19 April 2025, Saturday
KSFE Galaxy Chits Banner 2

ലാൽ സലാം നീൽ സലാം

അജിത് കൊളാടി
വാക്ക്
April 13, 2025 4:40 am

ഷ്ടപ്പെട്ട പ്രതാപത്തെ തിരിച്ചെടുക്കാൻ എന്ന വ്യാജേന ചാതുർവർണ്യത്തെയും മനുഷ്യത്വരഹിതമായ സ്മൃതിനിയമങ്ങളെയും തിരിച്ചു കൊണ്ടുവരാനുള്ള തീവ്രശ്രമത്തിൽ ഏർപ്പെടുന്നവർ സജീവമായ കാലമാണിത്. സ്നേഹവും കാരുണ്യവും നഷ്ടപ്പെട്ട ഒരു വിഭാഗം ജനങ്ങൾ വർത്തമാനകാലത്തെ നോക്കി അട്ടഹസിക്കുന്നു. മറ്റുള്ളവരെ ഉൾക്കൊള്ളാൻ പറ്റാത്ത ഒരുവിഭാഗം ജനത നമ്മുടെ മുന്നിലൂടെ വെന്നിക്കൊടി പാറിച്ച് കടന്നുപോകുന്നു. അവർ ചരിത്രത്തെ നമ്മിൽ നിന്ന് മറച്ചുപിടിക്കുന്നു. മനുഷ്യരുടെ വിമോചനചരിത്ര ഗാഥകൾ അവരെ അസ്വസ്ഥരാക്കുന്നു. ചരിത്രത്താളുകളിൽ വിളമ്പേണ്ടത് അവർക്ക് ഇഷ്ടമുള്ളതുമാത്രം. ബഹുസ്വരതയെ അവർ അംഗീകരിക്കുന്നില്ല. ഏകമതാത്മക ദർശനം അവർ മുന്നോട്ടു വയ്ക്കുന്നു. ഇവിടെ നമ്മുടെ ചിന്തകൾക്ക് തീ പിടിക്കണം. ചരിത്രം മറക്കുന്നവർ അതിന്റെ ആവർത്തനത്തിന് സഹായിക്കുന്നു. മറവി സ്വായത്തമാക്കുമ്പോൾ ഓർമ്മ നഷ്ടപ്പെടും. മറവികൾക്കെതിരായ ഓർമ്മകളുടെ സമരമാണ് ഫാസിസത്തിനെതിരായ സമരം എന്ന് എപ്പോഴും ഓർക്കണം. ഈ ചിന്ത തീരെ ഇല്ലാതായാൽ ഇന്ത്യയിൽ ബ്രാഹ്മണ്യം അതിശക്തമാകും. വർത്തമാനകാല ഇന്ത്യയിൽ ജാതിയുടെ പേരിൽ പാർശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾ കഴിയുന്നത് ചാതുർവർണ്യത്തിന്റെ ക്രൂരതകൾ അനുഭവിച്ചു കൊണ്ടാണ്. 

ഭരണവർഗത്തിന്റെ ആശയങ്ങളാണ് അതാത് സമൂഹങ്ങളിലെ ഭരിക്കുന്ന ആശയങ്ങളായിത്തീരുന്നത്. ഭരണകൂടാധികാരത്തിന്റെ സ്ഥാപനത്തിലും പ്രയോഗത്തിലും നിലനില്പിലും ആശയശാസ്ത്രം എങ്ങനെയാണ് നിർണായകമാവുന്നത് എന്നത് മാർക്സിസം വ്യക്തമാക്കിയിട്ടുണ്ട്. അധിനായകത്വത്തെക്കുറിച്ചുള്ള തന്റെ സങ്കല്പത്തിലൂടെ അന്റോണിയോ ഗ്രാംഷി ഇത് കൂടുതൽ വ്യക്തമാക്കി. ആശയശാസ്ത്രത്തിന്റെ മറ്റ് മണ്ഡലങ്ങളെപ്പോലെ ആധിപത്യ മാറ്റത്തിലും പരിവർത്തനമുണ്ടാകുന്നു. പുതിയ ഭരണവർഗങ്ങളുടെ താല്പര്യങ്ങൾക്ക് അനുസൃതമായിരിക്കും ഈ മാറ്റം. വാസ്തവത്തിൽ ഇത്തരത്തിലുള്ള പുനർനിർമ്മിതിയിലൂടെയാണ് തുടർച്ച സാധ്യമാവുന്നത്.
പുതിയ ഭരണവർഗങ്ങൾ മറ്റേതെങ്കിലും മതക്കാരായിടത്ത് ഇതിന്റെ ചലന നിയമങ്ങൾ വ്യത്യസ്തമാണ്. എങ്കിലും, പുറന്തള്ളപ്പെട്ട ക്രമം ഒരു സംസ്കൃതിയെ പ്രതിനിധീകരിച്ചിട്ടുണ്ട്. പഴയതിന്റെ തുടർച്ച പിന്നെയും നിലനിന്നു. ആഖ്യാനങ്ങൾ എത്ര തന്നെ വ്യത്യസ്തമായിരുന്നാലും ഉത്തരത്തിലുള്ള മത സാംസ്കാരിക വിശ്വാസങ്ങൾ, സവിശേഷതകൾ എന്നിവയെല്ലാം തന്നെ ഭരണവർഗ ആശയശാസ്ത്രത്തിന്റെ അകക്കാമ്പിൽ നിലനിൽക്കുന്നു. ഇന്ത്യയിൽ കൃത്യമായും ഇതുതന്നെയാണ് ബ്രാഹ്മണ്യത്തിന്റെ സ്ഥാനം. മതശാസ്ത്ര — നീതിശാസ്ത്ര, സാംസ്കാരിക — സാമൂഹിക — സാമ്പത്തിക വീക്ഷണങ്ങളുടെയും അതുമായ ബന്ധപ്പെട്ട മൂല്യങ്ങളുടെയും ഒരു സമുച്ചയമാണ് ബ്രാഹ്മണ്യം.
ഹിന്ദുയിസം എന്നത് പല തരത്തിലുള്ള വിശ്വാസ വ്യവസ്ഥകളെ പൊതുവായി സൂചിപ്പിക്കുന്ന ഒരു പൊതു പ്രയോഗം എന്ന നിലയ്ക്ക് കഴിഞ്ഞ പല നൂറ്റാണ്ടുകളിലൂടെ രൂപപ്പെട്ടുവന്ന ഒരു സംജ്ഞയാണ്. അതിലെ ദർശനങ്ങൾ വൈവിധ്യവും വ്യത്യസ്തതകളും പ്രകടിപ്പിക്കുന്നു. വ്യത്യസ്ത ചിന്തകളുടെ മനോഹരമായ പൂങ്കാവനമാണ് ഹിന്ദുയിസം. അതൊരു ജീവിതരീതിയാണ്. സാംസ്കാരിക വൈവിധ്യങ്ങളുടെ സമന്വയമാണത്. കഴിഞ്ഞ ദശകങ്ങളില്‍ രാഷ്ട്രീയ സ്വയം സേവക് സംഘ് ഭിന്നങ്ങളായ ഈ വിശ്വാസ വ്യവസ്ഥകളെയെല്ലാം നഖശിഖാന്തം എതിർക്കുന്നു. ബ്രാഹ്മണ്യം അരക്കിട്ടുറപ്പിക്കുന്നു. അവിടെ ചാതുർവർണ്യം മാത്രം. അവിടെ ആജ്ഞാപനം മാത്രം. 

ബ്രാഹ്മണ്യത്തിനെതിരെ ബുദ്ധനും അംബേദ്കറും ചിന്തിച്ചു, നിതാന്ത പോരാട്ടം നടത്തി. ശ്രീ ബുദ്ധൻ യാഗങ്ങൾക്കും ജാതിവ്യത്യാസത്തിനും ഹിംസയ്ക്കും എതിരായി, ചെന്നിടത്തെല്ലാം പ്രചരണങ്ങൾ നടത്തി. മനുഷ്യരോട് ദയ കാണിച്ചു. ജാതി വ്യത്യാസമില്ലാതെ അദ്ദേഹം മനുഷ്യനെ ചേർത്തുപിടിച്ചു. അഹിംസയും കരുണയും ദയയും ധർമ്മവും പ്രചരിപ്പിച്ചു. ഉച്ചനീചത്വം പാടെ തള്ളിക്കളഞ്ഞു. ജനസാമാന്യം അദ്ദേഹവുമായി അടുത്തു. ബുദ്ധ മതം വലിയൊരു ജനകീയ പ്രസ്ഥാനമായി മാറി.
ശ്രീ ബുദ്ധന്റെ സാരാനാഥിലെ തത്വോപദേശം ഇങ്ങനെയായിരുന്നു. “ജനനം തന്നെ ദുഃഖമാണ്. വാർധക്യം, മരണം, ശോകം, രോദനം, മനസിന്റെ അസ്വാസ്ഥ്യം, പരിഭ്രാന്തി എന്നിവയും ദുഃഖമാണ്. അപ്രിയമായതിനോടുള്ള ചേർച്ച, പ്രിയമായതിൽ നിന്നുള്ള വേർപാട്, ആഗ്രഹിച്ചിട്ടും ലഭ്യമല്ലാത്ത വസ്തു, ഇവയെല്ലാം ദുഃഖമാണ്. ഈ ദുഃഖത്തിനുള്ള കാരണം ഭോഗ തൃഷ്ണയാണ്. അതിനാൽ മോചനം ലഭിക്കാൻ തൃഷ്ണയില്ലാതെയാകണം. അതില്ലാതാക്കാൻ സമ്യക്കായ (ശരിയായ) വീക്ഷണം, സമ്യക്കായ സങ്കല്പം, സമ്യക്കായ കർമ്മം, സമ്യക്കായ വാക്ക്, സമ്യക്കായ ജീവിതം, സമ്യക്കായ പരിശ്രമം, സമ്യക്കായ സ്മരണ, സമ്യക്കായ സമാധി എന്നീ ജീവിതരീതികൾ അനുഷ്ഠിക്കണം.” ബ്രാഹ്മണ്യത്തിനെതിരായിരുന്നു ബുദ്ധദർശനങ്ങൾ. സമൂഹത്തിലെ വൈരുധ്യങ്ങളുടെ സമ്മർദത്തിൽപ്പെട്ടു ഞെരിയുന്ന ജനവിഭാഗങ്ങൾക്ക് ഈ അഷ്ടാംഗ മാർഗങ്ങൾ വഴികാട്ടിയായി. ബ്രാഹ്മണാധിപത്യത്തിനും മർദനത്തിനും ചൂഷണത്തിനും കഷ്ടപ്പാടുകൾക്കും യുദ്ധത്തിനും വിവേചനത്തിനും എതിരായ ഒരു പ്രസ്ഥാനം എന്ന നിലയ്ക്കാണ് ജനങ്ങൾ ബുദ്ധമതത്തെ സ്വീകരിച്ചത്. അവരുടെ പ്രതീക്ഷകൾ പോലെ കാര്യങ്ങൾ സംഭവിച്ചു എന്ന് ഇതിനർത്ഥമില്ല. ഗണങ്ങളുടെ ആക്രമണങ്ങളും യുദ്ധങ്ങളും പിന്നെയും തുടർന്നു. യജമാനവർഗത്തിന്റെ ചൂഷണം തുടർന്നു. എങ്കിലും ബുദ്ധചിന്തകളാണ് ഈ ദുര്യോഗങ്ങൾക്കെല്ലാം അറുതിവരുത്താൻ പറ്റിയ മാർഗമെന്ന് ജനങ്ങൾ ദൃഢമായി വിശ്വസിച്ചു. 

മാർക്സ് സോഷ്യലിസം ശാസ്ത്രീയമാണ് എന്ന് തറപ്പിച്ച് പറഞ്ഞു. മുതലാളിത്തത്തിനെതിരെ പടവാളോങ്ങി. മാർക്സ് എപ്പോഴും തന്റെ സിദ്ധാന്തത്തെ ശാസ്ത്രീയമായി അപഗ്രഥിച്ചു. തന്റെ സിദ്ധാന്തം ഉട്ടോപ്യനല്ല എന്ന് കൃത്യമായി തെളിയിച്ചു. ലോകത്തെ വ്യാഖ്യാനിക്കലല്ല തത്വചിന്തകരുടെ കടമ, മറിച്ച് ലോകത്തെ മാറ്റിമറിക്കലാണ്. ചരിത്രത്തിന്റെ പാത നിർണയിക്കുന്നത് പ്രഥമമായും സാമ്പത്തിക സാമൂഹിക ഘടകങ്ങളാണ് എന്ന് മാർക്സ് പറഞ്ഞു. ഉടമസ്ഥരും തൊഴിലാളിയും തമ്മിലുള്ള വർഗ സംഘട്ടനത്തെക്കുറിച്ച് പറഞ്ഞു. അതിക്രൂരമായ ചൂഷണത്തിനു വിധേയമാകും തൊഴിലാളിവർഗവും മനുഷ്യരും എന്ന് അദ്ദേഹം പറഞ്ഞു. സാമൂഹ്യ സാമ്പത്തിക അസമത്വത്തിനെതിരെ പോരാടലാണ് മാർക്സിസം. മനുഷ്യനെ സ്നേഹിക്കലാണ് മാർക്സിസം. മാർക്സ് മരിച്ച് എട്ടുവർഷങ്ങൾക്ക് ശേഷമാണ് അംബേദ്കർ ജനിക്കുന്നത്. മാർക്സ് പരിശോധനയ്ക്കു വിധേയമാക്കിയ വ്യാവസായിക മുതലാളിത്തം അംബേദ്കർക്കോ, അംബേദ്കറുടെ സൂക്ഷ്മ ശ്രദ്ധ പതിഞ്ഞ ജാതിവ്യവസ്ഥ മാർക്സിനോ അനുഭവവേദ്യമായിരുന്നില്ല. എന്നാൽ മർദിത ജനതയുടെ വിമോചനത്തിനു വേണ്ടിയുള്ള പോരാട്ടമായിരുന്നു രണ്ടു പേരുടെയും ധൈഷണിക സാമൂഹിക ജീവിതം. തൊഴിലാളിവർഗത്തിന്റെ വിമോചനം വഴി വരാനിരിക്കുന്ന അന്യവല്‍ക്കൃതമല്ലാത്ത മനുഷ്യജീവിതമായിരുന്നു മാർക്സിന്റെ അന്തിമ സ്വപ്നം. ജാതി നിർമ്മൂലനത്തിലൂടെ സാര്‍ത്ഥകമാവേണ്ട ഇന്ത്യയിലെ മർദിത ജനതയുടെ വിമോചനമാണ് അംബേദ്കർ കണ്ട സ്വപ്നം. മർദിതജനതയുടെ മോചനം ഇരുവരുടെയും താല്പര്യ കേന്ദ്രമായിരുന്നു.
ജാതിമർദനത്തെ മുറിച്ചുകടക്കാതെ തൊഴിലാളിവർഗ വിമോചനമോ വർഗപരമായ ചൂഷണം അവസാനിപ്പിക്കാതെ ജാതി മർദനത്തിൽ നിന്നുള്ള വിടുതിയോ സാധ്യമല്ല എന്നിരിക്കെ, മാർക്സും അംബേദ്കറും തമ്മിലുള്ള വിനിമയങ്ങൾ ഇന്ത്യൻ സാമൂഹികയാഥാർത്ഥ്യം അനിവാര്യമാക്കി തീർക്കുന്നുണ്ട് എന്ന് മനസിലാക്കാൻ പ്രയാസമൊന്നുമില്ല. താത്വികമായ ഭിന്നതകളും ചരിത്രപരമായ അകലവും വൈജാത്യവും ഇരുവർക്കുമിടയിലും അവരുടെ പ്രസ്ഥാനങ്ങൾക്കിടയിലും നില്‍ക്കുന്നുണ്ട്. എങ്കിലും മാർക്സിനും അംബേദ്കർക്കുമിടയിലെ സംവാദ — വിനിമയ മേഖലകൾ പൂർണമായും കൊട്ടിയടയ്ക്കരുത്. പങ്കുവയ്ക്കപ്പെടാൻ പാകത്തിൽ അവർക്കിടയിൽ പലതും അവശേഷിക്കുന്നു. മർദിത ജനതയുടെ വിമോചനത്തെക്കുറിച്ചുള്ള അവരുടെ സ്വപ്നങ്ങളിലും സിദ്ധാന്തങ്ങളിലും അന്യോന്യം പൊരുതുന്ന ലോകമല്ല ഉള്ളത്.
പ്രമുഖ സാമൂഹിക ചിന്തകനായ ഡോ. ആനന്ദ് തെൽതുംബ്‌ദെ ഉൾപ്പടെയുള്ള പലരുടെയും പഠനങ്ങളെ പിൻപറ്റിക്കൊണ്ടാണ് പലരും ഈ ആലോചന വികസിപ്പിക്കുന്നത്. “ലാൽ സലാം നീൽ സലാം” എന്ന മുദ്രാവാക്യം കൂടുതൽക്കൂടുതൽ ഉയരുകയും, ഇന്ത്യയുടെ സാമൂഹിക പരിവർത്തനത്തിന്റെ കേന്ദ്രം അത്തരമൊരു മുദ്രാവാക്യമാണെന്ന് പലരും കരുതുകയും ചെയ്യുന്ന സന്ദർഭത്തിൽ ഇതേക്കുറിച്ചുള്ള ആലോചനകൾക്ക് വൈജ്ഞാനിക താല്പര്യങ്ങൾക്കപ്പുറം വിപുലമായ രാഷ്ട്രീയ പ്രാധാന്യമുണ്ടുതാനും. ബ്രാഹ്മണ്യത്തിനെതിരെ പോരാടാൻ എപ്പോഴും ശക്തിപകരുക ബുദ്ധനും മാർക്സും അംബേദ്കറും തന്നെയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.