Thursday
23 May 2019

ഐക്യമുന്നണിയിലെ ഐക്യമില്ലാ കലാപം

By: Web Desk | Friday 1 March 2019 10:34 PM IST


Ethirvakku

ക്യജനാധിപത്യ മുന്നണി എന്നാണ് വിളിപ്പേര്. പക്ഷേ ഐക്യം മുന്നണിയിലുമില്ല മുന്നണിയിലെ പാര്‍ട്ടികള്‍ക്കുള്ളിലും കണ്ടുകിട്ടാനില്ല. ഒരു പൊടിപോലുമില്ല കണ്ടുകിട്ടാന്‍ എന്ന പഴയ പരസ്യവാചകത്തെ ഓര്‍മിപ്പിക്കുന്നൂ ഐക്യജനാധിപത്യ മുന്നണിയിലെ ഐക്യവും ജനാധിപത്യവും.
പുതുരക്തം എന്ന് കോണ്‍ഗ്രസുകാര്‍ വിശേഷിപ്പിച്ച് വരവേറ്റ എഴുപത്തിമൂന്നുകാരനായ ‘യുവാവ്’ മുല്ലപ്പള്ളി രാമചന്ദ്രന്റെ ജനമഹായാത്രയില്‍ തന്നെ കോണ്‍ഗ്രസിലെ ഉദാത്തമായ ഐക്യം കാണാനായി. ജാഥയില്‍ ഏകാന്തപഥികനായാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പര്യടനം നടത്തിയത്. കോണ്‍ഗ്രസ് അണികളൊന്നും ജാഥയ്‌ക്കൊപ്പമുണ്ടായില്ലെന്നത് തെല്ലൊന്നുമല്ല മുല്ലപ്പള്ളിയെ ഖിന്നനാക്കുന്നത്. സ്വന്തം നേതാക്കളും അനുയായികളും കയ്യൊഴിഞ്ഞ മഹായാത്രയെ കേരള ജനത അശേഷം പരിഗണിച്ചതേയില്ല. എങ്ങനെയെങ്കിലും ഒന്നവസാനിപ്പിച്ച് കിട്ടിയാല്‍ മതി എന്ന് മനോനിലയിലായിരുന്നു മുല്ലപ്പള്ളി.

കേരള മഹായാത്ര എന്നാണ് ജാഥയ്ക്ക് പേരിട്ടതെങ്കിലും യഥാര്‍ഥത്തില്‍ പണശേഖരണയാത്രയായിരുന്നു. പണം നല്‍കിയില്ലെങ്കില്‍ ബൂത്ത്, മണ്ഡലം, ബ്ലോക്ക് കമ്മിറ്റികള്‍ മുല്ലപ്പള്ളി പിരിച്ചുവിടും. ജാഥ സമാപിച്ചപ്പോള്‍ കോണ്‍ഗ്രസില്‍ നിന്ന് മോചനം ലഭിച്ചവര്‍ എത്രയെന്ന് കണക്കെടുക്കേണ്ടിവരും. പണം നല്‍കാത്തവര്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമില്ലെന്ന് പ്രഖ്യാപിക്കുന്ന മുല്ലപ്പള്ളി സ്വന്തം പാര്‍ട്ടിയില്‍ തനിക്കൊപ്പമാരുമില്ലെന്ന തിരിച്ചറിവിന്റെ ഹൃദയവേദനയോടെയാണ് മോചനയാത്രയുമായി തലസ്ഥാനത്തെത്തിയത്. മോചനമഹായാത്രകൊണ്ട് മുല്ലപ്പള്ളിക്ക് അത്രയെങ്കിലും ഗുണമുണ്ടായി.
കോണ്‍ഗ്രസുകാര്‍ പോകട്ടെ യൂത്ത് കോണ്‍ഗ്രസുകാര്‍ പോലും മുല്ലപ്പള്ളിക്ക് തൃണവിലപോലും നല്‍കുന്നില്ല. മുല്ലപ്പള്ളി അറിയാതെ അര്‍ധരാത്രിയില്‍ യൂത്ത് കോണ്‍ഗ്രസ് കേരള ഹര്‍ത്താല്‍ പ്രഖ്യാപിച്ചുകളഞ്ഞു. മഹായാത്രയ്ക്കിടയില്‍ പത്രസമ്മേളനം വിളിച്ച് മുല്ലപ്പള്ളി താനറിയാതെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിലെ അതീവദുഃഖം രേഖപ്പെടുത്തി. ഹാ! കഷ്ടം എന്നല്ലാതെ എന്തുപറയും.

കോണ്‍ഗ്രസില്‍ നിലവില്‍ എത്ര ഗ്രൂപ്പുകളുണ്ടെന്ന് കോണ്‍ഗ്രസിലെ കണിയാന്‍മാര്‍ക്കുപോലും തരിമ്പും കണ്ടെത്താനാവില്ല. ഉമ്മന്‍ചാണ്ടിയും ബെന്നി ബെഹനാനും ഒരുപക്ഷത്ത്. രമേശ് ചെന്നിത്തല മറുപക്ഷത്ത്. ആരോരും കൂട്ടിനില്ലാതെ വി എം സുധീരന്‍. ആര്‍ക്കും വേണ്ടാതെ മുല്ലപ്പള്ളി രാമചന്ദ്രന്‍. കോണ്‍ഗ്രസ് കൊട്ടാരമേധാവി രാഹുല്‍ഗാന്ധിയുടെ അനുഗ്രഹാശംസകളുമായി കെ സി വേണുഗോപാല്‍. ഇവര്‍ക്കൊപ്പം മുകളില്‍ മൗനം പാലിച്ച് എ കെ ആന്റണി എന്ന സൂത്രധാരനുമുണ്ട്.

പാവം പിസിസി അധ്യക്ഷന്‍ അറിയാതെ ലോക്‌സഭാ സ്ഥാനാര്‍ഥിത്വവും ചില കോണ്‍ഗ്രസ് നേതാക്കള്‍ പ്രഖ്യാപിച്ചുകളഞ്ഞു. ചാലക്കുടി ലോക്‌സഭാ മണ്ഡലം തനിക്കുതന്നെയെന്ന് കെ പി ധനപാലന്‍. ധനപാലന്റെ പ്രസ്താവന തെറ്റായിപ്പോയെന്നും അദ്ദേഹത്തെ ശകാരിക്കുന്നുവെന്നും മുല്ലപ്പള്ളി തൊട്ടുപിന്നാലെ. എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ മത്സരിക്കുന്നുവെങ്കില്‍ ആലപ്പുഴയില്‍ തന്നെ എന്ന് പ്രഖ്യാപിച്ചു. കൊടിക്കുന്നില്‍ സുരേഷും കെ സുധാകരനും അവരവരുടെ സീറ്റുകള്‍ പ്രഖ്യാപിച്ചു. യുവാക്കള്‍ക്ക് അവസരം നല്‍കണം എന്ന വാദം ശരിയാണെന്ന് പറഞ്ഞ കെ വി തോമസ് പ്രായം ഒരു തടസമല്ലെന്നും താന്‍ ഒരിക്കല്‍ കൂടി ഒരുക്കമാണെന്നും പറഞ്ഞുകഴിഞ്ഞു. ധനപാലനെ ശകാരിച്ച മുല്ലപ്പള്ളി എന്തുചെയ്യും?
കോണ്‍ഗ്രസില്‍ കലഹം ഈവിധം പുരോഗമിക്കുമ്പോള്‍ ഘടകക്ഷികളും തെല്ലും പിന്നോട്ടില്ല. ‘പിളരുംതോറും വളരും’ എന്ന സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് കെ എം മാണി നയിക്കുന്ന കേരളാ കോണ്‍ഗ്രസിലും ഐക്യത്തിന്റെ കലഹമാണ്. ഞാനും എന്റെ മോനും അല്ലെങ്കില്‍ മരുമകളും എന്ന സിദ്ധാന്തമാണ് കെ എം മാണിയുടേത്. അബദ്ധവശാല്‍ മാണി കോണ്‍ഗ്രസില്‍ ലയിച്ചുപോയ പി ജെ ജോസഫിന്റെ കേരളാ കോണ്‍ഗ്രസ് കെ എം മാണിയുടെ കരാളഹസ്തങ്ങളാല്‍ ചക്രശ്വാസം വലിക്കുന്നു. ലോക്‌സഭാ സീറ്റ് കിട്ടിയേ മതിയാവൂ എന്നും ലോക്‌സഭ ഒന്നു കാണണമെന്നത് ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണെന്നും ജോസഫ് പത്രക്കാരെ വിളിച്ചിരുത്തി വികാരാധീനനായി പറഞ്ഞു. മാണി പക്ഷെ വഴങ്ങാന്‍ ഒരുക്കമല്ലെന്നു മാത്രമല്ല സ്വന്തം സ്ഥാനാര്‍ഥിയെ അണിയറയില്‍ അണിയിച്ചൊരുക്കുകയും ചെയ്യുന്നു.
മുസ്‌ലിം ലീഗിനും വേണം ഒരു സീറ്റ് അധികം. ആത്മാര്‍ഥതയില്ലാതെയാണ് പി കെ കുഞ്ഞാലിക്കുട്ടിയടക്കമുള്ള ഒരു വിഭാഗം നേതാക്കളുടെ ചോദ്യം. മറ്റുവിഭാഗത്തെ ബോധ്യപ്പെടുത്തുവാന്‍ മാത്രമുള്ള രാഷ്ട്രീയ കുതന്ത്രം. ഒട്ടും കുറയ്‌ക്കേണ്ട എന്ന് കരുതി അനൂപ് ജേക്കബും ഇടുക്കി പാര്‍ലമെന്റ് സീറ്റ് ആവശ്യപ്പെട്ടു. ഇനി താനായി മോശക്കാരനാവേണ്ട എന്ന് അനൂപ് ജേക്കബ് ചിന്തിച്ചു. സീറ്റ് നിര്‍ണയവും സ്ഥാനാര്‍ഥി നിര്‍ണയവും വരുമ്പോള്‍ കോണ്‍ഗ്രസിലും ഐക്യജനാധിപത്യ മുന്നണിയിലും എന്തും സംഭവിക്കാം. ഐക്യം പേരില്‍ മാത്രമേയുള്ളൂ. ഒരു പേരില്‍ എന്തിരിക്കുന്നൂ എന്ന് പഴമക്കാര്‍ പറഞ്ഞിട്ടില്ലേ.

2001 ലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചരിത്രം നോക്കിയാല്‍ കോണ്‍ഗ്രസിലെ ഐക്യം വ്യക്തമാവും. എ കെ ആന്റണി ഹൈക്കമാന്‍ഡിനെക്കൊണ്ട് തൂലിക ചാര്‍ത്തിയ പട്ടികയുമായി കേരളത്തിലെത്തി. പക്ഷെ കെ കരുണാകരന്‍ പട്ടിക വെട്ടിനിരത്തി. ആറന്‍മുളയില്‍ മാലേത്ത് സരളാദേവിയും വടക്കേകരയില്‍ എം എ ചന്ദ്രശേഖരനും പേരാവൂരില്‍ മുസ്തഫയും സ്ഥാനാര്‍ഥികളായി. ആന്റണിക്ക് മൂക്കത്ത് വിരല്‍വെച്ച് നില്‍ക്കാനേ കഴിഞ്ഞുള്ളൂ. ഇതാണ് കോണ്‍ഗ്രസിലെയും അവര്‍ നയിക്കുന്ന മുന്നണിയിലെയും ഐക്യം. ഐക്യം എന്നത് ഒരു മഹാകാര്യമോ എന്ന് ഐക്യമുന്നണിക്കാര്‍ തന്നെ പരസ്പരം ചോദിച്ച് പുഞ്ചിരിക്കും.