Saturday
23 Feb 2019

ജീവിക്കാന്‍ ചിതയൊരുക്കി ഒരു വീട്ടമ്മ

By: Web Desk | Wednesday 8 August 2018 10:33 PM IST


kureeppuzha

കേരളം അവിശ്വസനീയമായ പല സമരങ്ങളും കണ്ടിട്ടുണ്ട്. ഉടുപ്പിടാന്‍ വേണ്ടിയുള്ള സ്ത്രീസമരം, ഉപ്പു കുറുക്കി സമരം, അടുപ്പുകൂട്ടി സമരം, ആറടി മണ്ണിനുവേണ്ടിയുള്ള നില്‍പ്പുസമരം, കാലുകടഞ്ഞു പൊട്ടാറാവുമ്പോള്‍ ഒന്നിരിക്കാന്‍ വേണ്ടിയുള്ള ഇരിപ്പുസമരം, അങ്ങനെ വരും തലമുറയ്ക്കു വിശ്വസിക്കാന്‍ പ്രയാസമായ നിരവധി ജീവിതസമരങ്ങള്‍. ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് എറണാകുളം ജില്ലയിലെ ഇടപ്പള്ളിക്കടുത്തുള്ള മാനാത്തുപാടത്തു നടക്കുന്ന ഒരു വീട്ടമ്മയുടെ സമരം.

വിറകും ചിരട്ടയും ഉപയോഗിച്ച് ചിതയുണ്ടാക്കി അതിനുമുകളില്‍ വെള്ളത്തുണി വിരിച്ച് സാമ്പ്രാണിത്തിരികളും കത്തിച്ചുവച്ചാണ് പാവപ്പെട്ട ആ വീട്ടമ്മ സമരം നടത്തുന്നത്. ആകെക്കൂടി സ്വന്തമായുള്ള ഒരു ചെറിയ വീടും അല്‍പസ്ഥലവും മനുഷ്യസ്‌നേഹം കാട്ടിയതിനു വിലയായി പിടിച്ചെടുത്ത് തെരുവിലിറക്കുകയാണെങ്കില്‍ ഒതുക്കിവച്ചിരിക്കുന്ന ചിത സ്വയം കത്തിച്ച് മരിക്കുമെന്നാണ് പ്രീതാഷാജി എന്ന ഈ വീട്ടമ്മയുടെ തീരുമാനം.
ചേരനല്ലൂര്‍ സ്വദേശി സാജന്‍ എന്ന ആള്‍ക്ക് വര്‍ക്ക്‌ഷോപ്പ് തുടങ്ങാനായി ലോഡ്കൃഷ്ണ ബാങ്കില്‍ നിന്ന് രണ്ടു ലക്ഷം രൂപ ലോണെടുക്കേണ്ടിവന്നു. കൂട്ടുകാരനായ ഷാജിയാണ് ജാമ്യം നിന്നത്. കടബാധ്യത പലിശസഹിതം പെരുകി ഇപ്പോള്‍ രണ്ടരക്കോടിയോളമായത്രെ. ലോണെടുത്തയാള്‍ അടച്ചില്ല. സര്‍ഫാസി നിയമപ്രകാരം ഷാജിയുടെ വീടും പുരയിടവും ബാങ്കുകള്‍ ലേലം ചെയ്തു. കൃഷ്ണഭഗവാന്റെ പേരിലുള്ള ആ ബാങ്ക് ഇല്ലാതായപ്പോള്‍ കടംതിരിച്ചുപിടിക്കാനുള്ള എച്ച്ഡിഎഫ്‌സിയുടെ നിയന്ത്രണത്തിലായി.

സര്‍ഫാസി നിയമം വായ്പയെടുത്ത് രക്ഷപ്പെടാമെന്നു വിചാരിക്കുന്ന പാവം മനുഷ്യരെ കുടുക്കി ഒഴിവാക്കുന്ന കെണിയാണ്. അതനുസരിച്ച് ഭീമമായ തുക അടയ്ക്കാന്‍ കഴിയാതെ ബാങ്കിനെ വിശ്വസിച്ചവര്‍ വഴിയാധാരമാകും. വീടും പുരയിടവും ലേലത്തില്‍ പിടിച്ച സമ്പന്നര്‍ക്ക് അനുകൂലമായി നീതിന്യായവ്യവസ്ഥയും നിലകൊണ്ടിരിക്കുകയാണ്.
ഇതിനെതിരെയാണ് ഷാജിയുടെ ഭാര്യ പ്രീത വീട്ടുമുറ്റത്ത് ചിതയൊരുക്കി സമരം തുടങ്ങിയത്. പിന്നീട് സമരച്ചിത ബാങ്കിന്റെ മുന്നിലേക്ക് മാറ്റി.
നമ്മുടെ രാജ്യത്തെ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നത് ആര്‍ക്കുവേണ്ടിയാണ്. പാവങ്ങള്‍ക്കുവേണ്ടിയോ പണക്കാര്‍ക്കുവേണ്ടിയോ? മിനിമം ബാലന്‍സ് പോലും സൂക്ഷിക്കാന്‍ കഴിയാത്ത പാവങ്ങളുടെ പിച്ചച്ചട്ടിയില്‍ നിന്നും പിടികൂടിയ പട്ടിണിക്കാശെല്ലാം കൂടി കൂട്ടിവച്ചപ്പോള്‍ കോടികളുടെ അവിശ്വസനീയ ധനമാണ് കാണാന്‍ കഴിഞ്ഞത്. ബാങ്ക് അക്കൗണ്ട് സംബന്ധിച്ച മൊബൈല്‍ സന്ദേശങ്ങള്‍ക്കുപോലും പണം ഈടാക്കുകയാണ്. ബാങ്കിലേക്ക് പണം നിക്ഷേപിച്ചാലും പിന്‍വലിച്ചാലും കൈനഷ്ടം ഉറപ്പ്. ആധുനിക സൗകര്യങ്ങളെല്ലാമുള്ള ബാങ്കുകള്‍ നോക്കുകൂലി വാങ്ങുന്ന ചുമട്ടുതൊഴിലാളികളെ അമ്പരപ്പിച്ചിരിക്കുകയാണ്. ഒരുവിധം സാമ്പത്തികശേഷിയുള്ളവരുടെ കയ്യില്‍ നിന്നുമാണ് ചുമട്ടുതൊഴിലാളിക്ക് നോക്കുകൂലി ആവശ്യപ്പെടാന്‍ സന്ദര്‍ഭം കിട്ടിയിരുന്നതെങ്കില്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരും ബാങ്കിന്റെ ഉരുക്കുമുഷ്ടികളിലാണ്.
എല്ലാവരെക്കൊണ്ടും അക്കൗണ്ടെടുപ്പിച്ചതിലൂടെയാണ് കേന്ദ്രസര്‍ക്കാര്‍ ഈ വാരിക്കുഴി രൂപപ്പെടുത്തിയത്. കോടീശ്വരന്മാരാകട്ടെ, ശതകോടികള്‍ വെട്ടിച്ചുകൊണ്ട് സുഖമായി ജീവിക്കുകയും ചെയ്യുന്നു.
ഇവിടെയാണ് പ്രീതാഷാജി എന്ന വീട്ടമ്മയുടെ ചോരയും കണ്ണുനീരും കാവല്‍നില്‍ക്കുന്ന ചിതകൂട്ടി സമരം മനഃസാക്ഷിയെ മുറിപ്പെടുത്തുന്നത്. കൂട്ടുകാരനെ സഹായിക്കാന്‍ വേണ്ടിയാണ് ഈ കെണിയില്‍പ്പെട്ടത് എന്നോര്‍ക്കുമ്പോള്‍ ജാമ്യം നില്‍ക്കാനും ഇനി ആളിനെ കിട്ടാതെവരും. മനുഷ്യസ്‌നേഹം എന്ന വലിയ ആശയമാണ് ഇവിടെ മുറിവേറ്റുവീഴുന്നത്.
വാസ്തവത്തില്‍ ചിതയിലെരിയേണ്ടത് സര്‍ഫാസി നിയമത്തിലെ ദരിദ്ര ജനവിരുദ്ധതയാണ്. ജാമ്യം നിന്നുപോയ സ്‌നേഹനിധികളായ പാവങ്ങളല്ല.