Thursday
21 Feb 2019

വിദ്യാലയങ്ങള്‍ വെള്ളിയാഴ്ച തുറന്നപ്പോള്‍

By: Web Desk | Wednesday 13 June 2018 10:15 PM IST

കേരളത്തിന്‍റെ സ്‌കൂള്‍ വര്‍ഷം ആരംഭിക്കുന്നത് ജൂണ്‍ മാസം ഒന്നാം തീയതിയാണ്. അന്ന് കുട്ടികളെ വരവേല്‍ക്കാന്‍ പെരുമഴയുമെത്തും. കാലചക്രം തിരിയുന്നതിനുസരിച്ച് സ്‌കൂള്‍ വര്‍ഷാരംഭം അപൂര്‍വമായിട്ടെങ്കിലും വെള്ളി ദിവസം വന്നുപെടാറുണ്ട്. അന്ന് വിദ്യാലയങ്ങള്‍ തുറന്നു കുഞ്ഞുങ്ങള്‍ക്ക് വിദ്യാരംഭം നടത്തുകയില്ല. ജൂണ്‍ ഒന്നാംതീയതി വെള്ളിയാഴ്ചയാണ് വരുന്നതെങ്കില്‍ സ്‌കൂള്‍ പ്രവേശനോത്സവം ജൂണ്‍ നാലിലേക്ക് നീട്ടിവയ്ക്കും. ഇപ്പോഴത്തെ ഇടതുപക്ഷ ഗവണ്‍മെന്റ് ജൂണ്‍ ഒന്നിനുതന്നെ ആദ്യത്തെ വിദ്യാലയാനുഭവം കുഞ്ഞുങ്ങള്‍ക്ക് പകര്‍ന്നുകൊടുത്തു.

എന്തുകൊണ്ടാണ് വെള്ളിയാഴ്ചകളില്‍ ഇത്രയും കാലം വിദ്യാലയങ്ങള്‍ തുറക്കാതിരുന്നത്. എല്ലാം തീരുമാനിക്കുന്ന ഉന്നതോദ്യോഗസ്ഥര്‍ക്ക് ചില കാരണങ്ങള്‍ പറയുവാനുണ്ട്. കാസര്‍കോട്ടെയോ വയനാട്ടിലെയോ ഉള്‍പ്രദേശങ്ങളില്‍ ജോലി ചെയ്യുന്ന തെക്കന്‍ ജില്ലകളിലെ അധ്യപകര്‍ക്ക് നേരിടുന്ന ചില അസൗകര്യങ്ങളാണ് പ്രധാനം. അവര്‍ക്ക് മെയ് 31നുതന്നെ യാത്ര തിരിക്കേണ്ടിവരുന്നു. ഒന്നാം വിദ്യാലയ ദിനത്തിലാകട്ടെ പ്രവേശനോത്സവവും സമ്മേളനവും മറ്റും കഴിഞ്ഞാല്‍ കുറച്ചുസമയമേ പ്രവര്‍ത്തിക്കേണ്ടതുള്ളു. പിന്നെയുള്ള രണ്ടുദിവസം അകാരണമായി വീട്ടില്‍ നിന്ന് മാറിനില്‍ക്കേണ്ടിവരും. രണ്ട് മാസത്തെ അവധിക്കുശേഷമാണ് ഈ അസൗകര്യം ഉണ്ടാവുന്നത് എന്നോര്‍ക്കുമ്പോള്‍ ചിലര്‍ക്കെങ്കിലും ചിരിവരും.
കഴിഞ്ഞ ഇടതുപക്ഷ ഭരണകാലത്ത് ജൂണ്‍ ഒന്നാം തീയതി ഒരു വര്‍ഷം വെള്ളിയാഴ്ചതന്നെ വന്നു. അന്ന് സ്‌കൂള്‍ തുറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും വിവിധ സമ്മര്‍ദ്ദങ്ങളെ തുടര്‍ന്ന് നാലാം തീയതിയിലേക്ക് മാറ്റിവയ്ക്കുകയായിരുന്നു.

ഹിന്ദുമത വിശ്വാസമനുസരിച്ച് വെള്ളിയാഴ്ച നല്ല ദിവസമല്ല. വെള്ളിയാഴ്ചയ്ക്കു മാത്രമല്ല ചൊവ്വാഴ്ചയ്ക്കും ഈ അയിത്തമുണ്ട്. മംഗളകര്‍മ്മങ്ങളൊന്നും വെള്ളിയാഴ്ച ആരംഭിച്ചാല്‍ ശരിയാകുകയില്ല എന്ന അന്ധവിശ്വാസമാണ് ഒരു പ്രധാന കാരണം. ഈ അന്ധവിശ്വാസം മറ്റു മതങ്ങളില്‍ ഇല്ല. സി എച്ച് മുഹമ്മദ്‌കോയ വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത് മഴക്കാലം ഒഴിവാക്കാന്‍ വേണ്ടി മധ്യവേനലവധിയില്‍ വ്യത്യാസം വരുത്തി ഏപ്രിലില്‍ സ്‌കൂളുകള്‍ പ്രവര്‍ത്തിപ്പിക്കുകയും ജൂണില്‍ അടച്ചിടുകയും ചെയ്തു. ആ വര്‍ഷം കാലവര്‍ഷം ഒരു പണി പറ്റിച്ചു. ജൂണ്‍ മാസത്തില്‍ മഴ പെയ്തതേയില്ല. ജൂലൈ മാസത്തില്‍ പെരുമഴ നനഞ്ഞുകൊണ്ട് കുട്ടികള്‍ സ്‌കൂളില്‍ പോകുകയും ചെയ്തു. എന്തായാലും സ്‌കൂള്‍ കലണ്ടറിലെ ആദ്യദിവസം ജൂണ്‍ ഒന്നായിത്തന്നെ ക്രമീകരിക്കപ്പെട്ടു.

അന്ധവിശ്വാസങ്ങളെ ഒഴിവാക്കിക്കൊണ്ടുള്ള ഒരു മാതൃകാഭരണരീതി കൈക്കൊള്ളുവാന്‍ കേരള സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട് എന്നുള്ളത് അഭിനന്ദനാര്‍ഹമാണ്. കഴിഞ്ഞ ഐക്യജനാധിപത്യ മുന്നണി ഭരണകാലത്ത് പതിമൂന്നാം നമ്പര്‍ കാര്‍ സ്വീകരിക്കുവാന്‍ ഒരു മന്ത്രിയും തയ്യാറായില്ല. പതിമൂന്ന് എന്ന അക്കം ശുഭകരമല്ല എന്ന ഇറക്കുമതി ചെയ്യപ്പെട്ട അന്ധവിശ്വാസത്തിന്‍റെ ഫലമായിരുന്നു അത്. ഇപ്പോഴത്തെ ഒരു മന്ത്രിസഭാംഗത്തിന് പതിമൂന്നാം നമ്പര്‍ വാഹനമുണ്ട്. അര്‍ഥരഹിതമായ ഈശ്വര പ്രാര്‍ഥനയ്ക്കുപകരം ഒരു കേരളഗാനം വേണമെന്ന നിലപാടും അഭിനന്ദനാര്‍ഹമാണ്. വിദ്യാലയങ്ങള്‍ വെള്ളിയാഴ്ച തുറന്നപ്പോള്‍ ഹര്‍ഷാരവത്തോടെ മഴ വന്നു. പ്രവേശനോത്സവത്തിന്റെ മേളക്കൊഴുപ്പോടെ കുഞ്ഞുങ്ങള്‍ സ്‌കൂളിലെത്തി. എല്ലാ കുട്ടികള്‍ക്കും അന്ധവിശ്വാസരഹിതമായ ഒരു സഫല വിദ്യാര്‍ഥി ജീവിതം ആശംസിക്കുന്നു.