October 5, 2022 Wednesday

വാക്കുകള്‍ക്ക് വിലങ്ങിടുന്നവര്‍

Janayugom Webdesk
July 22, 2022 6:00 am

‘വാക്കിലുദിച്ചുല്ലസിച്ചുലയിക്കുമീ
വിശ്വത്തില്‍ ഞാനാകുമിച്ഛാ പ്രകാശവും
സര്‍വമര്‍പ്പിക്കുന്നു, ബോധവും കര്‍മ്മവും
വാക്കായ് ജ്വലിക്കുന്നു, വാക്കു ഞാനാകുന്നു’
എന്ന് പ്രൊഫ. വി മധുസൂദനന്‍ നായര്‍ ‘വാക്ക്’ എന്ന കവിതയില്‍ കുറിച്ചു. ‘അച്ഛനും അമ്മയും വാക്കെന്നു കേട്ടു ഞാന്‍/അക്ഷരപ്പിച്ച നടന്നൂ, നിലാവിലെ/ നീലവാനം പോലെ ഞാനൂറി വന്നൊരാ/നാദമൂകാചലമെന്നിലലിഞ്ഞുപോയ് എന്നുകൂടി കുറിച്ചു. ഇന്ന് ഇന്ത്യയിലെ ഫാസിസവല്ക്കരണത്തിന്റെ അടുത്ത അജണ്ടയായി വാക്കുകള്‍ക്കുമേല്‍ വിലങ്ങണിയിക്കുന്നൂ ഭരണഘടനാ ധ്വംസനത്തില്‍ അഭിരമിക്കുന്ന ഭരണാധികാരികള്‍. 65 വാക്കുകള്‍ പാര്‍ലമെന്റില്‍ ഉച്ചരിക്കരുതെന്ന കല്ലേപ്പിളര്‍ക്കും കല്പന നരേന്ദ്രമോഡിയുടെയും അമിത്ഷായുടെയും സംഘ കുടുംബശാലകളിലെ അണിയറ ശില്പികളുടെയും ആജ്ഞാനുസരണം ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ല കെെപ്പുസ്തകത്തിലൂടെ പ്രഖ്യാപിച്ചു.
കാപട്യം അലങ്കാരവും അഭിമാനവുമായി കൊണ്ടുനടക്കുന്നവര്‍ ‘കാപട്യം’ എന്ന വാക്കിനെ ഭയപ്പെടുന്നു. പാര്‍ലമെന്റില്‍ ആ വാക്ക് ഉച്ചരിക്കുവാനേ പാടില്ല. ഗോഡ്സയെ വാഴ്ത്തുകയും ഗോഡ്സെക്കായി അമ്പലങ്ങള്‍ നിര്‍മ്മിക്കുകയും ഗാന്ധിജി ദേശദ്രോഹിയാണെന്ന് ഇകഴ്ത്തുകയും ഗോഡ്സേ യഥാര്‍ത്ഥ ദേശാഭിമാനിയാണെന്ന് പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ ഇടയ്ക്കിടെ ഗാന്ധിജിയെ വാഴ്ത്തുകയും മതനിരപേക്ഷതയെക്കുറിച്ച് വാചാലരാകുകയും ചെയ്യും. ഇതാണ് ബിജെപിയുടെയും സംഘ്പരിവാറിന്റെയും കാപട്യം. രാമനവമി ഘോഷയാത്രയുടെയും ഹനുമാന്‍ ജയന്തിയുടെയും ഭാഗമായി ആസൂത്രിതമായി വര്‍ഗീയലഹളകള്‍ സൃഷ്ടിക്കുകയും ബുള്‍ഡോസര്‍ അരാഷ്ട്രീയത അരങ്ങേറുകയും ചെയ്തവരുടെ കാപട്യം പിന്നാലെ വന്ന പ്രസ്താവനകളിലും പ്രതിഫലിച്ചു.
‘അഴിമതി’ എന്ന വാക്കും അവിശുദ്ധമാണെന്ന് പ്രഗത്ഭ പ്രതിഭകള്‍ കണ്ടെത്തി. അതും ഉരിയാടാന്‍ പാടില്ല. റഫാല്‍ വിമാന ഇടപാടില്‍ അഴിമതി ആക്ഷേപം നേരിട്ട മോഡി ഭരണകൂടം ‘അഴിമതി’ എന്ന പദത്തെ ഭയപ്പെടുന്നതില്‍ അതിശയമില്ല. പാപ്പരാണെന്ന് പറഞ്ഞ അമിത്ഷായുടെ പുത്രന്‍ ജയന്ത്ഷാ മോഡി സര്‍ക്കാര്‍ 2014ല്‍ അധികാരത്തില്‍ വന്നതിനുശേഷം ശതകോടീശ്വരനായി മാറുകയും ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിനെ നിയന്ത്രിക്കുകയും ചെയ്യുന്നു. അഴിമതി തുടച്ചുനീക്കുമെന്ന്, രണ്ടാം യുപിഎ സര്‍ക്കാരിന്റെ അഴിമതികളെ അക്കമിട്ടു നിരത്തി പറഞ്ഞവര്‍ അഴിമതി തുടച്ചുനക്കുന്നതാണ് ഇന്ത്യ കാണുന്നത്. ഖനി കുംഭകോണത്തിന്റെ പേരില്‍ യദ്യൂരപ്പ ജയിലില്‍ പോകുന്നു. വ്യാപം കുംഭകോണത്തില്‍ ശിവരാജ് സിങ് ചൗഹാന്‍ മുള്‍മുനയില്‍. വസുന്ധരരാജെ സിന്ധ്യയുടെ പുത്രന്‍ ലളിത് മോഡിയുമായി നടത്തിയ സാമ്പത്തിക ക്രമക്കേട്. ‘അഴിമതി’ എന്ന പദത്തെ ഭയപ്പെടുന്നതിന്റെ കാരണങ്ങള്‍ പകല്‍വെളിച്ചംപോലെ വ്യക്തമാണ്.

 


ഇതുകൂടി വായിക്കു; വാക്കുകള്‍ക്ക് വാനരവസൂരിക്കാലം


രക്തച്ചൊരിച്ചിലും നിരോധിത വാക്കാണ്. വംശഹത്യാ പരീക്ഷണത്തിന്റെ കറുത്ത രക്തക്കറ പുരണ്ടിരിക്കുന്ന കരങ്ങളുടെ ഉടമകളായ നരേന്ദ്രമോഡിക്കും അമിത്ഷായ്ക്കും ‘രക്തചൊരിച്ചില്‍’ എന്ന പദം വര്‍ജ്യമാവുന്നത് സ്വാഭാവികം. യുപിയിലും മഹാരാഷ്ട്രയിലും മധ്യപ്രദേശിലും കര്‍ണാടകയിലും ഗുജറാത്തിലും ഹരിയാനയിലുമുള്‍പ്പെടെ പല കാലങ്ങളിലായി നടത്തിയ രക്തചൊരിച്ചിലിന്റെ പാപ പങ്കാളികള്‍ ‘രക്തചൊരിച്ചില്‍’ എന്ന പ്രയോഗത്തെ വെറുക്കുന്നത് സ്വാഭാവികം.
‘ചതി’ എന്ന വാക്കും ഉച്ചരിക്കുവാന്‍ പാടില്ല. കാരണം ചതിയുടെ നികൃഷ്ട രാഷ്ട്രീയമാണ് ആര്‍എസ്എസും ബിജെപിയും ശിരസില്‍ കിരീടംപോലെ അണിഞ്ഞുവരുന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്ത കൂട്ടരാണ് സംഘ്പരിവാര്‍. ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ പരസ്യമായി വാഴ്ത്തിപ്പാടിയവര്‍. ബ്രിട്ടീഷ് സായ്പിന്റെ ഷൂ നക്കിത്തുടച്ച് മാപ്പെഴുതിക്കൊടുത്ത വി ഡി സവര്‍ക്കറുടെയും ഗാന്ധിജിയെ വെടിവച്ചുകൊന്നതില്‍ അഭിമാനിച്ച ഗോഡ്സെയുടെയും ബ്രിട്ടീഷ് ഭരണത്തിനൊപ്പം നില്‍ക്കണമെന്ന് ആഹ്വാനം ചെയ്ത ഹെഡ്ഗെവാറുടെയും ഗോള്‍‍വാള്‍ക്കറുടെയും അനുചരന്‍മാര്‍. ‘ചതി’ എന്ന പദം അവര്‍ മാറില്‍ മുദ്രയായി അഭിമാനത്തോടെ പേറുന്നു.
വാക്കുകള്‍ക്കൊപ്പം ജനാധിപത്യാവകാശങ്ങള്‍ക്കും വിലങ്ങുകള്‍ വീഴ്ത്തുന്നു സംഘപരിവാര ഫാസിസ്റ്റ് ഭരണകൂടം. പാര്‍ലമെന്റിനകത്തു മാത്രമല്ല പാര്‍ലമെന്റിനു പുറത്തും എംപിമാര്‍ പ്രതിഷേധിക്കുവാനും പ്രതികരിക്കുവാനും പാടില്ലെന്ന കല്പനയും പുറപ്പെടുവിച്ചിരിക്കുന്നു. വിമര്‍ശനങ്ങളെ, എതിര്‍ശബ്ദങ്ങളെ, വിമതസ്വരങ്ങളെ ഫാസിസ്റ്റു വീക്ഷണമുള്ളവര്‍ എല്ലായ്പോഴും ഭയപ്പെടുകയും അധികാര ഗര്‍വിനാല്‍ അമര്‍ച്ച ചെയ്യാന്‍ യത്നിക്കുകയും ചെയ്തിട്ടുണ്ട്. പാര്‍ലമെന്റ് മന്ദിര വളപ്പില്‍ ധര്‍ണ, ഉപവാസം, സമരം, പ്രകടനം പാടില്ലെന്ന കല്പനയിലൂടെ ജനാധിപത്യ ധ്വംസനത്തിന്റെ ഫാസിസ്റ്റ് മുഖം ഒരിക്കല്‍ക്കൂടി അരങ്ങേറ്റുകയാണ് മോഡി സര്‍ക്കാര്‍.
മതപരമായ പരിപാടികള്‍ പാര്‍ലമെന്റ് വളപ്പില്‍ പാടില്ലെന്ന് ഉത്തരവിടുന്ന കൂട്ടരാണ് അശോകസ്തംഭത്തിന്റെ അനാച്ഛാദനം പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ വികൃതമായ നിലയില്‍ പൂജയോടെ നിര്‍വഹിച്ചത്. പൂജാവേളയിലെ മുഖ്യ കാര്‍മ്മികനും തന്ത്രിയും നരേന്ദ്രമോഡിയായിരുന്നു. ഇന്ത്യന്‍ അഖണ്ഡതയുടെ ഐതിഹാസിക അടയാളമായ അശോകസ്തംഭത്തിലെ സിംഹങ്ങളുടെ സൗമ്യഭാവം നിരാകരിച്ച് സിംഹഗര്‍ജനം ആവിഷ്കരിച്ചത് സംഘ്പരിവാര ഭരണത്തിന്റെ രൗദ്രഭാവം പ്രകടിപ്പിക്കുന്നത് കൂടിയായി.
വാക്ക് നിരോധിക്കപ്പെടുമ്പോള്‍, അതിന് വിലങ്ങുവീഴുമ്പോള്‍ കവി പാടിയതുപോലെ.
‘വാക്കെന്റെ പ്രേയസിയാകുന്നു. പ്രാണനില്‍ വാദനം ചെയ്യുമുന്‍മാദിനിയാകുന്നു.’ എന്ന് ആവര്‍ത്തിച്ചു ചൊല്ലണം.
നക്ഷത്രമെന്നോടു ചൊല്ലീ, ‘നീ വാക്കിന്റെ
യജ്ഞപാത്രത്തിലാത്മാവിനെക്കോരുക.’
വാക്കാണ് ആയുധം. അതിനെ നാം യജ്ഞ പാത്രത്തിലേക്ക് സന്നിവേശിപ്പിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.