ദേവിക

വാതിൽപ്പഴുതിലൂടെ

April 06, 2021, 5:32 am

സ്വപ്ന മന്ത്രിസഭയുമായി യുഡിഎഫ്

Janayugom Online

ഇന്ന് മലയാളക്കരയുടെ വിധിയെഴുത്ത്. സര്‍വേകള്‍ എന്ന തരികിട പ്രവചനങ്ങളുടെ പിന്തുണയൊന്നുമില്ലാതെ തന്നെ ജനമനസുകളില്‍ തുടര്‍ഭരണത്തിനനുകൂലമായ ജനഹിതം കുറിച്ചു കഴിഞ്ഞു. പക്ഷെ യുഡിഎഫിന്റെ സ്വപ്നമന്ത്രിസഭ രൂപീകരിച്ചു. ധനമന്ത്രി വി ഡി സതീശന്‍, ആരോഗ്യ മന്ത്രി ഡോ. എസ് എസ് ലാല്‍, വ്യവസായ മന്ത്രി ഡോ. മാത്യു കുഴല്‍ നാടന്‍, റവന്യൂ മന്ത്രി ബിന്ദു കൃഷ്ണ, ആദിവാസി ക്ഷേമമന്ത്രി പി കെ ജയലക്ഷ്മി എന്നിങ്ങനെ പോകുന്നു മന്ത്രിമാരുടെ പേരുകള്‍. ഇപ്രകാരം മന്ത്രിസ്ഥാനം പകല്‍ക്കിനാവു കാണുന്നവര്‍ പ്രചാരണ വാഹനങ്ങളില്‍ത്തന്നെ തങ്ങളുടെ ഭാവി വകുപ്പുകള്‍ മൈക്കുവച്ച് പ്രഖ്യാപിച്ച് നാട്ടാര്‍ക്കു ചിരിയരങ്ങൊരുക്കുന്നു. സ്വയംപ്രഖ്യാപിത മന്ത്രിമാര്‍ എല്ലാ മണ്ഡലങ്ങളിലും യുഡിഎഫിനുണ്ടെങ്കിലും സ്വപ്നമന്ത്രിസഭയ്ക്ക് മുഖ്യമന്ത്രി മാത്രമില്ല. ഉമ്മന്‍ചാണ്ടിയോ രമേശോ മുരളിയോ താനാണ് അടുത്ത മുഖ്യമന്ത്രിയെന്ന് ഒന്നു പ്രഖ്യാപിക്കട്ടെ. അപ്പോള്‍ കാണാം മാലോകര്‍ക്ക് ടിക്കറ്റെടുക്കാതെ ഒരു കുരുക്ഷേത്ര യുദ്ധം. 

കനിമൊഴി ദ്രാവിഡ രാഷ്ട്രീയത്തിന്റെ മുത്താണ്. അന്തരിച്ച മുന്‍ മുഖ്യമന്ത്രി എം കരുണാനിധിയുടെ വത്സലപുത്രി. കവയിത്രി കൂടിയായ പാര്‍ലമെന്റംഗം. കനിമൊഴിയുടെ മൊഴിമുത്തുകള്‍ തമിഴകം മരതകമണികള്‍ പോലെ സൂക്ഷിക്കുന്നു. ‘സത്യം അക്ഷര സംയുക്തം’ എന്ന പോലെ സത്യകഥനമേ കനിമൊഴിയില്‍ നിന്നുണ്ടാകൂ. തമിഴകത്ത് സഹോദരന്‍ എം കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ മുന്നണിയിലെ സഖ്യകക്ഷിയാണ് കോണ്‍ഗ്രസ്. കഴിഞ്ഞ ദിവസം കേരളത്തിലെ ചില മാധ്യമ പ്രവര്‍ത്തകര്‍ കനിമൊഴിയെ കണ്ടു ചോദിച്ചു; ഇത്തവണ സഖ്യത്തില്‍ കോണ്‍ഗ്രസിന്റെ സീറ്റുകള്‍ പകുതിയായി കുറച്ചതിനെന്താ കാരണം. പുരാണത്തിലെ മധുരമീനാക്ഷിയമ്മനെപ്പോലെ കനിമൊഴി പൊട്ടിത്തെറിച്ചു. ‘നീങ്കള്‍ പോണ്ടിച്ചേരി പാത്താച്ചാ, കര്‍ണാടകപാത്താച്ചാ, മധ്യപ്രദേശ് പാത്താച്ചാ, ഗോവാ പാത്താച്ചാ’ കോണ്‍ഗ്രസിനു കൂടുതല്‍ സീറ്റുകള്‍ നല്കിയാല്‍ ജയിച്ചു കയറുമ്പോള്‍ പിറ്റേന്ന് അവര്‍ ‘ഫോര്‍സെയില്‍’ എന്ന ബോര്‍ഡെഴുതി വയ്ക്കും. ബിജെപിക്കാര്‍ അവരെ വിലയ്ക്കുവാങ്ങിക്കൊണ്ടു പോകുകയും ചെയ്യും. എംഎല്‍എ കച്ചവടത്തിന് ഞങ്ങളുടെ കയ്യില്‍ സീറ്റില്ല. എന്തായാലും ദാനം നല്കിയ ശേഷം തോളില്‍ കയറിയിരുന്നു കോണ്‍ഗ്രസിന്റെ കരണത്തിട്ട് ഒരടി വേണ്ടായിരുന്നു!

ഒന്നും പറയാനില്ലെങ്കില്‍ ബ്രിട്ടീഷുകാര്‍ കാലാവസ്ഥയെക്കുറിച്ചു പറയുകയാണ് അവരുടെ ഒരു ശീലം. എന്തൊരുഷ്ണം, ഹോ തണുപ്പു സഹിക്കാനാവുന്നില്ല, വസന്തമായെന്നു തോന്നുന്നു പൂമരങ്ങള്‍ മൊട്ടിട്ടു തുടങ്ങി എന്നിങ്ങനെ കാലാവസ്ഥാ വര്‍ണന. കേരളത്തിലാകട്ടെ തെരഞ്ഞെടുപ്പിന്റെ തലേന്നാള്‍ ആകുന്നതിനു മുമ്പുതന്നെ ഒരു വിഷയം പുറത്തു ചാടും. സ്വര്‍ണക്കടത്തും ഡോളര്‍ കടത്തും ലൈഫും ഡത്തുമൊന്നുമേശാതെ ആഴക്കടലില്‍ മുങ്ങിത്താഴുമ്പോള്‍ കിട്ടുന്ന പിടിവള്ളിയാണ് മദ്യം. വോട്ടര്‍മാര്‍ക്കു മദ്യം നല്കി സ്വാധീനിക്കുന്നുവെന്ന് ഇന്നലെ ചവറയില്‍ നിന്നും ഷിബു ബേബിജോണിന്റെ ആരോപണം ഉയര്‍ന്നു. എതിര്‍സ്ഥാനാര്‍ത്ഥി വോട്ടര്‍മാര്‍ക്ക് കുറിപ്പടി നല്കി മദ്യം സൗജന്യമായി നല്കുന്നുവത്രേ. കയ്യിലുള്ള കുറിപ്പടിയുടെ ചിത്രമടക്കം പോസ്റ്റു ചെയ്യുകയും ചെയ്തിരിക്കുന്നു. പാവം ഷിബുവിന് ബാറുകളിലെ ഇടപാടുകളെക്കുറിച്ച് വലിയ ഗ്രാഹ്യമില്ലെന്നു തോന്നുന്നു. വെള്ളമടിക്കാനെത്തുന്നവര്‍ തങ്ങള്‍ക്കാവശ്യമുള്ള മദ്യത്തിന്റെ വില നല്കി രസീതു വാങ്ങി കൗണ്ടറില്‍ ഹാജരാക്കിയാലേ മദ്യം നല്കു. ഈ രസീതിനെ സൗജന്യ കുറിപ്പടിയായി വ്യാഖ്യാനിച്ചു കളഞ്ഞാലോ. കുഞ്ഞുങ്ങള്‍ക്ക് അരി മേടിക്കാനുള്ള കാശുകൊടുത്ത് രസീത് വാങ്ങി കുടിച്ചു പൂസാവുന്നതും ഇരട്ടവോട്ടു പോലെ സൗജന്യ മദ്യവിതരണമാകുമോ. മത്സ്യവ്യവസായിയായ ഷിബു ബേബിജോണിനു വേണമെങ്കില്‍ തിരിച്ചടിക്കാം. സൗജന്യമായി മീന്‍നല്കി വോട്ടു പിടിക്കാം. മദ്യത്തിന് വോട്ട് എന്ന പോലെ മീനിന് വോട്ട് എന്ന് മുദ്രാവാക്യവും വിളിക്കാം. 

നമ്മുടെ ചാനല്‍ ഗജകേസരികളുടെ കാര്യമാണ് പരമദയനീയം. പിണറായി സര്‍ക്കാരിനെ നഖശിഖാന്തം എതിര്‍ക്കുന്ന ‘മനോരമ’യടക്കമുള്ള ചാനലുകള്‍ നടത്തിയ സര്‍വേകളില്‍ ജനഹിതം ഇടതുമുന്നണിക്ക് അനുകൂലമായിരുന്നു. 92 സീറ്റുകള്‍ വരെ മുന്നണി നേടുമെന്നായിരുന്നു മിക്ക പ്രവചനങ്ങളും. പ്രതിപക്ഷമാകെ സര്‍വേകള്‍ക്കെതിരേ കുരച്ചു ചാടി. എന്നിട്ടും ചാനലുകള്‍ക്ക് ഒരു കുലുക്കവുമില്ല. ഇതിനിടെയാണ് ഒരു കുഞ്ഞന്‍ യുട്യൂബ് ചാനലിന്റെ രംഗപ്രവേശം. കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ കേന്ദ്രത്തിനു സമര്‍പ്പിച്ച രഹസ്യ റിപ്പോര്‍ട്ടില്‍ യുഡിഎഫിന് 92 മുതല്‍ 100 വരെ സീറ്റുകള്‍ ലഭിക്കുമെന്ന വെളിപ്പെടുത്തലുണ്ടെന്ന് ചെറുചാനല്‍ക്കിളി പാടി. ബിജെപിക്ക് ഏഴു സീറ്റുകള്‍ വരെ. അല്ലറചില്ലറ സീറ്റുകള്‍ എല്‍ഡിഎഫിനും! സംസ്ഥാന പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗവും സമാനമായ റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചതെന്ന് ഒരു അനുബന്ധവും. 

ഇതോടെ നമ്മുടെ ചാനലുകള്‍ ചുവടുമാറ്റി. ‘നേരോടെ, നിര്‍ഭയം’ പറഞ്ഞവരെല്ലാം ചുവടു മാറ്റി. തെരഞ്ഞെടുപ്പ് അടുത്തതോടെ കളമാകെ മാറുന്നു. ഫലപ്രവചനം അസാധ്യമായ വിധം എഴുപതോളം സീറ്റുകളില്‍ ഇഞ്ചോടിഞ്ച് പോരാട്ടം, ആര്‍ക്കു ഭൂരിപക്ഷം ലഭിക്കുമെന്നു പ്രവചിക്കാനാവാത്ത അവസ്ഥ എന്ന ആശങ്കാജനകമായ റിപ്പോര്‍ട്ടുകള്‍ ചാനലുകളിലെല്ലാം തത്തിക്കളിക്കുന്നു. ഗോലിയാത്തു ചാനലുകളെ ഒന്നിച്ച് അടിച്ചു നിരപ്പാക്കാന്‍ ഒരു ദാവീദ് കുഞ്ഞന്‍ ചാനലിനായതാണ് ഈ തെരഞ്ഞെടുപ്പിലെ മഹാ കൗതുകം. വി ആര്‍ മുരുഗദാസന്‍ കുട്ടി എന്ന ഒരു ജ്യോത്സ്യന്‍ വാര്‍ത്താ സമ്മേളനം വിളിച്ചുകൂട്ടി. കവടിനിരത്തി പിണറായിയും ഉമ്മന്‍ചാണ്ടിയും മുഖ്യമന്ത്രിമാരാവും, വേണമെങ്കില്‍ ബിജെപി മുഖ്യമന്ത്രിയും വരാം എന്നു പറഞ്ഞ പോലെ കുഞ്ഞന്‍ ചാനല്‍ പറഞ്ഞതും വമ്പന്‍ ചാനലുകള്‍ക്കു വിഷയമാവുന്ന കാലം!