Friday
22 Feb 2019

കേന്ദ്ര സാഹിത്യ അക്കാദമി; നെഹ്‌റു ജയിച്ചു… സംഘപരിവാര്‍ തോറ്റു

By: Web Desk | Wednesday 14 February 2018 10:00 PM IST

സമൂഹത്തെ രൂപകല്‍പന ചെയ്യുന്ന സോഷ്യല്‍ ആര്‍ക്കിടെക്ടുകളാണ് എഴുത്തുകാരും ബുദ്ധിജീവികളുമെന്ന് നെഹ്‌റു ഉറച്ചുവിശ്വസിച്ചിരുന്നു. അതുകൊണ്ട് രാജ്യാധികാരത്തിന്റെ ചൊല്‍പ്പടിക്ക് നില്‍ക്കേണ്ടതില്ലാത്ത സ്വതന്ത്ര പരമാധികാര സ്ഥാപനമായിരിക്കണം കേന്ദ്രസാഹിത്യ അക്കാദമി എന്ന് അദ്ദേഹത്തിനു നിര്‍ബന്ധമുണ്ടായിരുന്നു

സംഘപരിവാറിന്റെ മുഖ്യശത്രുവാണ് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു. മോഡി ഭരണത്തില്‍ ഏറ്റവുമധികം തമസ്‌കരിക്കപ്പെട്ട ദേശീയനേതാവ് നെഹ്രുവാണ്. പകതീര്‍ക്കാന്‍ ഗാന്ധിജിയുടെ നെഞ്ചിലേക്കാണ് വെടിയുണ്ട ഉതിര്‍ത്തതെങ്കില്‍, സംഘിചരിത്രത്തിലുടനീളം വാക്കിലും പ്രവൃത്തിയിലും വിദ്വേഷവും വെറുപ്പിന്റെ വിഷവും നെഹൃവിനുനേരെയാണവര്‍ കോരിചൊരിഞ്ഞാണവര്‍ പകതീര്‍ത്തത്. നെഹ്‌റു ഉയര്‍ത്തിപ്പിടിച്ച യുക്തിചിന്തയും ശാസ്ത്രബോധവും മതനിരപേക്ഷതയും ആധുനിക ജനാധിപത്യ സ്വാതന്ത്ര്യ പൗരസങ്കല്‍പനങ്ങളും ഭാരതീയ പൈതൃകത്തിന്റെ സൗന്ദര്യമായി നില്‍ക്കുന്ന ബഹുസ്വരതയിലൂന്നിയ കാഴ്ചപ്പാടുകളും അദ്ദേഹത്തെ സംഘപരിവാറിന്റെ മുഖ്യശത്രുവാക്കി മാറ്റി. ഗാന്ധിവധവും നെഹ്രുവിനു ഇന്ത്യന്‍ ജനതക്കുള്ളില്‍ ഉണ്ടായിരുന്ന സ്വീകാര്യതയുമാണ് ദശാബ്ദങ്ങളോളം സംഘപരിവാറിന്റെ വളര്‍ച്ചയെ ഒരുപരിധിവരെ ഇന്ത്യന്‍ മണ്ണില്‍ തടഞ്ഞു നിര്‍ത്തിയത്. കോണ്‍ഗ്രസ് ഗാന്ധിയെയും നെഹ്രുവിയന്‍ നയങ്ങളെയും കൈവിടാന്‍ തുടങ്ങിയപ്പോള്‍ മാത്രമാണ് ഇന്ത്യയില്‍ സംഘപരിവാര്‍ പച്ചപിടിക്കാന്‍ തുടങ്ങിയത്. ഈ യാഥാര്‍ഥ്യം നല്ലതുപോലെ അറിയാവുന്നതുകൊണ്ടാണ് നെഹ്രുവിന്റെ കീര്‍ത്തിയും യശസ്സും തകര്‍ക്കാന്‍ കിട്ടുന്ന ഏതവസരവും സംഘപരിവാര്‍ മുതലെടുക്കാന്‍ ശ്രമിക്കുന്നത്. സ്വതന്ത്ര ഇന്ത്യയില്‍ നെഹ്‌റുവിന്റെ പേരില്‍ തുടങ്ങിവെച്ച എല്ലാ പദ്ധതികളും മോഡിഭരണത്തില്‍ അപ്രത്യക്ഷമാവുകയോ അട്ടിമറിക്കപ്പെടുകയോ ചെയ്തിരിക്കുന്നു. മോഡിഭരണത്തിന്റെ സുവര്‍ണ നാളുകളില്‍ത്തന്നെ ചരിത്രത്തിന്റെ കാവ്യനീതിയെന്നൊക്കെ പറയാവുന്നതുപോലെ സംഘ്പരിവാറിനേറ്റ കനത്ത തിരിച്ചടിയാണ് കേന്ദ്രസാഹിത്യ അക്കാദമി അധ്യക്ഷപദവിയിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ അവരുടെ സ്ഥാനാര്‍ഥി പ്രതിഭാ റായിക്കേറ്റ കനത്ത പരാജയം.

ഇന്ത്യയുടെ അഭിമാന സ്തംഭങ്ങളായി തലയുയര്‍ത്തിനില്‍ക്കുന്ന മിക്കവാറും എല്ലാ ശാസ്ത്ര ചരിത്ര സാഹിത്യ കലാ വിജ്ഞാന ഗവേഷണ സ്ഥാപനങ്ങളും നെഹ്രുഭരണത്തിന്റെ സംഭാവനകളാണ്. അവയില്‍ സുപ്രധാനമായി ഗണിക്കപ്പെടുന്ന ലോകത്തിനു മാതൃകയായ സ്ഥാപനമാണ് കേന്ദ്രസാഹിത്യ അക്കാദമി.1954 മാര്‍ച്ച് 12 ന് ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്യപ്പെട്ട കേന്ദ്രസാഹിത്യ അക്കാദമിയുടെ പ്രഥമ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടത് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവായിരുന്നു. ചരിത്ര ഗവേഷണ കൗണ്‍സില്‍, വിദ്യാഭ്യാസ പഠന ഗവേഷണ സമിതി, ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങി എല്ലാ സ്ഥാപനങ്ങളുടെയും ഭരണസമിതികളെ സര്‍ക്കര്‍ നോമിനേറ്റ് ചെയ്യുംവിധമാണ് രൂപകല്‍പ്പന ചെയ്തിരുന്നത്. മോഡിഭരണത്തില്‍ സംഘപരിവാര്‍ ബുദ്ധിജീവികളെക്കൊണ്ട് നിറച്ച ഈ സ്ഥാപനങ്ങളാണ് ഇന്ത്യയുടെ ചരിത്രവും വിദ്യാഭ്യാസവും ഹിന്ദുത്വ അജന്‍ഡയുടെ അടിസ്ഥാനത്തില്‍ മാറ്റിയെഴുതിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ അതുപോലെ എളുപ്പത്തില്‍ സംഘപരിവാറിന് കീഴ്‌പ്പെടുത്താന്‍ കഴിയാതെ പോയ ദേശീയ സ്ഥാപനം കേന്ദ്രസാഹിത്യ അക്കാദമിയാണ്. അതിനു കാരണം നെഹ്രുവിന്റെ ജ്ഞാനസ്ഥിതിയും ദീര്‍ഘവീക്ഷണവുമായിരുന്നു.

ഡോ. എസ് രാധാകൃഷ്ണന്‍, അബ്ദുള്‍ കലാം ആസാദ്, രാജഗോപാലചാരി, കെ എം പണിക്കര്‍, കെ എം മുന്‍ഷി, സക്കീര്‍ ഹുസൈന്‍, ഉമാശങ്കര്‍ ജോഷി, മഹാദേവി വര്‍മ്മ, ഡി വി ഗുണ്ടപ്പ, രാംധാരി സിംഗ് ദിനകര്‍ എന്നിവരടങ്ങിയ പ്രഥമ അക്കാദമി ജനറല്‍ കൗണ്‍സില്‍ നെഹ്രുവിന്റെ വീക്ഷണങ്ങള്‍ക്ക് അടിവരയിടുന്ന ഭരണ നിയമാവലിക്കു രൂപം നല്‍കുകയുണ്ടായി ഇന്ത്യയുടെ ഭാഷാപരവും സാംസ്‌കാരികവുമായ ബഹുത്വവും അക്കാദമിയുടെ സ്വാതന്ത്ര്യവും ഉയര്‍ത്തിപ്പിടിക്കുന്ന ഈ നിയമാവലിയാണ് ഇന്ന് കേന്ദ്ര സാഹിത്യ അക്കാദമി ഭരണം കൈപ്പിടിയിലൊതുക്കുന്നതില്‍ സംഘപരിവാറിന് വിഘാതമായത്.

കേന്ദ്രസാഹിത്യ അക്കാദമി ജനറല്‍ കൗണ്‍സിലിന്റെ കാലാവധി അഞ്ചുവര്‍ഷമാണ്. പിരിഞ്ഞുപോകുന്ന ജനറല്‍ കൗണ്‍സിലാണ് പുതിയ ഭരണസമിതിയെയും ഭാരവാഹികളെയും തെരഞ്ഞെടുക്കുന്നത്. എല്ലാ സംസ്ഥാനസര്‍ക്കാരുകളും കേന്ദ്രഭരണ പ്രദേശങ്ങളും നിര്‍ദേശിക്കുന്ന ഒരു എഴുത്തുകാരനെ നിര്‍ബന്ധമായും ജനറല്‍ കൗണ്‍സിലില്‍ ഉള്‍പ്പെടുത്തിയിരിക്കണം. നാഷണല്‍ ബുക്ക് ട്രസ്റ്റ്, കേന്ദ്ര സംഗീത നാടക അക്കാദമി, ഐസിസിആര്‍, കേന്ദ്ര സാംസ്‌കാരിക വകുപ്പ് എന്നിവരുടെ ഓരോ പ്രതിനിധികളും നിര്‍ബന്ധമാണ്. കൂടാതെ 20 കേന്ദ്ര സര്‍വകലാശാലകളുടെ ബന്ധപ്പെട്ട ഭാഷാവിഭാഗങ്ങള്‍, കേന്ദ്ര അക്കാദമിയുടെ അംഗീകാരമുള്ള സംസ്ഥാനങ്ങളിലെ പ്രാദേശിക ഭാഷാ സംഘടനകള്‍ എന്നിവ നിര്‍ദ്ദേശിക്കുന്നവരെയാണ് ശേഷിക്കുന്ന അംഗങ്ങളായി തെരഞ്ഞെടുക്കുന്നത്. ഇത് പൂര്‍ണമായും ജനറല്‍ കൗണ്‍സിലിന്റെ വിവേചനാധികാരത്തിനു വിധേയമാണ്. എല്ലാ പ്രദേശങ്ങള്‍ക്കും ഭാഷകള്‍ക്കുമുള്ള പ്രാതിനിധ്യം ഉറപ്പാക്കുന്നതോടൊപ്പം അധികാരസ്ഥാനങ്ങളുടെ ദുസ്വാധീനം ഒഴിവാക്കപ്പെടുകയും ചെയ്യുന്നതാണ് നിയമവ്യവസ്ഥകള്‍. ഇങ്ങനെ രൂപീകരിക്കപ്പെടുന്ന ജനറല്‍ കൗണ്‍സില്‍ എക്‌സിക്യൂട്ടീവിനെ തെരഞ്ഞെടുക്കുന്നു. എക്‌സിക്യൂട്ടീവ് ആലോചിച്ചു പ്രസിഡന്റ്, വൈസ് പ്രസിഡന്റ്മാരുടെ പേരുകള്‍ ജനറല്‍ കൗണ്‍സില്‍ മുമ്പാകെ നിര്‍ദേശിക്കുകയും അതിനു വിരുദ്ധമായി ഓരോ സ്ഥാനങ്ങളിലേക്കും കൂടുതല്‍ പേരുകള്‍ വന്നാല്‍ തെരഞ്ഞെടുപ്പു നടത്താനുമാണ് നിയമാവലി അനുശാസിക്കുന്നത്. ഈ വ്യവസ്ഥകള്‍ അട്ടിമറിക്കാന്‍ സംഘപരിവാറിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇപ്പോള്‍ 18 സംസ്ഥാനങ്ങളില്‍ അധികാരത്തിലിരിക്കുന്ന ബിജെപി സര്‍ക്കാരുകള്‍ നിര്‍ദേശിച്ച പ്രതിനിധികളും കേന്ദ്ര സര്‍ക്കാര്‍ ഭരണം കൈപ്പിടിയിലൊതുക്കിയ സാംസ്‌കാരിക സ്ഥാപനങ്ങളുടെയും വകുപ്പുകളുടെയും പ്രതിനിധികളും നിലവിലുള്ള ജനറല്‍ കൗണ്‍സിലില്‍ അംഗങ്ങളാണ്. ആ തിണ്ണബലത്തിലാണ് കേന്ദ്രസാഹിത്യ അക്കാദമി ഭരണംകൂടി കൈപ്പിടിയിലാക്കാന്‍ ഇത്തവണ സംഘപരിവാര്‍ ഇറങ്ങിത്തിരിച്ചത്. അങ്ങനെയാണ് അക്കാദമി അധ്യക്ഷസ്ഥാനത്തേക്ക് പൊതുസമ്മതനായി നിര്‍ദേശിക്കപ്പെട്ട പ്രമുഖ കന്നട എഴുത്തുകാരന്‍ ചന്ദ്രശേഖര കമ്പാറിനു എതിരായി ഒറിയ സാഹിത്യകാരി പ്രതിഭാ റായിയെ സംഘപരിവാര്‍ സ്ഥാനാര്‍ഥിയായി നിയോഗിക്കുന്നത്. തെരഞ്ഞെടുപ്പില്‍ മതേതര പുരോഗമന പക്ഷത്തിന്റ സ്ഥാനാര്‍ഥിയായി മത്സരിച്ച ചന്ദ്രശേഖര കമ്പാറിനു 56 വോട്ടുകള്‍ ലഭിച്ചപ്പോള്‍ സംഘപരിവാറിന്റെ സ്ഥാനാര്‍ഥി പ്രതിഭാ റായി 29 വോട്ടുകള്‍ മാത്രം നേടി ദയനീയമായി പരാജയമേറ്റുവാങ്ങി. മോഡിയുടെ പ്രതാപകാലത്ത് ഏറ്റവും ശക്തമായി വര്‍ഗീയതക്കെതിരെ പ്രതിരോധമുയര്‍ന്നത് കലാ-സാഹിത്യ-സാംസ്‌കാരിക രംഗങ്ങളില്‍ നിന്നാണ്. ആയിരത്താണ്ടുകളായി ഇന്ത്യയില്‍ നിലനില്‍ക്കുന്ന ബഹുസ്വര സംസ്‌കൃതിയെ തകര്‍ക്കുന്ന സംഘപരിവാര്‍ അജണ്ടകള്‍ക്കെതിരായ ഇന്ത്യന്‍ ബൗദ്ധിക മണ്ഡലത്തിന്റെ താക്കീതാണ് ചന്ദ്രശേഖര കമ്പാറിന്റെ ഉജ്ജ്വലവിജയം. ഒപ്പം കേന്ദ്ര സാഹിത്യ അക്കാദമിയുടെ പ്രഥമാധ്യക്ഷനായ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവിന്റെ ദീര്‍ഘവീക്ഷണത്തിനു മുന്നില്‍ സംഘപരിവാറിന്റെ തോല്‍വിയുമാണ് പ്രതിഭാറായിക്കേറ്റ കനത്ത പരാജയം.