24 April 2024, Wednesday

പൊതുമുതല്‍ വിറ്റു തുലയ്ക്കുമ്പോള്‍

കെ ദിലീപ്
നമുക്ക് ചുറ്റും
March 1, 2022 6:00 am

ക്കഴിഞ്ഞ ചൊവ്വാഴ്ചയിലെ പത്രങ്ങളില്‍ മാത്രം ദേശീയ മോണിറ്റൈസേഷന്‍ പൈപ്പ്‌ലൈന്‍ പദ്ധതി പ്രകാരം പുതുതായി വില്പനയ്ക്ക് വച്ചിരിക്കുന്ന അനേകം സ്ഥാപനങ്ങളുടെ പട്ടികയുണ്ടായിരുന്നു. കൊച്ചി തുറമുഖം മുതല്‍ ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയവും ഇന്ദിരാഗാന്ധി സ്പോര്‍ട്സ് കോംപ്ലക്സും അതിന്റെ ബംഗളൂരു, സിറക്പുര്‍ ഉപകേന്ദ്രങ്ങള്‍, ഗുജറാത്തിലെ മൂന്ന് ഹൈവേകള്‍ തുടങ്ങി കൈയില്‍ കിട്ടിയതെന്തും വിറ്റുതുലയ്ക്കാന്‍ തയാറായി നില്ക്കുകയാണ് മോഡി സര്‍ക്കാര്‍. സകലത് വിറ്റിട്ടും തീവണ്ടിയില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള യാത്രാക്കൂലി ഇളവടക്കം ജനങ്ങളുടെ സകല ആനുകൂല്യങ്ങളും വെട്ടിക്കുറച്ചിട്ടും ഇന്ധനവില വാനോളമുയര്‍ത്തിയിട്ടും കേന്ദ്ര സര്‍ക്കാരിന്റെ കടം കൂടിക്കൂടി വരുന്നതല്ലാതെ രാജ്യത്തെ ശതകോടി ജനങ്ങള്‍ക്ക് ഒരു ഗുണവുമുണ്ടായിട്ടില്ല. ദോഷം പറയരുതല്ലോ, ശതകോടീശ്വരന്മാരായ ഒന്നു രണ്ടു പേര്‍ക്ക് ശതകോടികള്‍ വീണ്ടും സമ്പാദിക്കാന്‍ അവസരമുണ്ടായി എന്നത് സത്യം. രണ്ടുപേരാല്‍ രണ്ടു പേര്‍ക്ക് വേണ്ടി നടത്തിയ ഭരണം എന്ന് ഭാവിയിലെ ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുവാനും സാധ്യതയുണ്ട്.

ഇന്ത്യയില്‍ ആദ്യമായി “ഡിസ് ഇന്‍വെസ്റ്റ്മെന്റ്” എന്ന പദം ഉപയോഗിക്കുന്നത് 1990ല്‍ ചന്ദ്രശേഖര്‍ മന്ത്രിസഭയിലെ ധനകാര്യ മന്ത്രിയായിരുന്ന യശ്വന്ത്സിന്‍ഹ 1991 മാര്‍ച്ച് നാലിന് അവതരിപ്പിച്ച ഇടക്കാല ബജറ്റിലായിരുന്നു. “ഡിസ്ഇന്‍വെസ്റ്റ്മെന്റ്” എന്ന പദം ഉപയോഗിക്കുവാനുള്ള കാരണം “സ്വകാര്യവല്ക്കരണം” അഥവാ പ്രൈവറ്റൈസേഷന്‍ ഉപയോഗിക്കുവാന്‍ അന്നത്തെ പ്രധാനമന്ത്രി ചന്ദ്രശേഖര്‍ എന്ന മുന്‍ സോഷ്യലിസ്റ്റിന് കരളുറപ്പുണ്ടായില്ല എന്നത് തന്നെയാണ്.  തെരഞ്ഞെടുക്കപ്പെട്ട പിഎസ്‌യുകളില്‍ 20 ശതമാനം ഓഹരി സ്വകാര്യവല്ക്കരിച്ച് 2,500 കോടി സംഭരിക്കുവാനാണ് അന്ന് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ചതോടെ ചന്ദ്രശേഖര്‍ മന്ത്രിസഭ വീണു. തുടര്‍ന്ന് 91ല്‍ തന്നെ നരസിംഹറാവുവിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ നിലവില്‍ വന്നു. പ്രസ്തുത സര്‍ക്കാരിലെ ധനകാര്യമന്ത്രിയും മുന്‍ ലോകബാങ്ക് ജീവനക്കാരനുമായ ഡോ. മന്‍മോഹന്‍സിങ്ങാണ് ഇന്ത്യയില്‍ ഡിസ്ഇന്‍വെസ്റ്റ്മെന്റ് അഥവാ സ്വകാര്യവല്ക്കരണത്തിന് തുടക്കം കുറിച്ചത്. തുടര്‍ന്ന് 1998ല്‍ അധികാരത്തിലെത്തിയ ബിജെപി, 67–78 കാലഘട്ടത്തില്‍ ലോകബാങ്ക് ജീവനക്കാരനായിരുന്ന അരുണ്‍ ഷൂറിയെ “വിറ്റഴിക്കല്‍ മന്ത്രി” യായി തന്നെ നിയമിച്ച് രാജ്യത്തിന്റെ അഭിമാനമായിരുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍, മാരുതി ഉദ്യോഗ്‌ലിമിറ്റഡ് വിഎസ്എന്‍എല്‍, ബാല്‍കോ, ഹിന്ദുസ്ഥാന്‍ സിങ്ക് തുടങ്ങിയവ എല്ലാം സ്വകാര്യമേഖലയ്ക്ക് തീറെഴുതി. തുടര്‍ന്നുവന്ന കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരുകള്‍ ഇതേനയം പിന്തുടര്‍ന്നു. സ്പെക്ട്രം വില്പനയിലും കല്‍ക്കരിപ്പാടങ്ങള്‍‍ വിറ്റഴിക്കുന്നതിലും അഴിമതിയുടെ ദേശീയ റെക്കാഡുകള്‍ കുറിച്ചു. സബ്സിഡികള്‍ ഇല്ലാതാക്കുന്നതിനും ശതകോടീശ്വരന്മാരായ കോര്‍പറേറ്റുകള്‍ക്കായി പരവതാനി വിരിക്കുന്നതിനും ആരംഭം കുറിച്ചു.


ഇതുകൂടി വായിക്കാം; തൊഴിലില്ലാത്ത വളർച്ച


ഈ അവസരം മികച്ച പരസ്യപ്രചാരകരുടെ സഹായത്തോടെ പൂര്‍ണമായി പ്രയോജനപ്പെടുത്തിയത് ബിജെപിയാണ്. മോഡിയും കൂട്ടരും സബ്സിഡികള്‍ നിര്‍ത്തുന്നതിനെതിരെ വലിയ ശബ്ദത്തില്‍ സംസാരിച്ചു. വിദേശത്ത് നിക്ഷേപിച്ച കള്ളപ്പണം പിടിച്ചെടുത്ത് രാജ്യത്തെ ഓരോ പൗരനും ബാങ്ക് അക്കൗണ്ടില്‍ പതിനഞ്ചു ലക്ഷം രൂപ വീതം നല്കുമെന്നുവരെ വ്യാജവാഗ്ദാനം നല്കി 2014ല്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയ നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ നോട്ടുനിരോധനം, അശാസ്ത്രീയമായി ജിഎസ്‌ടി നടപ്പിലാക്കല്‍ തുടങ്ങിയ നടപടികളിലൂടെ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ ആഘാതമേല്പിച്ചു. എന്നുമാത്രമല്ല പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് വ്യാജ രേഖകളിലൂടെ ശതകോടികള്‍ കടത്തി വിദേശത്തേക്ക് രക്ഷപ്പെട്ട ലളിത്, നീരവ് മോഡിമാരേയും മെഹുല്‍ ചോക്സിമാരെയും കണ്ടില്ലെന്ന് നടിച്ചു. തകര്‍ന്ന പൊതുമേഖല ബാങ്കുകളെ പരസ്പം ലയിപ്പിച്ച് അവ ജനങ്ങള്‍ക്ക് അപ്രാപ്യമാക്കി. 1991ലെ നരസിംഹറാവു സര്‍ക്കാര്‍ അന്നുവരെയുള്ള കേന്ദ്ര സര്‍ക്കാരുകള്‍ പിന്തുടര്‍ന്നുപോന്ന നെഹ്രുവിയന്‍ മോഡല്‍ സമ്മിശ്ര സമ്പദ്‌വ്യവസ്ഥയില്‍ നിന്നും വ്യതിചലിച്ച്, കമ്പോളവല്ക്കരണ, നവലിബറല്‍ നയങ്ങളിലേക്ക് മാറുകയും രണ്ടാം യുപിഎ മുന്നണി സര്‍ക്കാരിന്റെ കാലത്ത് വലിയ തോതില്‍ സ്വകാര്യവല്ക്കരണത്തിന് ആരംഭം കുറിക്കുകയും ചെയ്തു. ഈ ഘട്ടത്തിലാണ് നവലിബറല്‍ നയങ്ങള്‍ മൂലം പൊതുസ്വത്ത് കൈവശപ്പെടുത്തി ശക്തരായ കോര്‍പറേറ്റുകള്‍ അവര്‍ക്ക് പ്രിയങ്കരനായ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ ഇന്ത്യകണ്ട ഏറ്റവും പണം മുടക്കിയ പ്രചരണ കോലാഹലങ്ങള്‍ കൊണ്ട് പ്രധാനമന്ത്രിപദത്തിലെത്തിച്ചത്. 2019 വലിയ തോതില്‍ വര്‍ഗീയ ധ്രുവീകരണം സൃഷ്ടിച്ച് ഭരണപരാജയം മറച്ചുവച്ചും പൊതു തെരഞ്ഞെടുപ്പിനെ നേരിട്ട എന്‍ഡിഎ, പ്രതിപക്ഷത്തിന്റെ അനൈക്യം കൂടി മുതലെടുത്ത് വീണ്ടും അധികാരത്തില്‍ വന്നു.

ഇന്ന് ഇന്ത്യയിലെ സമ്പത്തിന്റെ 90 ശതമാനവും നൂറ് കോര്‍പറേറ്റ് സ്ഥാപനങ്ങളുടെ കൈവശമാണ്. ആ കോര്‍പറേറ്റുകളില്‍ വെറും 10 സ്ഥാപനങ്ങളുടെ കൈവശമാണ് ഈ 90 ശതമാനം സമ്പത്തിന്റെ 82 ശതമാനം. അതായത് ഇന്ത്യയിലെ സമ്പത്ത് മുഴുവന്‍ ഏതാനും വ്യക്തികളുടെ കൈകളിലെത്തിയിരിക്കുന്നു. ഇനി രാജ്യത്തിന്റെ പൊതുമേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക സ്ഥാപനം ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ കോര്‍പറേറ്റ് മുതലാളിമാര്‍ക്ക് വില്ക്കാന്‍ ഒരുങ്ങുകയാണ്. മോഡി സര്‍ക്കാര്‍, 38 ലക്ഷം കോടിയുടെ ആസ്തിയുള്ള എല്‍ഐസിക്ക് വെറും 15 ലക്ഷം കോടിയാണ് ഇപ്പോള്‍ മൂല്യം നിര്‍ണയിച്ചിരിക്കുന്നത്. അതായത് കണക്കെടുപ്പ് നടന്നപ്പോള്‍ തന്നെ 23 ലക്ഷം കോടി രൂപ, പൂര്‍ണമായും ഇന്ത്യയിലെ നികുതിദായകന്റേത്, അപ്രത്യക്ഷമായിക്കഴിഞ്ഞു. കേന്ദ്ര സര്‍ക്കാരിന് എല്‍ഐസി ഇതുവരെയായി 28,965 കോടി രൂപയാണ് ഡിവിഡന്റായി നല്കിയത്.


ഇതുകൂടി വായിക്കാം;  കേന്ദ്ര സര്‍ക്കാര്‍ ഗുരുതര ധനകാര്യ പ്രതിസന്ധിയില്‍


ഇന്ത്യയിലെ ഇന്‍ഷുറന്‍സ് ബിസിനസിന്റെ 80 ശതമാനം കയ്യാളുന്ന ഈ സര്‍ക്കാര്‍ കമ്പനിയുടെ പാവങ്ങള്‍ക്കായുള്ള 330 രൂപയ്ക്ക് രണ്ടു ലക്ഷം രൂപയുടെ കവറേജ് നല്കുന്ന ജീവന്‍ജ്യോതി ബീമാ യോജനയില്‍ മാത്രം ഒന്നരക്കോടി ഗുണഭോക്താക്കളുണ്ട്. നഗര‑ഗ്രാമീണ മേഖലകളില്‍ തികച്ചും സാധാരണക്കാരായ 13.50 ലക്ഷം ജനങ്ങളാണ് എല്‍ഐസി ഏജന്റുമാരായി തൊഴില്‍ ചെയ്യുന്നത്. ഇതിനെല്ലാം പുറമെ ഇന്ത്യയിലെ പ്രമുഖ കോര്‍പറേറ്റ് കമ്പനികളില്‍ പലതിലും എല്‍ഐസിക്ക് വലിയ ഓഹരി ശതമാനമുണ്ട്. ഇത് ആവശ്യമുള്ള ഘട്ടങ്ങളില്‍ കേന്ദ്രസര്‍ക്കാരിന് ആ കമ്പനികളുടെ നിയന്ത്രണം ഏറ്റെടുക്കുന്നതിനുപോലും സാധ്യമാക്കുന്നതാണ്. 38 ലക്ഷം കോടി രൂപയാണ് വിവിധ, ഷെയറുകള്‍, സെക്യൂരിറ്റികള്‍ തുടങ്ങിയവയില്‍ എല്‍ഐസി നിക്ഷേപം. റയില്‍വേ, റോഡ്, വൈദ്യുതി, പാര്‍പ്പിടം തുടങ്ങിയ പശ്ചാത്തല വികസന പദ്ധതികളില്‍ 26,322 കോടിയായിരുന്നു 2020–21ല്‍ എല്‍ഐസിയുടെ നിക്ഷേപം. എല്‍ഐസി വില്പനയ്ക്ക് ഇന്‍ഷുറന്‍സ് റഗുലേറ്ററി അതോറിറ്റി എതിരുനിന്നാലോ എന്ന് സംശയിച്ച് റഗുലേറ്ററി അതോറിറ്റിക്ക് ചെയര്‍മാനെപ്പോലും കഴിഞ്ഞ ഒമ്പതുമാസമായി നിയമിച്ചിട്ടില്ല. ഇന്ത്യയിലെ 49 കോടി ജനങ്ങളും എല്‍ഐസി പോളിസി ഉടമകളാണ്. അവരുടെ ജീവിതസുരക്ഷിതത്വത്തിന്മേല്‍ നടത്തുന്ന ഏറ്റവും വലിയ കടന്നുകയറ്റമാണ് എല്‍ഐസി സ്വകാര്യവല്ക്കരണം. കാരണം 2019–20ല്‍ മാത്രം സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളുടെ തട്ടിപ്പിനെക്കുറിച്ച് ഇന്ത്യയില്‍ വന്ന പരാതികള്‍ 43,444 ആയിരുന്നു. ഇന്ത്യയുടെ പൊതുസമ്പത്തിന്റെ ഹൃദയ രക്തധമനിയാണ് എല്‍ഐസി. അത് വിറ്റുതുലയ്ക്കാന്‍ അനുവദിക്കരുത് എന്ന നിലപാട് സ്വീകരിച്ചുകൊണ്ടാണ് സിപിഐ എല്‍ഐസി സംരക്ഷണ സദസ് തിരുവനന്തപുരത്ത് മാര്‍ച്ച് രണ്ടിന് സംഘടിപ്പിക്കുന്നത്. ഇതേ വികാരം എല്‍ഐസി പോളിസികളില്‍ ജീവിത സുരക്ഷിതത്വം ഉറപ്പിച്ചിരിക്കുന്ന ഇന്ത്യയിലെ നാല്പത്തിഒമ്പത് കോടി ജനങ്ങളും ഏറ്റെടുക്കേണ്ടിയിരിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.