3 March 2026, Tuesday

തെക്കിന്റെ കുഞ്ചൻനമ്പ്യാർ

കുരീപ്പുഴ ശ്രീകുമാർ
വര്‍ത്തമാനം
February 27, 2026 4:40 am

തിനെട്ടാം നൂറ്റാണ്ടിലാണ്. വള്ളുവനാട്ടെ ലക്കിടിയിൽ നിന്നും ഒരു കലാസംഘം യാത്രതിരിക്കുകയാണ്, ചമയപ്പെട്ടിയും മിഴാവുമൊക്കെയായി. കൂത്താണ് കല. അവതരിപ്പിക്കേണ്ടത് തെക്കുതെക്ക് ചെമ്പകശേരിയിലാണ്. ഇന്നത്തെ അമ്പലപ്പുഴയിലെ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ. കലാകാരന്റെ പേരിനെക്കാൾ പ്രധാനം ജാതിയായിരുന്നു; ചാക്യാർ. അദ്ദേഹം കൂത്ത് തുടങ്ങി. ഇടയ്ക്ക് മിഴാവ് കൊട്ടേണ്ടയാൾ യാത്രാക്ഷീണം കൊണ്ടാകാം മയങ്ങിപ്പോയി. രാജാവിനെപ്പോലും പരിഹസിക്കാനുള്ള ആവിഷ്കാര സ്വാതന്ത്ര്യം ഉണ്ടായിരുന്ന കാലം. മിഴാവിനു പിന്നിൽ മയങ്ങിയിരിക്കുന്ന നമ്പ്യാർ പരിഹസിക്കപ്പെടുകയും കൂത്തുകാരന്റെ കുത്തേറ്റ് പുറത്താവുകയും ചെയ്തു. അദ്ദേഹം കല്യാണസൗഗന്ധികം എഴുതിയുണ്ടാക്കി. ലളിതവേഷധാരിയായി അമ്പലത്തിനുപുറത്ത് തുള്ളൽ എന്ന പുതിയ കലാരൂപം അരങ്ങേറി. അതോടെ കൂത്തിന്റെ ആപ്പീസുപൂട്ടി. മ്യൂസിയത്തിൽ ഒതുങ്ങി. ശീതനും പറയനും ഓട്ടനും കേരളത്തിന്റെ കളിത്തട്ടുകൾ അടക്കിഭരിച്ചു. കുഞ്ചൻനമ്പ്യാരുടെ മരണശേഷവും ആ കലാരൂപം കേരളത്തിലും പുറംനാടുകളിലെ മലയാളി സമൂഹങ്ങളിലും ജീവിതം നേടി. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പോലും ഓട്ടൻതുള്ളൽ ജനശ്രദ്ധയാകർഷിക്കുന്ന ഇനമായി.

20-ാം നൂറ്റാണ്ടിൽ, വടക്കുവടക്ക് കാഞ്ഞങ്ങാട്ട് മലബാർ രാമൻ നായർ എന്ന കലാപ്രതാപിയായ തുള്ളൽക്കാരനുണ്ടായി. പ്രധാനമന്ത്രിയും സാഹിത്യ അക്കാദമിയുടെ പ്രഥമ പ്രസിഡന്റുമായിരുന്ന ജവഹർലാൽ നെഹ്രുവിന്റെ പ്രശംസയ്ക്ക് അദ്ദേഹം പാത്രമായി. 20-ാം നൂറ്റാണ്ടിലെ വടക്കിന്റെ കുഞ്ചൻനമ്പ്യാരായി അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. ഒരു പരിപാടികഴിഞ്ഞു തിരിച്ചുപോകവേ കൊല്ലത്തുവച്ച് ഹൃദയാഘാതം മൂലം അദ്ദേഹം മരിച്ചു. 1960ൽ ആയിരുന്നു ഈ മരണം.
1971ൽ കൊല്ലം ജില്ലയിലെ താമരക്കുടിയിൽ കരുണാകരൻ എന്ന ഒരു ചിത്രകലാ അധ്യാപകനും കുഞ്ചൻ നമ്പ്യാർക്ക് ഉണ്ടായതുപോലെ ഒരു അപമാനം നേരിടേണ്ടിവന്നു. താമരക്കുടിയിലെ തുള്ളൽക്കാരനായിരുന്ന ഗോപാലപിള്ളയാശാന്റെ കൂടെ ആകാശവാണിയിൽ തുള്ളല്‍ അവതരിപ്പിക്കാൻ പക്കമേളക്കാരനായി കരുണാകരനും പോയി. മൃദംഗമായിരുന്നു അദ്ദേഹത്തിന്റെ വാദ്യം. ഒരു രൂപപോലും പ്രതിഫലം കൊടുത്തില്ലെന്നു മാത്രമല്ല, ജാതിപറഞ്ഞ് ആക്ഷേപിക്കുകയും ചെയ്തു.

കരുണാകരൻ, സ്വന്തം ജ്യേഷ്ഠന് ദക്ഷി­ണ കൊടുത്തിട്ട് വീട്ടുമുറ്റത്ത് തുള്ളൽ അവതരിപ്പിച്ചു. 30-ാം വയസിലായിരുന്നു ഈ അരങ്ങേറ്റം. പിന്നീട് താമരക്കുടി മഹാദേവർ ക്ഷേത്രത്തിൽ വേഷഭൂഷാദികളോടെയുള്ള ആദ്യാവതരണം. പക്കമേളക്കാരൻ ഗോപാലനായിരുന്നു ഗുരു. പിന്നെ അരനൂറ്റാണ്ടിലധികക്കാലം താമരക്കുടി കരുണാകരൻ മാസ്റ്ററുടെ ജൈത്രയാത്രയാണ് കേരളം കണ്ടത്. കുഞ്ചൻ നമ്പ്യാർ കൃതികളെല്ലാം ഹൃദിസ്ഥം. എണ്ണിയാലൊടുങ്ങാത്ത ശിഷ്യഗണം. അയ്യായിരത്തിലധികം വേദികളിൽ മാസ്റ്ററുടെ ചിലങ്ക കിലുങ്ങി. ഹനുമാനും കുബേരനും ഗണപതിയുമെല്ലാം മാസ്റ്ററിലൂടെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും സദസുകളെ സമ്പന്നമാക്കി. സ്കൂൾ കലോത്സവവേദികളിൽ മാസ്റ്ററുടെ ശിഷ്യർ ആസ്വാദകരെ അമ്പരപ്പിച്ചു. ഉത്സവപ്പറമ്പുകളും മറ്റുവേദികളും മാസ്റ്ററുടെ നൃത്തമികവിൽ മറന്നിരുന്നു. കരുണാകരൻ മാസ്റ്ററെ തേടി പുരസ്കാരങ്ങൾ നിരയായി വന്നു. കലാമണ്ഡലം അവാർഡ്, കുഞ്ചൻനമ്പ്യാർ പുരസ്കാരം, കലാമണ്ഡലം ഹൈദരലി പുരസ്കാരം തുടങ്ങി നൂറിലധികം. ഞാനദ്ദേഹത്തെ ഒടുവിൽ കണ്ടത്, പ്രവേശനോത്സവഗാനമെഴുതിയ വിദ്യാർത്ഥിനി ഭദ്ര ഹരിയെ അനുമോദിക്കാൻ താമരക്കുടി ശിവവിലാസം സ്കൂളിൽ ചേർന്ന യോഗത്തില്‍ വച്ചാണ്. കൗമാരകവിയെ അനുമോദിക്കാൻ ഒരു തുള്ളൽക്കവിതയുമായാണ് വാത്സല്യനിധിയായ മാസ്റ്റർ എത്തിയത്. ഭദ്ര ഹരിയെ അകമഴിഞ്ഞനുമോദിക്കാൻ തെക്കിന്റെ കുഞ്ചൻനമ്പ്യാരായ കരുണാകരൻ മാസ്റ്റർ ഒട്ടും പിശുക്ക് കാട്ടിയില്ല. വാർധക്യത്തെ മറന്നുകൊണ്ട്, യോഗം അവസാനിച്ച നട്ടുച്ചവരെ മാസ്റ്റർ വേദിയിലിരുന്നു. താമരക്കുടി കരുണാകരൻ മാസ്റ്റർ ജീവിതത്തിന്റെ വേദിയിൽ നിന്നും വിടവാങ്ങി. തുള്ളൽക്കലയുടെ പ്രചാരകനും ഗുരുവുമായ മാസ്റ്റർ, മലയാളികളുടെ സ്മരണയിലേക്ക് കുഞ്ചൻനമ്പ്യാർക്കൊപ്പം ഇരിപ്പുറപ്പിച്ചു. 

Kerala State - Students Savings Scheme

TOP NEWS

March 3, 2026
March 3, 2026
March 3, 2026
March 3, 2026
March 3, 2026
March 3, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.