2023 മേയ് മൂന്നിനാണ് ഇന്ത്യയുടെ വടക്കുകിഴക്ക് അതിര്‍ത്തിയിലുള്ള മണിപ്പൂര്‍ സംസ്ഥാനത്ത് വംശീയ കലാപം പൊട്ടിപ്പുറപ്പെടുന്നത്. താഴ്‌വരയില്‍ താമസിക്കുന്ന മെയ്തി വിഭാഗവും മലനിരകളിലെ കുക്കി-സോ ഗോത്ര സമൂഹവും തമ്മില്‍ നടക്കുന്ന പോരാട്ടം ഏറിയും കുറഞ്ഞും കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി തുടരുകയാണ്. ഇതുവരെയായി 250ലധികം പേര്‍ക്ക് ജീവഹാനി സംഭവിച്ചു. 60,000ത്തിലധികം പേര്‍ കുടിയിറക്കപ്പെട്ടു, 1,000ത്തിലധികം പേര്‍ക്ക് പരിക്കേറ്റു. 5,000ത്തോളം വീടുകള്‍ ചാമ്പലായി. 400ലധികം ആരാധനാലയങ്ങള്‍ തകര്‍ക്കപ്പെട്ടു. മേല്പറഞ്ഞ ഔദ്യോഗിക കണക്കുകളേക്കാള്‍ എത്രയോ അധികമാണ് അനൗദ്യോഗിക കണക്കുകള്‍. കലാപം ആരംഭിക്കുന്നത് 2023ല്‍ മെയ്തി വിഭാഗത്തെ പട്ടിവര്‍ഗത്തിലുള്‍പ്പെടുത്തി സംവരണം നല്‍കുവാന്‍ കേന്ദ്ര സര്‍ക്കാരിന് ശു പാര്‍ശ നല്‍കാന്‍ മണിപ്പൂര്‍ ഹൈക്കോടതി ഉത്തരവിട്ട പശ്ചാത്തലത്തിലാണ്. ഈ വിഷയം സര്‍ക്കാര്‍ അനിശ്ചിതമായി നീട്ടിക്കൊണ്ട് പോകുന്നതിനാല്‍ കോടതി തീരുമാനിക്കണമെന്ന ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് വിധി വന്നത്. കേസില്‍ മെയ്തികള്‍ക്കൊപ്പമായിരുന്നു സംസ്ഥാന സര്‍ക്കാര്‍ എന്ന് കുക്കികള്‍ ആരോപിച്ചു. മെയ്തികളെ പട്ടികവര്‍ഗ വിഭാഗത്തിലുള്‍പ്പെടുത്തിയാല്‍ പട്ടികവര്‍ഗ വിഭാഗത്തിനു മാത്രം കൈവശം വയ്ക്കാവുന്ന മലനിരകളിലെ ഭൂമിയില്‍ മെയ്തികളും കുടിയേറുമെന്നം സാമ്പത്തികമായും സര്‍ക്കാര്‍ ജോലികളിലുമൊക്കെ മുന്നാക്കം നില്‍ക്കുന്ന മെയ്തികള്‍ മണിപ്പൂരില്‍ പൂര്‍ണ ആധിപത്യം നേടുമെന്നും കുക്കികള്‍ ആശങ്കപ്പെട്ടു.
ഈ ആശങ്കകള്‍ക്ക് ആക്കം പകരുന്നതായിരുന്നു നോങ് തോബാം ബിരേന്‍ സിങ് എന്ന സംസ്ഥാന മുഖ്യമന്ത്രിയുടെ നിലപാടുകള്‍. ഒരു ഫുട്ബോള്‍ കളിക്കാരനായാണ് ബിരേന്‍ സിങ്ങിന്റെ തുടക്കം. ബിഎസ്എഫിനു വേണ്ടിയും മണിപ്പൂരിനു വേണ്ടിയും കളിച്ച ബിരേന്‍ 2002ല്‍ ഡമോക്രാറ്റിക് റവല്യൂഷണറി പീപ്പിള്‍സ് പാര്‍ട്ടി (ഡിആര്‍പിപി) യുടെ സ്ഥാനാര്‍ത്ഥിയായി ഹെയ്ന്‍ഗാങ് നിയോജകമണ്ഡലത്തില്‍ നിന്ന് നിയമസഭയിലെത്തി. പിന്നീട് പഴയ ഫുട്ബോള്‍ കളിക്കാരന്റെ സാമര്‍ത്ഥ്യത്തോടെ കോണ്‍ഗ്രസിലേക്ക് ചേക്കേറി യുവജനകാര്യ മന്ത്രിയായി 2007ലും 12ലും കോണ്‍ഗ്രസ് ടിക്കറ്റില്‍ നിയമസഭയിലെത്തി.
2016ല്‍ ബിജെപിയിലേക്ക് ചേക്കേറിയ ബിരേന്‍ 2017ല്‍ അവരുടെ പ്രതിനിധിയായി നിയമസഭയിലെത്തി. മണിപ്പൂര്‍ മുഖ്യമന്ത്രിയായി. 2022ല്‍ ബിജെപി സീറ്റ് വിഹിതം വര്‍ധിപ്പിച്ചുകൊണ്ട് രണ്ടാംതവണയും ബിരേന്‍ മുഖ്യമന്ത്രിയായി. ബിരേനെതിരെ പലപ്പോഴും ഭരണമുന്നണിയില്‍ നിന്ന് വലിയ എതിര്‍പ്പുകള്‍ ഉയര്‍ന്നിട്ടുണ്ട്. 2020 ജൂണില്‍ ഒമ്പത് ഭരണകക്ഷി എംഎല്‍എമാര്‍ ബിരേനെതിരെ തിരിഞ്ഞ് പിന്തുണ പിന്‍വലിച്ചു. പക്ഷെ സര്‍ക്കാര്‍ അവിശ്വാസത്തെ അതിജീവിച്ചു.
ബിരേന്‍ സിങ് ഒരു സ്വേച്ഛാധിപതിയായാണ് പെരുമാറുന്നതെന്ന് ഭരണകക്ഷി എംഎല്‍എമാര്‍ തന്നെ പരാതിപ്പെട്ടിട്ടുണ്ട്. എതിര്‍ക്കുന്നവരെ തകര്‍ക്കുക എന്ന നയമാണ് ബിരേന്‍ സ്വീകരിച്ചത്. 2018 നവംബറില്‍ ബിരേന്‍ സിങ് കേന്ദ്രസര്‍ക്കാരിന്റെ കളിപ്പാവയാണെന്ന് എഴുതിയ പത്രപ്രവര്‍ത്തകന്‍ കിശോര്‍ ചന്ദ്രവാങ് ഖേമിനെ രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.
മെയ്തി വിഭാഗത്തില്‍പ്പെട്ട ബിരേന്‍ സിങ് 2023ല്‍ കലാപം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ തികച്ചും പക്ഷപാതപരമായാണ് ഇടപെട്ടത് എന്നാണ് ഭരണകക്ഷി എംഎല്‍എമാര്‍ വരെ പറഞ്ഞത്. കലാപം നിയന്ത്രിക്കുന്നതിനുപകരം ഏകപക്ഷീയമായ നിലപാടുകള്‍ സ്വീകരിച്ച് കലാപം ആളിക്കത്തിക്കുകയാണ് ബിരേന്‍ സിങ് ചെയ്തതെന്ന് പ്രതിപക്ഷവും മനുഷ്യാവകാശ സംഘടനകളും വ്യക്തമാക്കുന്നു. മെയ്തികള്‍ക്കുവേണ്ടി ബിരേന്‍ സിങ് സംസാരിക്കുന്നതായി ഒരു ഓഡിയോ ടേപ്പ് പുറത്തുവരികയും ഇപ്പോള്‍ സുപ്രീം കോടതി കേന്ദ്ര ഫോറന്‍സിക് ലാബിന്റെ റിപ്പോര്‍ട്ട് തേടിയിരിക്കുകയുമാണ്. ട്രൂത്ത് ലാബ് എന്ന സ്വതന്ത്ര സ്ഥാപനത്തിന്റെ പരിശോധനയില്‍ അത് ബിരേന്‍ സിങ്ങിന്റെ ശബ്ദം തന്നെയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കേന്ദ്ര ഫോറന്‍സിക് ലാബിന്റെ റിപ്പോര്‍ട്ട് ബിരേനെതിരായേക്കും എന്ന സാധ്യത നിലനില്‍ക്കുന്നു. മണിപ്പൂരിലെ ബിജെപി സര്‍ക്കാരിനെതിരെ ഫെബ്രുവരി 10ന് കോണ്‍ഗ്രസ് അവിശ്വാസ പ്രമേയം അവതരിപ്പിക്കാനിരുന്നതിന് തൊട്ടുമുമ്പാണ് ബിരേന്‍ മുഖ്യമന്ത്രിസ്ഥാനം രാജിവച്ചിരിക്കുന്നത്. അവിശ്വാസ പ്രമേയത്തിനനുകൂലമായി സ്വന്തം പാര്‍ട്ടി എംഎല്‍എമാര്‍തന്നെ വോട്ടുചെയ്യും എന്ന സ്ഥിതിയില്‍ ബിരേനുമുന്നില്‍ വേറെ പോംവഴികള്‍ ഇല്ലാത്ത സാഹചര്യത്തിലാണ് വളരെ വൈകിവന്ന ഈ രാജി സംഭവിച്ചത്. കൂടാതെ ബിരേനെതിരെ പുറത്തുവന്ന ഓഡിയോ ടേപ്പുകളില്‍ സുപ്രീം കോടതി ഫോറന്‍സിക് പരിശോധന ഉത്തരവിട്ടതും ബിരേന് തിരിച്ചടിയായി.
രാജ്യത്തെ ഒരു സംസ്ഥാനം മുഴുവന്‍ ആളിപ്പടര്‍ന്ന വംശീയ കലാപം രണ്ടുവര്‍ഷം പിന്നിട്ടിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോഡി അവിടം സന്ദര്‍ശിക്കുകയുണ്ടായില്ല. ബിരേന്‍ സിങ്ങിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റണം എന്ന് സംസ്ഥാന ബിജെപി ഘടകത്തില്‍ നിന്നുതന്നെ ആവശ്യമുയര്‍ന്നിട്ടും ഒരു നടപടിയുമുണ്ടായില്ല. ബിരേന്‍ അധികാരത്തില്‍ തുടരുമ്പോള്‍ കലാപത്തിന് ശമനമുണ്ടായില്ല. പ്രശ്നങ്ങള്‍ പഠിക്കുവാനോ സമാധാനം പുനഃസ്ഥാപിക്കുവാനോ ഒരു ശ്രമവും കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായില്ല. ഇപ്പോള്‍ ബിരേന്‍ സിങ് രാജിവച്ചത് അവിശ്വാസപ്രമേയം വിജയിക്കും എന്നതിനാലും ബിരേന്റെ മെയ്തികള്‍ക്കനുകൂലമായ ശബ്ദസന്ദേശത്തില്‍ സുപ്രീം കോടതി അന്വേഷണം വന്നതിനാലും ഭരണത്തില്‍ തുടരുക അസാധ്യമായ സാഹചര്യത്തിലാണ്.
ബിരേന്‍ സിങ് അധികാരത്തില്‍ നിന്നും പോവുന്നത് തീര്‍ച്ചയായും നിഷ്‌പക്ഷമതികള്‍ നടത്തുന്ന സമാധാന ശ്രമങ്ങള്‍ക്ക് സഹായകമാവും എന്ന് പ്രതീക്ഷിക്കാം. മണിപ്പൂരില്‍ രണ്ട് വര്‍ഷം നീണ്ട യാതനകള്‍ക്ക് ശാശ്വത പരിഹാരത്തിനുള്ള വഴി തെളിയട്ടെ എന്ന് പ്രത്യാശിക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.