15 March 2025, Saturday
KSFE Galaxy Chits Banner 2

മാവോയിസ്റ്റ് കൂട്ടക്കൊല അഥവാ ഭരണകൂട ഭീകരത

സത്യന്‍ മൊകേരി
വിശകലനം
February 12, 2025 4:44 am

മാവോയിസ്റ്റ് പ്രവര്‍ത്തകരെ കൊന്നൊടുക്കുന്ന സംഭവങ്ങള്‍ രാജ്യത്ത് അനുദിനം വര്‍ധിക്കുകയാണ്. മാവോയിസ്റ്റുകള്‍ ഉയര്‍ത്തുന്ന രാഷ്ട്രീയത്തോട് ഒരിക്കലും സിപിഐ യോജിക്കുന്നില്ല. അതേസമയം അവരുയര്‍ത്തുന്ന സാമൂഹ്യപ്രശ്നങ്ങള്‍ കാണാതെ രാജ്യത്തിന് മുന്നോട്ടുപോകുവാന്‍ കഴിയില്ല. മാവോയിസ്റ്റുകളുടെ രാഷ്ട്രീയ — സാമൂഹ്യ അടിത്തറ രാജ്യത്തെ സാധാരണ ജനങ്ങളുടെ പിന്നാക്കാവസ്ഥയാണ്. പാവപ്പെട്ട ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതത്തില്‍ നിന്നാണ് മാവോയിസ്റ്റുകള്‍ ശക്തിയാര്‍ജിക്കുന്നത്. രാജ്യത്തിന്റെ അസമമായ വളര്‍ച്ചയില്‍ ഏറ്റവുമധികം ദുരിതമനുഭവിക്കുന്നവര്‍ ആദിവാസികളും ഗ്രാമീണതലത്തിലെ പാവപ്പെട്ട ജനവിഭാഗങ്ങളുമാണ്. സായുധവിപ്ലവത്തിലൂടെ അതിന് പരിഹാരം കാണാന്‍ കഴിയുമെന്ന രാഷ്ട്രീയമാണ് മാവോയിസ്റ്റുകള്‍ ഉയര്‍ത്തുന്നത്. 1960മുതല്‍ രാജ്യത്തും ലോകത്തും ഉയര്‍ന്നതാണ് ആ രാഷ്ട്രീയം. അത്തരം തെറ്റായ രാഷ്ട്രീയത്തെ ശക്തമായി വിമര്‍ശിക്കുന്ന നിലപാടാണ് സിപിഐ എക്കാലത്തും സ്വീകരിച്ചത്. അവരുന്നയിക്കുന്ന സാമൂഹ്യപ്രശ്നങ്ങള്‍ ശരിയാണെങ്കിലും സായുധകലാപത്തിലൂടെ രാജ്യത്തിന്റെ പിന്നാക്കാവസ്ഥയ്ക്ക് ഒരിക്കലും പരിഹാരം കാണാന്‍ കഴിയില്ല.
പ്രത്യയശാസ്ത്രപരമായി മാവോയിസ്റ്റുകളുടെ രാഷ്ട്രീയത്തോട് ശക്തമായി വിയോജിക്കുമ്പോഴും ഭീകരവാദികളായി കണക്കാക്കി അവരെ വെടിവച്ച് കൊന്നുതള്ളുന്ന നിലപാടിനോട് സിപിഐ ഒരിക്കലും യോജിക്കുന്നില്ല. ഏറ്റവുമൊടുവില്‍ ഛത്തീസ്ഗഢില്‍ 11സ്ത്രീകളടക്കം 31 മാവോയിസ്റ്റുകളെയാണ് സേന വധിച്ചത്. ദേശീയരാഷ്ട്രീയം ഉള്‍ക്കൊള്ളുന്നവരോട് രാജ്യത്തിന്റെ ശത്രുക്കളോടെന്നപോലെ നിലപാട് സ്വീകരിക്കുന്നത് ശരിയല്ല. ഛത്തീസ്ഗഢിലെ ബിജാപൂര്‍ ജില്ലയിലാണ് 31 മാവോയിസ്റ്റുകളെ വധിച്ചത്. സുരക്ഷാസേന രാജ്യത്തെ അറിയിക്കുന്നത്, ഏറ്റുമുട്ടലില്‍ മാവോയിസ്റ്റുകളെ വധിച്ചു എന്നാണ്. യഥാര്‍ത്ഥത്തില്‍ അവരെ വളഞ്ഞുപിടിച്ച് സ്ത്രീകളെ ഉള്‍പ്പെടെ വെടിവച്ച് കൊല്ലുന്ന സംഭവമാണ് ഉണ്ടാകുന്നത്. കേരളത്തില്‍പ്പോലും പൊലീസ്, മാവോയിസ്റ്റുകളെ പിടിക്കുന്നതിനു പകരം വെടിവച്ചുകൊന്ന സംഭവങ്ങള്‍ ഉണ്ടായത് നാം ചര്‍ച്ചചെയ്തതാണ്. സിപിഐ അതില്‍ ശക്തമായി പ്രതിഷേധിക്കുകയും പൊലീസിന്റെ നിലപാട് തിരുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. 

2024 വര്‍ഷത്തില്‍ മാത്രം രാജ്യത്ത് 184 മാവോയിസ്റ്റ് പ്രവര്‍ത്തകരെ പൊലീസ് വെടിവച്ചുകൊന്നു. സര്‍ക്കാരിന്റെ കണക്കാണത്. അതില്‍ എത്രയോ അധികം കൊലകള്‍ നടന്നിട്ടുണ്ടാവാം. 2025ല്‍ കൂടുതല്‍ ശക്തമായി തുടരുകയാണ് കൂട്ടക്കൊല. മാവോയിസ്റ്റുകളെ പൂര്‍ണമായും ഉന്മൂലനം ചെയ്യുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്നു. പ്രധാനമന്ത്രിയും മാവോയിസ്റ്റുകളെ ഉന്മൂലനം ചെയ്യുമെന്നാണ് ആവര്‍ത്തിക്കുന്നത്.
2025ല്‍ ഇന്ത്യയുടെ ജനസംഖ്യ 146കോടിയില്‍ അധികമാകുമെന്നാണ് കണക്ക്. ലോകത്തെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യത്ത് ജനങ്ങളുടെ ദുരിതങ്ങള്‍ പരിഹരിക്കാനുള്ള നടപടികളാണ് ഭരണകൂടം സ്വീകരിക്കേണ്ടത്. പട്ടിണികിടന്ന് മരിക്കുന്ന, വിദ്യാലയങ്ങളുടെ മുറ്റം പോലും കാണാത്ത കോടിക്കണക്കിന് ജനങ്ങളുള്ള രാജ്യമാണ് ഇന്ത്യ. രാജ്യത്തിന്റെ സമ്പത്തിന്റെ 57ശതമാനം കൈവശം വച്ചിരിക്കുന്നത് ഇവിടുത്തെ 10ശതമാനമാണ്. അവര്‍ക്ക് എവിടെനിന്നാണ് സമ്പത്ത് കുന്നുകൂട്ടുവാന്‍ കഴിയുന്നത്. രാജ്യത്തിന്റെ പൊതുസമ്പത്തും പ്രകൃതിവിഭവങ്ങളും ഭരണകൂടത്തിന്റെ സഹായത്താല്‍ തട്ടിയെടുക്കുവാന്‍ കഴിയുന്നു. ദേ ശീയ ഹൈവേകള്‍, തുറമുഖങ്ങള്‍, റെയില്‍വേ, വിമാനത്താവളങ്ങള്‍, വിമാന കമ്പനികള്‍, ബാങ്കുകള്‍, ആയുധനിര്‍മ്മാണം, ഭക്ഷ്യമേഖല എല്ലാം കൈമാറി ലാഭം കൊയ്തെടുക്കുവാന്‍ അവസരം ഉണ്ടാക്കിയതിന്റെ ഫലമായാണ് ശതകോടീശ്വരന്മാര്‍ വര്‍ധിച്ചത്. അവരുടെ സമ്പത്ത് പതിന്മടങ്ങായി ഉയര്‍ന്നത്. സ്വകാര്യമേഖലയ്ക്കായി ഇപ്പോള്‍ ആണവമേഖലയും തുറന്നുകൊടുക്കുകയാണ്. നവലിബറല്‍ സാമ്പത്തിക നയം ഒരുപിടി ആളുകള്‍ക്ക് സമ്പത്ത് വര്‍ധിപ്പിക്കാനും രാജ്യം കയ്യടക്കാനും അവസരമൊരുക്കിയപ്പോള്‍ രാജ്യത്തെ 80 ശതമാനത്തിലേറെ ജനങ്ങള്‍ ജീവിക്കാന്‍ കഴിയാതെ പ്രയാസപ്പെടുന്നു.
മാവോയിസ്റ്റ് ആശയങ്ങള്‍ക്ക് പിന്നില്‍ ജനങ്ങള്‍ അണിനിരക്കുന്നത് തടയാന്‍ വെടിയുണ്ടകള്‍ക്ക് കഴിയില്ല. ഉന്മൂലനത്തിലൂടെ നശിപ്പിക്കാന്‍ കഴിയുമെന്ന് കരുതുന്നതിന് പകരം സാധാരണ ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ തയ്യാറാകുകയാണ് വേണ്ടത്. ഉന്മൂലന സിദ്ധാന്തത്തിലൂടെ ഒരു ആശയത്തെയും ഇല്ലാതാക്കാന്‍ കഴിയില്ല. അവരരുയര്‍ത്തുന്ന വിഷയങ്ങള്‍ പരിഹരിച്ചുകൊണ്ടായിരിക്കണം മാവോയിസത്തെ നേരിടേണ്ടത്. 

രാജ്യത്തിന്റെ സമ്പത്ത് ഒരു ശതമാനത്തിനോ 10ശതമാനത്തിനോ മാത്രം അവകാശപ്പെട്ടതല്ല, സാധാരണ ജനങ്ങള്‍ക്കും അവകാശപ്പെട്ടതാണ്. പൊതുസമ്പത്ത് ഗ്രാമീണ ജനങ്ങളില്‍, പാവപ്പെട്ടവരില്‍, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരില്‍ എത്തണം. അതിലൂടെ മാത്രമേ മാവോയിസ്റ്റ് ആശയങ്ങളില്‍ നിന്നും ജനങ്ങളെ പിന്തിരിപ്പിക്കാന്‍ കഴിയുകയുള്ളു. ലോകത്തും രാജ്യത്തും വളര്‍ന്നുവരുന്ന പുതിയ രാഷ്ട്രീയ സാഹചര്യം ശരിയായി വിലയിരുത്തുവാനും തങ്ങളുടെ തെറ്റായ രാഷ്ട്രീയം ഉപേക്ഷിക്കാനും മാവോയിസ്റ്റുകളും തയ്യാറാകേണ്ട സമയമാണിത്. ജനങ്ങളെ കുരുതികൊടുക്കുന്ന രാഷ്ട്രീയം ഉപേക്ഷിക്കുവാനും രാജ്യത്തിന്റെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായുള്ള ജനകീയ മുന്നേറ്റത്തിന്റെ പാതയില്‍ അണിനിരക്കാനും അവര്‍ മുന്നോട്ടുവരണമെന്നാണ് സിപിഐ നിലപാട്.
ഭരണകൂട ഭീകരതയിലൂടെ മാവോയിസ്റ്റുകളെ ഉന്മൂലനം ചെയ്യുന്ന നടപടി അവസാനിപ്പിക്കാന്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണം. അവര്‍ ദേശവിരുദ്ധരല്ല; രാജ്യത്തെ ജനങ്ങളുടെ പ്രശ്നങ്ങള്‍ ഉയര്‍ത്തുന്നവരാണ്. അതിനവര്‍ സ്വീകരിക്കുന്ന മാര്‍ഗം നിയമവിരുദ്ധമാണെങ്കില്‍ അതിനുള്ള ശിക്ഷ മാത്രമാണ് അര്‍ഹിക്കുന്നത്. വഴിതെറ്റിയവരെ നേര്‍വഴിക്ക് കൊണ്ടുവരാനാണ് ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ഭരണകൂടങ്ങള്‍ മുന്‍കയ്യെടുക്കേണ്ടത്.

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

March 15, 2025
March 15, 2025
March 15, 2025
March 15, 2025
March 15, 2025
March 15, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.