16 July 2024, Tuesday
KSFE Galaxy Chits

ചെങ്കോട്ടയെ തെരഞ്ഞെടുപ്പു പ്രചാരണവേദിയാക്കി

അഡ്വ. കെ പ്രകാശ്ബാബു
ജാലകം
August 20, 2023 4:30 am

ഇന്ത്യയുടെ 77-ാം സ്വാതന്ത്ര്യദിന സന്ദേശത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നടത്തിയ പ്രഖ്യാപനങ്ങൾ ഒരു പ്രധാനമന്ത്രിയെയല്ല, മറിച്ച് അധികാരഭ്രമം ബാധിച്ച ഒരു സാധാരണ രാഷ്ട്രീയക്കാരനെയാണ് ഓർമപ്പെടുത്തിയത്. നൂറ്റി നാൽപ്പതുകോടി ജനസംഖ്യയുള്ള ഒരു ജനാധിപത്യ രാജ്യത്തിലെ ജനങ്ങളോട് രാജ്യത്തിന്റെ തനതായ നേട്ടങ്ങൾ, ലോകരാഷ്ട്രങ്ങളിൽ ഇന്ത്യാ മഹാരാജ്യത്തിന്റെ സ്ഥാനം, ജനങ്ങളുടെ ഐക്യം, രാജ്യത്തിന്റെ അഖണ്ഡത ഇവയെല്ലാം സംരക്ഷിക്കുന്നതിനു വേണ്ടി ഗവൺമെന്റ് നടത്തുന്ന പ്രവർത്തനങ്ങളൊന്നും തന്നെ പരാമർശ വിഷയമായില്ല. രാജ്യത്തിന്റെ വടക്കുകിഴക്കൻ അതിർത്തി സംസ്ഥാനമായ അരുണാചൽ പ്രദേശിന്റെ അതിർത്തികളിൽ അതിക്രമിച്ചു കടന്ന് ഗ്രാമങ്ങളും റോഡുകളും നിർമ്മിച്ച ചൈനീസ് പട്ടാളത്തിന്റെ നടപടികളെക്കുറിച്ചോ, മ്യാൻമറിൽ നിന്നുള്ള കുടിയേറ്റ പ്രശ്നമോ, ജമ്മു-കശ്മീരിലെ ഇന്നത്തെ യാഥാർത്ഥ്യങ്ങളോ പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ ഇടം പിടിച്ചില്ല. മണിപ്പൂരിലെയും ഹരിയാനയിലെയും ജനങ്ങളെ ഭിന്നിപ്പിലേക്ക് നയിച്ച വിഭജന മുദ്രാവാക്യങ്ങളെക്കുറിച്ചും ന്യൂനപക്ഷ വേട്ടയെക്കുറിച്ചും പ്രധാനമന്ത്രി മിണ്ടിയില്ല. മണിപ്പൂരിൽ സമാധാനം കൈവരിക്കുമെന്നും രാജ്യം മണിപ്പൂരിനൊപ്പമാണെന്നുമുള്ള രണ്ടു വാചകങ്ങൾ യാന്ത്രികമായി പറഞ്ഞുപോയി എന്നു മാത്രം. അഞ്ചു വർഷത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ഒരു ഗവൺമെന്റിന്റെ കാലാവധി അവസാനിക്കാൻ ഏതാനും മാസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോൾ, അഞ്ചാംവർഷത്തെ സ്വാതന്ത്ര്യദിന സന്ദേശത്തിലും രാജ്യത്തിന്റെ വർത്തമാനകാല രാഷ്ട്രീയ വിശകലനത്തിന് പ്രധാനമന്ത്രിക്ക് കഴിഞ്ഞില്ല.

 


ഇതുകൂടി വായിക്കൂ; ദേശീയ ദിനാചരണങ്ങൾ നാമമാത്രമാകരുത്


തന്റെ ഗവൺമെന്റ് അധികാരത്തിൽ വന്നതിനു ശേഷം ”ശക്തമായ കേന്ദ്രവും ഭദ്രമായ സംസ്ഥാനങ്ങളും” എന്ന ഫെഡറൽ തത്വം സംരക്ഷിക്കാൻ എന്തെങ്കിലും ചെയ്തു എന്നു പറയാനോ ഭരണഘടന ഭാരതീയർക്ക് നൽകിയിട്ടുള്ള മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിനായി കേന്ദ്ര ഗവൺമെന്റ് എന്തെങ്കിലും ചെയ്തതായിട്ടോ പറയാൻ പ്രധാനമന്ത്രിക്ക് കഴിഞ്ഞില്ല. ഭരണഘടനയുടെ അടിസ്ഥാന സവിശേഷതയായ മതനിരപേക്ഷതയ്ക്കു നേരെ ഉയരുന്ന വെല്ലുവിളികളെ സംബന്ധിച്ചോ, ആൾക്കൂട്ടകൊലകൾ വർധിച്ചു വരുന്നതിനെക്കുറിച്ചോ, ജുഡീഷ്യറിയുടെ സ്വതന്ത്രവും നിഷ്പക്ഷവുമായ പ്രവർത്തന ആവശ്യകതയെക്കുറിച്ചോ ഒന്നും മിണ്ടാൻ അദ്ദേഹത്തിനു തോന്നിയില്ല. സ്വാതന്ത്ര്യദിന പ്രസംഗത്തിൽപ്പോലും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പുതിയതും പഴയതുമായ നേതാക്കളെ പരിഹസിക്കാനും പ്രധാനമന്ത്രി സമയം കണ്ടെത്തിയിരുന്നു. സ്വതന്ത്ര ഭാരതത്തിന്റെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റു താമസിച്ചിരുന്ന ”തീൻ മൂർത്തിഭവൻ” അദ്ദേഹത്തിന്റെ മരണശേഷം ”നെഹ്റു മ്യൂസിയം” ആണ്. അതിന്റെ പേരുമാറ്റിയതുകൊണ്ടുമാത്രം എന്തു സന്ദേശമാണ് കേന്ദ്ര ഗവൺമെന്റ് ജനങ്ങൾക്ക് നൽകുന്നത് എന്ന് വിശദീകരിക്കാൻ പ്രധാനമന്ത്രിക്ക് കഴിഞ്ഞില്ല.

ഏതാനും ദിവസങ്ങൾക്കു മുൻപ് പാർലമെന്റ് പാസാക്കിയ ദി ഡിജിറ്റൽ ആന്റ് പെഴ്സണൽ ഡേറ്റാ പ്രൊട്ടക്ഷൻ ആക്ടു(2023) മായി ബന്ധപ്പെട്ട് മാധ്യമങ്ങൾക്ക് ഉണ്ടായിട്ടുള്ള ആശങ്കയെ സംബന്ധിച്ചും പ്രധാനമന്ത്രി മിണ്ടിയില്ല. ഇന്ത്യൻ പീനൽകോഡിന്റെ പേര് ഭാരതീയ ന്യായ സംഹിതാ ബിൽ എന്നാക്കിയതും ക്രിമിനൽ പ്രൊസീജ്യർ കോഡ് ”ഭാരതീയ നാഗരിക് സുരക്ഷാ സംഹിത” യും എവിഡൻസ് ആക്ട്, ”ഭാരതീയ സാക്ഷ്യ സംഹിത ബില്ലും” ആയി മാറ്റിയതിന്റെ പൊരുൾ എന്തെന്നു വിശദീകരിക്കാനും പ്രധാനമന്ത്രി ശ്രമിച്ചില്ല. ശിക്ഷാ നിയമത്തിലും നടപടി ക്രമങ്ങളിലും തെളിവു നിയമത്തിലും അടിസ്ഥാനപരമായ കാഴ്ചപ്പാടിലോ ഉള്ളടക്കത്തിലോ കാര്യമായതും പുരോഗമനപരവുമായ ഒരു മാറ്റവും ഇല്ലാതെ എന്തിനീ പേരുമാറ്റം എന്ന് ജനങ്ങളോട് പ്രധാനമന്ത്രി പറയേണ്ടതല്ലേ? നോട്ടുനിരോധനം എന്ന തുഗ്ലക് പരിഷ്കരണം നടപ്പാക്കിയ പ്രധാനമന്ത്രി രണ്ടായിരത്തിന്റെ നോട്ടുകൾ പിൻവലിക്കേണ്ടിവന്നതിനെക്കുറിച്ചും ഒന്നും പറഞ്ഞില്ല. എന്നാൽ തന്റെ രാഷ്ട്രീയ പാർട്ടിയുടെ പൊതുയോഗത്തിൽ അണികളോട് പറയുന്ന രീതിയിൽ ചില ഗീർവാണ പ്രയോഗങ്ങൾ നടത്തുകയായിരുന്നു പ്രധാനമന്ത്രി. കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നും പ്രതിവർഷം രണ്ടുകോടി യുവാക്കൾക്ക് പുതുതായി തൊഴിൽ കൊടുക്കുമെന്നും, ഇന്ത്യയെ ചൈനയെക്കാളും വലിയ സാമ്പത്തിക ശക്തിയാക്കുമെന്നുമെല്ലാം പറഞ്ഞ ഗിമ്മിക്കുകൾക്കപ്പുറം ഈ പ്രസംഗത്തിലും ഒന്നുമുണ്ടായില്ല. നടത്തിയ പ്രഖ്യാപനങ്ങളിൽ പ്രധാനം 15,000 കോടിയുടെ വിശ്വകർമയോജനയാണ്. പുതുതായി 15,000 ജന്‍ ഔഷധി കേന്ദ്രങ്ങൾ തുറക്കുമെന്നും നഗരങ്ങളിലേക്ക് പുതിയ ഭവന പദ്ധതിയും പ്രധാനമന്ത്രി ഒന്നര മണിക്കൂർ നീണ്ട തന്റെ പ്രസംഗത്തിൽ തട്ടിവിട്ടു.


ഇതുകൂടി വായിക്കൂ;സ്ഥിതിവിവര കണക്കുകളിലെ സത്യസന്ധത


 

ഇന്ത്യയിലെ വനസംരക്ഷണ നിയമം ഭേദഗതി ചെയ്ത് രാജ്യാന്തരാതിർത്തിയിലുള്ള വനങ്ങളുടെ 100 കി.മീ ചുറ്റളവിൽ രാജ്യസുരക്ഷയുടെ പേരിലുള്ള പദ്ധതികൾ നടപ്പിലാക്കാൻ സ്വകാര്യ കമ്പനികൾക്ക് മോഡി സർക്കാർ അനുവാദം നൽകുകയാണ്. കാർഷിക അനുബന്ധ മേഖലകളിൽ സ്വകാര്യ കമ്പനികൾക്ക് യഥേഷ്ടം മേച്ചിൽപ്പുറമൊരുക്കി, ഇന്ത്യയുടെ പ്രതിരോധ മേഖലയെ പൂർണമായും വിദേശ കമ്പനികളുടെ നിക്ഷേപ കേന്ദ്രമാക്കി, ഇന്ത്യൻ വ്യാവസായിക മേഖലയെ ഭരണത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ വിദേശികൾക്കായി വില്പന നടത്തി. റെയിൽവേയും ടെലികോമും ഖനന വ്യവസായങ്ങളും അവർക്ക് നൽകി. ഇപ്പോൾ വനവും നൽകി. യഥാർത്ഥത്തിൽ പ്രധാനമന്ത്രിയുടെ ”വിശ്വമിത്ര” പ്രയോഗം ഫാർമസ്യൂട്ടിക്കൽ കമ്പനികൾ ഉൾപ്പെടെയുള്ള ലോകത്തിലെ കോർപറേറ്റ് കമ്പനികളെ മിത്രങ്ങളാക്കാൻ ഉദ്ദേശിച്ചുള്ളതാണ്. ലോക മാനവികതയുടെ പുരോഗതിയും ഐശ്വര്യവും ഒരിക്കലും സ്വപ്നത്തിൽ പോലും ചിന്തിച്ചിട്ടില്ലാത്ത കോർപറേറ്റ് ചങ്ങാത്തം മാത്രമാണ് ഇവിടെ പ്രതിഫലിക്കുന്നത്. എന്നാൽ 2024 ലെ സ്വാതന്ത്ര്യദിനത്തിലും ചെങ്കോട്ടയിൽ താൻ തന്നെ പതാക ഉയർത്തുമെന്നും തന്റെ പുതിയ ഗവൺമെന്റിന്റെ റിപ്പോർട്ട് കാർഡുമായി വീണ്ടും ചെങ്കോട്ടയിൽ വരുമെന്നു പറയാനുമുള്ള ധാർഷ്ട്യം നരേന്ദ്രമോഡി പ്രകടിപ്പിച്ചു. തന്റെ പാർട്ടി ഒരു ജനാധിപത്യ പാർട്ടിയല്ലെന്നും താൻ ഇവിടെ ഒരു ഏകാധിപതിയാണെന്നുംകൂടി പറഞ്ഞു വയ്ക്കുകയായിരുന്നു ഈ പ്രസംഗത്തിൽക്കൂടി നരേന്ദ്രമോഡിയെന്ന പ്രധാനമന്ത്രി. താൻ ഉള്ളിടത്തോളം ബിജെപിക്ക് ഒരു പാർലമെന്ററി ബോർഡോ സംഘടനാ നേതൃത്വമോ ആവശ്യമില്ലായെന്നും എല്ലാം താൻ തീരുമാനിക്കുമെന്നുമുള്ള സന്ദേശം കൂടിയാണ് മോഡി പകർന്നു നൽകിയത്.

കോവിഡ് എന്ന മഹാമാരിയുടെ മറവിൽ തടിച്ചു കൊഴുത്ത ഇന്ത്യയിലെ മരുന്നു കമ്പനികൾ നിർമ്മിക്കുന്ന ചുമ മരുന്നുകളുടെ ഉപയോഗം ആഫ്രിക്കൻ രാജ്യങ്ങളും, ഉസ്ബെക്കിസ്ഥാനും ഇന്തോനേഷ്യയും ലോകാരോഗ്യ സംഘടന തന്നെയും നിരോധിച്ചു. ഇന്ത്യൻ ചുമ മരുന്ന് കഴിച്ച് ഗാംബിയായിൽ മാത്രം 66 കുട്ടികളാണ് മരിച്ചത്. അവസാനം ഇന്ത്യാ ഗവൺമെന്റു തന്നെ ചിലയിനം ചുമ മരുന്നുകളെ നിരോധിച്ചു. എന്നിട്ടും പ്രധാനമന്ത്രി സ്വന്തം രാജ്യത്തെ ”വിശ്വമിത്ര” എന്നു വിശേഷിപ്പിച്ചു. ലോകത്തിന്റെ സുഹൃത്താണ് എന്റെ രാജ്യം എന്നു പറയുന്നതിൽ നമുക്ക് ആർക്കും അഭിമാനമാണ് തോന്നുക. എന്നാൽ സൂക്ഷ്മ പരിശോധനയിൽ ”വിശ്വമിത്ര” യുടെ മോഡി വ്യാഖ്യാനം മനസ്സിലാക്കാൻ കഴിയും. ജനങ്ങളെ ആവേശം കൊള്ളിക്കുന്ന വാചകക്കസർത്ത് നടത്തുന്നതിൽ ലോകത്തെവിടെയുമുള്ള ഫാസിസ്റ്റുകൾ അഗ്രഗണ്യരാണ്. ഇന്ത്യൻ ഫാസിസ്റ്റുകളും അതിൽ വ്യത്യസ്തരല്ല. ആധുനിക വിവരസാങ്കേതിക വിദ്യയുടെ സഹായത്താൽ ആ മാസ്മരിക പ്രയോഗങ്ങൾ കുറച്ചുകൂടി ആകർഷകമാക്കാൻ ഇന്ന് അവർക്ക് കഴിയുന്നു. ഇന്ത്യൻ ഫാസിസ്റ്റുകൾ ഏറ്റവും ശക്തമായിട്ടെതിർക്കുന്ന മൂന്നു പദങ്ങളാണ് ജനാധിപത്യം, മതേതരത്വം, ബഹുസ്വരത. തന്റെ സംഘടനയുടെ പ്രത്യയശാസ്ത്രം അംഗീകരിക്കാത്ത ഈ പദങ്ങളിൽ നിന്നും മതേതരത്വം ഒഴിവാക്കി ഡെമോഗ്രഫി (ജനസംഖ്യാ ശാസ്ത്രം), ഡെമോക്രസി (ജനാധിപത്യം), ഡൈവേഴ്സിറ്റി (വൈവിധ്യം) എന്നീ വാക്കുകളെ പ്രാസമൊപ്പിച്ച് കൂട്ടിച്ചേർത്ത് ഇതാണ് ഇന്ത്യയുടെ ശക്തിയെന്നും പ്രധാനമന്ത്രി പുതിയ വ്യാഖ്യാനം നൽകി. പ്രസംഗമധ്യേയെങ്കിലും ജനാധിപത്യവും വൈവിധ്യവും പ്രധാനമന്ത്രി ഉൾപ്പെടുത്തിയത് സ്വാഗതാർഹവും ആശ്വാസകരവുമാണ്. അത്രയെങ്കിലുമാകട്ടെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.