അല്പന്മാർക്ക് അർത്ഥം കിട്ടിയാൽ അവർ അസാധാരണമായ ആവേശം പലകാര്യത്തിലും പ്രകടിപ്പിക്കും. അത്തരം അവസരങ്ങളിൽ ദാരുണ ദുരന്തങ്ങളും ഹാസ്യ നാടകങ്ങളും ക്രൂരചെയ്തികളും പമ്പര വിഡ്ഢിത്തങ്ങളുടെ പ്രവാഹവും പ്രകടമാകും. അധികാരത്തിലിരിക്കുന്നവരിൽ ഭൂരിഭാഗവും പ്രപഞ്ചത്തിലെ സർവാധികാരിയെപ്പോലെ പെരുമാറാൻ തുടങ്ങും. കൊടിയ നാശങ്ങൾ വാരിവിതറുന്ന യുദ്ധങ്ങളും, അധികാരം നിലനിർത്താൻ അധികാരികൾ വളർത്തുന്ന മതമൗലികവാദികളുണ്ടാക്കുന്ന വർഗീയ കലാപങ്ങളും, മനുഷ്യ ദ്രോഹ നടപടികള്‍ക്ക് സർവപിന്തുണയും നൽകുന്ന മൂലധന ശക്തികളും വിനാശകരമായ ബാധ്യതയാകുമ്പോൾ അധികാരികൾ മൃത്യുരാഷ്ട്രീയം കളിക്കുന്നു. ജീവിതത്തിന്റെ സമസ്ത മേഖലകളിലും അധികാരധാർഷ്ട്യവും ലഹരിയും പിടിമുറുക്കിയിരിക്കുന്നു. സർക്കാരിലും രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും സ്ഥാപനങ്ങളിലും കുടുംബങ്ങളിലും അതിന്റെ മേധാവിത്തം കാണാം. ഈ അവസ്ഥയെ വിമർശന വിധേയമാക്കേണ്ടവർ, അധികാര കേന്ദ്രങ്ങളുടെ സ്തുതിപാഠകരാകുന്ന കാഴ്ച അരോചകമാണ്. അധികാരികളും അധികാര സ്വരൂപങ്ങളും മനുഷ്യരുടെ വ്യക്തിപരവും സാമൂഹികവുമായ സമസ്തതലങ്ങളിലും സജീവ സാന്നിധ്യമാണ്. അധികാരം സാമൂഹിക ശാസ്ത്രത്തിലെ ഒരു പ്രധാന പഠന വിഷയമാണ്. അധികാരത്തെക്കുറിച്ചും അതിന്റെ പ്രതിലോമ ആവിഷ്കാരങ്ങളായ അധികാരദുര, പ്രമത്തത, സ്വേച്ഛാധിപത്യം, ഫാസിസം എന്നിവയെക്കുറിച്ചുമുള്ള സമൂഹശാസ്ത്ര പഠനങ്ങൾ വരിഞ്ഞുമുറുക്കുന്ന അധികാരത്തെക്കുറിച്ചും അധികാരികളെക്കുറിച്ചും അവയെ നിലനിര്‍ത്തുന്ന സാമൂഹിക വ്യവസ്ഥകളെയും ഘടനകളെയും കുറിച്ചും വ്യക്തമാക്കുന്നു. അധികാര പ്രയോഗത്തെ ബലപ്രയോജിതമായ അധികാരം, നിയമാനുസൃതമായ അധികാരം എന്ന് രണ്ടുതരത്തിൽ നിരീക്ഷിച്ചിട്ടുണ്ട് ചിന്തകന്മാർ. ബലപ്രയോജിതമായ അധികാരമെന്നാൽ നിയമാനുസൃതമായ ഒരു പദവിയുടെ പിൻബലമില്ലാതെ ബലാൽക്കാരമായി പിടിച്ചെടുക്കുന്ന ആധിപത്യമാണ്. കായികബലവും ഹിംസയുമാണ് ബലപ്രയോജിതമായ അധികാരത്തിന്റെ ഭാഷ. ബലാത്സംഗം ബലപ്രയോജിതമായ അധികാരത്തിന്റെ അതിക്രൂരമായ മുഖമാണ്. മാഫിയ, ക്വട്ടേഷൻ സംഘങ്ങൾ, കൊലപാതകങ്ങൾ, സ്തുതിപാഠകരുടെ മേധാവിത്തം എന്നിവയൊക്കെ ബലപ്രയോജിതമായ അധികാരത്തിന്റെ വികൃതമുഖങ്ങൾ തന്നെ.
നിയമാനുസൃതമായ അധികാരം, യുക്ത്യധിഷ്ഠിതമായ ഒരു നിയമാവലിയുടെ അടിസ്ഥാനത്തിൽ ഉള്ളതാണ്. നിയമ‑സാമ്പ്രദായിക വ്യവസ്ഥകൾക്ക് വിധേയമായതിനാൽ ഏതൊരു നിയമാനുസൃതമായ അധികാര സംവിധാനത്തിനും ജനങ്ങൾ സ്വമേധയാ വിധേയരാകേണ്ടതുണ്ട്. അതിനാൽ സ്വീകാര്യമാണെങ്കിലും അല്ലെങ്കിലും നിയമാനുസൃതമായ അധികാരത്തെ അംഗീകരിക്കുക എന്നത് ജനങ്ങളുടെ ബാധ്യതയാണ്. ജനാധിപത്യ വ്യവസ്ഥയിൽ തെരഞ്ഞെടുപ്പിലൂടെ അധികാരം നേടി ഭരിക്കുവാൻ നിയുക്തരാകുന്ന ഭരണകൂടവും, അതിന്റെ അനുബന്ധ സംവിധാനങ്ങളും നിയമാനുസൃതമായ അധികാര വ്യവസ്ഥയുടെ ഉത്തമ ഉദാഹരണമാണ്.
സമകാലിക സമൂഹത്തിലെ സാമൂഹിക സംവിധാനങ്ങളെയെല്ലാം അടക്കിഭരിക്കുന്നത് ബ്യൂറോക്രസിയും അവർക്ക് പിന്തുണ നൽകുന്ന രാഷ്ട്രീയ അധികാരികളുമാണ്. അധികാര ദുരയും ആധിപത്യ പ്രവണതയും അലംഭാവവും അഹങ്കാരവും കൈമുതലാക്കിയ അവരെ ‘ഇരുമ്പു കൂടാരം’ എന്നാണ് അധികാരത്തെ സംബന്ധിച്ച അടിസ്ഥാന പ്രമാണങ്ങൾ അവതരിപ്പിച്ച ജർമ്മൻ സാമൂഹികശാസ്ത്രജ്ഞനായ മാക്സ് വെബർ വിശേഷിപ്പിച്ചത്. സാധാരണക്കാരുടെ ജീവിതത്തെയും ജീവനോപാധികളെയും അവരുടെ സർഗാത്മകതയും യാതൊരു തത്വദീക്ഷയുമില്ലാതെ നിഷ്കരുണം ചവിട്ടിയരയ്ക്കുന്നതിൽ ആഹ്ലാദം കണ്ടെത്തുന്ന ഉദ്യോഗസ്ഥ — അധികാര ദുഷ്പ്രഭുക്കളുടെ കൂടാരത്തെയാണ് വെബർ ഇരുമ്പു കൂടാരം എന്നു വിശേഷിപ്പിച്ചത്. ജനലക്ഷങ്ങളുടെ യാതനകളും ദുരിതങ്ങളും അതാതുസമയത്ത് കാണാനും കേൾക്കാനും അവ പരിഹരിക്കാനും തടസമാകുന്നത് ഈ ഇരുമ്പുകൂടാരവും സ്തുതിപാഠകരുമാണ്. മാർക്സ് പറഞ്ഞ ഒരു വാക്യമുണ്ട്; “മനുഷ്യവംശത്തിലെ യാതനകളെ കണ്ടില്ലെന്ന് നടിച്ചിരുന്നുവെങ്കിൽ ഞാൻ ഓക്സ്ഫഡ് സർവകലാശാലയിലെ പ്രൊഫസർ ആകുമായിരുന്നു”. എങ്ങനെ പ്രൊഫസർമാരുണ്ടാകുന്നു എന്നതിന്റെ വിശദീകരണം കൂടിയാണ് അത്. ഗുരുദേവനും ഗാന്ധിജിയും ഒന്നും പ്രൊഫസർമാരായില്ല. അവർ മനുഷ്യരുടെ യാതനയുടെ നടുവിലേക്ക് ഇറങ്ങി നിൽക്കുകയും ആ യാതനകളുടെ ആദിരൂപങ്ങളെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തു. അതിനെ ചിന്തയാക്കി മാറ്റി, സമൂഹത്തിലേക്ക് പ്രക്ഷേപിച്ചു.
അധികാര ദുർവിനിയോഗം വ്യാപകമായി നടക്കുന്നത് നിയമങ്ങൾ ഇല്ലാത്തതു കൊണ്ടല്ല. നിയമമുണ്ടോ എന്നതിനെക്കാൾ അടിസ്ഥാന പ്രശ്നം നീതിയുണ്ടോ എന്നുള്ളതാണ്. നിയമം, നീതി എന്ന വൈരുധ്യങ്ങളെ നമ്മുടെ ആധുനിക രാഷ്ട്രീയത്തിന്റെ ചരിത്രത്തിൽ പ്രധാന പ്രശ്നമായി ഉയർത്തി എന്നതാണ് ഒരു പൊളിറ്റിക്കൽ ഫിലോസഫർ എന്ന നിലയ്ക്ക് ഗാന്ധിജിയുടെ മഹത്വപൂർണമായ ഒരു പ്രവൃത്തി. ദളിതർക്കും, ആദിവാസികൾക്കും, ന്യൂനപക്ഷ വിഭാഗങ്ങൾക്കും എന്നു വേണ്ട മഹാഭൂരിപക്ഷത്തിനും ഇന്നും നീതി നിഷേധിക്കപ്പെടുന്നു. ഇത് അധികാര ദുർവിനിയോഗം മൂലമാണ്. അത് ആത്യന്തികമായി ജനാധിപത്യത്തിന്റെ അപചയത്തിലേക്കാണ് വിരൽചൂണ്ടുന്നത്. ജനാധിപത്യം എന്നത് അധികാരം പിടിച്ചെടുക്കലും അധികാര വാഴ്ചയുമായി ചുരുങ്ങുന്ന അവസ്ഥയാണ് ഇന്ന്. പല രാഷ്ട്രങ്ങളിലും ജനാധിപത്യം പാർട്ടി ആധിപത്യമായി മാറി. സ്വജനപക്ഷപാതവും അസഹിഷ്ണുതയും സ്തുതിവചനങ്ങളും ആണ് പാർട്ടി ആധിപത്യത്തിന്റെ മുഖമുദ്ര. ജനാധിപത്യത്തെ ജനാധിപത്യ പ്രക്രിയയിലൂടെ തെരഞ്ഞെടുക്കപ്പെട്ട അധികാരികൾ തന്നെ പരാജയപ്പെടുത്തുന്ന ഹീനമായ പ്രക്രിയ.
അധികാരം ഏതാനും വ്യക്തികളിൽ കേന്ദ്രീകരിക്കുമ്പോൾ ജനാധിപത്യ പ്രസ്ഥാനങ്ങൾ കൊള്ളസങ്കേതമായി മാറും എന്ന് സാമൂഹിക ശാസ്ത്രജ്ഞനായ റോബേർട് മിഷേലും (ജർമ്മൻ വംശജനായ ഇറ്റാലിയൻ സാമൂഹ്യ ശാസ്ത്രജ്ഞൻ), ജർമ്മൻ സാഹിത്യകാരനും, നോവലിസ്റ്റും, നാടകകൃത്തുമായ എലിയാസ് കനേറ്റിയും പറഞ്ഞു. 1981ലെ സാഹിത്യത്തിനുള്ള നാെബേൽ സമ്മാന ജേതാവാണ് എലിയാസ് കനേറ്റി. വിശാലമായ കാഴ്ചപ്പാടും ആശയങ്ങളുടെ സമ്പത്തും കലാപരമായ ശക്തിയും അടയാളപ്പെടുത്തിയ രചനകളാണ് അദ്ദേഹത്തിന്റേത്. സേച്ഛാധികാരത്തിന്റെ നിലനില്പിനും അധികാരത്തുടർച്ചകൾക്കുമായി അത് ചെയ്തുകൂട്ടുന്ന കൊടുംകൃത്യങ്ങളും ജനതയ്ക്കുമേൽ ഏല്പിക്കുന്ന ആഘാതവും നമ്മെ വിട്ടുപിരിഞ്ഞ മഹാകഥാകാരൻ, നമ്മുടെ ചിന്തകളെയും ഭാവനകളെയും പുതിയ ആകാശത്തിലേക്കും പുതിയ ഭൂമിയിലേക്കും ആനയിച്ച മഹാപ്രതിഭ എം ടി വാസുദേവൻ നായരുടെ പ്രധാന അന്വേഷണ വിഷയങ്ങളിൽ ഒന്നാണ്. സ്വേച്ഛാധിപത്യപരവും ദുശ്ശാസകവുമായ അധികാരത്തിനെതിരെ ജനാധിപത്യവാദിയുടെ ജാഗ്രത്തായ കാഴ്ചപ്പാട് പ്രതിപാദിപ്പിക്കുന്ന പല തവണ വായിക്കേണ്ട ലേഖനമാണ് എംടിയുടെ ‘അധികാരത്തിന്റെ പരിവേഷം.’ ഈ ലേഖനം എലിയാസ് കനേറ്റിയുടെ ‘ആൾക്കൂട്ടവും അധികാരവും’ എന്ന പുസ്തകത്തെ മുൻനിർത്തിയുള്ള സ്വേച്ഛാധികാരത്തിന്റെ ചരിത്രപരമായ നൈരന്തര്യത്തെക്കുറിച്ചുള്ള വീക്ഷണങ്ങളാണ്. ഇംഗ്ലീഷിൽ പ്രസിദ്ധീകൃതമായ സമയത്തു തന്നെ എംടി ഇതിനെക്കുറിച്ച് എഴുതി. കനേറ്റിയുടെ സാമൂഹ്യശാസ്ത്ര ദർശനമുള്ള പുസ്തകത്തെ കുറിച്ച് എംടി അന്നു പറഞ്ഞത്, “കഴിഞ്ഞ അരനൂറ്റാണ്ടിനിടയ്ക്ക് എഴുതപ്പെട്ട ഏറ്റവും ശ്രദ്ധേയമായ 10 പുസ്തകങ്ങൾ തെരഞ്ഞെടുക്കപ്പെടുമ്പോൾ പട്ടികയിൽ അധികം താഴെയല്ലാത്ത സ്ഥാനം കൊടുക്കേണ്ടതാണീ ഗ്രന്ഥം” എന്നാണ്. അധികാരം കയ്യാളുന്നവൻ അതിന്റെ തുടർ നില്പിനായി എന്തെല്ലാം ചെയ്തുകൂട്ടും എന്നതാണ് ലേഖനത്തിൽ എംടി വിശദീകരിക്കുന്നത്. കനേറ്റിയെ അധികരിച്ചു കൊണ്ട് എംടി പറയുന്നു: “തന്നെ ഭയപ്പെടാത്തവരെ കൊല്ലാനുള്ള അധികാരമായിരുന്നു എല്ലാ ആഫ്രിക്കൻ രാജാക്കന്മാരുടെയും മുഖ്യശക്തി. അധികാരം നിലനിർത്താൻ ഇക്കാലത്തും ഭയം എന്ന വരായുധമാണ് ഭരണത്തിലുള്ളവർ ഉപയോഗിക്കുന്നത്.”
അധികാരത്തിന് പരിമിതികൾ നിർണയിക്കാൻ പ്രാപ്തമായ പ്രായോഗിക ദർശനമെന്ന നിലയിൽ ജനാധിപത്യത്തെ ഉൾക്കൊണ്ട എംടിയുടെ രാഷ്ട്രീയാദർശം അധികാരത്തിന്റെ യഥാർത്ഥ പരിവേഷത്തെ തുറന്നുകാണിക്കുന്നു. എംടിയുടെ അധികാര വിമർശനത്തിന്റെ കാതലെന്നു പറയുന്നത് കനേറ്റിയുടെ പുസ്തകത്തെ എംടി വിവർത്തനം ചെയ്ത വരികളിലുണ്ട്. അത് ഇപ്രകാരമാണ്: “അയാളെ (അധികാരിയെ) സ്വന്തം സങ്കേതത്തിൽ നിന്നും പുറത്തുകൊണ്ടുവന്ന് അയാളെന്താണ് എന്നും ആരായിരുന്നു എന്നും കാണിക്കുവാനാണ് ഞാൻ ശ്രമിച്ചത്. അയാൾ ചിലപ്പോൾ വീരനായകനായി വാഴ്ത്തപ്പെടുന്നു. ഭരണാധിപനായി അനുസ്മരിക്കപ്പെടുന്നു. പക്ഷെ അടിസ്ഥാനപരമായി അയാളുടെ വംശം നശിച്ചിട്ടില്ല. അയാളുടെ അത്ഭുതകരമായ വിജയം നമ്മുടെ കാലഘട്ടത്തിലുണ്ടായി. മാനുഷിക മൂല്യത്തെ സ്നേഹിച്ച ജനതയ്ക്കിടയിൽ വച്ച് പോലും അയാളുടെ പ്രശസ്തിയുടെ പ്രഭാവലയവും പ്രച്ഛന്നവേഷവും നീക്കി അയാളെ ശരിക്കും കാണാനുള്ള കരുത്തു നാമാർജിക്കുന്നതുവരെ അയാൾ നിലനിന്നു കൊണ്ടിരിക്കും.” മനുഷ്യാന്തസിനും ആത്മാഭിമാനത്തിനും സ്വൈരജീവിതത്തിനും വിലകല്പിക്കുന്ന ഒരു സൗഹൃദ സമൂഹത്തെ നിർമ്മിക്കാൻ ഇന്ന് നിലനിൽക്കുന്ന അധികാര സങ്കല്പങ്ങളെ തിരുത്തിയേ മതിയാകൂ. അധികാര മോഹികളുടെ അധിനിവേശങ്ങൾക്ക് വഴങ്ങാത്ത അടയാളങ്ങൾ നാം ഉയർത്തിപ്പിടിക്കേണ്ടതുണ്ട്. നീതിയുടെയും സമത്വത്തിന്റെയും സത്യത്തിന്റെയും സ്നേഹത്തിന്റെയും മുന്നിൽ സ്വേച്ഛാധികാരം എത്ര ചെറുതാണെന്ന് നാം ജീവിതം കൊണ്ട് തെളിയിക്കണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.