25 April 2024, Thursday

വാവയെ വിളിക്കൂ,അനന്തപുരിയെ രക്ഷിക്കൂ!

വാതിൽപ്പഴുതിലൂടെ
ദേവിക
May 2, 2022 7:00 am

കുറേനാള്‍ മുമ്പാണ്. അനന്തപുരിയിലെ ഒരു നക്ഷത്രഹോട്ടലില്‍ കയറിയ ഒരു യുവാവ് റിസപ്ഷനിസ്റ്റിനെ ക്രൂരമായി കഴുത്തറുത്തുകൊന്നു. വൈകാതെ പൊലീസ് പൊക്കിയപ്പോള്‍ അയാള്‍ കൂള്‍ കൂളായി കൊലയ്ക്ക് കാരണം പറഞ്ഞു. ‘ഇങ്ങനെയൊക്കെ അങ്ങു ജീവിച്ചാല്‍ മതിയോ സാറേ. ഞാനും ഒരു ഗുണ്ടയാണെന്ന് നാലു നാട്ടാരറിയേണ്ടേ!’ എന്തായാലും അവന്റെ തലവിധി അതായിരുന്നു. വരാനുള്ളത് വഴിയില്‍ തങ്ങില്ലല്ലോ. ഇതുപോലെയാണ് നമ്മുടെ പ്ലാത്തോട്ടം ചാക്കോ ജോര്‍ജ് എന്ന പി സി ജോര്‍ജിന്റെയും കാര്യം. ആരായിരുന്നു പി സി? പതിറ്റാണ്ടുകളോളം പൂഞ്ഞാറിലെ തിരുമുടിചൂടാമന്നനായി വിളങ്ങി. എംഎല്‍എ, ചീഫ് വിപ്പ്, കരാട്ടേ വീരന്‍, വാള്‍പ്പയറ്റ് ധീരന്‍, വെടിവയ്പില്‍ ശിങ്കിടിമുങ്കന്‍, പൂഞ്ഞാര്‍ തനിക്ക് തീറെഴുതിത്തന്ന തട്ടകമെന്നു കരുതി വിരാജിച്ചുകഴിഞ്ഞ പിസിയെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജനം കുട്ടകത്തിലാക്കി. പിന്നെയും നിശബ്ദനായില്ല. ഫോണ്‍ ചെയ്ത് എന്തുപറ്റി പി സി സാറേ എന്നു ചോദിച്ച അഭ്യുദയകാംക്ഷികളെപ്പോലും തള്ളയ്ക്കും തന്തയ്ക്കും തെറിവിളിച്ചു കുളിപ്പിച്ചു. പിന്നെയങ്ങോട്ട് നിശബ്ദനായി. ഇങ്ങനെയൊരു കഥാപാത്രം മരിച്ചോ ജീവിച്ചിരിപ്പുണ്ടോ എന്ന് ഭൂമിമലയാളത്തില്‍ ആരും തിരക്കാതായി. മകന്‍ ഷോണ്‍ ജോര്‍ജ് കഴിഞ്ഞദിവസം ഉറക്കമെണീറ്റപാടേ പി സിയോട് ചോദിച്ചു; ‘പപ്പാ ഇങ്ങനെയങ്ങ് ഒതുങ്ങിക്കൂടിയാല്‍ മതിയോ.’ മോനേ ഷോണേ ഞാനും അതാലോചിക്കുകയാ. വരട്ടെ, ഒരൊറ്റ കീച്ചു കീച്ചുന്നുണ്ട്. നാക്കിലിരിപ്പ് ജന്മനാവശപ്പിശകായ ജോര്‍ജിനെ ആരെങ്കിലും കീച്ചും പേച്ചും പഠിപ്പിക്കണമോ.


ഇതുകൂടി വായിക്കാം; കേന്ദ്ര സർക്കാരിന്റെ വിലസൂചികകൾ വിശ്വസനീയമല്ല


 

 

അങ്ങനെ ചിന്താമഗ്നനായിരിക്കുമ്പോഴാണ് തലസ്ഥാനത്തുനിന്നും സംഘപരിവാറിന്റെ വിളിവന്നത്, അനന്തപുരി ഹിന്ദു സംഗമത്തില്‍ പ്രഭാഷകനാവാന്‍. ആനന്ദലബ്ധിക്കിനിയെന്തു വേണം. പ്രസംഗത്തിലെ ഓരോവാക്കിലും മുസ്‌ലിം വിദ്വേഷത്തിന്റെ വിഷം ചീറ്റി. തന്റെ മണ്ഡലത്തിലെ ഈരാറ്റുപേട്ടയില്‍ ചെന്ന് മുസ്‌ലിം വിരുദ്ധത വിളമ്പി പടുതോല്‍വി ഏറ്റുവാങ്ങിയതിന്റെ രോഷം തീര്‍ക്കാനുള്ള വിഷം ചീറ്റല്‍. മുസ്‌ലിങ്ങള്‍ ശീതളപാനീയത്തില്‍ ഹിന്ദുക്കളും ക്രിസ്ത്യാനികളും വന്ധ്യരാകാനുള്ള രാസവസ്തു ചേര്‍ത്തുവില്‍ക്കുന്നു. പാവം യൂസഫലി മലപ്പുറത്ത് മാളുകള്‍ തുടങ്ങാതെ ഹിന്ദു കേന്ദ്രങ്ങളില്‍ മാത്രം മാളുകള്‍ തുടങ്ങുന്നത് ഹിന്ദുക്കളുടെയും ക്രിസ്ത്യാനികളുടെയും പണം തട്ടിയെടുക്കാനാണെന്നു വരെ പറഞ്ഞ് പ്രസംഗത്തിന് ഒരു ഇന്റര്‍നാഷണല്‍ ഭാവംവരെ കൈവരുത്തി. ഗള്‍ഫില്‍ ഒരു ഹിന്ദുവിനെ വധശിക്ഷയില്‍ നിന്നൊഴിവാക്കി ദശലക്ഷങ്ങളുടെ ദയാധനം കെട്ടിവച്ച യൂസഫലിയെക്കുറിച്ചാണ് ജോര്‍ജിന്റെ ഈ വിദ്വേഷപെരുമഴ ഇതരമതസ്ഥയായ നിമിഷപ്രിയയെ യെമനിലെ കഴുമരത്തില്‍ നിന്നു രക്ഷിക്കാന്‍ അഹോരാത്രം പണിയെടുക്കുന്ന യൂസഫലിക്കെതിരെയാണ് ഈ വിദ്വേഷ ഉരുള്‍പൊട്ടല്‍! തൃപ്രയാര്‍ ശ്രീരാമക്ഷേത്രത്തിന് പ്രതിവര്‍ഷം അഞ്ച് ലക്ഷം, നാട്ടിക ആരിക്കിരി ക്ഷേത്രത്തിന് പ്രതിവര്‍ഷം രണ്ട് ലക്ഷം, തൃപ്രയാര്‍ സെന്റ് ജുഡ് പള്ളിക്ക് പ്രതിവര്‍ഷം രണ്ട് ലക്ഷം, ബ്രിട്ടനില്‍ മലയാളികള്‍ പണിയുന്ന അമ്പലത്തിന് അഞ്ച് ലക്ഷം, പത്തനാപുരം ഗാന്ധിഭവന്‍ അനാഥാലയത്തിന് 15.65 കോടി എന്നിങ്ങനെ നീളുന്നു യൂസഫലിയുടെ ജീവകാരുണ്യ, ഇതര മതകാര്യ സംഭാവനകള്‍. ആ യൂസഫലിയെ തെറിപറയാന്‍ പി സി എന്ന വര്‍ഗീയ വിഷപ്പാമ്പിന് മാളമൊരുക്കി പാലൂട്ടിയ സംഘപരിവാറിനെയല്ലെ തല്ലേണ്ടത്.

ഇനി പി സിയുടെ പൂ‍ഞ്ഞാര്‍ മണ്ഡലത്തിലെ പതിനാല് ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയുള്ള ഈരാറ്റുപേട്ടയെക്കുറിച്ച് ഒരു മുസ്‌ലിം സഹോദരന്‍ ദേവികയ്ക്ക് അയച്ചുതന്ന കുറിപ്പിലെ ചില വിവരങ്ങള്‍ ഇതാ. മുപ്പതിനായിരമാണ് ഈരാറ്റുപേട്ടയിലെ ജനസംഖ്യ. 96 ശതമാനവും മുസ്‌ലിങ്ങള്‍. ജോര്‍ജിന്റെ വീടിന് അയലത്തെ ജമാഅത്തെ ഇസ്‌ലാമിക് സ്കൂളിലെ പകുതിയിലധികം അധ്യാപകര്‍ അമുസ്‌ലിങ്ങള്‍. മുജാഹിദ് പ്രസ്ഥാനത്തിന്റെ ഈരാറ്റുപേട്ടയിലെ സ്കൂളില്‍ മുക്കാല്‍ പങ്കും മുസ്‌ലിങ്ങളായ അധ്യാപകര്‍. അതേസമയം അരുവിത്തുറ കോളജില്‍ നിന്നു പഠിച്ചിറങ്ങുന്നവരില്‍ പകുതിയിലേറെയും മുസ്‌ലിങ്ങള്‍. അവിടെ മരുന്നിനുപോലും ഒരു മുസ്‌ലിം ജീവനക്കാരനില്ല. ആ കുറിപ്പ് ഹൃദയസ്പൃക്കായ ഭാഷയില്‍ തുടരുന്നു. ഇതൊക്കെ ഈരാറ്റുപേട്ടക്കാരായ ഞങ്ങള്‍ക്ക് വിഷമമുണ്ടാക്കിയിട്ടുണ്ടെങ്കിലും ആ വിഷമം പോലും ഞങ്ങള്‍ പുറത്തുപറഞ്ഞില്ല. വെള്ളത്തില്‍ മുങ്ങിയ ജവാനെ ഞങ്ങള്‍ രക്ഷിച്ചപ്പോള്‍ ഞങ്ങള്‍ അയാളുടെ മതം ചോദിച്ചില്ല. കളിക്കളത്തില്‍ ബോധമറ്റു വീണ പയ്യനെ എടുത്ത് മടിയില്‍കിടത്തി അവനെ വീശി കൃത്രിമശ്വാസോഛ്വാസം നല്‍കിയപ്പോള്‍ അവന്റെ കഴുത്തിലെ കുരിശുമാല ഞങ്ങള്‍ ശ്രദ്ധിച്ചില്ല. അവന് ഊതിക്കൊടുത്ത പ്രാണവായു മുസ്‌ലിം പ്രാണവായുവുമായിരുന്നില്ല… ഇതാണ് കേരളം. ഈ ശാന്തി തീരത്താണ് പി സി എന്ന വിഷപ്പാമ്പ് ഇഴഞ്ഞുകയറുന്നത്. നമുക്ക് വാവാസുരേഷിനെ വിളിക്കാം. അദ്ദേഹം പാമ്പുകളെ കൊല്ലാറില്ല. പക്ഷേ ഈ വിഷപ്പാമ്പിനെ യുപിയിലേയോ ഗുജറാത്തിലേയോ കാടുകളില്‍ കൊണ്ടുവിടട്ടെ. വാവയ്ക്ക് അതിനുള്ള വണ്ടിക്കൂലിയും സാംസ്കാരിക കേരളം പിരിച്ചു നല്‍കാം.


ഇതുകൂടി വായിക്കാം; പൊതുമുതല്‍ വിറ്റു തുലയ്ക്കുമ്പോള്‍


 

മനുഷ്യന്‍ മൃഗീയതയിലേക്ക് തിരിഞ്ഞു നടക്കുകയാണോ? ദശാവതാര കഥയും പരിണാമസിദ്ധാന്തവുമൊക്കെ നമ്മെ പഠിപ്പിക്കുന്നത് ഒന്നാമത്തെ ജീവാങ്കുരമായ അമീബയില്‍ നിന്നും മനുഷ്യനിലേക്കുള്ള വളര്‍ച്ചയിലേക്കാണ്. മനുഷ്യകുലത്തിനെത്രവയസായി എന്ന ചോദ്യത്തിന് ഇനിയും വ്യക്തമായ ഒരുത്തരമില്ല. പക്ഷേ മനുഷ്യകുലം മുന്നോട്ടുള്ള പ്രയാണത്തിനാവാതെ മൃഗത്തിലേക്ക് തിരിച്ചുനടക്കുന്നുവെന്ന് വ്യക്തമായി പറയുന്ന കണക്കുകളാണ് സംഭവശ്രേണികളായി നമ്മുടെ മുന്നില്‍ ആര്‍ത്തലച്ചു കയറുന്നത്. കെ റയിലും പി സി ജോര്‍ജുമടക്കമുള്ള വാര്‍ത്തകള്‍ക്കിടെ ആ വാര്‍ത്തകള്‍ നമുക്ക് കൗതുകവാര്‍ത്തകളാവുന്ന ദാരുണാവസ്ഥ. 103 കാരനായ വൃദ്ധന്‍ അഞ്ച് വയസുകാരിയെ പീഡിപ്പിച്ചതിന് 65 വര്‍ഷം തടവ്. എട്ടുവയസുകാരിയെ പീഡിപ്പിച്ച 75കാരന് 65 വര്‍ഷം തടവും പിഴയും. അഞ്ച് വയസുകാരിയെ ബലാ‍ത്സംഗം ചെയ്ത മധ്യവയസ്കന് 40 വര്‍ഷം കഠിനതടവ്. ചെറിയമ്മ കാമപൂര്‍ത്തിക്കായി ഉപയോഗിച്ച പതിനേഴുകാരന്‍ ആത്മഹത്യ ചെയ്തു. ഭിന്നശേഷിക്കാരിയായ പതിനാലുകാരിയെയും അവളുടെ ആറുമാസം മാത്രം പ്രായമുള്ള ഇളം പൈതലിനെയും ബലാത്സംഗം ചെയ്തയാളെ പൊലീസ് വെടിവച്ച് വീഴ്ത്തി പിടികൂടി, ഗര്‍ഭിണിയായ ആടിനെ ബലാത്സംഗം ചെയ്തുകൊന്ന മൂന്നുപേര്‍ അകത്തായി. പശുവിനെ പീഡിപ്പിച്ചവര്‍ അറസ്റ്റില്‍. ഉടുമ്പിനെപ്പോലും ബലാത്സംഗം ചെയ്യുന്ന മനുഷ്യര്‍. ഈ വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ നാമൊക്കെ അയ്യോ എന്നു നിലവിളിക്കാതെ ഹായ് എന്ന് ആര്‍ത്തുചിരിക്കുന്ന മാനസികാവസ്ഥയിലേക്ക് കൂപ്പുകുത്തിയിരിക്കുന്നു. മനുഷ്യന്‍ മൃഗത്തിലേക്ക് തിരിച്ചു നടക്കാനുള്ള പച്ചക്കൊടിവീശല്‍.

ആദരാ‍ഞ്ജലിക്കളിയെന്ന ക്രൂരവിനോദം ശമനമില്ലാതെ തുടരുന്നു. ഭരത് ഗോപിയും അഭിനയ ഇതിഹാസം തിലകനും ജീവിച്ചിരിക്കെ തന്നെ മരിച്ചുവെന്ന വാര്‍ത്ത കേള്‍ക്കാനിടവന്ന ഭാഗ്യവാന്മാര്‍! മരണവാര്‍ത്ത സ്ഥിരീകരിക്കാന്‍ ഗോപിയുടെ വീട്ടില്‍ ഫോണില്‍ തിരക്കിയപ്പോള്‍ കയര്‍ത്തു തെറിവിളിച്ച ഗോപി. തിലകന്റെ വീട്ടില്‍ വിളിച്ച് എപ്പോള്‍ സംഭവിച്ചുവെന്നു തിരക്കിയ സുഹൃത്തായ മാധ്യമപ്രവര്‍ത്തകന് സ്ഥിരീകരണം നല്‍കിയതു തിലകന്‍. വാ അളിയാ, എന്റെ മരണം ആഘോഷിക്കാന്‍ രണ്ടെണ്ണം അടിക്കാമെന്ന തിലകന്റെ ചിരിയില്‍ തെല്ലുപരിഹാസവും. ഇപ്പോള്‍ ‘മരണഭാഗ്യം’ നടന്‍ ശ്രീനിവാസന്. അദ്ദേഹത്തിന് ആദരാ‍ഞ്ജലി അര്‍പ്പിച്ചുകൊണ്ട് മമ്മൂട്ടിയെന്ന വ്യാജ പേര്, ഏതാനും മാസം മുമ്പ് ജീവിച്ചിരിക്കേതന്നെ ഫോണിലൂടെ ആദരാഞ്ജലി അര്‍പ്പിച്ചവരുടെ പ്രവാഹത്തില്‍ നടന്‍ ജനാര്‍ദ്ദനന്‍ മുങ്ങിപ്പോയി. അവരോട് ജനാര്‍ദ്ദനന്‍ പറഞ്ഞു; കിടത്തരുത്. രോഗം വന്നു കിടത്താതെതന്നെ മരിക്കണം. രണ്ടെണ്ണം വിട്ടുകൊണ്ടിരിക്കുമ്പോള്‍ ടീം എന്ന മട്ടില്‍ ഇരുന്നയിരുപ്പില്‍ മരിച്ചാല്‍ എന്തു ചന്തമായിരിക്കും! മരണസ്ഥിരീകരണക്കാരുടെ അടുത്ത ഇര ആരാണാവോ!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.