Tuesday
26 Mar 2019

തകര്‍ക്കാനാവാത്ത വിപ്ലവ ആവേശമാണ് ലെനിന്‍

By: Web Desk | Tuesday 13 March 2018 10:06 PM IST


പഞ്ചവത്സര പദ്ധതിയും ആസൂത്രണ സംവിധാനവും ഇന്ത്യയില്‍ പ്രയോഗിക്കാന്‍ പ്രചോദനമായത് ലെനിനോടുള്ള ആദരവും ദീര്‍ഘ ദര്‍ശിത്വവുമായിരുന്നു. രാഷ്ട്രപിതാവ് ഗാന്ധിജിയും ലെനിനെ ബഹുമാനിച്ചിരുന്നു. ലോകത്തിലെ സോഷ്യലിസ്റ്റുകാര്‍ക്കും കമ്മ്യൂണിസ്റ്റുകാര്‍ക്കും മാത്രമല്ല മതനിരപേക്ഷശക്തികള്‍ക്കും ജനാധിപത്യവാദികള്‍ക്കും ലെനിന്‍ പ്രചോദനവും ആവേശവുമായിരുന്നു. റഷ്യയിലെ വിപ്ലവ തൊഴിലാളിവര്‍ഗത്തിന്റെ നേതാവ് മാത്രമായിരുന്നില്ല ലെനിന്‍, ലോകമാസകലമുള്ള അദ്ധ്വാനിക്കുന്ന ജനങ്ങളുടെ നേതാവും മാര്‍ക്‌സിസ്റ്റ് ആചാര്യനും ശാസ്ത്രീയ സോഷ്യലിസത്തിന്റെ മഹത്തായ ആശയങ്ങളുടെ ഉത്സാഹിയായ പ്രചാരകനുമായിരുന്നു.

ത്രിപുരയില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കാണ് ഭൂരിപക്ഷം ലഭിച്ചത്. ത്രിപുരയോടൊപ്പം മേഘാലയിലും നാഗാലാന്റിലും തെരഞ്ഞെടുപ്പു നടന്നിരുന്നു. ത്രിപുര ഭരിച്ചിരുന്ന ഇടതുപക്ഷ സര്‍ക്കാരിനെ താഴെ ഇറക്കാനായതില്‍ ബിജെപിയും കമ്മ്യൂണിസ്റ്റ് വിരുദ്ധരും ആഹ്ലാദിക്കുന്നു. അതിനാല്‍ മറ്റ് നിയമസഭ തെരഞ്ഞെടുപ്പിനേക്കാളും രാഷ്ട്രീയ പ്രാധാന്യം ത്രിപുര തെരഞ്ഞെടുപ്പിനുണ്ടായി. തെരഞ്ഞെടുപ്പ് ഫലംപുറത്തുവന്ന മാര്‍ച്ച് മൂന്നു മുതല്‍ ത്രിപുര അക്രമകാരികളുടെ വേദിയായി മാറി. ത്രിപുരയെ വിഭജിക്കണമെന്ന് ആവശ്യപ്പെടുന്ന തീവ്രവാദ സംഘടനയായ ഐപിഎഫ്ടി യുമായി മുന്നണി ഉണ്ടാക്കി കൊണ്ടാണ് ബിജെപി ത്രിപുരയില്‍ അധികാരം പിടിച്ചെടുത്തത്. അസഹിഷ്ണുതയുടെ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്ന ബിജെപി ഉത്തരവാദിത്തങ്ങള്‍ മറന്നുകൊണ്ട് തീവ്രവാദ സംഘടനയായ ഐപിഎഫ്ടിയുമായും ആര്‍എസ്എസ് സംഘപരിവാറുമായി ചേര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അക്രമണം അഴിച്ചു വിടുന്നതാണ് രാജ്യം കണ്ടത്. ബിജെപി-ആര്‍എസ്എസ് കൂട്ടുകെട്ട് അഴിച്ചുവിട്ട ആസൂത്രിതമായ ഫാസിസ്റ്റ് തേര്‍ വാഴ്ചയായിരുന്നു അത്. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഗൂഢനീക്കം ഇതിന്റെ പിന്നിലുണ്ട്. ഇടതുപക്ഷ പ്രവര്‍ത്തകരുടെ മനോവീര്യം കെടുത്തുന്നതോടൊപ്പം കമ്മ്യൂണിസ്റ്റുകാരെ ഉന്മൂലനം ലക്ഷ്യം വയ്ക്കുന്നതാണ് ആക്രമണത്തിന്റെ സ്വഭാവം. ത്രിപുരയില്‍ മാസങ്ങള്‍ക്കു മുമ്പു വരെ കോണ്‍ഗ്രസ് ആയിരുന്നു മുഖ്യ പ്രതിപക്ഷം. കോണ്‍ഗ്രസ് ഇപ്പോള്‍ ചിത്രത്തിലില്ലാത്ത അവസ്ഥയിലാണ്. കോണ്‍ഗ്രസ് വോട്ടുകള്‍ എല്ലാം ചേര്‍ന്ന് ഒഴുകിയെത്തിയത് ബിജെപി പാളയത്തിലാണ്. പണം ഒഴുക്കിക്കൊണ്ടുള്ള വോട്ടുപിടുത്ത തന്ത്രം വിജയിപ്പിക്കുവാന്‍ ബിജെപിയെ കോര്‍പ്പറേറ്റുകള്‍ നിര്‍ലോഭം സഹായിച്ചു. മതനിരപേക്ഷത വലിച്ചെറിഞ്ഞ് മൃദുഹിന്ദുത്വത്തിന് പുറകെ പോയ കോണ്‍ഗ്രസ് അവിടെ നാമാവശേഷമായി. ഈ അവസ്ഥയും ബിജെപിയുടെ അക്രമണ വാഴ്ചയ്ക്ക് ആക്കം കൂട്ടി.

ക്രമസമാധാന പരിപാലനത്തിനു ചുമതലയുള്ള ഗവര്‍ണര്‍ പോലും ആക്രമകാരികള്‍ക്കൊപ്പമാണ് നിലകൊണ്ടത്. ഇതില്‍ നിന്നും ഒരുകാര്യം വ്യക്തമായി. രാജ്യമാകെ ക്രമസമാധാനം നിലനിര്‍ത്താനും ജനങ്ങള്‍ക്ക് സൈ്വര്യജീവിതം ഉറപ്പുവരുത്തുവാനും ഭരണഘടനാപരമായ ബാധ്യതയുള്ള ബിജെപിയുടേയും കേന്ദ്രഭരണാധികാരികളുടേയും പിന്തുണ ആക്രമകാരികള്‍ക്കൊപ്പമാണ്.
ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാന്‍ പ്രതിജ്ഞാബദ്ധമായിട്ടുള്ള ആര്‍എസ്എസ് ആഭ്യന്തര ശത്രുക്കളായി കരുതുന്നവരില്‍ പ്രധാനികള്‍ കമ്മ്യൂണിസ്റ്റുകാരാണ്. ഇസ്‌ലാം, ക്രിസ്ത്യന്‍ മതവിശ്വാസികളാണ് മറ്റുള്ളവര്‍. കമ്മ്യൂണിസ്റ്റുകാരുടെ സര്‍വനാശം ആര്‍എസ്എസ് സ്വപ്‌നം കാണുന്നു. കമ്മ്യൂണിസ്റ്റുകാര്‍ക്കു നേരെ ഹിറ്റ്‌ലര്‍ മോഡലില്‍ ഉന്മൂലനത്തിന്റെ പാത സ്വീകരിക്കാനും അവര്‍ക്ക് മടിയില്ല. എന്നാല്‍ അത് അത്ര എളുപ്പമല്ലെന്ന് ആര്‍എസ്എസിന് അറിയാം. പ്രലോഭിപ്പിച്ച് വശത്താക്കുകയും, ഭയപ്പെടുത്തി കീഴ്‌പ്പെടുത്തുകയും ചെയ്യുക ആര്‍എസ്എസ് തന്ത്രങ്ങളിലൊന്നാണ്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നശേഷം നടത്തിയ ആക്രമണപരമ്പരയിലെ ആദ്യദിനത്തില്‍ തന്നെ ആയിരത്തിഅഞ്ഞൂറിലധികം വീടുകളാണ് അക്രമികള്‍ തകര്‍ത്തത്.

അഴിഞ്ഞാടിയ അക്രമകാരികള്‍ ലോകപ്രസിദ്ധകമ്മ്യൂണിസ്റ്റ് വിപ്ലവകാരി വി ഐ ലെനിന്റെ പ്രതിമ പിഴുത് മാറ്റുകയും തകര്‍ക്കുകയുമുണ്ടായി. പ്രതിമ തകര്‍ക്കുന്നതിന്റെ പിന്നിലെ രാഷ്ട്രീയം തിരിച്ചറിയേണ്ടതുണ്ട്. ബയോനിയയിലെ ലെനിന്റെ പ്രതിമ ബുള്‍ഡോസര്‍ ഉപയോഗിച്ചാണ് തകര്‍ത്തത്. ഇതിന്റെ ചിത്രീകരണം ലോകം മുഴുവന്‍ കാണുകയുണ്ടായി. സബ്രുമിലെ പ്രതിമയും ഇതുപോലെ തകര്‍ക്കപ്പെട്ടു. റഷ്യക്കാരനായ ലെനിന് ഇന്‍ഡ്യയില്‍ എന്ത് കാര്യം എന്നാണ് ട്വിറ്ററിലൂടെ ബിജെപി ദേശീയ നേതാവ് പ്രതികരിച്ചത്. പെരിയാറിന്റെ പ്രതിമയും അംബേദ്കറിന്റെ പ്രതിമയും തകര്‍ക്കുമെന്ന ഭീഷണിയും ട്വിറ്ററിലൂടെ അണികളുമായി പങ്കുവെച്ചു. രാഷ്ട്രീയവും സാമ്പത്തികവുമായ ലക്ഷ്യങ്ങളോടെ ഇന്ത്യന്‍ സമൂഹത്തില്‍ അടിച്ചേല്‍പ്പിക്കപ്പെട്ട ചങ്ങലയാണ് ഹിന്ദുമതമെന്നും, ചാതുര്‍വര്‍ണ്യത്തിനു പുറത്തെ മഹാഭൂരിപക്ഷം ജനങ്ങളെ മിത്തുകള്‍ കൊണ്ടു മയക്കിയും പുരാണങ്ങളും ഇതിഹാസങ്ങളും കൊണ്ട് വരിഞ്ഞുമുറുക്കി, അവരെ ഹിന്ദുത്വത്തിന്റെ തടവറയിലാക്കിയെന്നും തുറന്നടിച്ച സാമൂഹ്യവിപ്ലവകാരിയും ചിന്തകനുമാണ് പെരിയാര്‍ ഇ വി രാമസ്വാമി നായ്കര്‍. ബിജെപി നേതാവ് ട്വിറ്ററിലൂടെ അഭിപ്രായപ്രകടനം നടത്തിയതിനുശേഷം അധികം വൈകുംമുമ്പ് വെല്ലൂര്‍ തിരുപ്പത്തൂരില്‍ സ്ഥാപിച്ചിരുന്ന പെരിയാര്‍ പ്രതിമയ്ക്കു നേരെ സംഘപരിവാറിന്റെ ആക്രമണം ഉണ്ടായി. അസ്പര്‍ശ്വരായ ജനങ്ങളുടെ മോചനത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച് പ്രവര്‍ത്തിക്കുകയും ജാതിവ്യവസ്ഥയ്ക്കു നേരെ ജീവിതാന്ത്യം വരെ പോരാടുകയും ചെയ്ത ഡോ. അംബേദ്കറുടെ പ്രതിമയ്ക്കു നേരെ ഈ അവസരത്തില്‍തന്നെ ആക്രമണം ഉണ്ടായി എന്നതും ശ്രദ്ധേയമാണ്. മീററ്റിലെ മവാനിയില്‍ സ്ഥാപിച്ച പ്രതിമയ്ക്കു നേരെയാണ് മനുവാദികള്‍ ആക്രമണം നടത്തിയത്. ലെനിന്‍, അംബേദ്കര്‍, പെരിയാര്‍ എന്നിവരുടെ പ്രതിമകള്‍ക്കു നേരെയുണ്ടായ ആക്രമണം അസഹിഷ്ണുതാവാദികളായ സംഘപരിവാറിന്റെ രാഷ്ട്രീയ നിലപാടാണ് വ്യക്തമാക്കുന്നത്. അവര്‍ മഹാന്‍മാരായ വിപ്ലവകാരികളുടെ ആശയത്തെ ഭയക്കുന്നു എന്നതാണ് സത്യം.

സാമ്രാജ്യത്വവിരുദ്ധ സമരത്തിന്റെ ചരിത്രവും പാരമ്പര്യവും തീരെ ഇല്ലാത്ത സംഘടനയാണ് ആര്‍എസ്എസ് സങ്കുചിത ദേശീയവാദത്തിന്റെ മേലങ്കിയാണ് അവര്‍ എപ്പോഴും അണിഞ്ഞിട്ടുള്ളത്. അതുകൊണ്ട് തന്നെ സാമ്രാജ്യത്വ പോരാളികള്‍ സംഘപരിവാറിന്റെ കണ്ണിലെ കരടാണ്. വ്‌ളാദ്മീര്‍ ഇല്ലിച്ച് ഉല്യനോവ് എന്ന ലെനിനും അതെ ഗണത്തിലാണ് അവര്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. മുസോളിനിയില്‍ നിന്ന് രാഷ്ട്രീയ പാഠങ്ങള്‍ പഠിച്ച ആര്‍എസ്എസ് ലെനിനെ മനസിലാക്കിയിട്ടുള്ളത് സാമ്രാജ്യത്വപോരാളിയെന്ന നിലയിലാണ്. ഇന്ത്യന്‍ ജനങ്ങളുടെ മനസില്‍ ലെനിനുള്ള സ്ഥാനം മനസിലാക്കാത്തവരാണ് അവരെന്ന് തോന്നുന്നില്ല. ആര്‍എസ്എസിന്റെ ബൈബിളായ വിചാരധാരയില്‍ അവര്‍ക്കുള്ള ആശങ്കയും ഭയവും വെളിപ്പെടുന്നുണ്ട്.

റഷ്യയില്‍ ഒന്നാമത്തെ വിപ്ലവം നടന്നത് 1905 ലാണ്. ‘സേ്വച്ഛാധിപത്യം നശിക്കട്ടെ, ജനാധിപത്യ റിപ്പബ്ലിക് നീണാള്‍ വാഴട്ടെ” എന്നായിരുന്നു വിപ്ലവത്തിന്റെ മുദ്രാവാക്യം. നിരവധി ജീവന്‍ അപഹരിക്കപ്പെട്ടു. വിപ്ലവത്തെ സാര്‍ ഭരണകൂടം അടിച്ചമര്‍ത്തി. രണ്ട് വര്‍ഷം കഴിഞ്ഞ് 1907 ഓഗസ്റ്റ്മാസത്തില്‍ ജര്‍മ്മനിയിലെ സ്റ്റുറ്റ്ഗര്‍ട്ടില്‍ വെച്ച് നടന്ന സാര്‍വ്വദേശീയ സോഷ്യലിസ്റ്റ് കോണ്‍ഗ്രസില്‍ ലെനിന്‍ നടത്തിയ പ്രസംഗം പ്രസിദ്ധമാണ്. ഒരു ജനകീയ പ്രസ്ഥാനമായി രൂപം പ്രാപിച്ചുകൊണ്ടിരുന്ന ഇന്ത്യയിലെ ദേശീയ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തെക്കുറിച്ച് ലെനിന്‍ തന്റെ പ്രസംഗത്തില്‍ എടുത്ത് പറഞ്ഞിരുന്നു. ഇന്ത്യയിലെ സോഷ്യലിസ്റ്റ് ആശയഗതിക്കാരുടെ പ്രതിനിധിയായി ആ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നത് ഇന്ത്യന്‍ വിപ്ലവത്തിന്റെ മാതാവ് എന്ന പേരില്‍ ലോകം അറിയുന്ന മാഡം ബിഖാജി രുസ്തം കാമയായിരുന്നു. അവര്‍ ഇന്ത്യന്‍ അവസ്ഥ വിവരിച്ചുകൊണ്ട് ലെനിന്റെ സാന്നിധ്യത്തില്‍ ഉജ്ജ്വലമായ പ്രസംഗം നടത്തുകയും ചെയ്തു. ഇന്ത്യയിലെ മര്‍ദ്ദിതകോടികള്‍ ഉയര്‍ന്നെഴുന്നേല്‍ക്കുന്ന ഒരു ദിവസം വരുമെന്നും ലെനിന്റേയും റഷ്യന്‍ വിപ്ലവകാരികളുടെയും പാതപിന്തുടരുമെന്നും ആവേളയില്‍ അന്ന് നടത്തിയ പ്രസംഗത്തില്‍ മാഡംകാമ പറയുകയുണ്ടായി. ലെനിനെ ഇന്ത്യ ശ്രദ്ധിച്ച മറ്റൊരു സംഭവം പിറ്റെ വര്‍ഷം തന്നെയുണ്ടായി. സ്വാതന്ത്ര്യസമരസേനാനിയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതാവുമായ ബാലഗംഗാധരതിലകനെ ബ്രിട്ടീഷ് ഗവണ്‍മെന്റ് അറസ്റ്റ് ചെയ്തു. അറസ്റ്റില്‍ പ്രതിഷേധിച്ച് മുംബൈ പട്ടണത്തിലെ തൊഴിലാളികള്‍ തുടര്‍ച്ചയായി പണിമുടക്കവും പ്രകടനവും നടത്തി. തൊഴിലാളികളുടെ വര്‍ഗബോധത്തെ വിലയിരുത്തിക്കൊണ്ട് ലെനിന്‍ എഴുതി, ഇന്ത്യയില്‍ വര്‍ഗബോധമുള്ള തൊഴിലാളിവര്‍ഗം ഉദയംക്കൊണ്ടിരിക്കുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ തൊഴിലാളികള്‍ പ്രകടിപ്പിച്ച ആര്‍ജ്ജവത്തെ അഭിനന്ദിക്കുകയും ചെയ്തു. 1917 ല്‍ റഷ്യയില്‍ വിജയിച്ച സോഷ്യലിസ്റ്റ് സ്റ്റേറ്റിന്റെ ശില്‍പ്പിയെന്ന നിലയില്‍ ലെനിന്‍ ലോകത്ത് കൂടുതല്‍ അറിയപ്പെട്ടു. സോഷ്യലിസ്റ്റ് വിപ്ലവവും, വിപ്ലവകാരിയായ ലെനിനും സാമ്രാജ്യത്വ വിരുദ്ധ പോരാളികളുടെയും ദേശീയ വിമോചന പ്രസ്ഥാനങ്ങളുടെയും ആവേശമായി മാറി. ഈ ആവേശമാണ് യുവ വിപ്ലവകാരി ഭഗത് സിംഗിന് ലെനിനെ പഠിക്കാന്‍ പ്രചോദനമായത്. 1931 മാര്‍ച്ച് 23ന് തൂക്കുമരത്തില്‍ വധശിക്ഷയ്ക്ക് വിധേയനാകാന്‍ മിനിറ്റുകള്‍ മാത്രം ബാക്കി നില്‍ക്കുന്ന സന്ദര്‍ഭം, തൂക്കുമരത്തിലേക്ക് ആനയിക്കാന്‍ നിയോഗിക്കപ്പെട്ട വാര്‍ഡന്‍ ഭഗത്‌സിംഗിന്റെ മുറിയ്ക്കരികിലെത്തി അറിയിച്ചു, സമയമായി. ഭഗത് സിംഗ് സൗമ്യ ഭാവത്തോടെ പറഞ്ഞു. എനിക്ക് ഏതാനും മിനിറ്റുകള്‍ കൂടി വേണം, ഞാന്‍ മഹാനായ ലെനിനെ വായിച്ചുക്കൊണ്ടിരിക്കുകയാണ്. ഏതാനും പേജുകള്‍ കൂടി ബാക്കിയുണ്ട്. ആ പേജുകള്‍ ആര്‍ത്തിയോടെ വായിച്ചുതീര്‍ത്തശേഷമാണ് ആ യുവ വിപ്ലവകാരി തൂക്കുകയര്‍ കഴുത്തിലേക്ക് ഏറ്റുവാങ്ങി ‘ഇന്‍ങ്കുലാബ് സിന്ദാബാദ്” എന്ന് ഉറക്കെ വിളിച്ച് രക്തസാക്ഷിത്വം വരിച്ചത്. ലെനിന്റെ ഭരണകൂടവും വിപ്ലവവും എന്ന പുസ്തകമാണ് ഭഗത് സിംഗ് അവസാനമായി വായിച്ചഗ്രന്ഥം. ലെനിന്‍ ജനാധിപത്യത്തെ മുറുകെ പിടിച്ച സോഷ്യലിസ്റ്റായിരുന്നു. ‘തൊഴിലാളിവര്‍ഗ ജനാധിപത്യം ഏത് ബൂര്‍ഷ്വാ ജനാധിപത്യത്തേക്കാളും ലക്ഷം മടങ്ങ് കൂടുതല്‍ ജനാധിപത്യപരമായിരിക്കും” എന്ന് ലെനിന്‍ സമര്‍ത്ഥിച്ചിരുന്നു. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു ലെനിനെ ഏറെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു. ബഹുമുഖപ്രതിഭകൂടിയായിരുന്ന ലെനിനെ പിന്‍തിരിപ്പന്‍ പ്രത്യയശാസ്ത്രത്തിന്റെ പ്രയോക്താക്കളായ സംഘപരിവാര്‍ ശക്തികള്‍ എതിര്‍ക്കുന്നതിലും അദ്ഭുതപ്പെടാനില്ല. കമ്മ്യൂണിസ്റ്റുകാരുടെ ആത്മവീര്യത്തിലും ആശയവീര്യത്തിലും ബോധവാന്‍മാരാകേണ്ടതുണ്ടെന്ന് ഗോള്‍വാള്‍ക്കര്‍ വിചാരധാരയിലൂടെ അണികളെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. അതെ, സംഘപരിവാര്‍ ഓര്‍ക്കുക, ഏത് തരത്തിലുളള ആക്രമണങ്ങള്‍ അഴിച്ചു വിട്ടാലും, ഉന്മൂലനത്തിന് തുനിഞ്ഞാലും തകര്‍ക്കാനാകാത്ത വിപ്ലവ ആവേശമാണ് ലെനിനും സഖാവിന്റെ ചിന്തകളും, തകര്‍ക്കാനാകാത്ത ശക്തിയാണ് മാര്‍ക്‌സിസം-ലെനിനിസം. കാരണം അത് ശാസ്ത്രവും സത്യവും അജയ്യവുമാണ്.