Thursday
21 Feb 2019

സാഹോദര്യത്തിന്‍റെ വീണ്ടെടുപ്പ്

By: Web Desk | Saturday 23 June 2018 11:02 PM IST

c radhakrishnan

ഭൂമിയില്‍ മനുഷ്യര്‍ക്കിടയില്‍ നഷ്ടമായിപ്പോയ സാഹോദര്യത്തിനായാണ് എഴുത്തുകാരായ എഴുത്തുകാരുടെ എല്ലാം പ്രയത്‌നം. എല്ലാവര്‍ക്കും സുഖവും സന്തോഷവും ഒരുപോലെ ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നതുകൊണ്ട് എല്ലാ നല്ല എഴുത്തുകാരും ആത്മാര്‍ഥമായി ഇടതുപക്ഷക്കാരായും ഭവിക്കുന്നു.

മലയാളത്തിലെ മിക്ക എഴുത്തുകാരും എന്തേ ഇടതുപക്ഷത്തെത്തിയിരിക്കുന്നത് എന്ന് ഈയിടെയാരോ ചോദിച്ചതു കേട്ടപ്പോഴാണ് ഈ വിചാരത്തിന്റെ വിത്ത് മനസില്‍ വീണത്. (ചോദിച്ച ആള്‍ വിമര്‍ശകനാണ്. മലയാളത്തിലെയെന്നല്ല ലോകത്തിലെതന്നെ മിക്ക വിമര്‍ശകരുമെന്തേ വലതുപക്ഷത്തായിപ്പോയത് എന്ന ചോദ്യവും അപ്രസക്തമല്ല).
എഴുത്തുകാര്‍ക്കിടയിലും ഇടതുപക്ഷമാണെന്നഭിനയിക്കുന്നവരുണ്ട്. വലതുപക്ഷമെന്ന് വെറുതെ ഘോഷിക്കുന്നവര്‍ വലതുപക്ഷത്തുണ്ട്. മരങ്കൊത്തികളെപ്പോലെ തായ്മരം കൊത്തി തങ്ങള്‍ക്ക് കൂടുകൂട്ടാന്‍ മാളമുണ്ടാക്കുന്നവരെ ഈ പരിശോധനയില്‍ ഇവിടെവച്ചേ തള്ളിക്കളയാം. ഇവര്‍ നിയമമല്ല, നിയമത്തെ സാധൂകരിക്കുന്ന നീക്കുപോക്കുകളാണല്ലൊ.
സാഹോദര്യം വീണ്ടെടുക്കാന്‍ ശ്രമിക്കുന്ന എഴുത്തുകാരന്‍ ആദ്യം അന്വേഷിക്കുന്നത് അത് എവിടെവച്ച് എങ്ങനെയാണ് നഷ്ടമായത് എന്നാണ്. സംശയമില്ല, ”നിന്റേതുകൂടി എനിക്കുവേണം” എന്ന ആഗ്രഹത്തിലാണ് അസഹിഷ്ണുതയുടെ ബീജാവാപം. ”എന്റെ സഹോദരന്റെ ചോരക്ക് കാവല്‍ക്കാരന്‍ ഞാനോ?” എന്ന ചോദ്യത്തില്‍ നിന്ന് തുടങ്ങുന്നു. ഈ ചോദ്യം ഒരു സംശയനിവാരണശ്രമമല്ല. തന്റെ സ്വാര്‍ഥത്തിന് ന്യായീകരണമായി കണ്ടെത്തുന്ന നിലപാടാണ്. സഹോദരനെ ഉന്മൂലനം ചെയ്ത് അവന്റെ ധനംകൂടി ഞാന്‍ ആര്‍ജ്ജിക്കുക. അതിന്റെ കുറച്ചുകൂടി ബുദ്ധിപരമായ രൂപമാണ് ”എന്റെ” സഹോദരനെ കാണാച്ചങ്ങലക്കോ കാണാവുന്ന ചങ്ങലക്കുപോലുമോ ഇട്ടുതന്നെ അവന്റെ അധ്വാനഫലത്തെ ചൂഷണം ചെയ്യുകയെന്നത്.

ഇതിന് ഒരുപാട് ന്യായീകരണങ്ങള്‍ പില്‍ക്കാലത്തുണ്ടായി. സ്വന്തം പ്രതിച്ഛായയിലുള്ള ഒരു ദൈവത്തിന്റെ സംസ്ഥാപനമാണ് ഏറ്റവും പഴയത്. ഈ ദൈവം അതിനെ അടിമയാക്കാന്‍ ”എന്നെ” നിയോഗിച്ചിരിക്കുന്നു, ഈ അടിമവ്യവസ്ഥ പരിപാലിക്കാന്‍ ഒരു രാജാവിനെയും നിയോഗിച്ചിരിക്കുന്നു.

ഈ ദൈവത്തിനു പകരം ദയാമയനായ ഒരു ദൈവത്തെ സ്ഥാപിക്കാന്‍ ശ്രമിച്ച മതങ്ങള്‍ വളരെ വേഗം ജനകീയങ്ങളായി. അപ്പോള്‍, നേരത്തെ അധീശരായിരുന്നവര്‍ ഈ മതങ്ങളുടെ പേരിലും അധീശരായി. അവര്‍ അനുയായികളെ വെറും ”ക്യാമ്പ് ഫോളോവേഴ്‌സ്” ആക്കി. (ഈ വാക്കിന്റെ അര്‍ഥം എന്തെന്ന് ഇപ്പോള്‍ പൊലീസിലെ കോലാഹലം തെളിയിക്കുന്നല്ലൊ).
മാത്രമല്ല, ആളുകളെ ‘പിരികയറ്റി’ ഈ ദൈവത്തില്‍ വിശ്വസിക്കാത്തവരുടെ ശത്രുക്കളാക്കി. ആ ശത്രുക്കളുടെ അക്രമങ്ങളില്‍ നിന്നു രക്ഷിക്കുന്നവരായി പ്രഖ്യാപിക്കുകയും ചെയ്തു.
സ്വാഭാവികമായും ”മറ്റുള്ളവര്‍” വേറെ മതങ്ങളുടെ പേരില്‍ സംഘടിപ്പിക്കപ്പെടുകയും ഒടുങ്ങാത്ത കുടിപ്പകകളും അക്രമങ്ങളും നിത്യപ്പതിവാകയും ചെയ്തു.
ഒരേ ദൈവത്തില്‍ വിശ്വസിക്കുന്നവര്‍ പോലും ”സംരക്ഷക”രുടെ പരമാധികാരമോഹത്തിന്റെ ഫലമായി ചേരികളാക്കപ്പെടുകയും തമ്മില്‍ത്തല്ലി ചാവുകയും പതിവായി.
അന്നന്ന് അധികാരത്തിലുള്ള ശക്തികളെ അനുകൂലിച്ചും അനുനയിപ്പിച്ചും ചൂഷകര്‍ നിര്‍ബാധം അരങ്ങുവാഴുകയാണ് മതമേതായാലും സംഭവിച്ചത്.
സംഘടിത മതങ്ങളും ചൂഷകരും ഒത്തുചേര്‍ന്ന് അവതരിപ്പിക്കുന്ന ഈ നാടകം അവസാനിപ്പിക്കാന്‍ ഈശ്വരനെ ഇവരുടെ കൈയില്‍ നിന്ന് മോചിപ്പിച്ചേ പറ്റൂ. പക്ഷേ, ഈശ്വരന്‍ ഇല്ല എന്നല്ല, ഈശ്വരന്‍ ഇവരുടെ വരുതിയിലോ അറിവിലോ ഇല്ല എന്നാണ് ജനകീയബോധം വളരേണ്ടത്.
”വിത്തനാഥന്‍റെ ബേബിക്കുപാലും
നിര്‍ദ്ധനച്ചെറുക്കന്നുമിനീരും
ഈശ്വരേച്ഛയല്ല, ആകില്‍ അമ്മട്ടു-
ള്ളീശ്വരനെച്ചവിട്ടുക നമ്മള്‍!” – വയലാര്‍
ഈശ്വരനാണ് ജനമോചനത്തിനുള്ള ഏറ്റവും ഫലപ്രദമായ ആയുധം. ആ ഈശ്വരന്‍ ഈശാവാസ്യ ഉപനിഷത്തിലുണ്ട്: ”ഈശ്വരന്‍ എല്ലാവരിലും ഉണ്ട്. ഈ ധനം അദ്ദേഹത്തിന്റെയാണ്. വലിച്ചുവാരി കയ്യടക്കരുത്. പങ്കിട്ടുമാത്രം അനുഭവിക്കുക” അതേ, ”ഈ ഭൂമിയിലെ എല്ലാ സഹോദരങ്ങളുടെയും ചോരക്ക് ഞാന്‍ കാവല്‍ക്കാരന്‍.” അതിനാല്‍ ഞാന്‍ ഇടതുപക്ഷക്കാരന്‍. താങ്കളും ഇടതുപക്ഷക്കാരന്‍ – അങ്ങനെയാണെന്ന് അറിയുന്നെങ്കിലുമില്ലെങ്കിലും!