നിലമ്പൂര്‍ നിയോജക മണ്ഡലത്തില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ഉയരുന്ന രാഷ്ട്രീയ വിഷയങ്ങളില്‍ നിന്നും ഒളിച്ചോടാനുള്ള ശ്രമമാണ് യുഡിഎഫ് നടത്തിക്കൊണ്ടിരിക്കുന്നത്. എല്‍ഡിഎഫിനെതിരായി എല്ലാ ശക്തികളെയും ഒന്നിച്ചണിനിരത്താനുള്ള ശ്രമങ്ങള്‍ക്കാണ് ആദ്യഘട്ടം മുതല്‍ കോണ്‍ഗ്രസ് നേതൃത്വം ശ്രമിച്ചത്. വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പും 2026ല്‍ നടക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പും കേരള രാഷ്ട്രീയത്തില്‍ നിര്‍ണായകമാണ്. തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ പരാജയപ്പെടുത്താനുള്ള എല്ലാവിധ നീക്കങ്ങളും യുഡിഎഫ് പ്രാവര്‍ത്തികമാക്കുകയാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കെതിരെ എല്ലാ പിന്തിരിപ്പന്‍ ശക്തികളെയും ഒരുമിച്ച് അണിനിരത്തി 2026ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ എത്തണമെന്ന ലക്ഷ്യത്തോടെ എല്ലാതലത്തിലുമുള്ള നീചമായ മാര്‍ഗങ്ങളും സ്വീകരിക്കുന്നു. ബിജെപിയുമായി കൈകോര്‍ത്തു പിടിക്കുന്നതില്‍ ഒരു മടിയും അവര്‍ കാണിക്കുന്നില്ല. പ്രധാനമന്ത്രി നരേന്ദ്രമോഡിയും ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷായും സംസ്ഥാന ഗവണ്‍മെന്റിനെതിരായി നടത്തുന്ന നീക്കങ്ങള്‍ക്കെതിരെ ചെറുവിരല്‍ അനക്കുവാന്‍ യുഡിഎഫും കോണ്‍ഗ്രസ് നേതൃത്വവും ഉള്‍പ്പെടെ പ്രതിപക്ഷം തയ്യാറാകുന്നതുമില്ല. കേന്ദ്ര ഗവണ്‍മെന്റ് സംസ്ഥാന സര്‍ക്കാരിനോട് സ്വീകരിക്കുന്ന ജനവിരുദ്ധ നിലപാടുകളെ സ്വാഗതം ചെയ്യുന്ന നിലപാടാണ് അവര്‍ സ്വീകരിക്കുന്നത്. നിലമ്പൂരില്‍ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തില്‍ മാത്രമാണ് ബിജെപി സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാന്‍ മുന്നോട്ടുവന്നത്. സ്ഥാനാര്‍ത്ഥിയാകട്ടെ യുഡിഎഫിലെ ഘടകകക്ഷിയുടെ നേതാവുമാണ്. നാമനിര്‍ദേശ പത്രിക നല്‍കുന്ന അവസരത്തില്‍ മാത്രമാണ് സ്ഥാനാര്‍ത്ഥി, ബിജെപി അംഗത്വം സ്വീകരിച്ചത്. ബിജെപിയിലെ ഒരു വിഭാഗത്തിന്റെ പ്രതിഷേധം കാരണമാണ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ അവര്‍ തയ്യാറായത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ വോട്ട് മറിച്ചുനല്‍കുക എന്ന തെരഞ്ഞെടുപ്പ് തന്ത്രമാണ് ബിജെപി രൂപപ്പെടുത്തിയിട്ടുള്ളത്. മുസ്ലിംലീഗും കോണ്‍ഗ്രസ് നേതൃത്വവും മുന്‍കൈ എടുത്ത് ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുകെട്ട് ഉണ്ടാക്കിയത് ഇതിനകംതന്നെ ചര്‍ച്ചാവിഷയമായിട്ടുമുണ്ട്. മുസ്ലിം ജനവിഭാഗങ്ങളെ വര്‍ഗീയവല്‍ക്കരിക്കുന്നതിനും അതിലൂടെ തീവ്രസമീപനങ്ങളിലേക്ക് നയിക്കുന്നതിനും ശ്രമിക്കുന്ന തീവ്ര വര്‍ഗീയ പാര്‍ട്ടിയായ ജമാഅത്തെ ഇസ്ലാമിയുമായി യുഡിഎഫ് ഉണ്ടാക്കിയ ഐക്യം ഇതിനകം തന്നെ ജനാധിപത്യ വിശ്വാസികളായ മുസ്ലിം ജനവിഭാഗങ്ങളില്‍ കടുത്ത പ്രകോപനവും പ്രതിഷേധവും ഉണ്ടാക്കിയിട്ടുണ്ട്. ഈ വിഭാഗം ജമാഅത്തെ ഇസ്ലാമിയുമായി യുഡിഎഫ് ഉണ്ടാക്കിയ ഐക്യത്തെ പരസ്യമായി വിമര്‍ശിക്കാന്‍ മുന്നോട്ടുവന്നത് കേരള രാഷ്ട്രീയത്തിലെ പുതിയ മാറ്റമാണ്. എല്ലാ തീവ്ര വര്‍ഗീയ വലതുപക്ഷ ശക്തികളുമായും കൂട്ടുകൂടി എല്‍ഡിഎഫിനെ തോല്‍പ്പിക്കുക എന്ന സമീപനത്തെ കേരളത്തിലെ ജനാധിപത്യ വിശ്വാസികള്‍ തള്ളിക്കളയുമെന്നത് ഉറപ്പാണ്.
രാഷ്ട്രീയ പ്രശ്നങ്ങള്‍ ജനങ്ങളുടെ മുന്നില്‍ ഉയര്‍ത്തുമ്പോള്‍തന്നെ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവണ്‍മെന്റിന്റെ വികസന പ്രവര്‍ത്തനങ്ങളും എല്‍ഡിഎഫ് ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുന്നുണ്ട്. വികസിത രാജ്യങ്ങളോട് കിടപിടിക്കാന്‍ കഴിയുന്നതരത്തില്‍, അടിസ്ഥാന മേഖലകളില്‍ ഉണ്ടായ കുതിപ്പ് എല്‍ഡിഎഫിന്റെ നേട്ടമാണ്. കേരളത്തിന്റെ ആരോഗ്യമേഖല ലോകത്തിനുതന്നെ മാതൃകയാണ്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളജ് ആശുപത്രിവരെയുള്ള ചികിത്സാമേഖലയില്‍ മാതൃകാപരമായ പ്രവൃത്തിയാണ് നടത്തിയത്. ദാരിദ്ര്യം നിര്‍മ്മാര്‍ജനം ചെയ്യുന്ന പദ്ധതി ലോകത്തിന് മാതൃകയായാണ് സംസ്ഥാനത്തെ ജനങ്ങള്‍ കാണുന്നത്. സാമൂഹ്യക്ഷേമ മേഖലകളിലും ലോകത്തിന് മാതൃകയാണ് കേരളം. സാമൂഹ്യക്ഷേമ പെന്‍ഷന്‍ 600രൂപയായിരുന്നു ഉമ്മന്‍ചാണ്ടി ഗവണ്‍മെന്റ് നല്‍കിയത്. എല്‍ഡിഎഫ് ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതോടെ 1200രൂപയായി വര്‍ധിപ്പിച്ചു. ഉമ്മന്‍ചാണ്ടി ഗവണ്‍മെന്റിന്റെ കാലത്തെ കുടിശിക എല്‍ഡിഎഫ് ഗവണ്‍മെന്റാണ് കൊടുത്തുതീര്‍ത്തത്. ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവണ്‍മെന്റിന്റെ കാലാവധി പൂര്‍ത്തിയാകുമ്പോഴേക്കും 50,000കോടി രൂപ ക്ഷേമ പദ്ധതികളിലൂടെ നല്‍കുമെന്ന് ധനമന്ത്രിയും എല്‍ഡിഎഫും ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനകം 43,000കോടിയില്‍ അധികം രൂപ ക്ഷേമപെന്‍ഷന്‍ ഗവണ്‍മെന്റ് നല്‍കിയിട്ടുണ്ട്. കര്‍ഷകര്‍ക്ക് പട്ടയം നല്‍കുക, കൃഷി അഭിവൃദ്ധിപ്പെടുത്തുക, പൊതുവിതരണ സമ്പ്രദായം കൂടുതല്‍ മെച്ചപ്പെടുത്തുക, വ്യാവസായിക മേഖലയില്‍ അഭ്യസ്തവിദ്യരായ യുവാക്കള്‍ക്ക് തൊഴില്‍ സാധ്യമാക്കുക, സ്ത്രീ ശാക്തീകരണത്തിന് പദ്ധതികള്‍ നടപ്പിലാക്കുക തുടങ്ങിയ നിരവധി പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കുകയാണ്. വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ നിന്നും കൃഷിയെയും കര്‍ഷകരെയും സംരക്ഷിക്കുന്നതിനായി സംസ്ഥാന ഗവണ്‍മെന്റിന് നടപ്പിലാക്കാന്‍ കഴിയുന്ന പദ്ധതികള്‍ രൂപീകരിച്ച് മുന്നോട്ടുപോകുന്നു. ഐശ്വര്യപൂര്‍ണമായ കേരളം കെട്ടിപ്പടുക്കുക എന്ന മുദ്രാവാക്യം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി 1957മുതല്‍ സംസ്ഥാനത്ത് പ്രഖ്യാപിച്ചതാണ്. 1957ല്‍ അധികാരത്തില്‍ വന്ന ആദ്യ കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റ് ഇഎംഎസ് മുഖ്യമന്ത്രിയായി നിരവധി പദ്ധതികള്‍ സംസ്ഥാനത്ത്‍ നടപ്പിലാക്കി. അതിന് ശേഷവും അധികാരത്തില്‍ വന്നിട്ടുള്ള കമ്മ്യൂണിസ്റ്റ് നേതാക്കളായ മുഖ്യമന്ത്രിമാര്‍ ആ പദ്ധതികള്‍ മുന്നോട്ടുകൊണ്ടുപോയി. രണ്ടാം തവണയും അധികാരത്തില്‍ വന്ന പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഐശ്വര്യപൂര്‍ണമായ കേരളം നിര്‍മ്മിക്കാനുള്ള തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. ആ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകുന്നതിന് 2026ല്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തുടര്‍ഭരണം കേരളത്തിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നു. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് അതുകൊണ്ടുതന്നെ കേരള രാഷ്ട്രീയത്തില്‍ ഏറെ ശ്രദ്ധേയവും നിര്‍ണായകവുമാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയും ജനങ്ങളുമെല്ലാം നിലമ്പൂര്‍ തെരഞ്ഞെടുപ്പ് പ്രതീക്ഷയോടെ നോക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.