വി പി ഉണ്ണികൃഷ്ണൻ

June 11, 2021, 4:25 am

കോണ്‍ഗ്രസില്‍ വിടരുന്ന വര്‍ഗീയ ‘സുധാ വിഷവസന്തങ്ങള്‍’

Janayugom Online

‘വിഷാദം പൂക്കുന്ന പൂമരങ്ങള്‍’ എന്ന മാധവിക്കുട്ടിയുടെ കൃതിയിലെ വരികളാണ് ഓര്‍മ്മയില്‍ തെളിയുന്നത്. വിഷാദം പൂത്തുനില്‍ക്കുന്ന പൂമരങ്ങളാണല്ലോ ഇന്ന് കോണ്‍ഗ്രസിന്റെ അകത്തളങ്ങളിലും അന്തഃപ്പുരങ്ങളിലും പൂമുഖങ്ങളിലും തളിര്‍ത്തുലഞ്ഞുനില്‍ക്കുന്നത്. എട്ടടി മൂര്‍ഖന്റെ വാസസ്ഥലത്തെക്കുറിച്ച് ആ പുസ്തകത്തിലെ ‘കാഞ്ഞിരപ്പൂക്കള്‍’ എന്ന ആദ്യകുറിപ്പില്‍ മാധവിക്കുട്ടി എഴുതിയിട്ടുണ്ട്; ഭയാശങ്കകളോടെ. അര്‍ത്ഥരഹിതമായ വാഴ്ത്തുപാട്ടുകളോടെയും യുക്തിരാഹിത്യത്തിന്റെ കൊട്ടിഘോഷങ്ങളോടെയും കോണ്‍ഗ്രസ് സംസ്ഥാന ആസ്ഥാനത്തിലേക്ക് അധ്യക്ഷനായി കെ സുധാകരന്‍ ആനയിക്കപ്പെടുമ്പോള്‍ ‘എട്ടടി മൂര്‍ഖ’നെക്കുറിച്ച് അവശേഷിക്കുന്ന നന്മയുള്ള കോണ്‍ഗ്രസുകാര്‍ അത്യധികം വേദനിക്കുന്നുണ്ടാവും. കെപിസിസി അധ്യക്ഷരായിരുന്ന, കോണ്‍ഗ്രസിനെ നേരോടെയും നെറിവോടെയും ഗാന്ധിപഥങ്ങളിലൂടെയും നെഹ്‌റൂവിയന്‍ ദര്‍ശനങ്ങളിലൂടെയും നയിച്ചിരുന്ന മറ്റുള്ള പൂര്‍വകാല സൂരികളുടെ ചരിത്രമഹിമയും പാരമ്പര്യവും ഓര്‍ക്കുന്നതും അറിയുന്നതുംകൊണ്ടാണ് നന്മയുടെ പൂമരങ്ങളെ ഓര്‍ത്ത് വിഷാദം പൂക്കുന്ന മരങ്ങളുടെ ചുവട്ടില്‍ നിന്ന് അവര്‍ വേദനയാല്‍ പുളയുന്നത്.

കരയുന്ന കുഞ്ഞിനേ പാലുള്ളൂ എന്നത് ആധുനികോത്തര കാലത്ത് കാലഹരണപ്പെട്ടുപോയ പഴമൊഴിയാണ്. ഇന്ന് കരയുന്ന കുഞ്ഞിനും പാലുകിട്ടില്ല. ആക്രോശിക്കുകയും ഭയപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും വിലപേശുകയും ചെയ്യുന്നവര്‍ക്ക് ശുദ്ധമായ പാലും പുഷ്പപാദുകങ്ങളും കനകസിംഹാസനവും ചെങ്കോലും മയൂര കിരീടവും ലഭ്യമാകുമെന്നാണ് കോണ്‍ഗ്രസിന്റെ കേരളത്തിലെയെങ്കിലും വര്‍ത്തമാനകാലാനുഭവങ്ങള്‍ ഉച്ചെെസ്തരം ഘോഷിക്കുന്നത്. ലവലേശം ജനാധിപത്യമില്ലാതെ കോണ്‍ഗ്രസ് ഹെെക്കമാന്‍ഡ് എന്നോ ഇല്ലാതെ പോയ ഒരു സംഘടനാഫലിത സംവിധാനം കെപിസിസി അധ്യക്ഷന്‍ എന്ന ‘പുഷ്പകിരീടം’ കെ സുധാകരന്റെ ശിരസില്‍ ചാര്‍ത്തുമ്പോള്‍ സ്ഥാനമൊഴിയുന്ന കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും എഐസിസി പ്രവര്‍ത്തക സമിതിയംഗവും ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ചാണ്ടിയും തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ കെപിസിസി അധ്യക്ഷനായിരുന്ന, പ്രതിപക്ഷനേതാവ് പദവിയില്‍ നിന്ന് അപമാനിച്ചിറക്കി വിടപ്പെട്ട രമേശ് ചെന്നിത്തലയും ആ വാര്‍ത്തയറിഞ്ഞത് മാധ്യമങ്ങളില്‍ നിന്നാണ്. അതും കെ സുധാകരന്‍ മാധ്യമങ്ങളിലൂടെ, താനാണ് കെപിസിസി അധ്യക്ഷനെന്നും രാഹുല്‍ ഗാന്ധി തന്നെ വിളിച്ചറിയിച്ചുവെന്നും വെളിപ്പെടുത്തി. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും മുല്ലപ്പള്ളിയും അവരുടെ ഗ്രൂപ്പ് ഭൂതഗണങ്ങളും അതിലൊന്നും പെടാതെ എണ്ണമില്ലാത്ത ഗ്രൂപ്പ് നായകരും, ഒരുപക്ഷേ ‘തലമുറമാറ്റ’ത്തെക്കുറിച്ച് അനവരതം വാചാലനാകുന്ന കോണ്‍ഗ്രസ് ദേശീയ നേതൃനിരയിലെ ‘യൗവനയുക്തന്‍’ എ കെ ആന്റണി തന്നെയും അറിയാതെ അവരോധിക്കപ്പെട്ട സംസ്ഥാന അധ്യക്ഷനാണ് കെ സുധാകരന്‍. ഇതാണ് ഇന്ത്യയിലെ ഏറ്റവും വലിയ ജനാധിപത്യ കക്ഷിയെന്ന് നാഴികയ്ക്ക് നാല്‍പ്പതുവട്ടം കോട്ടുവായിട്ടുരുവിടുന്ന കോണ്‍ഗ്രസിലെ ജനാധിപത്യത്തിന്റെ മുഖചിത്രവും നേര്‍പടവും. സംഘടനാ തെരഞ്ഞെടുപ്പും ജനാധിപത്യവും എന്നേ അപ്രത്യക്ഷമായ കോണ്‍ഗ്രസില്‍ (പട്ടാഭി സീതാരാമയ്യയുടെ കോണ്‍ഗ്രസിന്റെ ചരിത്രം ഇന്നത്തെ കോണ്‍ഗ്രസുകാര്‍ കണ്ടിരിക്കാന്‍ തെല്ലും സാധ്യതയില്ല. ചരിത്രമെഴുതിയ പട്ടാഭി സീതാരാമയ്യ ഗാന്ധിജിയുടെ പ്രതിനിധിയായി എഐസിസി അധ്യക്ഷനായി മത്സരിച്ചപ്പോള്‍ സുഭാഷ് ചന്ദ്രബോസിനോട് പരാജയപ്പെട്ടു എന്നത് മറ്റൊരു ചരിത്രം) എഐസിസി അധ്യക്ഷനല്ലാത്ത, ഉത്തരവാദിത്തമേറ്റെടുക്കാതെ ഒളിച്ചോടിക്കൊണ്ടേയിരിക്കുന്ന രാഹുല്‍ഗാന്ധിയാണ് കെ സുധാകരന് സമ്മാനദാനംപോലെ കെപിസിസി അധ്യക്ഷസ്ഥാനം വച്ചുനീട്ടുന്നത്. ഒരര്‍ത്ഥത്തില്‍ കെ സുധാകരന്‍ സ്വയം പ്രഖ്യാപിത കെപിസിസി അധ്യക്ഷനാണ്. ഇതാണ് കോണ്‍ഗ്രസിലെ ജനാധിപത്യത്തിന്റെ പുഷ്ക്കല‑സുധാകര നവീന വസന്തം.
ബിജെപിയില്‍ പോകുമെന്ന് പറഞ്ഞാല്‍ അല്പമാത്രയ്ക്കുള്ളില്‍ കോണ്‍ഗ്രസില്‍ സ്ഥാനമാനങ്ങള്‍ കിട്ടും. അത് കിട്ടിയാല്‍പ്പോലും കേരളംപോലെ നാമമാത്ര കോണ്‍ഗ്രസ് അവശിഷ്ടമുള്ളയിടത്തേ കുറച്ചെങ്കിലും പേരെ പിടിച്ചുനിര്‍ത്താനാവൂ. രാഹുല്‍ ബ്രിഗേഡ് എന്ന് കൊട്ടിഘോഷിക്കപ്പെട്ട, കേന്ദ്രമന്ത്രിമാരായി രാഹുല്‍ഗാന്ധി യുപിഎ സര്‍ക്കാരുകളില്‍ നിയോഗിച്ചിരുന്ന പുലിക്കുട്ടികള്‍ ഒന്നിനുപുറകെ ഒന്നായി സംഘപരിവാര കൂടാരങ്ങളിലേക്ക് പ്രവഹിക്കുകയാണ്. ജ്യോതിരാദിത്യ സിന്ധ്യ, ജിതിന്‍ പ്രസാദ, സച്ചിന്‍ പെെലറ്റ്, മിലിന്ദ് ദേവ്‌റ എന്നിവരായിരുന്നു രാഹുല്‍ ബ്രഗേഡിലെ മുഖ്യകാര്‍മ്മികര്‍. ഈ നാല്‍വരും കോണ്‍ഗ്രസിന്റെ ദേശീയതലത്തിലെ പ്രമുഖനേതാക്കളുടെ പുത്രന്മാരും കെ സുധാകരനെ കെപിസിസി പ്രസിഡന്റായി രാഹുല്‍ഗാന്ധി കല്‍പ്പിച്ചരുളിയതിനു തൊട്ടുപിന്നാലെ എഐസിസി ജനറല്‍ സെക്രട്ടറി കൂടിയായ, ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളിന്റെ ചുമതലക്കാരനായ ജിതിന്‍ പ്രസാദ ബിജെപിയില്‍ ചേര്‍ന്നു. നരസിംഹറാവു രാജ്യത്തിന്റെ പ്രധാനമന്ത്രിയും എഐസിസി അധ്യക്ഷനുമായിരുന്നപ്പോള്‍ ഏക ഉപാധ്യക്ഷനും കേന്ദ്രമന്ത്രിയുമായിരുന്ന ജിതേന്ദ്ര പ്രസാദയുടെ പുത്രനാണ് ജിതിന്‍ പ്രസാദ. മാധവറാവു സിന്ധ്യയുടെ പുത്രന്‍ ജ്യോതിരാദിത്യ സിന്ധ്യ നേരത്തേ പോയി. രാജേഷ് പെെലറ്റിന്റെ പുത്രന്‍ സച്ചിന്‍ പെെലറ്റ് പോകാന്‍ നിശ്ചയിച്ചെങ്കിലും എംഎല്‍എമാരുടെ എണ്ണം തികയാത്തതുകൊണ്ടുമാത്രം പാതിവഴിയില്‍ നില്‍ക്കുന്നു. മുന്‍ പെട്രോളിയം മന്ത്രിയും മഹാരാഷ്ട്രയിലെ മുതിര്‍ന്ന നേതാവുമായിരുന്ന മുരളി ദേവ്‌റയുടെ പുത്രന്‍ മിലിന്ദ് ദേവ്‌റയും രാഹുല്‍ ബ്രിഗേഡിലെ കേരള പ്രതിനിധി കെ സി വേണുഗോപാലുമൊക്കെ മാത്രമേ ഇനി അവശേഷിക്കുന്നുള്ളു. അവര്‍ ഇനി എന്നാണാവോ ബിജെപി കൂടാരത്തില്‍ ചേക്കേറുക. ആര്‍ക്കും ഒന്നിനും ഒരു നിശ്ചയവുമില്ല.

കെപിസിസി പ്രസിഡന്റ് പദവി ലഭിക്കുകയില്ലേ എന്ന സന്ദേഹമുണ്ടായപ്പോള്‍ താന്‍ ബിജെപിയില്‍ പോകുമെന്ന ഭീഷണി ഉയര്‍ത്തിയ കെ സുധാകരനാണ്, കെ കേളപ്പനും ആദ്യത്തെ കെപിസിസി അധ്യക്ഷന്‍ സി കെ ഗോവിന്ദന്‍ നായരും എ പി ഉദയഭാനുവും മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബുമൊക്കെ നയിച്ച പാര്‍ട്ടിയുടെ അമരക്കാരനാവുന്നത്. കാലം കരുതിവച്ചിരുന്ന രാഷ്ട്രീയഫലിതമെന്നു കരുതി സമാധാനിക്കുകയേ നിര്‍വാഹമുള്ളു. ആ ഭീഷണിക്കും വിലപേശലിനും ലഭിച്ചതാണ് ഈ കെപിസിസി അധ്യക്ഷ പദവി. അമിത്ഷാ ബിജെപിയിലേക്ക് തന്നെ നേരിട്ടു ക്ഷണിച്ചുവെന്ന് വെളിപ്പെടുത്തിയതും സുധാകരന്‍ തന്നെ. ഇത്തവണ കൂടി തോറ്റാല്‍ കോണ്‍ഗ്രസ് കേരളത്തില്‍ പൊടി പോലുമില്ലാ കണ്ടുപിടിക്കുവാന്‍ എന്ന മട്ടിലാവുമെന്നും ശേഷിക്കുന്ന കോണ്‍ഗ്രസുകാര്‍ കൂടി ബിജെപിയില്‍ ചേരുമെന്നും പ്രഖ്യാപിച്ചതും കെ സുധാകരന്‍ തന്നെ. അതേ ആളെയാണ് തോല്‍വിയുടെ പാതാളക്കുഴിയില്‍നിന്ന് വിജയത്തിന്റെ സ്വര്‍ലോകത്തിലേക്കാനയിക്കുവാന്‍ നിയോഗിച്ചിരിക്കുന്നത് എന്നതും അങ്ങേയറ്റം കടുത്ത അപഹാസ്യഫലിതം തന്നെ. ഇപ്പോള്‍ സുധാകര ഭക്തര്‍ പറയുന്നു അമിത്ഷാ വിളിച്ചിട്ടുപോലും പോകാത്ത ആളല്ലേ കെ സുധാകരന്‍. അതല്ലേ അദ്ദേഹത്തിന്റെ കോണ്‍ഗ്രസിനോടുള്ള ഒടുങ്ങാത്ത പ്രണയത്തിന്റെ തെളിവ് എന്ന്. മുല്ലപ്പള്ളി രാമചന്ദ്രനെയും ഉമ്മന്‍ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും സുധാകരനല്ലാത്ത കേരളത്തില്‍ നിന്നുള്ള മറ്റു കോണ്‍ഗ്രസ് എംപിമാരെയും ബിജെപിയിലേക്ക് ക്ഷണിക്കാത്ത അമിത്ഷാ കെ സുധാകരനെ മാത്രം ക്ഷണിച്ചത് എന്തുകൊണ്ട് എന്നു ചിന്തിക്കുവാനുള്ള സാമാന്യബുദ്ധി ‘കെ സുധാകരനെ വിളിക്കൂ, കോണ്‍ഗ്രസിനെ രക്ഷിക്കൂ’ എന്ന് മുദ്രാവാക്യം വിളിക്കുകയും ബോര്‍ഡുകള്‍ സ്ഥാപിക്കുകയും വിളിച്ചപ്പോള്‍ പടക്കംപൊട്ടിക്കുകയും ലഡുവിതരണം നടത്തുകയും ചെയ്ത കോണ്‍ഗ്രസുകാര്‍‌ക്കില്ലാതെ പോയി. കെ സുധാകരന്‍ കോണ്‍ഗ്രസിലേക്ക് കെെപിടിച്ചാനയിച്ച് എംഎല്‍എ ആക്കുകയും ബിജെപി ഉപാധ്യക്ഷനാക്കുകയും ചെയ്ത അബ്ദുള്ളക്കുട്ടി എന്ന അവസരവാദി കെ സുധാകരന് ബിജെപിയിലേക്കുള്ള പാലമാണെന്ന് അമിത്ഷാ തിരിച്ചറിയുന്നുണ്ട്. പാര്‍ട്ടിയും ഗ്രൂപ്പും തരാതരംപോലെ മാറുന്നതില്‍ അഗ്രഗണ്യനാണെന്ന് സുധാകരന്‍ മുമ്പേ തെളിയിച്ചിട്ടുമുണ്ട്.

കെപിസിസി അധ്യക്ഷനായ ശേഷവും മാധ്യമ പ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് ബിജെപിയും ആര്‍എസ്എസുമാണ് മുഖ്യശത്രു എന്ന് പറയാന്‍ സുധാകരന്‍ സന്നദ്ധനായതേയില്ല. മുഖ്യശത്രു സിപിഐഎമ്മും ഇടതുപക്ഷവുമാണെന്ന് സുധാകരന്‍ തെല്ലും സങ്കോചമില്ലാതെ ആവര്‍ത്തിച്ചുറപ്പിച്ചു. ന്യൂനപക്ഷ സംരക്ഷണത്തിനു വേണ്ടി അലമുറയിടുന്ന, വര്‍ഗീയ ഫാസിസത്തിനെതിരെ വാചാലരാകുന്ന മുസ്‌ലിം ലീഗും കേരള കോണ്‍ഗ്രസും സുധാകരനെ വാഴ്ത്തിപ്പാടുമ്പോള്‍ അവരുടെ മതനിരപേക്ഷ കാപട്യവും വ്യക്തമാവുകയാണ്. രമേശ് ചെന്നിത്തലയ്ക്കൊപ്പം അവസാന നിമിഷം വരെ നിന്നതിനുശേഷം പിന്നില്‍നിന്ന് കുത്തി പ്രതിപക്ഷ നേതാവായ വി ഡി സതീശനും സുധാകരനെ വാഴ്ത്തി. (ചെന്നിത്തല പണ്ട് കെ കരുണാകരനെ പിന്നില്‍ നിന്ന് കുത്തിയ ചരിത്രമുള്ളതുകൊണ്ട് കാലം ആവര്‍ത്തിക്കപ്പെടുന്നുവെന്ന് കരുതിയാല്‍ മതി) പക്ഷേ പ്രതിപക്ഷ നേതാവായ സതീശന്‍ വര്‍ഗീയതയ്ക്കെതിരായാണ് തന്റെ മുഖ്യപോരാട്ടമെന്നാണ് പ്രഖ്യാപിച്ചത്. സതീശന്‍ വാഴ്ത്തുന്ന സുധാകരന് വര്‍ഗീയത മുഖ്യശത്രുവല്ലതാനും.

തങ്ങള്‍ അധികാരത്തിലെത്തിയാല്‍ ആരാധനാ സംരക്ഷണ സ്വാതന്ത്ര്യത്തിനായി നിയമം കൊണ്ടുവരുമെന്ന് ശബരിമലയെയും അയ്യപ്പനെയും രാഷ്ട്രീയായുധമാക്കുവാന്‍ ‘ഐശ്വര്യ കേരള യാത്ര’യുടെ ഉദ്ഘാടനവേദിയില്‍ പ്രഖ്യാപിച്ചത് ഉമ്മന്‍ചാണ്ടിയാണ്. ജാഥയിലുടനീളം ജാഥാനായകന്‍ രമേശ് ചെന്നിത്തല അത് ആവര്‍ത്തിക്കുകയും ചെയ്തു. ഉദ്ഘാടനവേദിയിലെ സജീവ സാന്നിധ്യമായിരിക്കുകയും ഐശ്വര്യകേരള യാത്രയുടെ കോ-ഓര്‍ഡിനേറ്ററുമായിരുന്ന വി ഡി സതീശന്‍ യുഡിഎഫ് പ്രകടനപത്രികാ സൃഷ്ടാവുമായിരുന്നു. ആ പ്രകടനപത്രികയിലെ വാഗ്ദാനവും ആചാര സംരക്ഷണ നിയമമായിരുന്നു. പക്ഷേ പ്രതിപക്ഷ നേതാവായപ്പോള്‍ നിയമസഭയില്‍ സതീശന്‍ പറഞ്ഞത് താന്‍ നിയമസഭാ സാമാജികനായിരിക്കുമ്പോള്‍ അത്തരമൊരു നിയമം അവതരിപ്പിക്കുവാന്‍ അനുവദിക്കില്ലെന്നാണ്. ഇതാണ് ഇവരുടെ വഞ്ചനയും കാപട്യവും. കെ സുധാകരനാവട്ടെ രാഹുല്‍ഗാന്ധി ശബരിമല സ്ത്രീപ്രവേശനത്തെ അനുകൂലിച്ച ആദ്യഘട്ടത്തില്‍ പോലും ആചാര സംരക്ഷണമുയര്‍ത്തി സംഘപരിവാരത്തിനും മുന്നേ നടന്ന ആളാണ്.

കഠാരമുനകളിലും കെെത്തോക്കുകളിലും ബോംബുകളിലും വിശ്വാസമര്‍പ്പിച്ചിരിക്കുന്ന കോണ്‍ഗ്രസ് നേതാവ് കൂടിയാണ് കെ സുധാകരന്‍. നാല്‍പ്പാടി വാസുവിനെ വെടിവച്ചു കൊന്നതിനുശേഷം തൊട്ടടുത്ത പൊതുയോഗത്തില്‍ കെ സുധാകരന്റെ പ്രസംഗം അക്കാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഞാനൊരു കമ്മ്യൂണിസ്റ്റുകാരനെ കൊന്നതിനുശേഷമാണ് വരുന്നത്, നിങ്ങളും മാര്‍ക്സിസ്റ്റുകാരുടെ കുടല്‍മാലകളെടുത്ത് കൊണ്ടുവന്നാല്‍ ഞാന്‍ പൂമാലയിടും നിങ്ങള്‍ക്ക് എന്നായിരുന്നു ആ കുപ്രസിദ്ധ പ്രസംഗം. ഇ പി ജയരാജനെ രാജധാനി എക്സ്പ്രസില്‍ വച്ച് കൊലപ്പെടുത്തുവാന്‍ നടത്തിയ നീചത്വവും ചരിത്രത്തിന്റെ ഭാഗം.
സ്ത്രീ അധിക്ഷേപവും ജാതീയവും വംശീയവുമായ അവഹേളനവും സുധാകരന്റെ പതിവു ശീലങ്ങളില്‍ ഒഴിവാക്കപ്പെടാത്തതാണ്. പെണ്‍വാണിഭത്തിന്റെയും സ്ത്രീപീഡനത്തിന്റെയും ഇരകളെക്കുറിച്ച് നടത്തിയ മലീമസ, മനുഷ്യത്വരഹിത പ്രയോഗങ്ങള്‍ മലയാളമണ്ണ് മറന്നിട്ടില്ല.

താന്‍ ഗ്രൂപ്പില്ലാത്തവനും കോണ്‍ഗ്രസിനെ ഒറ്റക്കെട്ടായി നയിക്കുവാന്‍ തനിക്കേ കഴിയൂവെന്നുമാണ് സുധാകരന്റെ അവകാശവാദം. കോണ്‍ഗ്രസിനെ ഒറ്റക്കെട്ടായി മുന്നേറ്റി വിജയിച്ച കെപിസിസി അധ്യക്ഷനായി മാറുമെന്നും പറയുമ്പോള്‍ മുന്‍കാല കെപിസിസി അധ്യക്ഷന്‍മാരെ പരാജിതരെന്ന് മുദ്രകുത്തുകയും ചെയ്യുന്നുണ്ട്. ഓട് പൊളിച്ചുവന്നതല്ല താന്‍, ആരും മുകളില്‍ നിന്ന് കെട്ടിയിറക്കിയതല്ല എന്നെ ഈ പ്രയോഗങ്ങള്‍ ആരെയൊക്കെ ഉന്നം വച്ചാണെന്ന് കോണ്‍ഗ്രസുകാര്‍ക്കും കോണ്‍ഗ്രസിതരര്‍ക്കും മനസിലാവും. എന്നും ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെയും കാലുമാറ്റത്തിന്റെയും വക്താക്കളും പ്രയോക്താക്കളുമായിരുന്നു സുധാകരനും അനുയായികളും. 1992ല്‍ കേരള ചരിത്രത്തില്‍ അവസാനമായി നടന്ന കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ എ കെ ആന്റണിയും വയലാര്‍ രവിയും പിസിസി അധ്യക്ഷപദവിയിലേക്ക് മത്സരിക്കുന്നതിന് മുന്നോടിയായി നടന്ന ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ ഗുണ്ടാപ്പടയുടെ തേരോട്ടത്തിലൂടെ അധ്യക്ഷനായ ആളാണ് കെ സുധാകരന്‍. 1996ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരിലെ കോണ്‍ഗ്രസിലെ തലതൊട്ടപ്പനും കരുണാകര ഗ്രൂപ്പിന്റെ ശക്തനായ വക്താവും 1991ലെ കരുണാകര മന്ത്രിസഭയില്‍ തൊഴില്‍ മന്ത്രിയുമായിരുന്ന എന്‍ രാമകൃഷ്ണനെ പുറന്തള്ളി കരുണാകര ഗ്രൂപ്പിന്റെ വക്താവായി കണ്ണൂരില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചു ജയിച്ച ആളാണ് സുധാകരന്‍. അതേ എന്‍ രാമകൃഷ്ണനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കുകയും ചെയ്തത് സുധാകരന്‍ തന്നെ. ഡിസിസി അധ്യക്ഷനായിരുന്ന പി രാമകൃഷ്ണനെ രാമകൃഷ്ണന്‍പോലും അറിയാതെ അധ്യക്ഷ പദവിയില്‍ നിന്ന് പുറത്താക്കി ജില്ലാ കോണ്‍ഗ്രസ് ഓഫീസിന്റെ മതിലിനു പുറത്തു നിര്‍ത്തിയതും സുധാകരന്‍ തന്നെ. മുല്ലപ്പള്ളി രാമചന്ദ്രനെ ഒരു ലോക്‌സഭാ തെരഞ്ഞെടുപ്പുക്കാലത്ത് ഒരു വീട്ടിനുള്ളില്‍ ബന്ദിയാക്കിയതും ഇതേ സുധാകരന്‍ തന്നെ.

തെരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്നാണ് ചെന്നിത്തലയുടെയും മുല്ലപ്പള്ളിയുടെയും തല തെറിപ്പിച്ചത്. പക്ഷേ സ്വന്തം തട്ടകമായ കണ്ണൂരില്‍ യുഡിഎഫിന് സിറ്റിംഗ് സീറ്റുകളിലുള്‍പ്പെടെ ദയനീയ പരാജയം സമ്മാനിച്ച ഒരു സംഘപരിവാര ദാസന് എങ്ങനെ കോണ്‍ഗ്രസിനെ രക്ഷിക്കാനാവും? 74കാരനില്‍ നിന്ന് 73 കാരനിലേക്ക് അധ്യക്ഷപദവി കെെമാറുന്ന തലമുറമാറ്റത്തില്‍ തന്നെയുണ്ട് അപഹാസ്യ ഫലിതശ്രേണുക്കള്‍. തോല്‍ക്കുമ്പോള്‍ നേതൃപദവി കസേരകള്‍ തെറിപ്പിച്ചതുകൊണ്ട് കാര്യമില്ല. നയങ്ങളും ജനദ്രോഹ, മതനിരപേക്ഷ വിരുദ്ധ നിലപാടുകളും തിരുത്തുകയാണ് വേണ്ടതെന്ന യാഥാര്‍ത്ഥ്യം ഇനിയും കോണ്‍ഗ്രസിന് മനസിലായിട്ടില്ല.

കുഴല്‍പ്പണക്കടത്തിലും മുന്നണി സ്ഥാനാര്‍ത്ഥിയാകുവാനും സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കുവാനും കോടികള്‍ ഒഴുക്കിയവര്‍ക്കെതിരെ കെ സുധാകരന്‍ ഒരക്ഷരം ഉരിയാടിയിട്ടില്ല. അതിന്റെ അധ്യക്ഷന്‍ കെ സുരേന്ദ്രനാണ്. പ്രതികരിക്കാത്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ സുധാകരനും ഇരുവരും കെ എസ് എന്നാണ് അനുയായികളാല്‍ വിളിക്കപ്പെടുന്നതുപോലും. കെ എസുമാരാല്‍ രണ്ടു കൂട്ടര്‍ക്കും ഉന്മൂലനം സാധ്യമാവും.
മാധവിക്കുട്ടി ‘ഇന്നത്തേയ്ക്ക് ഒരു ഗാനം’ എന്ന കവിതയില്‍ എഴുതിയതുപോലെ.
‘പ്ലാസ്റ്റിക് പോലെ തന്നെ
തിന്മയെ ഒരിക്കലും നശിപ്പിക്കുവാനാവുകയില്ലല്ലോ.’ എന്ന വരികള്‍ ഇക്കൂട്ടരുടെ കാര്യത്തിലെങ്കിലും ഫലിക്കാതിരിക്കട്ടെ.