October 6, 2022 Thursday

വാറ്റുചാരായം വിളമ്പാന്‍ ശ്രീകൃഷ്ണനെത്തി!

ദേവിക
വാതിൽപ്പഴുതിലൂടെ
January 24, 2022 7:00 am

‘ധര്‍മ്മസ്ഥാപനാര്‍ത്ഥായാ സംഭാവാമി യുഗേ യുഗേ’ എന്നല്ലേ പ്രമാണം. അധര്‍മ്മത്തിനെതിരെ സത്യംകൊണ്ട് അടരാടി ജയിക്കാനാണ് യുഗങ്ങള്‍തോറുമുള്ള അവതാരപ്പിറവികളെന്നു സാരം. മത്സ്യം, കൂര്‍മ്മം എന്നിങ്ങനെ പത്ത് അവതാരങ്ങളെ അതിനല്ലേ പടച്ചതമ്പുരാന്‍ പടച്ചിറക്കിയത്. പത്താമത്തെ കലി അവതാരവുമെത്തി ഇനിയെന്തെന്ന് നാം ഖിന്നരായിരിക്കുമ്പോള്‍ ഇതു നമുക്കൊരു തിരുഅവതാരപ്പിറവി. പുത്തന്‍ അവതാരം പിറന്ന കാര്യം വെളിപ്പെടുത്തിയത് മധ്യപ്രദേശിലെ ബിജെപി മന്ത്രി കമല്‍ പട്ടേല്‍. വിശ്വഗുരുവായ സാക്ഷാല്‍ കൃഷ്ണാവതാരമാണത്രേ പ്രധാനമന്ത്രി മോഡി ഭഗവാന്‍. ആനന്ദലബ്ധിക്കിനിയെന്തുവേണം എന്നു ചോദിച്ചാല്‍ ആനന്ദലബ്ധിക്കിനി വാറ്റുചാരായം എന്നും മന്ത്രി മറുപടി തരും. അവതാരപ്പിറവി ഫലം കണ്ടുതുടങ്ങിയെന്നു തോന്നുന്നു. ഇനി അവതാര നാട്ടില്‍ വില കുറച്ച് വാറ്റുചാരായം വിളമ്പും. കാശുള്ളവര്‍ക്ക് വിദേശമദ്യവുമാകാം. സൂപ്പര്‍മാര്‍ക്കറ്റുകള്‍ മുതല്‍ തട്ടുകടകള്‍ വരെ ചാരായഷാപ്പുകളാകും. തൊട്ടുകൂട്ടാന്‍ മത്സ്യമൊ, കൂര്‍മ്മമൊ (ആമയിറച്ചി), വരാഹമോ (പന്നിയിറച്ചി) മാത്രം ചോദിക്കരുത്. കാരണം അവയെല്ലാം അവതാരങ്ങളാണല്ലൊ. അവതാരമായി മോഡി ഭഗവാന്‍ അവതരിച്ച കാലത്ത് മോഡിയിറച്ചി വേണമെന്നെങ്ങാനും കുടിയന്മാര്‍ ചോദിച്ചുകളഞ്ഞാലോ എന്നോര്‍ത്തുള്ള കരുതലും ജാഗ്രതയും. അങ്ങനെ സര്‍വവ്യാപിയും രൂപിയുമായ മോഡി ഭഗവാന്‍ നമുക്കൊക്കെ വാറ്റുചാരായവും മുട്ടയും വിളമ്പുന്ന മോഡിയുഗം കലിയുഗത്തില്‍ നുഴഞ്ഞുകയറിയിരിക്കുന്നു. നമ്മളൊക്കെ എത്ര സൗഭാഗ്യവാന്മാരാണ്.

 


ഇതുംകൂടി വായിക്കാം;ജനാധിപത്യം പ്രതിസന്ധിയിൽ


 

ഓരോന്നിനും ഓരോ നേരോം കാലോമൊക്കെയുണ്ടെന്നാണല്ലൊ നമ്മുടെ മഞ്ജുവാര്യര്‍ പറയാറ്. മരണത്തിനും കല്യാണത്തിനുമൊക്കെ ഇങ്ങനെ നേരോം കാലോമുണ്ട്. കുറേ വര്‍ഷങ്ങള്‍ക്കു മുമ്പാണ്. ആലുവയിലെ ഒരു പ്രമുഖ വസ്ത്രവ്യാപാരിക്ക് ഒരപകടത്തില്‍ പരിക്കുപറ്റി. മുഖത്ത് ഒരു കറുത്ത പാടായി മാറി മുറിവ്. സുന്ദരനായ ടെക്സ്റ്റെെല്‍ മുതലാളിക്കു താങ്ങാവുന്നതിലപ്പുറമുള്ള പാട്. ബംഗളൂരുവില്‍ ഈ പാടുമാറ്റുന്ന ശസ്ത്രക്രിയയ്ക്കായി കഥാപുരുഷന്‍ നാലഞ്ചു സുഹൃത്തുക്കളുമൊപ്പം യാത്ര തിരിച്ചു. വഴിമധ്യേ അപകടത്തില്‍പ്പെട്ട് എല്ലാപേരും മയ്യത്തായി. മുതലാളിയുടെ മുഖത്തെ പാടും പോയി. അതാണ് പറയുന്നത് മരണത്തിനും ഒരു കാലോം നേരവുമുണ്ടെന്ന്. കഴിഞ്ഞ ദിവസം പറവൂരില്‍ രാജന്‍ എന്ന അറുപതുകാരന്‍ മരിച്ചു. ഒന്‍പത് മാസം മുമ്പ് ഒരു വന്‍ ആല്‍മരം കടപുഴകി വീണപ്പോള്‍ അതിനു ചുവട്ടിലിരുന്ന രാജന്‍ അത്ഭുതകരമായി രക്ഷപ്പെട്ടത് വന്‍ വാര്‍ത്തയായി. രാജന്റെ ഭാഗ്യംകൊണ്ട് സംഭവം ചാനല്‍ ചര്‍ച്ചയായില്ല. കഴിഞ്ഞ ദിവസം രാജന്‍ മരിച്ചത് കൃശഗാത്രനായ ഒരു കമുകുമരം പിഴുതുവീണപ്പോള്‍. ഇതിനൊക്കെ ഒരു നേരോം കാലോം ഉണ്ടെന്ന് ഇപ്പോള്‍ മനസിലായില്ലേ. കല്യാണത്തിനും ഈ സ്ഥലകാലസമ്മിളിത സിദ്ധാന്തം ബാധകം. ഓര്‍മ്മയില്ലേ അനുപമ-അജിത്തുമാരെ. സുഹൃത്തിന്റെ ഭാര്യയെ അടിച്ചുമാറ്റി വിവാഹം കഴിച്ച അജിത്ത് ആ വിവാഹബന്ധം വലിച്ചെറിഞ്ഞ് ഒരു രാഷ്ട്രീയ നേതാവിന്റെ മകളായ കനുപമയെ കൂടെ കൂട്ടി. ഗര്‍ഭിണിയാക്കി പ്രസവിക്കുകയും ചെയ്തു. ശിശുക്ഷേമ സമിതി ആ കുഞ്ഞിനെ ആന്ധ്രയിലെ അധ്യാപകദമ്പതികള്‍ക്കു ദത്തു നല്കിയതോടെ അനുപമയും അജിത്തും ചേര്‍ന്ന് തലസ്ഥാനത്ത് മാറി മാറി തമ്പടിച്ച് സമര പരമ്പരകള്‍ തന്നെ നടത്തി. നില്പുസമരം, കിടപ്പുസമരം, കാറിന്റെ ഡിക്കിയിലിരുന്നു സമരം ഇത്യാദി നമ്പരുകള്‍. ഒടുവില്‍ കോടതി ഇടപെട്ട് കുഞ്ഞിനെ അനുപമ-അജിത്തുമാരെ ഏല്പിച്ചു. ഈ ദമ്പതിമാര്‍ക്ക് കുഞ്ഞിനെ തിരിച്ചുകിട്ടിയ സായൂജ്യ മുഹൂര്‍ത്തമിതാ’ എന്ന് മാധ്യമങ്ങള്‍ കൊണ്ടാടി. കഴിഞ്ഞ ദിവസം ഈ ‘ദമ്പതിമാര്‍’ വെളിപ്പെടുത്തി; ഞങ്ങള്‍ നിയമാനുസരണം സബ് രജിസ്ട്രാര്‍ കച്ചേരിയില്‍ വിവാഹിതരായെന്ന്. ദമ്പതിമാര്‍ വിവാഹിതരാവുമോ. ഇന്നലെ ഇതാ മറ്റൊരു വാര്‍ത്ത വരുന്നു. ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ദാ ആര്‍ഡേണ്‍ പറയുന്ന ഒമിക്രോണ്‍ പശ്ചാത്തലത്തില്‍ തന്റെ വിവാഹം മാറ്റിവച്ചുവെന്ന്. ഇതു കേട്ടപ്പോള്‍ ‘മാന്‍പേടയില്‍ നിന്നു മുനികന്യകയഭ്യസിച്ചോ, മാന്‍പേട തന്നെ മുനികന്യയോടഭ്യസിച്ചേ’ എന്ന കാളിദാസവചനമാണ് ഓര്‍ത്തുപോയത്. ജസീന്ദയെ കല്യാണം പഠിപ്പിച്ചത് അനുപമയോ അതോ അനുപമയെ കല്യാണം അഭ്യസിപ്പിച്ചത് ജസീന്ദയൊ എന്നൊരു സന്ദേഹം. നാല്പത്തൊന്നാം വയസിന്റെ നിറവില്‍ ഇത്രയും കാലം ജസീന്ദ പുര നിറഞ്ഞു മോന്തായവും തകര്‍ത്തു നില്‍ക്കുകയായിരുന്നില്ല. ടെലിവിഷന്‍ അവതാരകനായ ക്ലാര്‍ക്ക് ഗേഫോര്‍ഡുമൊത്തായിരുന്നു വര്‍ഷങ്ങളായി പൊറുതി. ‘സമയമായില്ല പോലും ക്ഷമയെന്റെ ഹൃദയത്തില്‍ ഒഴിഞ്ഞു തോഴീ’ എന്ന് ഗേഫോര്‍ഡ് അക്ഷമനായി പാടിയുമില്ല.  കാരണം അവര്‍ക്കു മൂന്ന് വയസായ ഒരു മകളുണ്ട്. അജിത്-അനുപമമാരെപ്പോലെ. ഇനി ഒരു കല്യാണച്ചടങ്ങ്. അത് ഒമിക്രോണ്‍ ഒന്നു കഴിഞ്ഞോട്ടെ. അപ്പോഴല്ലേ നേരോം കാലവുമാകൂ.

 


ഇതുംകൂടി വായിക്കാം; അധികാര കേന്ദ്രീകരണത്തിന് ഉദ്യോഗസ്ഥരെ ആജ്ഞാനുവര്‍ത്തികളാക്കുന്നു


 

മലയാള സിനിമയുടെ ഗന്ധര്‍വഗീതമായിരുന്ന പി പത്മരാജന്റെ ഓര്‍മ്മകള്‍ക്ക് ഇന്നലെ മുപ്പതാണ്ട്. ‘ഞാന്‍ ഗന്ധര്‍വന്‍’ സിനിമയുടെ വന്‍ വിജയവുമായി ബന്ധപ്പെട്ട ചടങ്ങില്‍ കോഴിക്കോട്ടെത്തുമ്പോഴായിരുന്നു മരണം ആ മഹാ സിനിമാ, നാടക, സാഹിത്യ പ്രതിഭയെ കവര്‍ന്നെടുത്തത്. ആ മഹാവിയോഗത്തിന്റെ മുപ്പതാം പിറന്നാളില്‍ ഇന്നലെ വന്ന ഒരു വാര്‍ത്ത നമ്മെ അലോസരപ്പെടുത്തുന്നു. ഞാന്‍ ഗന്ധര്‍വനില്‍ ഗന്ധര്‍വനായി വേഷമിട്ട നിധീഷ് ഭരദ്വാജ് തന്റെ രണ്ടാമത്തെ വിവാഹബന്ധം വേര്‍പെടുത്തിയിരിക്കുന്നു. അന്‍പത്തെട്ടുകാരനായ നിധീഷിന്റെ ആദ്യ ഭാര്യയായ മോനിഷയില്‍ രണ്ടും രണ്ടാം ഭാര്യ ഐഎഎസുകാരിയായ സ്മിതയില്‍ രണ്ട് മക്കളും. പ്രശസ്തമായ മഹാഭാരതം സീരിയലില്‍ ശ്രീകൃഷ്ണന്റെ വേഷമിട്ട അദ്ദേഹം ബിജെപി നേതാവും മുന്‍ ലോക്‌സഭാംഗവുമാണ്. അണിഞ്ഞ വേഷത്തിനൊപ്പമായിരിക്കണമല്ലൊ ജീവിതവും. ശ്രീകൃഷ്ണന് പതിനാറായിരത്തെട്ടു ഭാര്യമാരുണ്ടായിരുന്നുവെന്നല്ലേ പുരാണം. പിന്നെ കൃഷ്ണനാട്ടം നടത്തിയ നിധീഷിനെന്തായിക്കൂട. പ്രായം ഇത്രയല്ലേയായുള്ളു. കല്യാണരാമനായി ശ്രീകൃഷ്ണനെ കടത്തിവെട്ടാന്‍ മോഡി ഭഗവാന്‍ അനുഗ്രഹിക്കട്ടെ ധീരജിനെ എന്നു നമുക്ക് പ്രാര്‍ത്ഥിക്കാം. ഒപ്പം പത്മരാജന് ഉള്ളുനിറഞ്ഞ ആദരാഞ്ജലിയുടെ അരളിപ്പൂക്കളും.  കൊലയാളികള്‍ക്കും ഗുണ്ടാത്തലവന്മാര്‍ക്കും ആരാണ് പേരിടുന്നത്. മാതാപിതാക്കളല്ലെന്നു തീര്‍ച്ച. ഈയിടെ നടന്ന കോട്ടയത്തെ ഷാന്‍ബാബു കൊലക്കേസില്‍ ഷാനിന്റെ മൃതദേഹം തോളിലേന്തി പൊലീസ് സ്റ്റേഷനില്‍ കൊണ്ടുവന്നു തള്ളിയ ജോമോനോടൊപ്പം അറസ്റ്റിലായ കൂട്ടുപ്രതിയുടെ പേര് പുല്‍ച്ചാടി ലുതീഷ്. തലസ്ഥാന ജില്ലയില്‍ പോത്തന്‍കോട് ഒരു ഗുണ്ടാത്തലവനെ വെട്ടി കട്ലറ്റ് പരുവമാക്കിയിട്ട് വെട്ടിയെടുത്ത കാല്‍ റോഡിലെറിഞ്ഞു കളിച്ച ഗുണ്ടാനേതാവിന്റെ പേര് ഒട്ടകം സുരേഷ്. തലസ്ഥാനത്ത് വാണരുളിയവര്‍ പരുന്ത് നസീര്‍, വയറന്‍ സെല്‍വന്‍, അമ്മയ്ക്കൊരു മോന്‍ ഷാജി, ആനറാഞ്ചി അയ്യപ്പന്‍ എന്നിങ്ങനെ. വെെക്കം മുഹമ്മദു ബഷീര്‍, വെെക്കം ചന്ദ്രശേഖരന്‍ നായര്‍ എന്നിവരെപ്പോലെ സ്ഥലപ്പേര് ഗുണ്ടാപേരിനൊപ്പം ചേര്‍ത്തുനടക്കുന്ന തമ്മനം ഷാജി, പുത്തന്‍പാലം സുരേഷ്, ഗുണ്ടുകാട് ഷാജി ഇത്യാദി ഗുണ്ടകള്‍ വേറെ. എന്തേയിങ്ങനെ ഈ പേരുകള്‍ എന്ന് എസ്‌പിമാരും പ്രശസ്ത കുറ്റാന്വേഷകരുമായിരുന്ന എം പി ബാലകൃഷ്ണനോടും ജോര്‍ജ്ജ് ജോസഫിനോടും ഒരിക്കല്‍ ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി രസകരമായിരുന്നു. കുറ്റകൃത്യം നടത്താനുള്ള വെെഭവം, ശരീരപ്രകൃതി, കുടുംബ പശ്ചാത്തലം എന്നിങ്ങനെയാണ് കുറ്റവാളികള്‍ക്ക് പൊലീസ് നാമകരണച്ചടങ്ങ് നടത്തുന്നതത്രേ. നല്ല കാഴ്ചശക്തിയില്ലാത്ത ഒരു ഗുണ്ടയ്ക്ക് പൊലീസ് ഒരു കണ്ണ് ദാനം ചെയ്തിട്ടുണ്ട്. ഒറ്റക്കണ്ണന്‍ സൂരജ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.