June 26, 2022 Sunday

Latest News

June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022

‘രാജാവാകാന്‍ കൊതിച്ച’ ചെന്നിത്തല ‘രാജാവെന്ന് നടിക്കും’ സതീശന്‍

By Janayugom Webdesk
May 28, 2021

‘തട്ടും കൊട്ടും ചെണ്ടയ്ക്കത്രേ
കിട്ടും പണമതു മാരാന്‍മാര്‍ക്കും
വെട്ടും കുത്തും പരിശയ്ക്കത്രേ
കിട്ടും വിരുത് പണിക്കര്‍ക്കെന്നും
ഇത്തരമുള്ള പഴഞ്ചൊല്ലോട-
ങ്ങൊത്തീടുന്നീ വാര്‍ത്തകളെല്ലാം’

‘സ്യമന്തകം’ ഓട്ടന്‍തുള്ളലില്‍ കുഞ്ചന്‍ നമ്പ്യാര്‍ കുറിച്ചിട്ട ഈ വരികള്‍ പുതുകാല വാര്‍ത്തകളുടെ കുത്തൊഴുക്കില്‍ കഴിയുന്ന കാലത്ത് എത്ര അന്വര്‍ത്ഥമാണെന്ന് തിരിച്ചറിയാന്‍ കഴിയുന്നുണ്ട്. തട്ടും കൊട്ടും ഏറ്റ ചെണ്ടയും വെട്ടും കുത്തും ഏറ്റ പരിശയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനുമാണ്. പക്ഷേ പണം കിട്ടിയതും വിരുത് കാട്ടിയതും വി ഡി സതീശനും കിട്ടാന്‍ പോകുന്നത് മല്ലയുദ്ധത്തിലൂടെ വരാനിരിക്കുന്ന കെപിസിസി അധ്യക്ഷനുമാണ്. രമേശ് ചെന്നിത്തലയുടെ പിറന്നാള്‍ ദിനത്തിന് തലേന്നാള്‍ മുന്‍കൂറായി എഐസിസി ദേശീയ നേതൃത്വം സമ്മാനമെത്തിച്ചുകൊടുത്തു. ആ സമ്മാനം ഒരു കടുംവെട്ടിന്റെ രൂപത്തിലായാല്‍ രമേശ് ചെന്നിത്തലയല്ല ഏത് നിഷ്കാമ കര്‍മ്മിയും കഠോര ഹൃദയനും ഞെട്ടിത്തരിക്കുകയും ഗദ്ഗദകണ്ഠനാവുകയും നിറഞ്ഞ കണ്ണുകളുള്ളവനുമായി തളര്‍ന്നിരുന്നു പോവും. മുഖ്യമന്ത്രിയായി കിനാവുകണ്ട രമേശ് ചെന്നിത്തല മെയ് രണ്ടിന് തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ഉണ്ടായിരുന്ന പ്രതിപക്ഷ നേതാവിന്റെ കാറും ഔദ്യോഗിക വസതിയെങ്കിലും വീണ്ടും അഞ്ചുകൊല്ലം കൂടി തനിക്കുറപ്പാണെന്ന് നിനച്ചിരിക്കുകയായിരുന്നു. കോണ്‍ഗ്രസ് 21 സീറ്റിലും യുഡിഎഫ് 41 സീറ്റിലും വിജയിച്ചത് താന്‍ നടത്തിയ കുത്സിത പ്രവര്‍ത്തനങ്ങളുടെയും ബിജെപിയുള്‍പ്പെടെയുള്ള ഭൂരിപക്ഷ വര്‍ഗീയ ശക്തികളുമായും അവരെപ്പോലെ അപകടകാരികളായ ന്യൂനപക്ഷ വര്‍ഗീയ ശക്തികളുമായും അണിയറയില്‍ സൃഷ്ടിച്ച രഹസ്യബാന്ധവത്തിന്റെയും ഫലമാണെന്ന് എപ്പോഴും ലോകമാന്റ് ആയിട്ടുള്ള ഹെെക്കമാന്റ് മനസിലാക്കുമെന്നാണ് ചെന്നിത്തല കരുതിയത്. പക്ഷേ ആ കരുതലാകെ പിറന്നാളിന്റെ തലേന്നാള്‍ ‘ഛിദ്രശക്തികള്‍’ തകര്‍ത്തുകളഞ്ഞു.

വി ഡി സതീശനെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ചതിനു പിന്നാലെ തനിക്കു മുന്നിലെത്തിയ മാധ്യമ പ്രവര്‍ത്തകരോട് കയ്യാലപ്പുറത്തിരിക്കുന്ന കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും ദുഃഖിതനും തീര്‍ത്തും ഖിന്നനുമായാണ് പ്രതികരിച്ചത്. അദ്ദേഹം രമേശ് ചെന്നിത്തലയെ വാനോളം പുകഴ്ത്തി. സതീശനെ പേരിനുവേണ്ടി സ്വാഗതം ചെയ്തു. രമേശിനോടുള്ള സ്നേഹമല്ല, പിന്നാലെ തന്റെ കസേരയും തെറിക്കുമെന്നുറപ്പായതിന്റെ ദുഃഖമാണ് മുല്ലപ്പള്ളിയെ വേട്ടയാടിയത്. ഉമ്മന്‍ചാണ്ടിയുടെയും സ്വരഭാവഹാവാദികള്‍ വ്യത്യസ്തമായിരുന്നില്ല. യാത്രയിലായിരുന്ന ചെന്നിത്തലയുടെ പ്രതികരണത്തിനായി മാധ്യമ പ്രവര്‍ത്തകര്‍ ഫോണില്‍ ആവുന്നത്ര പരിശ്രമിച്ചെങ്കിലും അദ്ദേഹം ഫോണ്‍ എടുത്തതേയില്ല. ഒടുവില്‍ കണ്ടോണ്‍മെന്റ് ഹൗസില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ പിടികൂടി വളഞ്ഞപ്പോള്‍ എന്നും മാധ്യമ മാനിയയ്ക്ക് അടിമയായിട്ടുള്ള ചെന്നിത്തല നാളെ പ്രതികരിക്കുമെന്ന് മാത്രം പറഞ്ഞ് പലായനം ചെയ്തു. പക്ഷേ ആളും ആരവവുമായി എറണാകുളം ഡിസിസി ആസ്ഥാനത്തെത്തിയ വി ഡി സതീശന്‍ മാധ്യമസമ്മേളനത്തില്‍ പ്രത്യക്ഷമായും പരോക്ഷമായും രമേശ് ചെന്നിത്തലയെയും ഉമ്മന്‍ചാണ്ടിയെയും മുല്ലപ്പള്ളി രാമചന്ദ്രനെയും കടന്നാക്രമിച്ചു. തകര്‍ന്നുതരിപ്പണമായ കോണ്‍ഗ്രസിനെയും യുഡിഎഫിനെയും ഐതിഹാസികമായി താന്‍ തിരിച്ചു കൊണ്ടുവരുമെന്ന് ഗീര്‍വാണം മുഴക്കി. ഇതുവരെയുള്ള പ്രതിപക്ഷമല്ല, ഇനി മുതല്‍ ക്രിയാത്മക പ്രതിപക്ഷമായിരിക്കും എന്നും പറഞ്ഞു. പാര്‍ലമെന്ററി പാര്‍ട്ടിയില്‍ മാത്രമല്ല സംഘടനാ നേതൃത്വത്തിലും മാറ്റമുണ്ടാകുമെന്ന് കട്ടായം പറഞ്ഞു.

ഉന്നം മനസിലാക്കിയ ചെന്നിത്തല രാത്രി വെെകി ഫേസ്ബുക്കില്‍ തന്റെ വികാരവും സങ്കടഹര്‍ജിയും പങ്കുവച്ചു. ഇന്ന് എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ആയിരുന്നു എന്ന് തുടങ്ങുന്ന കുറിപ്പിലെ രണ്ടാം വാചകത്തില്‍ തന്നെ താന്‍ നേരിട്ട അവഗണനയുടെയും അവഹേളനത്തിന്റെയും നിലവിളി പ്രതിധ്വനിക്കുന്നുണ്ട്. ‘അഞ്ചുവര്‍ഷം പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ മുന്‍നിരയില്‍ നിന്നു നയിച്ച ഞാന്‍ ഇന്ന് രണ്ടാം നിരയിലാണ്’. കഴിഞ്ഞ നിയമസഭയില്‍ മൂന്നാം‍ നിരയിലിരുന്ന വി ഡി സതീശന്‍ ഇന്ന് രമേശ് ചെന്നിത്തലയിരുന്ന ഒന്നാം നിരയിലെ കസേരയില്‍. ചെന്നിത്തല സതീശന്റെ പിന്നില്‍ രണ്ടാം നിരയിലും കാലത്തിന്റെ വികൃതികള്‍. ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞത് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയിലും ചെന്നിത്തല ആവര്‍ത്തിച്ചു. ഏറ്റവും മികച്ച പ്രതിപക്ഷമായി കഴിഞ്ഞ അഞ്ചുവര്‍ഷത്തെ പ്രതിപക്ഷ പ്രവര്‍ത്തനത്തെ ചരിത്രകാരന്മാര്‍ വിലയിരുത്തുമെന്ന് വെറുതെ പ്രത്യാശിക്കുന്ന അദ്ദേഹം തന്റെ പ്രവര്‍ത്തനങ്ങള്‍ എത്രമാത്രം ശരിയായിരുന്നുവെന്ന് കാലം വിലയിരുത്തട്ടെ എന്നുകൂടി പറയുന്നുണ്ട്. കാലം വിലയിരുത്തിയാല്‍, ചരിത്രകാരന്‍മാര്‍ വിശകലനം ചെയ്താല്‍ ദുര്‍ഘട സന്ധികളില്‍, ദുരന്തവേളകളില്‍, മഹാമാരികളുടെ വേദനാ നിര്‍ഭര കാലങ്ങളില്‍ അതിജീവനത്തിനായി കേരളത്തിന്റെ സാഹസിക പ്രവര്‍ത്തനങ്ങളെ തുരങ്കംവച്ച ജനവിരുദ്ധതയുടെയും മനുഷ്യത്വരാഹിത്യത്തിന്റെയും ഉടമകളായ പ്രതിപക്ഷം എന്നാവും വിലയിരുത്തുക. താന്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ കേരള ജനതയുടെ നന്മയ്ക്കു വേണ്ടിയുള്ളതായിരുന്നുവെന്ന അദ്ദേഹത്തിന്റെ അവകാശവാദവും ബിജെപിയും യുഡിഎഫും സംയുക്തമായി നടത്തിയ അധാര്‍മ്മിക പ്രവര്‍ത്തനങ്ങളുടെയും ദുരാരോപണ 

വ്യവസായങ്ങളുടെയും ചരിത്രം മറക്കാത്തവര്‍ പരിഹാസ്യതയോടെ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയും.
ഓഖിയും നിപയും രണ്ട് പ്രളയവും കോവിഡും ജനത്തെ ബാധിച്ചപ്പോള്‍ സര്‍ക്കാരിനൊപ്പം നിന്നു പ്രവര്‍ത്തിച്ചു എന്ന നട്ടാല്‍ കുരുക്കാത്ത നുണയും ചെന്നിത്തല തട്ടിമൂളിക്കുന്നുണ്ട്. ഈ ഘട്ടങ്ങളില്‍ പ്രതിപക്ഷ നേതാവിന്റെയും പ്രതിപക്ഷത്തിന്റെയും നിലപാട് എന്തായിരുന്നുവെന്ന് ജനങ്ങള്‍ മറന്നിട്ടില്ല. പ്രളയകാലത്തും കോവിഡ് മഹാമാരിക്കാലത്തും ദുരിതാശ്വാസ നിധിയിലേക്ക് ഒരു നയാപെെസ നല്‍കരുതെന്ന് ആഹ്വാനം ചെയ്തവരും സൗജന്യ ഭക്ഷ്യധാന്യ കിറ്റും ക്ഷേമപെന്‍ഷനും വിതരണം ചെയ്യരുതെന്ന് ആവശ്യപ്പെട്ട് ഹെെക്കോടതിയില്‍ പോയവരും എങ്ങനെയാണ് ജനങ്ങള്‍ക്കും സര്‍ക്കാരിനുമൊപ്പം നിന്ന പ്രതിപക്ഷമാവുന്നത്? മുഖ്യമന്ത്രിയുടെ ക്ഷണപ്രകാരം പ്രളയബാധിത പ്രദേശങ്ങള്‍ അദ്ദേഹത്തോടൊപ്പം ഹെലികോപ്റ്ററില്‍ പോയി പറന്നതുകൊണ്ടുമാത്രം ജനങ്ങള്‍ക്കും സര്‍ക്കാരിനുമൊപ്പം പ്രതിസന്ധി ഘട്ടങ്ങളില്‍നിന്ന പ്രതിപക്ഷമാവില്ല.
ഓരോ തെരഞ്ഞെടുപ്പ് തോല്‍വി വരുമ്പോഴും കെപിസിസിയും എഐസിസിയും തോല്‍വി പഠിക്കാന്‍ സമിതികളെ നിയോഗിക്കും. എല്ലാ പഠന റിപ്പോര്‍ട്ടുകളും വെളിച്ചം കാണാതെ പരണത്തിരിക്കും. എ കെ ആന്റണി, അഹമ്മദ് പട്ടേല്‍, തെന്നല ബാലകൃഷ്ണപിള്ള, വക്കം പുരുഷോത്തമന്‍ ആദിയായ എത്ര മഹാന്‍മാരുടെ അന്വേഷണ റിപ്പോര്‍ട്ടുകള്‍.
ഇപ്പോഴും വരുന്നു അശോക് ചവാന്റെ നേതൃത്വത്തിലുള്ള അന്വേഷണസമിതി. ആ സമിതിയുടെ മുമ്പാകെ ഓണ്‍ലെെന്‍ വഴി ചെന്നിത്തല നല്‍കിയ മൊഴികള്‍ ഈ ലേഖനം കുറിക്കുമ്പോള്‍ മാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കുന്നു. കോവിഡും പ്രളയവും ഭക്ഷ്യകിറ്റും ക്ഷേമപെന്‍ഷനുകളുമാണ് തോല്പിച്ചതെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ബൂത്തുകളില്‍ സ്‌ലിപ്പ് കൊടുക്കാന്‍ പോലും ആളുകളില്ലാത്ത പരമദയനീയ സംഘടനാവസ്ഥയും പരാജയഹേതുവായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. തന്റെ കുഴപ്പമല്ലെന്ന് സ്ഥാപിക്കുന്നു. ഭക്ഷ്യക്കിറ്റുകളെയും ക്ഷേമപെന്‍ഷനുകളെയും സമ്പൂര്‍ണ ഭവന പദ്ധതിയേയും എതിര്‍ത്ത കാര്യമൊട്ട് പറയുന്നില്ലതാനും.

രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ സഹിച്ച ത്യാഗം അദ്ദേഹം തന്റെ എഫ്ബി പോസ്റ്റില്‍ ഇങ്ങനെ രേഖപ്പെടുത്തുന്നു: 

‘നാട്’ ഉറങ്ങുമ്പോഴും ജനങ്ങള്‍ക്കുവേണ്ടി ഉണര്‍ന്നിരുന്നു. കണ്ണും കാതും കൂര്‍പ്പിച്ച് നടത്തിയ പ്രതിപക്ഷ പ്രവര്‍ത്തനം കേരളത്തിലെ ജനങ്ങള്‍ മറക്കില്ല എന്നാണ് വിശ്വാസം. ഏല്പിച്ച ദൗത്യം പൂര്‍ണമായും ജനങ്ങള്‍ക്കുവേണ്ടി നിര്‍വഹിച്ചു എന്ന ചാരിതാര്‍ത്ഥ്യത്തോടെയാണ് ഇന്ന് രണ്ടാം നിരയിലേക്ക് പിന്‍വാങ്ങുന്നത്.’ ഹാ! കഷ്ടം. ഇങ്ങനെ നാടിനായി ഉറങ്ങാതിരുന്ന മനുഷ്യനെ കോണ്‍ഗ്രസ് തിരസ്കരിച്ചുകളഞ്ഞുവല്ലോ! അപ്പോഴും രണ്ടാം നിരയിലേക്ക് തള്ളപ്പെട്ടതിലെ വ്യാകുലത അദ്ദേഹം ആവര്‍ത്തിക്കുന്നു. കോണ്‍ഗ്രസിനെയും മുന്നണിയെയും പ്രതിക്കൂട്ടിലാക്കുവാനും ചെന്നിത്തല മടിക്കുന്നില്ല. തന്റെ പ്രവര്‍ത്തനങ്ങളില്‍ എത്രമാത്രം പിന്തുണ ലഭിച്ചിരുന്നുവെന്നതും കാലം കണക്കെടുക്കട്ടെ എന്നുപറയുന്ന അദ്ദേഹം സംസ്ഥാന താല്പര്യത്തിനും ജനങ്ങള്‍ക്കുവേണ്ടിയും നടത്തിയ പ്രവര്‍ത്തനങ്ങള്‍ എത്രമാത്രം ജനങ്ങളിലേക്ക് എത്തിക്കുവാന്‍ സാധിച്ചുവെന്നതും പഠനവിഷയമാക്കണമെന്ന് പറയുന്നതിലൂടെ കോണ്‍ഗ്രസിന്റെയും മുന്നണിയുടെയും പിന്തുണ ലഭിച്ചില്ലെന്ന് പറയുകയാണ്. സ്വന്തം പാര്‍ട്ടിയിലും മുന്നണിയിലും പിന്തുണയില്ലാത്ത ഒരാള്‍ക്ക് എങ്ങനെ ജനങ്ങളുടെ പിന്തുണ കിട്ടും?
എ, ഐ ഗ്രൂപ്പുകള്‍ കെെകോര്‍ത്തു പിടിച്ചിട്ടും ഡല്‍ഹിയിലെ സ്വാധീനംകൊണ്ട് വി ഡി സതീശന്‍ വെട്ടിനിരത്തിയതിന്റെ കുണ്ഠിതംകൊണ്ടാണ് ഡല്‍ഹിയിലേക്ക് പറിച്ചുനടും എന്ന പ്രചാരണത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി താന്‍ ഹരിപ്പാട് എംഎല്‍എയാണെന്നും ഒരു സ്ഥാനവുമില്ലെങ്കിലും താന്‍ ഇവിടെത്തന്നെ ഉണ്ടാവുമെന്നും പ്രതികരിച്ചത്. അഞ്ചുകൊല്ലവും ക്രിയാത്മക പ്രതിപക്ഷമായാണ് പ്രവര്‍ത്തിച്ചതെന്ന പ്രസ്താവനയിലൂടെ സതീശന് മറുപടിനല്‍കുകയും ചെയ്തു. സതീശനാകട്ടെ സ്ഥാനമേല്‍ക്കുമ്പോള്‍ ഉമ്മന്‍ചാണ്ടിയെയും ചെന്നിത്തലയെയും മുല്ലപ്പള്ളിയെയുമെല്ലാം സന്ദര്‍ശിച്ച് പുകഴ്ത്തുകയും ഭംഗിവാക്കുകള്‍ വര്‍ഷിക്കുകയും ചെയ്തശേഷം മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖങ്ങളില്‍ ഇവര്‍ക്കെല്ലാമെതിരെ ആഞ്ഞടിക്കുകയും ചെയ്തു. ഇനി കേരളത്തിലെ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് വീതംവയ്ക്കലും പാക്കേജുകളുമുണ്ടാകില്ലെന്നും അത് ഉണ്ടായിരുന്നെങ്കില്‍ തനിക്ക് ഇപ്പോഴും പ്രതിപക്ഷ നേതാവാകാന്‍ കഴിയില്ലായിരുന്നുവെന്നും തുറന്നടിക്കുന്നു. ഏണിവച്ച് ഗ്രൂപ്പ് അടിസ്ഥാനത്തില്‍ അധികാരത്തിലെത്തുന്ന രീതി മാറ്റാന്‍ ഏണിയെടുത്തു മാറ്റിയെന്നും സതീശന്‍ പ്രഖ്യാപിച്ചു. തലമുറമാറ്റം എന്നത് കോണ്‍ഗ്രസില്‍ എന്നും ഉയര്‍ന്നുകേള്‍ക്കുന്ന പല്ലവിയാണ്. സതീശനും തന്റെ സ്ഥാനാരോഹണത്തെ തലമുറ മാറ്റം എന്നു വിശേഷിപ്പിക്കുന്നു. തല മാറും പക്ഷേ കോണ്‍ഗ്രസിന്റെ മുറ മാറില്ലെന്നതാണനുഭവം. സോണിയാഗാന്ധി മാറി രാഹുല്‍ഗാന്ധി വന്നപ്പോഴും ഉമ്മന്‍ചാണ്ടി മാറി രമേശ് ചെന്നിത്തല വന്നപ്പോഴും തലമുറ മാറ്റം എന്നു തന്നെയായിരുന്നു പറഞ്ഞത്. രമേശ് ചെന്നിത്തലയോടും ഉമ്മന്‍ചാണ്ടിയോടും സതീശന്‍ കണിശമായി മറ്റൊന്നുകൂടി ഓര്‍മ്മിപ്പിക്കുന്നുണ്ട്. കെ കരുണാകരനെ മാറ്റി എ കെ ആന്റണി വന്നിട്ടുണ്ട്. എ കെ ആന്റണിയെ മാറ്റി ഉമ്മന്‍ചാണ്ടി വന്നിട്ടുണ്ട്. ഉമ്മന്‍ചാണ്ടിയെ മാറ്റി രമേശ് ചെന്നിത്തല വന്നിട്ടുണ്ട്. ഇതു പറയുന്നതിലൂടെ തന്റെ സ്ഥാനാരോഹണത്തില്‍ അസ്വസ്ഥത പൂണ്ടിരിക്കുന്നവര്‍ക്കുള്ള സന്ദേശമാണ് സതീശന്‍ നല്‍കുന്നത്.

പ്രതിപക്ഷ നേതൃസ്ഥാനം രാജിവയ്ക്കാന്‍ ഇരുന്നതാണെന്നും നേതാക്കള്‍ നിര്‍ബന്ധിച്ചതുകൊണ്ടാണ് തുടര്‍ന്നതെന്നും രമേശ് പറയുമ്പോള്‍ സതീശന്‍ അതിനും മറുപടി നല്‍കി. ചെന്നിത്തല രാജിവയ്ക്കേണ്ട കാര്യമില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ അദ്ദേഹത്തിന്റെ പ്രതിപക്ഷ നേതാവ് സ്ഥാനം പോയിരുന്നുവെന്ന അതിരൂക്ഷ പരിഹാസമായിരുന്നു മറുപടി. ചെന്നിത്തല ആട്ടിപ്പുറത്താക്കപ്പെട്ടതോടെ ഇനി ഗ്രൂപ്പ് കലഹം മാത്രമല്ല ഗ്രൂപ്പിനുള്ളിലെ കലഹവും പൊടിപൊടിക്കുവാന്‍ പോകുന്ന കാലമാണ് വരാനിരിക്കുന്നത്. ജനങ്ങളില്‍ നിന്ന് പാടേ ഒറ്റപ്പെട്ട കോണ്‍ഗ്രസിനെയും മുന്നണിയെയും ഐതിഹാസികമായി മുള്‍ക്കിരീടമണിഞ്ഞ് പുനരുജ്ജീവിപ്പിച്ച് കനക കിരീടമണിയുമെന്ന സതീശന്റെ സ്വപ്നമാളിക തകര്‍ന്നു മണ്ണടിയുന്നത് വരുംകാലം അടയാളപ്പെടുത്തും. 

‘രാജസമീപേ ചെന്നൊരു കൂട്ടം
ഏഷണി പറവാനാളുകളേറും
ഭോജനമാത്രം കിട്ടുന്നവനൊരു
രാജാവെന്നു നടിച്ചു തുടങ്ങും’
കുഞ്ചന്‍ നമ്പ്യാര്‍ എഴുതിയതുപോലെ ഏഷണിക്കാരുടെ നടുവില്‍ ഭോജന മാത്രം കിട്ടുന്ന സതീശന്‍ രാജാവെന്ന് നടിച്ചുതുടങ്ങിയിരിക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.