12 October 2024, Saturday
KSFE Galaxy Chits Banner 2

ഒമ്പതാണ്ടിന്റെ ദുരിതപര്‍വം

സത്യന്‍ മൊകേരി
വിശകലനം
May 31, 2023 4:36 am

നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ട് ഒമ്പത് വര്‍ഷം പിന്നിട്ടു. 2024ല്‍ വീണ്ടും ലോക്‌സഭാ തെരഞ്ഞെടുപ്പിന് രാജ്യം തയ്യാറാവുകയാണ്. കോണ്‍ഗ്രസ് നേതൃത്വം നല്കിയ മന്‍മോഹന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് വര്‍ധിച്ചുവന്ന അഴിമതിയും ജനങ്ങളുടെ ജീവിത ദുരിതങ്ങളും തുടര്‍ന്നുണ്ടായ അസംതൃപ്തിയും മുതലെടുത്തുകൊണ്ടാണ് നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. കാര്‍ഷിക ഉല്പന്നങ്ങള്‍ക്ക് ന്യായവില ഉറപ്പാക്കി വരുമാനം വര്‍ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. സ്വാമിനാഥന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച് കര്‍ഷകരെ മോഹിപ്പിച്ചു. യുവാക്കള്‍ക്ക് ഒരു വര്‍ഷം രണ്ടു കോടി പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും വിലക്കയറ്റം തടഞ്ഞുനിര്‍ത്തി ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുമെന്നും പ്രഖ്യാപിച്ചു. ആദിവാസി, പിന്നാക്ക ജനവിഭാഗങ്ങളെ മുഖ്യധാരയില്‍ കൊണ്ടുവരുന്നതിനായി പദ്ധതികള്‍ നടപ്പിലാക്കുമെന്നും വാഗ്ദാനം നല്കി. അധികാരത്തിലെത്തിയപ്പോള്‍ വാഗ്ദാനങ്ങളെല്ലാം മാറ്റിവച്ചു. ഒമ്പതുവര്‍ഷമായി തങ്ങള്‍ മറച്ചുപിടിച്ച ഹിന്ദുത്വ രാഷ്ട്രീയ അജണ്ട നടപ്പിലാക്കാനുള്ള നീക്കങ്ങളാണ് നരേന്ദ്രമോഡി നടത്തിയത്. 1925ല്‍ രൂപീകൃതമാകുന്ന ഘട്ടത്തില്‍തന്നെ ആര്‍എസ്എസ്, ഹിന്ദുരാഷ്ട്രവാദം ഉയര്‍ത്തിയിരുന്നു. സ്ഥാപകനായ ഡോ. ഹെഡ്ഗേവാറുടെ നേതൃത്വത്തില്‍ അതിനായി പ്രചരണം ആരംഭിച്ചു. ബ്രിട്ടീഷുകാരുമായി സഹവര്‍ത്തിത്വം സ്ഥാപിച്ചുകൊണ്ടാണ് അവര്‍ പ്രചരണം നടത്തിയത്. സ്വാതന്ത്ര്യസമരത്തില്‍ നിന്ന് പൂര്‍ണമായും മാറിനില്ക്കുകയും ബ്രിട്ടീഷ് ഭരണാധികാരികളുമായി സഹകരിക്കുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങളാണ് അവര്‍ നടത്തിയിരുന്നത്. അതേസമയം ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായി ഇന്ത്യയിലെ ജനങ്ങള്‍ ഏകോദരസഹോദരങ്ങളെപ്പോലെ പോര്‍ക്കളത്തില്‍ ആയിരുന്നു.
ആര്‍എസ്എസ്, ഹിന്ദു-മുസ്ലിം വര്‍ഗീയ സംഘര്‍ഷം കുത്തിപ്പൊക്കിയപ്പോള്‍ മഹാത്മജി ഹിന്ദു-മുസ്ലിം ‘ഭായി ഭായി’ എന്ന മുദ്രാവാക്യം ഉയര്‍ത്തി തെരുവുകളില്‍ ജനങ്ങളോടൊപ്പം നടന്നു. ബ്രിട്ടീഷുകാര്‍ രാജ്യത്തെ മുസ്ലിം-ഹിന്ദു എന്ന് വിഭജിക്കുന്നതിനായി നടത്തിയ നീക്കങ്ങളെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ദേശീയ പ്രസ്ഥാനവും മഹാത്മജിയും ശക്തമായി എതിര്‍ത്തു. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത ആയിരക്കണക്കിന് കമ്മ്യൂണിസ്റ്റുകാര്‍ കല്‍ത്തുറുങ്കില്‍ അടയ്ക്കപ്പെട്ടു. നിരവധിപേരുടെ ജീവന്‍ ബലിയര്‍പ്പിക്കപ്പെട്ടു. ഈ സന്ദര്‍ഭത്തിലെല്ലാം ആര്‍എസ്എസ് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ഏജന്റുമാരായാണ് പ്രവര്‍ത്തിച്ചത്.

 


ഇതുകൂടി വായിക്കു; എന്നിട്ടുമവര്‍ ജനാധിപത്യത്തെയും സ്ത്രീസുരക്ഷയെയും കുറിച്ച് പറയുന്നു


സ്വാതന്ത്ര്യസമരത്തെ പിന്നില്‍നിന്നു കുത്തിയവരാണ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് 2014ല്‍ അധികാരത്തില്‍ വന്നത്. ജനങ്ങളെ ദ്രോഹിക്കുന്ന നടപടികളാണ് അധികാരത്തില്‍ വന്ന് 10-ാം വര്‍ഷത്തിലേക്ക് കടക്കുന്ന ഘട്ടത്തിലും നടപ്പിലാക്കുന്നത്. അടുത്തവര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ കഴിയില്ല എന്ന് അവര്‍ മനസിലാക്കിയിട്ടുണ്ട്. അതുകൊണ്ട് കൂടുതല്‍ ആഴത്തില്‍ വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാനുള്ള നീക്കങ്ങളാണ് നടപ്പിലാക്കുന്നത്. അതിന്റെ ഭാഗമാണ് പാര്‍ലമെന്റിന്റെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്ത ചടങ്ങുകള്‍. ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രവും അതിന്റെ പൈതൃകങ്ങളും ബ്രിട്ടനില്‍ നിന്നും ഇന്ത്യക്ക് അധികാരം കൈമാറിയതുമെല്ലാം തെറ്റായി അവതരിപ്പിക്കുന്നു. അയോധ്യയിലെ രാമക്ഷേത്രത്തില്‍ ശിലയിട്ടതിനോട് സാമ്യം വരുന്ന രീതിയില്‍ത്തന്നെയാണ് പാര്‍ലമെന്റിന്റെ ഉദ്ഘാടനവും നിര്‍വഹിച്ചത്. ബ്രാഹ്മണ പൗരോഹിത്യം ഇന്ത്യയില്‍ സ്ഥാപിക്കുന്നു എന്ന പ്രഖ്യാപിക്കലായിരുന്നു ഉദ്ഘാടന ചടങ്ങ്. പാര്‍ലമെന്റിന്റെ മേധാവി രാഷ്ട്രപതിയാണ്. രാഷ്ട്രപതിയെ ചടങ്ങില്‍ നിന്നെല്ലാം മാറ്റിനിര്‍ത്തി, ഇന്ത്യന്‍ ഭരണഘടനയെ നിസാരവല്‍ക്കരിക്കുകയാണ് നരേന്ദ്രമോഡി ചെയ്തത്. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് തറക്കല്ലിട്ടതും നരേന്ദ്രമോഡി തന്നെയായിരുന്നു. ഭരണഘടന തന്റെ കൈപ്പിടിയിലാണ് എന്ന അഹന്ത പ്രധാനമന്ത്രിക്കും വന്നിരിക്കുന്നു. തങ്ങള്‍ നേരിടുന്ന ദുരിതങ്ങള്‍ ജനങ്ങള്‍ ചര്‍ച്ചചെയ്യരുതെന്നാണ് പ്രധാനമന്ത്രി ആഗ്രഹിക്കുന്നത്. അതിനായി പുതിയ വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാനും രാജ്യത്ത് സങ്കുചിത ദേശീയവാദവും പ്രാദേശിക വാദവും ശക്തിപ്പെടുത്താനും ശ്രമിക്കുന്നു. മണിപ്പൂരില്‍ 40 കുക്കി ഗോത്രവിഭാഗക്കാരെ പൊലീസ് വെടിവച്ചുകൊന്നത് വംശീയപരമായ ചേരിതിരിവ് സൃഷ്ടിക്കാനുള്ള സംഘ്പരിവാര്‍ നീക്കത്തിന്റെ ഭാഗമാണ്. ഇന്ത്യയുടെ വിവിധ മേഖലകളില്‍ പ്രാദേശിക–വംശീയ‑ഗോത്രാടിസ്ഥാനത്തിലുള്ള സംഘര്‍ഷങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ആസൂത്രിത നീക്കങ്ങളാണ് നടക്കുന്നത്.


ഇതുകൂടി വായിക്കു;  സ്ത്രീത്തൊഴിലാളികളേ മുന്നോട്ട്…


 

ജന്തര്‍ മന്ദറില്‍ സമരം നടത്തുന്ന രാജ്യത്തിന്റെ അഭിമാനങ്ങളായ ഗുസ്തി താരങ്ങള്‍ ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനല്ല കേന്ദ്ര സര്‍ക്കാര്‍ ശ്രദ്ധിക്കുന്നത്. ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനായ എന്‍ സി അസ്താന ട്വീറ്റില്‍ താരങ്ങളെ വെടിവയ്ക്കുമെന്നാണ് കുറിച്ചത്. സമരക്കാരെ വെടിവയ്ക്കുമെന്ന് പ്രഖ്യാപിക്കാന്‍ അസ്താനക്ക് എങ്ങനെ ധൈര്യം കിട്ടി? അനുച്ഛേദം 129 പൊലീസിന് വെടിവയ്ക്കാനുള്ള അവകാശം നല്കുന്നു എന്ന് അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. സമരം ചെയ്യുന്നവരെ, അവകാശങ്ങള്‍ ചോദിക്കുന്നവരെ വെടിവച്ചു കൊല്ലുമെന്നാണ് ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പ്രഖ്യാപിച്ചത്. ബിജെപി ഭരണത്തിന്റെ ഒമ്പതാം വാര്‍ഷികത്തില്‍ തന്നെയാണ് അധികാരത്തിന്റെ ധാര്‍ഷ്ട്യം അദ്ദേഹം പ്രകടിപ്പിച്ചത്. സംഘ്പരിവാറിന്റെ പിന്തുണ തന്നെയാണ് ധാര്‍ഷ്ട്യത്തിന് കാരണം.
ജനങ്ങളുടെ അവകാശങ്ങള്‍ ഒന്നൊന്നായി കവര്‍ന്നെടുക്കുന്നതാണ് കഴി‍ഞ്ഞ ഒമ്പത് വര്‍ഷമായി രാജ്യം കാണുന്നത്. കര്‍ഷക കരിനിയമങ്ങള്‍ പാര്‍ലമെന്റ് പാസാക്കി. കാര്‍ഷിക മേഖലയിലെ കൃഷിഭൂമി, കൃഷിയിറക്കല്‍, സംഭരണം, വിപണനം, മൂല്യവര്‍ധിത ഉല്പന്നങ്ങള്‍ തുടങ്ങി എല്ലാ മേഖലകളിലും കടന്നുവരാന്‍ കോര്‍പറേറ്റുകള്‍ക്ക് അനുവാദം നല്കുന്നതായിരുന്നു നിയമം. കര്‍ഷകരുടെ ശക്തമായ പ്രതിരോധത്തെ തുടര്‍ന്നാണ് നിയമം പിന്‍വലിച്ചത്. നിയമം തല്‍ക്കാലം പിന്‍വലിച്ചെങ്കിലും നടപ്പിലാക്കുന്നതിന് സമയം കാത്തിരിക്കുകയാണ്. ഇന്ത്യയിലെ തൊഴിലാളികള്‍ സ്വാതന്ത്ര്യസമരകാലം മുതല്‍ തൊഴില്‍ അവകാശത്തിനുവേണ്ടി നടത്തിയ പ്രക്ഷോഭത്തിലൂടെയാണ് തൊഴില്‍ നിയമങ്ങള്‍ കൊണ്ടുവന്നത്. രാജ്യത്തെ തൊഴിലാളികളുടെ ആദ്യത്തെ സംഘടനയായ എഐടിയുസി രൂപീകരിച്ച കാലം മുതല്‍ അവരുടെ അവകാശത്തിനായി പോരാട്ടത്തിലാണ്. രാജ്യത്ത് നടപ്പിലുള്ള തൊഴില്‍നിയമങ്ങള്‍ നാല് തൊഴില്‍ കോഡുകളാക്കി ചുരുക്കി. കോര്‍പറേറ്റുകളുടെ താല്പര്യം സംരക്ഷിക്കുവാന്‍ നീക്കങ്ങള്‍ നടത്തി. ശക്തമായ പ്രക്ഷോഭത്തെ തുടര്‍ന്ന് 2024ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പുവരെ തൊഴില്‍കോഡ് നടപ്പിലാക്കാതിരിക്കാന്‍ നീക്കങ്ങള്‍ നടക്കുന്നുണ്ട്.

രാജ്യത്തിന്റെ കടബാധ്യത പെരുകുകയാണ്. നരേന്ദ്രമോഡി അധികാരത്തില്‍ വരുമ്പോള്‍ ഇന്ത്യയുടെ കടം 54 ലക്ഷം കോടി ആയിരുന്നെങ്കില്‍ 2023ല്‍ അത് 155 ലക്ഷം കോടിയായി വര്‍ധിച്ചു. വിദേശകടം 2014ലെ 36,000 കോടി ഡോളറില്‍ നിന്നും 2023ല്‍ 62,000കോടിയിലധികം ഡോളറായി. ഇന്ത്യന്‍ രൂപയുടെ മൂല്യം ഈ കാലയളവില്‍ കുത്തനെ ഇടിഞ്ഞു. 2014 മേയ് 27ല്‍‍ ഒരു ഡോളറിന് 58 രൂപ 92 പൈസയായിരുന്നെങ്കില്‍ 2023 മേയ് 27ന് 82രൂപ 56 പൈസയായി. രാജ്യത്തെ വളര്‍ന്നുവന്ന സാമ്പത്തിക പ്രതിസന്ധിയെയാണ് ഇത് കാണിക്കുന്നത്. പാചകവാതക സിലിണ്ടറിന്റെ വില 1112.5 രൂപയായി കുത്തനെ വര്‍ധിച്ചു. 2014ല്‍ 410 രൂപ മാത്രമായിരുന്നു വില. ക്രൂഡോയിലിന്റെ വില ലോക മാര്‍ക്കറ്റില്‍ കുറഞ്ഞുവരുമ്പോള്‍ ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ച് അഡാനി-അംബാനിമാര്‍ക്ക് ദശലക്ഷക്കണക്കിന് കോടി രൂപ വാരിക്കൊടുക്കുകയാണ്. 2014ല്‍ ക്രൂഡ് ഓയില്‍ ബാരലിന് 93.17 ഡോളര്‍ ആയിരുന്നത് 2023 മേയ് മാസത്തില്‍ 75.95 ഡോളറായി കുറഞ്ഞിട്ടുണ്ട്. 2014ല്‍ പെട്രോളിന് 80.11 രൂപയും ഡീസലിന് 66.14 രൂപയുമായിരുന്നത് ഇപ്പോള്‍ യഥാക്രമം 106.31 രൂപയും 94.77 രൂപയുമാണ്. ഇതിലൂടെ കോര്‍പറേറ്റുകള്‍ ജനങ്ങളുടെ കീശ വീര്‍പ്പിക്കുകയാണ് ചെയ്തത്. നിത്യോപയോഗസാധനങ്ങളുടെ വിലയും കുത്തനെ ഇരച്ചുകയറുകയായിരുന്നു. രാജ്യത്തെ 140 കോടി ജനങ്ങളില്‍ മഹാഭൂരിപക്ഷവും സാമ്പത്തിക ദുരിതത്തിലായി. രാജ്യത്ത് ഭക്ഷണം കഴിക്കാത്തവരുടെ എണ്ണം വര്‍ധിക്കുകയാണ്. പട്ടിണി സൂചികയില്‍ 2014ല്‍ ലോകത്ത് 55-ാമതായിരുന്ന ഇന്ത്യ 2019ല്‍ 102ഉം, 2022ല്‍ 107ഉം സ്ഥാനത്തായി. ലോകത്തിലെ ഏറ്റവും ദാരിദ്രരാജ്യങ്ങളുടെ കൂട്ടത്തിലായി. ദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ക്ക് അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യം ഇല്ല. അഭിപ്രായം പറയുന്നവരെ കരുതല്‍ തുറുങ്കിലടയ്ക്കുന്നു. വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമങ്ങളെ ഭരണകൂട ഭീകരത സൃഷ്ടിച്ച് നാവില്ലാതാക്കിമാറ്റുന്നു. ലോകത്ത് മാധ്യമ സ്വാതന്ത്ര്യത്തിന് 2014ല്‍ 140-ാം സ്ഥാനമായിരുന്നുവെങ്കില്‍ 2023ല്‍ 161-ാം സ്ഥാനത്താണ്.

രാജ്യത്തെ ശതകോടീശ്വരന്മാരുടെ സമ്പത്ത് കുമിഞ്ഞുകൂടുകയാണ്. ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരം വര്‍ധിച്ചുകൊണ്ടേയിരിക്കുന്നു. വിശപ്പ് മാറ്റുന്നതിന് ഒരുനേരത്തെ ഭക്ഷണം പോലും ലഭിക്കാത്തവര്‍, കൊടുംതണുപ്പില്‍ ഒരു പുതപ്പുപോലും ഇല്ലാതെ മരിച്ചു തെരുവുകളില്‍ വീഴുന്നവര്‍, വിദ്യാലയങ്ങളുടെ മുറ്റത്തുപോലും എത്താത്തവര്‍, ഒരു ചെറിയ കൂരപോലും ഇല്ലാതെ വഴിയോരത്ത് കിടക്കുന്നവര്‍ എന്നിവരുടെ എണ്ണം കുത്തനെ വര്‍ധിച്ചു. കോവിഡുകാലത്തും ശതകോടീശ്വരന്മാരുടെ എണ്ണവും അവരുടെ സ്വത്തും വര്‍ധിച്ചു. 2013ല്‍ 56 ശതകോടീശ്വരന്മാരുണ്ടായിരുന്നത് 2023ല്‍ 166ആയി വര്‍ധിച്ചു. ഗൗതം അഡാനിയുടെ സമ്പത്ത് 2014ല്‍ 380 കോടി ഡോളര്‍ ആയിരുന്നത് 2023ല്‍ 13,420 കോടി ഡോളറായി പെരുകി. വര്‍ധനവ് 3400 ശതമാനം.
അസമത്വം വര്‍ധിക്കുമ്പോള്‍ ജനങ്ങളുടെ പ്രതിഷേധവും രൂക്ഷമാകുകയാണ്. ദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ ഒരുമിച്ച് തെരുവില്‍ ഇറങ്ങുകയാണ്. കര്‍ഷകര്‍, തൊഴിലാളികള്‍, യുവാക്കള്‍, വിദ്യാര്‍ത്ഥികള്‍, സ്ത്രീകള്‍, ഇടത്തരം ജീവനക്കാര്‍, കലാ-സാംസ്കാരിക പ്രവര്‍ത്തകര്‍, ബുദ്ധിജീവികള്‍, പത്രപ്രവര്‍ത്തകര്‍, ദേശാഭിമാനികളായി എപ്പോഴും നിലകൊണ്ടു. വിരമിച്ച സൈനികര്‍, സിവില്‍ ജുഡീഷ്യല്‍ ഓഫിസര്‍മാര്‍ എല്ലാം നരേന്ദ്രമോഡിയുടെ ഒമ്പതു വര്‍ഷക്കാലത്തെ ഭരണത്തില്‍ പ്രതിഷേധിക്കുകയായിരുന്നു. അവര്‍ എല്ലാം തെരുവിലിറങ്ങിത്തുടങ്ങി. അവരെയെല്ലാം യോജിപ്പിച്ച് അതിവിശാലമായ ബഹുജന പ്രസ്ഥാനം വളര്‍ന്നുവരുന്നുണ്ട്. വിജയവാഡയില്‍ നടന്ന സിപിഐ 24-ാം പാര്‍ട്ടി കോണ്‍ഗ്രസ് നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള നവഫാസിസ്റ്റ് സര്‍ക്കാരിനെതിരായി ജനങ്ങള്‍ ഒന്നടങ്കം രംഗത്തുവരണമെന്ന് ആഹ്വാനം ചെയ്തിട്ടുണ്ട്. മതേതര, ജനാധിപത്യ, ദേശാഭിമാന, ഇടതുപക്ഷ ശക്തികള്‍ എല്ലാം ജനവിരുദ്ധ നയങ്ങള്‍ക്കെതിരായി അണിനിരക്കണമെന്നും പാര്‍ട്ടി കോണ്‍ഗ്രസ് ആഹ്വാനം ചെയ്തു. രാജ്യത്തെ ജനാധിപത്യ വിശ്വാസികള്‍ ഒറ്റക്കെട്ടായിത്തന്നെ മുന്നോട്ടുവരുന്നതിനുള്ള തയ്യാറെടുപ്പുകള്‍ രാജ്യത്ത് നടക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.