20 September 2024, Friday
KSFE Galaxy Chits Banner 2

സെബിയും ചങ്ങാത്തമുതലാളിത്തവും

സത്യന്‍ മൊകേരി
വിശകലനം
August 14, 2024 4:36 am

ചങ്ങാത്തമുതലാളിത്തം സൃഷ്ടിക്കുന്ന കൂട്ടുകച്ചവടത്തിലൂടെ കോടിക്കണക്കിന് രൂപ വഴിവിട്ട രീതിയില്‍ കൈപ്പിടിയിലാക്കിയത് മറ്റാരുമല്ല, സെബി (സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) ചെയര്‍പേഴ്സണ്‍ ആയ മാധബി പുരി ബുച്ച് ആണ്. സെബി അധ്യക്ഷയും അഡാനി ഗ്രൂപ്പും ഒത്തുചേര്‍ന്ന് നടത്തുന്ന കൊള്ളകള്‍ സംബന്ധമായി ഹിന്‍ഡന്‍ബര്‍ഗ് പുറത്തുവിട്ട റിപ്പോര്‍ട്ട് രാജ്യത്തെ ജനാധിപത്യ മനഃസാക്ഷിയെ ഞെട്ടിച്ചിരിക്കുകയാണ്. റിപ്പോര്‍ട്ട് പുറത്തുവന്ന ഉടനെതന്നെ ഓഹരി വിപണികളില്‍ വലിയതോതില്‍ തളര്‍ച്ച ഉണ്ടാവുകയും നിക്ഷേപകര്‍ക്ക് 53,000ത്തിലധികം കോടി രൂപ നഷ്ടപ്പെട്ടുവെന്നും വാര്‍ത്തകള്‍ പുറത്തുവന്നു. വിവാദം സംബന്ധിച്ച് സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് പുറപ്പെടുവിച്ച പ്രസ്താവനയില്‍ ബിജെപി സര്‍ക്കാര്‍ കോര്‍പറേറ്റ് താല്പര്യങ്ങളുടെ സംരക്ഷകര്‍ മാത്രമാണെന്ന് ഒരിക്കല്‍ക്കൂടി വ്യക്തമായതായി പറഞ്ഞിട്ടുണ്ട്. അഡാനി ഗ്രൂപ്പ് ഉള്‍പ്പെട്ട ഓഹരി ക്രമക്കേടുകളും കോര്‍പറേറ്റ് കുംഭകോണങ്ങളും പുറത്തുകൊണ്ടുവന്ന ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച്, നിലവിലെ സെബി ചെയര്‍പേഴ്സണും പങ്കാളിക്കും അഡാനി ഗ്രൂപ്പുമായി വ്യാപാരതാല്പര്യങ്ങളും ദുരൂഹമായ ഇടപാടുകളും ഉണ്ടെന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്. അഡാനിക്കെതിരായ കുറ്റങ്ങള്‍ അന്വേഷിക്കുന്ന സെബി അതില്‍ കാലവിളംബം ഉണ്ടാക്കിയെന്നും അഴിമതിക്കാരെന്ന് ആരോപിക്കപ്പെടുന്ന സ്ഥാപനങ്ങളില്‍ ചെയര്‍പേഴ്സണ് പങ്കുണ്ട് എന്നുമുള്ള വെളിപ്പെടുത്തല്‍ നിരവധി ചോദ്യങ്ങള്‍ ഉന്നയിക്കുന്നുണ്ട്. അഡാനി ഗ്രൂപ്പിനെതിരായി അന്വേഷണം നടത്താന്‍ നിലവിലെ സെബി ചെയര്‍പേഴ്സണ് യോഗ്യതയില്ലെന്ന് വ്യക്തമാണ്. ഈ സാഹചര്യത്തില്‍ മാധബി ബുച്ചിനെ പുറത്താക്കണമെന്നും അഡാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകളും ആരോപണവിധേയമായ മുഴുവന്‍ അഴിമതിയും സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്നും സിപിഐ ആവശ്യപ്പെട്ടിട്ടുണ്ട്. 

ഇന്ത്യസഖ്യവും ഇതേ ആവശ്യം മുന്നോട്ടുവച്ചിട്ടുണ്ട്. പാര്‍ലമെന്ററി സമിതിയുടെ അന്വേഷണത്തിലൂടെ വസ്തുതകള്‍ പുറത്തുകൊണ്ടുവരാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. എന്നാല്‍ അന്വേഷണത്തിന് തയ്യാറാകാത്ത നിലപാടാണ് കേന്ദ്ര സര്‍ക്കാരും ബിജെപിയും സ്വീകരിച്ചിട്ടുള്ളത്. രാജ്യതാല്പര്യങ്ങള്‍ കളഞ്ഞുകുളിച്ച സെബി ചെയര്‍പേഴ്സണ് എല്ലാ പിന്തുണയും നല്‍കുകയാണ് അവര്‍ ചെയ്യുന്നത്. രാജ്യത്ത് നടക്കുന്ന വന്‍ അഴിമതി മറച്ചുവയ്ക്കുകയാണ് കേന്ദ്രവും ബിജെപിയും. ചങ്ങാത്തമുതലാളിത്തത്തിന്റെ കൂടപ്പിറപ്പാണ് ഇത്തരം സമീപനങ്ങള്‍.
ലോകത്തെ ഏറ്റവും ശക്തമായ ഓഹരിവിപണികളില്‍ പ്രധാനപ്പെട്ടതാണ് ഇന്ത്യ. ഓരോ ദിവസവം ഒന്നേകാല്‍ ലക്ഷം കോടിയിലധികം രൂപയുടെ വില്പന നടക്കുന്ന വിപുലമായ ഓഹരി കമ്പോളമാണ് രാജ്യത്തുള്ളത്. ഇത്രയും വിപുലമായ ഓഹരിവിപണിയില്‍ കോര്‍പറേറ്റുകളും അവരുടെ ബിനാമികളും നടത്തുന്ന നിയമവിരുദ്ധമായ ഇടപെടലുകളെയും തട്ടിപ്പുകളെയും ഇല്ലാതാക്കുന്നതിനും ഓഹരി വിപണി സുതാര്യമായി പ്രവര്‍ത്തിക്കുന്നതിനും മേല്‍നോട്ടം വഹിക്കുന്നതിന് വേണ്ടിയാണ് സെബിക്ക് രൂപം നല്‍കിയത്. അതിന് നേതൃത്വം നല്‍കേണ്ട ചെയര്‍പേഴ്സണ്‍ തന്നെയാണ് തട്ടിപ്പുകളിലൂടെ കോടികള്‍ കൈക്കലാക്കുന്നതായി ഹിന്‍ഡന്‍ബര്‍ഗ് തെളിവുകള്‍ സഹിതം റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്.
അഡാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട് ഓഹരി വിപണിയില്‍ നടക്കുന്ന തട്ടിപ്പുകള്‍ സംബന്ധമായി നേരത്തെയും ഹിന്‍ഡന്‍ ബര്‍ഗ് റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരുന്നു. അതെല്ലാം അഡാനി ഗ്രൂപ്പ് നിഷേധിക്കുകയും കേന്ദ്ര സര്‍ക്കാര്‍ അഡാനിക്ക് സംരക്ഷണം നല്‍കുകയും ചെയ്തു. 2023ല്‍ ഹിന്‍ഡന്‍ ബര്‍ഗ് തയ്യാറാക്കിയ റിപ്പോര്‍ട്ടിലൂടെ ഗൗതം അഡാനിയുടെ സഹോദരന്‍ വിനോദ് അഡാനി നിരവധി കമ്പനികള്‍ വഴി അനധികൃതമായ ബിസിനസ് നടത്തി കോടിക്കണക്കിന് ഡോളര്‍ തട്ടിയെടുത്ത വിവരമാണ് പുറത്തുവിട്ടിരുന്നത്. ആ തട്ടിപ്പ് സംബന്ധമായി വലിയ കോലാഹലം അന്ന് രാജ്യത്ത് വളര്‍ന്നുവന്നു. ലോക്‌സഭയിലും രാജ്യസഭയിലും പ്രതിപക്ഷ അംഗങ്ങള്‍ വിഷയം ഉന്നയിച്ചിരുന്നു. അപ്പോഴും അഡാനിയെ സംരക്ഷിക്കുന്ന നിലപാടാണ് പ്രധാനമന്ത്രിയും ധനമന്ത്രിയും സ്വീകരിച്ചത്. അഡാനി ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ നിരവധി വിദേശരാജ്യങ്ങളില്‍ കള്ളക്കമ്പനികള്‍ രൂപീകരിച്ച് കോടിക്കണക്കിന് ഡോളര്‍ കൈക്കലാക്കുന്നതിന് ഇന്ത്യന്‍ ഭരണകൂടം കൂട്ടുനില്‍ക്കുകയാണ് ചെയ്തത്. 

അഡാനി ഗ്രൂപ്പിനെതിരെ ഉയര്‍ന്നുവന്ന ഗൗരവതരമായ ആരോപണം സെബി തന്നെ അന്വേഷിക്കുന്ന സാഹചര്യമാണ് അന്ന് ഉണ്ടായത്. അവര്‍ അഡാനി ഗ്രൂപ്പിന് ക്ലീന്‍ ചീറ്റ് നല്‍കി റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. അഡാനി ഗ്രൂപ്പിന്റെ കമ്പനികളില്‍ ഷെയറുള്ള മാധബി പുരി ബുച്ച് തന്നെയാണ് അഡാനിക്കെതിരായ ആരോപണങ്ങള്‍ അന്വേഷിച്ച് ക്ലീന്‍ ചിറ്റ് നല്‍കുന്ന റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിച്ചത്. ആ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അഡാനി ഗ്രൂപ്പിനെ ക്ലീന്‍ ആക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്. സെബിയുടെ ചെയര്‍മാന്‍ എന്നാല്‍ മര്‍മ്മപ്രധാനമായ രാജ്യതാല്പര്യം സംരക്ഷിക്കേണ്ട ചുമതലയുള്ള പദവിയാണ്. ആ ചുമതല നിര്‍വഹിക്കുന്നതിന് പകരം അഴിമതിക്ക് കൂട്ടുനില്‍ക്കുകയും അതിലൂടെ പണം കൈക്കലാക്കുകയും ചെയ്യുന്നതാണ് പുറത്തുവന്ന റിപ്പോര്‍ട്ട്. വഴിവിട്ട രീതിയില്‍ ഓഹരിയില്‍ ഇടപെട്ട് പണം സമ്പാദിക്കുന്നവര്‍ക്ക് സഹായം നല്‍കി, സമ്പത്ത് വാരിക്കൂട്ടുകയും ആ പണം ഓഹരി വിപണിയില്‍ വീണ്ടും നിക്ഷേപിക്കുകയും ചെയ്യുന്ന ആളെ തന്നെ സെബിപോലുള്ള ഉന്നത സ്ഥാപനങ്ങളുടെ മേധാവിയായി നിയമിക്കുന്നത് ആരുടെ താല്പര്യം സംരക്ഷിക്കുന്നതിനാണ്.
1988ലാണ് സെബിക്ക് രൂപം നല്‍കിയത്. രാജ്യത്തെ സാമ്പത്തിക മേഖലകളെക്കുറിച്ച് പഠനം നടത്തിയ 1992ലെ നരസിംഹം കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സമിതിയുണ്ടാക്കുന്നത്. ഓഹരി വിപണിയെ സുതാര്യമാക്കുവാനും ശക്തിപ്പെടുത്തുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനുള്ള വിപുലമായ അധികാരത്തോടുകൂടിയാണ് സെബി പ്രവര്‍ത്തനം ആരംഭിച്ചത്. ലോകത്ത് അതിവേഗതയില്‍ വളര്‍ന്നുവരുന്ന ഇന്ത്യന്‍ ഓഹരിവിപണിയെ കൂടുതല്‍ ക്രിയാത്മകമായി, കാര്യക്ഷമമായി, അഴിമതിരഹിതമായി മാറ്റാന്‍ പ്രവര്‍ത്തിക്കണം എന്നായിരുന്നു ലക്ഷ്യം. പ്രഗത്ഭരും, രാജ്യസ്നേഹികളും സത്യസന്ധരുമായ ഉയര്‍ന്ന ഉദ്യോഗസ്ഥരായിരുന്നു സെബി ചെയര്‍മാന്മാര്‍ ആയിരുന്നത്. 2022ലാണ് നരേന്ദ്ര മോഡി സര്‍ക്കാര്‍ സ്വകാര്യ കമ്പനികളില്‍ ജോലി നോക്കിയിരുന്ന മാധബി പുരി ബുച്ചിനെ സെബി ചെയര്‍പേഴ്സണായി നിയമിച്ചത്. ഓഹരി വിപണിയിലെ പകല്‍ക്കൊള്ളക്കാരുടെ താല്പര്യം സംരക്ഷിക്കാനായിരുന്നു ആ നിയമനം എന്നാണിപ്പോള്‍ വ്യക്തമായിരിക്കുന്നത്.

ഹിന്‍ഡന്‍ ബര്‍ഗ് തങ്ങളുടെ ആദ്യ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് ഒന്നര വര്‍ഷം പിന്നിട്ടു. അതില്‍പ്പറഞ്ഞ പ്രധാനപ്പെട്ട കാര്യങ്ങളെക്കുറിച്ച് അന്വേഷണം നടത്താന്‍ തയ്യാറാകാത്ത നിലപാടാണ് സെബി ചെയര്‍മാന്‍ സ്വീകരിച്ചത്. കൂടുതല്‍ ആഴത്തിലുള്ള അന്വേഷണം നടത്താന്‍ സെബിക്ക് കഴിയാത്ത സാഹചര്യം ചങ്ങാത്ത മുതലാളിത്തത്തിന്റെ ഭാഗമായി സൃഷ്ടിക്കുകയായിരുന്നു. സുപ്രീം കോടതിയില്‍ വിഷയം വന്നപ്പോള്‍, സെബി സമര്‍പ്പിച്ച റിപ്പോര്‍ട്ട് വസ്തുതാപരമായിരുന്നില്ല എന്ന വിമര്‍ശനം ശരിയായിരുന്നു എന്ന ആരോപണം ഇപ്പോള്‍ ശക്തമായി ഉയര്‍ന്നുവന്നിട്ടുണ്ട്. സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിച്ച്, അഡാനി ഗ്രൂപ്പിന് ക്ലീന്‍ ചിറ്റ് നല്‍കുക എന്ന സമീപനമാണ് സെബി ചെയര്‍പേഴ്സണ്‍ സ്വീകരിച്ചത്. രാജ്യതാല്പര്യമായിരുന്നില്ല അവരുടെ ലക്ഷ്യം, അഡാനി താല്പര്യമായിരുന്നു.
മാധബി പുരി ബുച്ചും ഭര്‍ത്താവ് ധവാല്‍ ബുച്ചും 2015മുതല്‍ അഡാനി സഹോദരന്‍ വിനോദ് നേതൃത്വം നല്‍കുന്ന കമ്പനിയില്‍ നിക്ഷേപകരാണ് എന്ന കാര്യം പുറത്തുവന്നിട്ടുണ്ട്. 84കോടി രൂപയുടെ നിക്ഷേപം ഭര്‍ത്താവിന്റെ പേരിലേക്ക് മാറ്റണം എന്ന് മാധബി ആവശ്യപ്പെട്ടതിന്റെ പകര്‍പ്പ് ഹിന്‍ഡന്‍ ബര്‍ഗിന്റെ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയത് സുപ്രീം കോടതിക്ക് പരിശോധിക്കാവുന്നതാണ്. ചെയര്‍പേഴ്സണ്‍ ആകുന്നതിന് മുമ്പാണ് ഈ കത്ത് നല്‍കിയിരുന്നത് എന്ന് അവര്‍ തന്നെ സമ്മതിച്ചിട്ടുമുണ്ട്. പരമോന്നത കോടതിക്ക് ഈ വിഷയത്തില്‍ ഇനിയും ഇടപെടാവുന്നതാണ്. സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിക്കുന്നതിനാണ് സെബി ശ്രമിച്ചത്. രാജ്യതാല്പര്യത്തിന് വിരുദ്ധമായ നടപടി സ്വീകരിച്ച സെബി ചെയര്‍പേഴ്സണെ കുറ്റവിചാരണ ചെയ്യാന്‍ ഇനിയും താമസിച്ചുകൂടാ.
സംയുക്ത പാര്‍ലമെന്ററി സമിതി (ജെപിസി) അന്വേഷിക്കണമെന്ന ആവശ്യം ഇതിനകം രാജ്യത്ത് ശക്തമായി ഉയര്‍ന്നുവന്നിട്ടുണ്ട്. പ്രതിപക്ഷ പാര്‍ട്ടികള്‍ എല്ലാം ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവായ രാഹുല്‍ഗാന്ധിക്കെതിരായി ഇഡി അന്വേഷണം നടത്തി ജനശ്രദ്ധ മറ്റുവഴിക്ക് തിരിച്ചുവിടാനുള്ള ശ്രമവും കേന്ദ്ര സര്‍ക്കാരും ബിജെപിയും ആസൂത്രണം ചെയ്തിട്ടുണ്ട്. ഹിന്‍ഡന്‍ബര്‍ഗിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന ഭീഷണിയും കേന്ദ്ര സര്‍ക്കാരില്‍ നിന്നുണ്ടായി. എന്നാല്‍ അന്വേഷണം നടത്താന്‍ ഹിന്‍ഡന്‍ബര്‍ഗ് വെല്ലുവിളിച്ചിരിക്കുകയാണ്. ഇതെല്ലാം ചങ്ങാത്ത മുതലാളിത്തത്തിന്റെ കൂടെപ്പിറപ്പായ സ്വഭാവങ്ങളും നടപടികളുമാണ്. ഇന്ത്യ സഖ്യം ഇക്കാര്യത്തില്‍ സ്വീകരിച്ച നിലപാട് ഏറ്റവും ശരിയാണ്. സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് പാര്‍ട്ടി നിലപാടും വ്യക്തമാക്കിയിട്ടുണ്ട്. ജനങ്ങളെ ഒന്നിച്ചണിനിരത്തി രാജ്യതാല്പര്യം സംരക്ഷിക്കാന്‍ മുന്നോട്ടുപോകുക എന്നതാണ് പ്രധാനം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.