‘ഭാരതമെന്നു കേട്ടാലഭിമാന
പൂരിതമാകണമന്തഃരംഗം
കേരളമെന്നു കേട്ടാലോ തിളയ്ക്കണം
ചോര നമുക്ക് ഞരമ്പുകളിൽ’
എന്ന് മഹാകവി വള്ളത്തോൾ നാരായണ മേനോൻ സ്വാതന്ത്ര്യ പോരാട്ടവീഥികളിൽ, സമരത്തിന്റെ അഗ്നിസ്ഫുലിംഗങ്ങൾ വാരിവിതറപ്പെടുന്ന നാളുകളിൽ എഴുതി. എന്നാൽ സംഘ്പരിവാറിനും അവരുടെ ഉപോല്പന്നമായ ബിജെപിക്കും ഭാരതമെന്നു കേട്ടാലോ, ഭരണഘടനയെന്നുച്ചരിച്ചാലോ അഭിമാനമല്ല, അപമാനമാണ്. അവരുടെ അന്തഃരംഗത്തിൽ ദുർഗന്ധം വമിക്കുന്ന പുഷ്പങ്ങളാണ് വിരിയുന്നത്. കേരളമെന്നു കേട്ടാൽ അവരുടെ നാഡീവ്യൂഹങ്ങളിൽ ചോരതിളയ്ക്കുകയല്ല, തണുത്തുറയുകയാണ് ചെയ്യുന്നത്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണങ്ങളാണ് ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെയുടെയും കറകളഞ്ഞ സംഘിയായ സുധാൻഷു ത്രിവേദി എംപിയുടെയും പ്രസ്താവനകൾ. 1950 ജനുവരി 26ന് ഇന്ത്യ പരമാധികാര റിപ്പബ്ലിക് ആയ കാലം മുതൽ അതിന്റെ ഭരണഘടനയെ നീചമായ നിലയിൽ അവഹേളിക്കുകയും തിരസ്കരിക്കുകയും ചെയ്യുന്ന കൂട്ടരാണ് സംഘകുടുംബം. ഇന്ത്യൻ ഭരണഘടനയിൽ ഭാരതീയതയില്ലെന്നും പാശ്ചാത്യാശയങ്ങളാണെന്നും ‘വിചാരധാര’യുടെ കർത്താവും രണ്ടാമത്തെ സർ സംഘചാലകുമായ മാധവ് സദാശിവ് ഗോൾവാള്‍ക്കർ വാദിച്ചുകൊണ്ടേയിരുന്നു. അനുചരന്മാരും അനുയായികളും അത് നിരന്തരം ഏറ്റുപാടി. ചാതുർവർണ്യത്തിന്റെയും വർണവെറിയുടെയും മതവിദ്വേഷത്തിന്റേയും ഉദ്ഘോഷണങ്ങൾ മുഴക്കുന്ന മനുസ്മൃതിയായിരിക്കണം ഭരണഘടനയെന്നും അവർ വാദിച്ചുകൊണ്ടിരുന്നു. അശോക ചക്രാങ്കിതമായ ഭാരതീയ ത്രിവർണ പതാകയെ അംഗീകരിക്കാത്തവർ കാവിക്കൊടിയായിരിക്കണം ദേശീയ പതാക എന്നുവാദിച്ച് ഭാരതീയ പതാകയെ തെരുവിൽ അഗ്നിക്കിരയാക്കുകയും ചെയ്തു. അവയുടെ ആവർത്തിച്ചുള്ള ഗർജനങ്ങളാണ് ഇപ്പോൾ ദത്താത്രേയ ഹൊസബലെയിലൂടെയും, സുധാൻഷു ത്രിവേദിയിലൂടെയും മുഴങ്ങിക്കേൾക്കുന്നത്. ഇന്ത്യൻ ഭരണഘടനയിൽ നിന്ന് മതേതരത്വവും സോഷ്യലിസവും ഒഴിവാക്കണമെന്നും അംബേദ്കർ സൃഷ്ടിച്ച ഭരണഘടനയിൽ ഈ വാക്കുകൾ ഉണ്ടായിരുന്നില്ലെന്നുമാണ് ദത്താത്രേയ ഹൊസബലെ രാജ്യതലസ്ഥാനത്ത് പൊതുചടങ്ങിൽ പ്രസംഗിച്ചത്. അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധി കൂട്ടിച്ചേർത്തതാണ് ഈ പദങ്ങളെന്നും അദ്ദേഹം പറഞ്ഞു. ഇരട്ടനാവും ഇരട്ടമുഖവും ഫാസിസത്തിന്റെ പ്രധാന അടയാള പത്രമാണ്.
അംബേദ്കറെ നിരന്തരം വിമർശിക്കുകയും ജാതിയുടെ പേരിൽ ഇകഴ്ത്തുകയും ചെയ്യുന്ന സംഘപരിവാരത്തിന് തരാതരം പോലെ അദ്ദേഹത്തോടുള്ള ആരാധന പൊട്ടിമുളയ്ക്കും. മതേതരത്വം അടിയന്തരാവസ്ഥയ്ക്കു ശേഷം എഴുതി ചേർത്തതാണെന്ന വാദം തന്നെ തീർത്തും വസ്തുതാവിരുദ്ധമാണ്. ഭരണഘടന പ്രസിദ്ധീകരിക്കപ്പെട്ടപ്പോൾ തന്നെ ആമുഖത്തിൽ ഈ വിധം സുവ്യക്തമായി കുറിച്ചിരുന്നു: “ഇന്ത്യ ഒരു സ്വതന്ത്ര ജനാധിപത്യ മതേതര റിപ്പബ്ലിക്കായിരിക്കും”. മതനിരപേക്ഷതയെ എന്നും വെറുക്കുന്ന സംഘപരിവാര പ്രതിനിധികളുടെ കണ്ണിൽ ഇത് പെടാതെ പോകുന്നതിൽ അതിശയമില്ല. പാശ്ചാത്യ ഭരണഘടന എന്നു പറയുന്നവർ, ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ വഞ്ചിക്കുക മാത്രമല്ല, ബ്രിട്ടീഷ് മേധാവികളുടെ ഷൂസ് നക്കി, മാപ്പപേക്ഷ നൽകി സാമ്രാജ്യത്വ ശക്തികളുടെ ദാസന്മാരും വാഴ്ത്തുപാട്ടുകാരുമായി കഴിഞ്ഞുകൂടി. ഭരണഘടനാ നിർമ്മാണസഭയിൽ ഒരു പങ്കും വഹിക്കാതിരുന്നവർ, ഭരണഘടനയ്ക്കെതിരെ തുടക്കം മുതൽ നിലപാട് സ്വീകരിച്ചു. അവരുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ ‘ഓർഗനൈസർ’ ഭരണഘടനയ്ക്കെതിരെ മുഖപ്രസംഗങ്ങളും ലേഖനങ്ങളും എഴുതി. പിന്നീട് പാർലമെന്റിന്റെ പടിവാതിക്കൽ വച്ച് ഭരണഘടനയെ മുട്ടുകുത്തി വന്ദിച്ച് പ്രധാനമന്ത്രിയുടെ ചുമതല ഏറ്റെടുത്ത നരേന്ദ്ര മോഡിയുടേതും തികഞ്ഞ കാപട്യമായിരുന്നുവെന്ന് ആർക്കാണറിഞ്ഞുകൂടാത്തത്. ഭരണഘടന പൊളിച്ചെഴുതുവാൻ മോഹിക്കുന്ന നരേന്ദ്ര മോഡി ലോക്‌സഭയിൽ 400 സീറ്റിനുവേണ്ടി ദാഹിച്ചത് അത് പൊളിച്ചടുക്കുവാനാണ്. അതുകൊണ്ടാണ് ഭരണഘടന പൊളിക്കണമെന്ന് നിരന്തരം വാദിക്കുന്നവരോട് മോഡി മൗനം പുലർത്തുന്നത്. അതേസമയം ആഭ്യന്തര മന്ത്രി അമിത് ഷാ ഒളിഞ്ഞും തെളിഞ്ഞും ഭരണഘടനാ പൊളിച്ചെഴുത്തിനെ പിന്തുണയ്ക്കുന്നു. ലോകത്തിലെവിടെയും ഭരണഘടനയുടെ ആയുസ് പരമാവധി 17 വർഷം മാത്രമാണെന്നും ഇന്ത്യയിൽ മാത്രമാണ് അനന്തമായി മാറ്റമില്ലാതെ തുടരുന്നതെന്നുമുള്ള വിചിത്രവാദം നരേന്ദ്ര മോഡിയുടെ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന ബിബേക് ദെബ്രോയ് പറയുകയും എഴുതുകയും ചെയ്തു. മതേതരത്വവും സോഷ്യലിസവും ഭരണഘടനയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സംഘപരിവാരങ്ങൾ പലവട്ടം ഉന്നത നീതിപീഠത്തെ സമീപിച്ചെങ്കിലും, ഭരണഘടന രാഷ്ട്രത്തിന്റെ അടിസ്ഥാന ശിലയാണെന്നും സമത്വവും മതനിരപേക്ഷതയും ഒരിക്കലും ഒഴിവാക്കുവാനാവില്ലെന്നും കോടതി ആവർത്തിച്ച് മുന്നറിയിപ്പ് നല്‍കി. എന്നാല്‍ സംഘപരിവാര ശക്തികളുടെ അധമദേശീയതയ്ക്ക് അവസാനമായില്ല. മതേതര ഇന്ത്യയായി രാജ്യത്തിന് നിലനിൽക്കാനാവില്ലെന്നും സവർണ ഹിന്ദുത്വ രാഷ്ട്രമായേ നിലനിൽക്കുകയുള്ളുവെന്നും ബിജെപി നേതാവും രാജ്യസഭാംഗവുമായ സുധാൻഷു ത്രിവേദി പൊതുപരിപാടിയിൽ പ്രഖ്യാപിച്ചു. അദ്ദേഹം ഒരു കോളജ് അധ്യാപകൻ കൂടിയായിരുന്നുവെന്നത് വിചിത്രാഭാസം. അശോകചക്രം ഹിന്ദുക്കളുടെ ചിഹ്നം കൂടിയാണെന്ന് അദ്ദേഹം വിളിച്ചുകൂവി. കലിംഗ യുദ്ധത്തിലെ കൊടും ക്രൂരതകളിൽ മനംമടുത്ത് അഹിംസയുടെയും ധർമ്മ സംഹിതയുടെയും പാത തെരഞ്ഞെടുത്ത് ബുദ്ധമതം സ്വീകരിച്ച അശോകചക്രവർത്തിയെയും അശോകചക്രത്തെയും ഹിന്ദു ബിംബമാക്കുവാൻ ശ്രമിക്കുകയാണ് സംഘപരിവാരം. കമ്മ്യൂണിസ്റ്റുകാരെയും വെറുടെ വിട്ടില്ല സുധാൻഷു ത്രിവേദി. അതിനവർക്കാവില്ലല്ലോ, അവരുടെ മുഖ്യശത്രുക്കളിൽ ഒന്നാണല്ലോ കമ്മ്യൂണിസ്റ്റുകാർ. കമ്മ്യൂണിസ്റ്റുകാർ കേരളത്തിൽ അധികാരത്തിലെത്തിയതോടെയാണ് ഭാരതീയ സംസ്കാരം തകർക്കുവാൻ തുടങ്ങിയതെന്നും കേരളത്തിലെ മുസ്ലിം പെൺകുട്ടികളുടെ വിവാഹപ്രായം ഗവേഷണം നടത്തി കണ്ടുപിടിച്ചും കേരള വിദ്വേഷ പ്രസംഗത്തിൽ അയാൾ അഭിരമിച്ചു. ഇക്കാര്യങ്ങളിലൊന്നും കേരളത്തിലെ കോൺഗ്രസിന് ഒരു കുണ്ഠിതവുമില്ല.
ഭാരതീയ പതാക മാറ്റി കാവിക്കൊടിയാക്കണമെന്ന് സംഘപരിവാര ഫാസിസ്റ്റുകൾ നിരന്തരം ഒളിഞ്ഞും തെളിഞ്ഞും വാദിക്കുന്നു. ഇന്ത്യയുടെ ഭാഗമല്ലാത്ത ഭാഗങ്ങൾ ഉൾപ്പെടുത്തി വിചിത്ര ഭൂപടം സൃഷ്ടിക്കുന്നു. സിംഹത്തിനു മുകളിൽ രത്നാഭരണ വിഭൂഷിതയും സ്വർണ കിരീടധാരിണിയുമായ വനിതയെ പ്രതിഷ്ഠിച്ച്, ഭാരതാംബയായി പ്രഖ്യാപിച്ച് നിലവിളക്ക് കൊളുത്തി പുഷ്പാർച്ചന നടത്തുന്നു. ഭരണഘടനാ സ്ഥാപനമായ രാജ്ഭവനിൽ മാത്രമല്ല, സർവമത — ജാതി വിദ്യാർത്ഥികളുടെയും ക്ഷേത്രമായ സർവകലാശാലാ ആസ്ഥാനത്തും കാവിക്കൊടിയേന്തിയ ഭാരതാംബ ഗവർണറുടെ സാന്നിധ്യത്തിൽ അവരോധിക്കപ്പെടുന്നു. പാലക്കാട് റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേർന്ന തീവണ്ടിയിലും കാവിക്കൊടിയേന്തിയ ‘ഭാരതാംബ’യെ പ്രതിഷ്ഠിച്ചു. ജനാധിപത്യ മതനിരപേക്ഷ ശബ്ദമുയരുമ്പോൾ ഗവർണറും സംഘപരിവാര പ്രഭൃതികളും പുലഭ്യം പറയുകയും തെരുവിൽ അക്രമം അഴിച്ചുവിടുകയും ചെയ്യുന്നു. ഏറ്റവും ഒടുവിൽ ഗവർണറുടെ നിർദേശപ്രകാരം ആർഎസ്എസ് കുടീരത്തിലെ ദാസനായ മോഹനൻ കുന്നുമ്മൽ എന്ന വിസി ഇല്ലാത്ത അധികാരമുപയോഗിച്ച് മതചിഹ്നം സർവകലാശാലയിൽ സ്ഥാപിക്കുന്നതിനെ എതിർത്ത രജിസ്ട്രാറെ സസ്പെൻഡ് ചെയ്തിരിക്കുന്നു. സാംസ്കാരിക ഫാസിസം അരങ്ങേറ്റുന്നതിന്റെ ഒടുവിലത്തെ തെളിവാണ് ചലച്ചിത്രത്തിന്റെ ‘ജാനകി’ എന്ന പേര് നിഷ്കാസനം ചെയ്യുന്ന തീട്ടൂരം. ‘നിർമ്മാല്യം’ എന്ന രാജ്യം ആദരിച്ച ചലച്ചിത്രം പുറത്തിറങ്ങിയ നാട്ടിലാണിത് അരങ്ങേറുന്നത്. എത്രയെത്ര ജാനകിമാർ, സീതമാർ, പാർവതിമാർ നമ്മുടെ ചലച്ചിത്രങ്ങളിൽ വന്നുപോയി. വിഷ്ണുവും ശിവനും നീലകണ്ഠനും അയ്യപ്പനും ഇവിടെ അരങ്ങ് തകർത്തു. ഇന്ന് ആ പേരുകളെല്ലാം നിഷേധിക്കപ്പെടുന്നത് സാംസ്കാരിക ഫാസിസത്തിന്റെ ലോലഭാവം മാത്രം. അതിക്രൂര ഭാവങ്ങൾ വരാനിരിക്കുന്നതേയുള്ളൂ.
തരൂരിന് ഗാന്ധിജി വഞ്ചകനാവുമ്പോൾ
നരേന്ദ്ര മോഡിക്ക് നാഴികയ്ക്ക് നാല്പതുവട്ടം സ്തുതി പാടുന്ന കോൺഗ്രസ് പ്രവർത്തകസമിതി അംഗം ശശി തരൂരിന് ഇന്ന് ഗാന്ധിജി ഇന്ത്യയുടെ വഞ്ചകനാണ്. സ്വാതന്ത്ര്യലബ്ധിയെ തുടർന്ന് പാകിസ്ഥാന് നൽകേണ്ടിയിരുന്ന 55 കോടി രൂപയ്ക്ക് വേണ്ടി നിരാഹാരം കിടന്ന ആളാണ് ഗാന്ധി. ഭരണഘടന രൂപീകരിക്കപ്പെട്ടപ്പോൾ മനുസ്മൃതിയുടെ ആശയങ്ങൾ ഇല്ലെന്നായിരുന്നു ഗോള്‍വാൾക്കറുൾപ്പെടെയുള്ളവരുടെ ആക്ഷേപം. അതിൽ നിന്ന് അവർ മുന്നോട്ടുപോയി. ദത്താത്രേയ ഹൊസബലെയുടെയും സുധാൻഷു ത്രിവേദിയുടെയും മോഹൻ ഭാഗവതിന്റെയും പ്രസ്താവനകളുടെ കാലത്താണ് ശശി തരൂരിന്റെ ആർഎസ്എസ് ന്യായീകരണം. ഗാന്ധിവധത്തിനുപിന്നാലെ ലഡു വിതരണം നടത്തി ആഘോഷത്തിമിർപ്പിലേർപ്പെട്ടവരുടെ വക്താവും പ്രയോക്താവുമായി ശശി തരൂർ മാറിയിരിക്കുന്നു. അലറുന്ന ആനയ്ക്കും ഗർജിക്കുന്ന സിംഹത്തിനും നടുവിൽക്കിടന്ന് പുളയുകയാണ് കോൺഗ്രസ്. കാലം വരുത്തിവച്ച വിന.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.