ നിന്നും മത്സരിച്ചപ്പോഴും അതങ്ങനെതന്നെയായിരുന്നു. അദ്ദേഹത്തിന്റെ കക്ഷി — രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് എനിക്കുള്ള വിയോജിപ്പുകള്‍ സംസാരിച്ചിട്ടുമുണ്ട്. അതൊക്കെ അദ്ദേഹത്തിന് ഉള്‍ക്കൊള്ളാനാവുമായിരുന്നു. രണ്ടു ഭാഗങ്ങളേ ഇവിടെ സ്പര്‍ശിച്ചിട്ടുള്ളു. ബാക്കിയൊക്കെ എത്രയോയാണ്. ‘അവ ധൂതന്റെ മടക്കം’ എന്നാണ് സി രാധാകൃഷ്ണന്‍ ഈ വേര്‍പാടിനെ വിശേഷിപ്പിച്ചത്. “ഒരു നീര്‍ക്കണം കാല്‍ക്ക- ലര്‍പ്പിച്ചു മടങ്ങുമ്പോള്‍ വിളിച്ചോ ജ്യോഷ്ഠാ ഭവാന്‍ തിരിഞ്ഞു നോക്കാന്‍ വയ്യ” (ആലങ്കോട് ലീലാകൃഷ്ണന്‍)