ദേവിക

വാതിൽപ്പഴുതിലൂടെ

February 08, 2021, 6:08 am

അമ്പലപ്പറമ്പിലെ നിരാശാകാമുകന്‍

Janayugom Online

ഞങ്ങളുടെ നാട്ടിലെ ഒരു നിരാശാകാമുകന്‍ ഒപ്പിച്ചെടുത്ത പണിയുടെ ഒരു കഥ പറഞ്ഞുകേട്ടിട്ടുണ്ട്. സമ്പന്നയും ശാലീനസുന്ദരിയുമായ ഒരു പെണ്ണിന്റെ പിന്നാലെ മേല്പടിയാന്‍ ഏറെക്കാലം പ്രണയപാരവശ്യത്തോടെ നടന്നു. പെണ്ണാണെങ്കില്‍ നീര്‍നായയെപ്പോലെ കുതറിച്ചീറുന്നു. ‘അറയ്ക്കല്‍ ബീവിയെകെട്ടാന്‍ അരമോഹ’മെന്ന മട്ടില്‍ പയ്യന്‍ നടക്കുന്നതിനിടെ പെണ്ണ് കുബേരനായ ഒരു സുന്ദരകുബേരനുമായി കല്യാണവും കഴിച്ചു. മധുവിധു നാളുകളില്‍ അടുത്ത ശ്രീകൃഷ്ണക്ഷേത്രത്തിലെ രോഹിണി ഉത്സവത്തിന് ഇരുവരും പോയി. പനമ്പായ നിലത്തു വിരിച്ചിരുന്ന് പൂതനാമോക്ഷം കഥകളി കാണുന്നു. പൊടുന്നനേ നിരാശാകാമുകന്‍ പെണ്ണിന്റെ അടുത്തുവന്ന് ഭര്‍ത്താവ് കേള്‍ക്കെ പറഞ്ഞു; ‘നമ്മള്‍ തമ്മിലുള്ള കാര്യം വെളിയില്‍ പറയല്ലേ പൊന്നേ!’ പിന്നീടു പെണ്ണും ചെക്കനും തമ്മിലുണ്ടായ പുകിലും പുക്കാറും പറയണൊ.

കഥകളി ആസ്വാദനം പാതിവഴി നിര്‍ത്തി നവദമ്പതികള്‍ വീട്ടിലെത്തിയ ശേഷം നടന്നത് ദുര്യോധനവധം കഥകളിയാകാനേ വഴിയുള്ളു. കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ സുധാകരന്‍ കഴിഞ്ഞ ദിവസം ആടിത്തീര്‍ത്തത് കഥയിലെ നിരാശാകാമുകന്റെ വേഷം. വര്‍ക്കിങ് എന്ന വാല്‍ മുറിച്ചുമാറ്റി കെപിസിസി പ്രസിഡന്റാകാന്‍ കഴിഞ്ഞ കുറേനാളായി ലങ്കോട്ടി കെട്ടി മപ്പടിച്ചു നില്ക്കുകയായിരുന്നു സുധാകരന്‍. പക്ഷേ കാര്യമങ്ങോട്ടു നടക്കുന്നില്ല. അടുത്തെങ്ങും സ്വപ്നസാക്ഷാല്ക്കാരത്തിനുള്ള സ്കോപ്പും കാണുന്നില്ല. കോണ്‍ഗ്രസ് പെണ്ണിനെ പരിണയിച്ച് മുല്ലപ്പള്ളിയാണെങ്കില്‍ അര്‍മാദിച്ചു നടക്കുന്നു. പല അടവും പയറ്റി. ഒടുവില്‍ മുഖ്യമന്ത്രി പിണറായിക്കിട്ട് ഒരു താങ്ങ്. ചെത്തുകാരന്റെ മകനായ പിണറായിയെന്തിനാ ഹെലികോപ്റ്ററില്‍ സഞ്ചരിക്കുന്നത്? കേരളാ പൊലീസ് കഴിഞ്ഞ പത്ത് മാസക്കാലമായി ഉപയോഗിക്കുന്ന ഹെലികോപ്റ്ററില്‍ പാവം പിണറായി സഞ്ചരിച്ചത് വെറും രണ്ടേ രണ്ടു തവണ മാത്രം.

പക്ഷേ സുധാകരന്റെ ലക്ഷ്യം ഹെലികോപ്റ്ററല്ല, ആനപ്പുറത്തേറിയ ജാതീയാധിക്ഷേപമായിരുന്നു നിരാശാകാമുകനായ പയ്യന്‍ കാട്ടിയ പണിപോലെ നടത്തിയ സുധാകരന്റെ അധിക്ഷേപത്തില്‍ കോണ്‍ഗ്രസിനെതിരെ ജനരോഷം. കോണ്‍ഗ്രസിനുള്ളില്‍ത്തന്നെ ഇതിന്റെ പേരില്‍ ഒന്നും രണ്ടും പറഞ്ഞ് കൂട്ടയടി. ‘കര്‍മ്മണ്യേവാധികാരസ്തേമാ:ഫലേഷു കദാചന’ എന്ന മട്ടില്‍ നിന്ന സുധാകരന്‍ കൊയ്തത് കോണ്‍ഗ്രസിനെതിരായ അമര്‍ഷത്തിന്റെ മുന്തിരിക്കുലകള്‍. ഞാനാരാ മോന്‍ എന്ന മട്ടില്‍ നില്ക്കുന്ന സുധാകരന്‍ രാഷ്ട്രീയത്തിലെ ജീര്‍ണബിംബമായപ്പോള്‍ ആ ബിംബത്തിനു മുന്നില്‍ നെയ് വിളക്കു തെളിക്കാനും കളഭം ചാര്‍ത്താനും പൂജാമണി കിലുക്കാനും ഷാനിമോള്‍ ഉസ്മാന്‍ മുതല്‍ രമേശ് ചെന്നിത്തല വരെ. ആനന്ദലബ്ധിക്കിനിയെന്തു വേണം. പ്രബുദ്ധ കേരളം, സാംസ്കാരിക കേരളം എന്നൊക്കെയുള്ള വായ്ത്താരികളാല്‍ അഭിമാനപൂരിതരാണു നാം. അതു പറയുമ്പോള്‍ ഹൃദയത്തിനുപോലും ‘രോമാഞ്ച’മുണ്ടാകുന്നവര്‍. ഹൃദയത്തിനു രോമമില്ലെന്നും ആ രോമാഞ്ചം കാപട്യമാണെന്നും നാമറിയുന്നുമില്ല. പ്രശസ്ത തിമില വാദകനായ പെരിങ്ങോട്ട് ചന്ദ്രന്‍ ഇന്നലെ കണ്ണീരും പുഞ്ചിരിയും ചാലിച്ച് ഒരു ചാനലിനോട് ഇടനെഞ്ചുപൊട്ടി സംസാരിച്ചതു കേട്ടപ്പോഴാണ് ഇന്നും നമ്മുടെയിടയില്‍ നിലനില്ക്കുന്ന ജാതീയമായ അയിത്തത്തെക്കുറിച്ചോര്‍ത്ത് ലജ്ജാഭാരത്താല്‍ തലകുനിഞ്ഞു പോയത്. ലളിതകലാ അക്കാദമിയുടെ പുരസ്കാര ജേതാവ് കൂടിയായ ചന്ദ്രന് ഗുരുവായൂര്‍ അമ്പലത്തിനുള്ളിലും തൃശൂര്‍ പൂരപ്പറമ്പിലും തിമിലവാദനത്തിനു വിലക്ക്. മഠത്തില്‍ വരവ് പകലായതിനാല്‍ അവിടെയും ചന്ദ്രന്റെ തിമില നിഷിദ്ധം.

ചന്ദ്രന്‍ അധഃകൃതനല്ലേ. പല്ലാവൂര്‍ ത്രയം ചന്ദ്രനെ വിളിച്ചുപറഞ്ഞുവത്രേ നീ പൂരത്തിനു തിമില കൊട്ടേണ്ടെന്ന്. നിന്റെ തിമിലവാദനം പകല്‍ വേണ്ട. രാത്രിയായിക്കോട്ടെ. അപ്പോള്‍ വെളിച്ചക്കുറവില്‍ നിന്നെ മാലോകര്‍ തിരിച്ചറിയില്ല. ഇരുള്‍മൂടിയ മനസുകളില്‍ നിന്നു നുരപൊന്തുന്ന ജാതി വെറിപൂണ്ട ഉപദേശങ്ങള്‍. താന്‍ ഇരുളില്‍ നിന്നു തിമില വായിക്കുമ്പോള്‍ ഓരോ കൊട്ടും ഈ അയിത്തവാദികളുടെ കരണത്തുള്ള പ്രഹരമായി കണ്ട് സമാധാനിക്കുന്ന പെരിങ്ങോട്ടു ചന്ദ്രന്‍ പ്രബുദ്ധ കേരളം എന്ന പ്രഹേളികയ്ക്കു മുന്നില്‍ തീക്കനല്‍ കൊണ്ടെഴുതിയ ചോദ്യചിഹ്നമാവുന്നു. ‘ചെമ്പെെയ്ക്കു നാദം നിലച്ചപ്പോള്‍ സ്വന്തം കണ്ഠം കൊടുത്തവനേ’ എന്നു ഗുരുവായൂരപ്പനെ വാഴ്ത്തിപ്പാടിയ ഗാനഗന്ധര്‍വന്‍ യേശുദാസിന് ഗുരുവായൂരപ്പനെ ദര്‍ശിക്കാന്‍ വിലക്ക്; ഹിന്ദുധര്‍മ്മത്തില്‍ താന്‍ വിശ്വസിക്കുന്നുവെന്ന് ആണയിട്ടിട്ടുപോലും. ‘ഗുരുവായൂരമ്പലനടയില്‍ ഒരു ദിവസം ഞാന്‍ പോകും, ഗോപകുമാരനെ കാണും’ എന്ന് നെഞ്ചുരുകി പാടിയ യേശുദാസിനോട് ‘അതങ്ങ് പള്ളിയില്‍ പറഞ്ഞാല്‍ മതി‘യെന്നു പറയുന്ന മതകോമരങ്ങള്‍. പെരിങ്ങോട്ട് ചന്ദ്രനും യേശുദാസും നാലമ്പലത്തില്‍ കയറിയാല്‍ ഗുരുവായൂരപ്പന്‍ കെട്ടും ഭാണ്ഡവുമെടുത്തു നാടുവിടുകയൊന്നുമില്ലെന്നതിനു തെളിവുണ്ട്. അര നൂറ്റാണ്ടിനു മുമ്പാണ്, ദേവികയുടെ മുത്തശ്ശന്‍ അദ്ദേഹത്തിന്റെ സുഹൃത്തുക്കളായ കണിയാപുരത്തെ സാം കോട്ടേജില്‍ പോള്‍ എസ് പെരേര എന്ന സത്യക്രിസ്ത്യാനിയും ഫസില്‍ലബ്ബ മന്‍സിലില്‍ അബ്ദുല്‍ കരിമുമൊത്ത് ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം നടത്തി. പോള്‍ ഇന്നും ജീവിച്ചിരിപ്പുണ്ട്, മുത്തശ്ശനും. ഇതിന്റെ പേരില്‍ ഗുരുപവനപുരനാഥന്‍ ഒളിച്ചോടിയതായി ഇതുവരെ കേട്ടറിവില്ല.

ആരുമറിയാതെ എത്രയോ ആയിരക്കണക്കിന് ഇതര മതവിശ്വാസികള്‍ ഗുരുവായൂരപ്പന്റെ വാകച്ചാര്‍ത്തും കളഭാഭിഷേകവും ദര്‍ശിച്ചു മടങ്ങുന്നു. പക്ഷേ പെരിങ്ങോടു ചന്ദ്രനു മാത്രം ഭഗവാനു മുന്നില്‍ ഇരുളില്‍ നിന്നേ തിമില വായിക്കാന്‍ അനുവാദമുള്ളു. പോളും കരിമും ഗുരുവായൂരപ്പനെ ദര്‍ശിച്ചതിന്റെ പേരില്‍ അവിടെ ഒരു ശുദ്ധികലശവും നടത്തിയിട്ടുമില്ല. ഇതെല്ലാം അയിത്താചാരത്തിന്റെ വെറും പിത്തലാട്ടങ്ങളല്ലേ! ‘കലപ്പയേന്തിയ കെെകള്‍ വെണ്മഴുവേന്തിയ കെെകള്‍, ചരിത്രമെഴുതിയ വീഥിയിതാ നിന്‍ രഥം’ തെളിക്കൂ എന്നൊരു ആവേശമിരമ്പുന്ന ഒരു ഗാനമുണ്ട്. കര്‍ഷക‑തൊഴിലാളി വര്‍ഗ ഐക്യത്തിന്റെ വിളംബരമായ വരികള്‍. ഇതില്‍ ക്രിക്കറ്റ് ബാറ്റേന്തും കെെകള്‍ എന്നോ സിക്സറിലേക്ക് പറന്ന ബോള്‍ എന്നോ പറയുന്നില്ല.

ഇന്ത്യയിലെ കര്‍ഷക ലക്ഷങ്ങള്‍ നടത്തിവരുന്ന ഐതിഹാസിക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ലക്ഷക്കണക്കിനു തൊഴിലാളികളാണ് തെരുവിലിറങ്ങുന്നത്. തൊഴിലാളി സമരത്തിനു നേതൃത്വം നല്കിയ സിപിഐ നേതാവ് ആനി രാജ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റുചെയ്തു. ലോകമെമ്പാടുമുള്ള പ്രശസ്തര്‍ കര്‍ഷകസമരത്തിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതിന്റെ പേരില്‍ അറസ്റ്റ് ഭീഷണിയിലാണ്. ഇതിനിടെയാണ് ഭാരതരത്ന ജേതാവ് കൂടിയായ ക്രിക്കറ്റ് ഇതിഹാസം കര്‍ഷകസമരത്തിനെതിരേ വാളോങ്ങി ട്വിറ്ററില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യയുടെ കാര്യം തങ്ങള്‍ നോക്കിക്കൊള്ളാം വിദേശികളാരും പിന്തുണയ്ക്കേണ്ടതില്ലെന്നത്രേ ലിറ്റില്‍ മാസ്റ്ററുടെ സങ്കുചിതമായ ട്വിറ്റില്‍ ട്വീറ്റ്. താന്‍ കഴിക്കുന്ന ഭക്ഷണമുണ്ടാക്കുന്നതു കര്‍ഷകരാണെന്നും താന്‍ വീശുന്ന ബാറ്റും അടിച്ചുപറത്തുന്ന പന്തുമുണ്ടാക്കുന്നവര്‍ തൊഴിലാളികളാണെന്നും മറന്ന സച്ചിന്‍. ഭാരതരത്നം ഏതു മരത്തലയനും ചാര്‍ത്തികൊടുക്കാവുന്ന കണ്ഠാഭരണമാണോ. വിദേശികള്‍ കര്‍ഷകസമരം ഗാലറിയിലിരുന്നു കണ്ടാല്‍ മതിയത്രേ എന്ന് സച്ചിന്റെ ടിപ്പണിയും. കോടികള്‍ വന്നുമറിയുമ്പോള്‍ ചിലര്‍ക്കു ബുദ്ധിഭ്രമം വന്നുഭവിക്കുമെന്നു പറയാറുണ്ട്. ഒടുവില്‍ സച്ചിന്റെ കാര്യത്തിലും അത്തരം ഒരു തീരുമാനമായി. അഷ്ടപദിപ്പാട്ടുകളുടെ ലാസ്യലാവണ്യ ലഹരി ഭുവനപ്രസിദ്ധമാണ്. ജയദേവകവിയുടെ ഗീതാഗോവിന്ദത്തെ ആധാരമാക്കിയ അഷ്ടപദിയിലെ മൂലഭാവം പ്രണയമാണ്.

ജീവന്റെയൊന്നാമത്തെ സ്ഫുലിംഗമായി അമീബ പിറന്നകാലം തൊട്ട് പ്രണയവും മൊട്ടിട്ടു. മനുഷ്യനിലേക്ക് അമീബ പരിണാമം പ്രാപിച്ചതോടെ ‘ഒരൊറ്റ മതമുണ്ടുലകിന്നുയിരാം പ്രേമമതൊന്നല്ലേ’ എന്നു മനുഷ്യന്‍ പാടിപ്പാടി പ്രണയിച്ചു. കല്യാണം കഴിച്ചു. ഏദന്‍തോട്ടത്തില്‍ ആദാമും ഹവ്വയും വിലക്കപ്പെട്ട കനി ഭക്ഷിച്ചുതുടങ്ങിയതുമുതലുള്ള പ്രണയോത്സവം. ദേ വരുന്നു, ട്രോളന്മാരുടെ ഉള്ളി സുരേന്ദ്രന്‍ എന്ന ബിജെപി ഗുണാണ്ടര്‍ കെ സുരേന്ദ്രന്‍. പ്രണയവിവാഹങ്ങള്‍ക്കെതിരെ ഇന്നലെ കക്ഷി ഒരു പ്രകടനപത്രികയും പുറത്തിറക്കി. ബിജെപി അധികാരത്തില്‍ വന്നാല്‍ പ്രേമവിവാഹത്തിനും ലൗജിഹാദിനുമെതിരെ യോഗിയുടെ യുപിയിലെ മാതൃകയില്‍ നിയമം കൊണ്ടുവരുമെന്നാണ് ഭീഷണി. കമിതാക്കളേ ജാഗ്രതെെ എന്നു പറഞ്ഞ് നിരുത്സാഹപ്പെടുത്താന്‍ ദേവികയില്ല. കാരണം കല്പാന്തകാലത്തോളം കേരളത്തില്‍ ബിജെപി അധികാരത്തില്‍ വരില്ലെന്ന് സുരേന്ദ്രനാണേ സത്യം.