‘അക്ഷരം വിപ്രഹസ്തേന’ എന്നു നിർവചിച്ച, അക്ഷരം ബ്രാഹ്മണന്റെ കരങ്ങളിലൂടെയെന്നുമാത്രം പ്രഖ്യാപിച്ച, മനുസ്മൃതിയായിരിക്കണം രാജ്യത്തിന്റെ ഭരണഘടന എന്നു വാദിച്ച സംഘ്പരിവാറിന്റെ രണ്ടാമത്തെ സർസംഘ് ചാലക് മാധവ് സദാശിവ ഗോൽവാൾക്കറിന്റെ ഇന്നത്തെ അനുയായികൾ രാഷ്ട്രഭരണത്തിലേറിയപ്പോൾ സർവകലാശാലകളെയും ഇന്ത്യൻ വിദ്യാഭ്യാസ മണ്ഡലത്തെയും വർഗീയവല്‍ക്കരിക്കുവാനും കാവിവൽക്കരിക്കുവാനും അവിശ്രാന്തം പരിശ്രമിക്കുന്നു. ചരിത്രത്തെ തിരുത്തിയെഴുതുന്ന തിരക്കിലാണവർ. സവർണ പൗരോഹിത്യത്തിന്റെയും മനു പറഞ്ഞ ചാതുർവർണ്യത്തിന്റെയും വർഗീയ ഫാസിസത്തിന്റെയും പുതിയ പാഠപുസ്തകങ്ങൾ രചിച്ച്, വിദ്യാലയങ്ങളിൽ പുതുതലമുറയെ മസ്തിഷ്ക പ്രക്ഷാളനം നടത്തുകയാണ് സംഘപരിവാര ഭരണകൂടം. ‘ചെറുപ്പത്തിലേ പിടികൂടുക’ എന്ന ഫാസിസ്റ്റ് കിരാതൻ അഡോൾഫ് ഹിറ്റ്ലറുടെ ആശയം, അദ്ദേഹത്തെ മാതൃകയാക്കണമെന്ന് പറഞ്ഞ ഗോൾവാള്‍ക്കറുടെ അനുയായികൾ വിദ്യാഭ്യാസ മണ്ഡലത്തിൽ അരങ്ങേറ്റുകയാണ്. എ ബി വാജ്പേയ് രാജ്യത്തിന്റെ പ്രധാനമന്ത്രിയും മുരളീ മനോഹർ ജോഷി മാനവവിഭവ ശേഷി മന്ത്രിയുമായിരിക്കുമ്പോൾ ജ്യോതിഷം മുഖ്യ പഠനവിഷയമാക്കിത്തുടങ്ങിയ വിദ്യാഭ്യാസ വർഗീയ കാവിവൽക്കരണം ഇന്ന് അതിഭീകരമായി തുടരുന്നു. മുഗള സാമ്രാജ്യ ചരിത്രവും അക്കാലത്തെ ചരിത്ര മുന്നേറ്റങ്ങളും പാഠപുസ്തകങ്ങളിൽ നിന്ന് തമസ്കരിക്കപ്പെടുന്നു. സർവകലാശാലാ മേധാവികളായി സംഘപരിവാര വാഴ്ത്തുപാട്ടുകാരെ നിയമിക്കുന്നു. അവർ ദളിത് വിദ്യാർത്ഥികളെയും ന്യൂനപക്ഷ വിദ്യാർത്ഥികളെയും നിർദയം വേട്ടയാടുന്നു. ഹൈദരാബാദ് സർവകലാശാലയിലെ രോഹിത് വെമൂല ആത്മാഹൂതിക്ക് ഇരയായത് ജാതിവിവേചനത്തിന്റെ പേരിലാണ്. ‘എന്റെ മരണത്തിന്റെ കാരണം എന്റെ ജാതിയാണ്’ എന്ന് ആത്മഹത്യാക്കുറിപ്പിൽ രോഹിത് കുറിച്ചു. ജാതി വിവേചനത്തിന്റെയും വംശവിദ്വേഷത്തിന്റെയും വർഗീയ ധ്രുവീകരണത്തിന്റെയും കേന്ദ്രങ്ങളായി സർവകലാശാലകളെയും കലാലയങ്ങളെയും പരിവർത്തനം ചെയ്യുന്നതിന്റെ രക്തസാക്ഷിയാണ് രോഹിത് വെമൂല.
യുജിസി കരട് ചട്ടം പുറത്തുവന്നതിലൂടെ സർവകലാശാലകളെ ഏതുവിധം കാൽക്കീഴിലാക്കാമെന്ന കുതന്ത്ര പദ്ധതിയും വെളിവിലായിരിക്കുന്നു. സർവകലാശാലകളുടെ സ്വയംഭരണാധികാരവും സർവകലാശാലകളുടെമേൽ സംസ്ഥാന സർക്കാരുകൾക്കുള്ള ചുമതലയും കവർന്നെടുക്കുന്ന, ഫെഡറൽ തത്വസംഹിതകളെ നിർലജ്ജം ലംഘിക്കുന്ന കരടുഭേദഗതിയാണ് യുജിസി നിയമത്തിൽ വരുത്തിയിരിക്കുന്നത്. ‘വിത്തമെന്തിനു മർത്യർക്ക് വിദ്യ കൈവശമാവുകിൽ’ എന്ന് മഹാകവി ഉള്ളൂർ എഴുതി. ഇന്ന് ഭരണകൂടങ്ങൾ വിത്തത്തിനായി വിദ്യയെ തീറെഴുതുന്നു. ‘വിദ്യാധനം മഹാധനം’ എന്ന മഹത്തായ തത്വസംഹിതയെ തീർത്തും തമസ്കരിക്കുകയാണ് സാമ്പത്തിക വൻകിട ശക്തികൾക്കു വേണ്ടി ഭരണകൂടം. വൈസ് ചാൻസലറാകാൻ അധ്യാപക യോഗ്യത വേണ്ടെന്നുപോലും യുജിസി ജനുവരി ആറിന് പുറപ്പെടുവിച്ച മാർഗരേഖയിൽ പറയുന്നു. പ്രമുഖ അധ്യാപകനായ ഡോ. ജെ പ്രഭാഷ് അദ്ദേഹത്തിന്റെ ലേഖനത്തിൽ ഈ വിധം എഴുതുന്നു: “വിജ്ഞാപനമനുസരിച്ച് (ക്ലോസ് 3.2), ഒരു വിഷയത്തിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ ഇല്ലാത്തവർക്കുപോലും അതിൽ അധ്യാപകനാകാം. ആ വിഷയത്തിൽ പി എച്ച്ഡി ഉണ്ടായിരിക്കണമെന്നു മാത്രം. ഉദാഹരണമായി, കെമിസ്ട്രി ഐച്ഛികവിഷയമായി ഒരു ക്ലാസിൽപ്പോലും പഠിച്ചിട്ടില്ലാത്ത ഒരാൾക്ക് അതിൽ പിഎച്ച്ഡി ഉണ്ടെങ്കിൽ കെമിസ്ട്രി അധ്യാപകനാകാം — അസിസ്റ്റന്റ് പ്രൊഫസർ മുതൽ പ്രൊഫസർ വരെ.”
നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) നേടിയവർക്ക് ആ വിഷയത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവുമില്ലെങ്കിൽ പോലും അധ്യാപകനാവാം. ഏറ്റവും വിചിത്രമായ മറ്റൊരു നിർദേശം വ്യവസായ – ഭരണരംഗങ്ങളിൽ മികവുതെളിയിച്ചവരെയും അധ്യാപകരാക്കാം എന്നതാണ്. വിദ്യാഭ്യാസ വാണിഭത്തിന്റെയും വാണിജ്യവല്‍ക്കരണത്തിന്റെയും ദുരന്തകാലത്ത്, വിദേശ സർവകലാശാലകൾക്ക് അവസരമൊരുക്കുന്ന ദുരിത കാലത്ത് വ്യവസായ പ്രമുഖരെയും അധ്യാപകരാക്കാമെന്ന നിർദേശത്തിൽ ആശ്ചര്യപ്പെടേണ്ടതില്ല. വൈസ് ചാൻസലർമാരുടെ നാമനിർദേശ പട്ടിക തയ്യാറാക്കുവാനുള്ള അവകാശം യൂണിവേഴ്സിറ്റി സെനറ്റിനും സർക്കാരിനും ചാൻസലർക്കുമാണ്. അവർ നൽകുന്ന മൂന്നംഗ പാനലിൽ നിന്ന് ഏറ്റവും യോഗ്യനായ ഒരു അധ്യാപക ശ്രേഷ്ഠനെ സർക്കാർ നിർദേശപ്രകാരം ചാൻസലറായ ഗവർണർ തെരഞ്ഞെടുക്കുന്നതാണ് നടപടി ക്രമം. ആ നിയമ സംഹിതയെയാകെ സ്വാർത്ഥ താല്പര്യങ്ങൾ മുൻനിർത്തി പൊളിച്ചടുക്കുകയാണ് പുതിയ യുജിസി മാർഗരേഖ. വിസി നിയമനത്തിന് ഗവർണർക്ക് (ചാൻസലർ) പരമാധികാരം നൽകുന്നതിലൂടെ സർവകലാശാലകളെയും കലാലയങ്ങളെയും വർഗീയ ഫാസിസത്തിന്റെയും മതനിരപേക്ഷ ധ്വംസനത്തിന്റെയും ഇരുണ്ട ഇടനാഴികളിലേക്ക് ആനയിക്കുവാൻ വഴിയൊരുക്കുകയാണ് സംഘപരിവാര ഭരണം.
യുജിസിയുടെ ഈ മാർഗനിർദേശം വരുന്നതിന് മുമ്പുതന്നെ കേരളത്തിൽ ഗവർണറായിരുന്ന ആരിഫ് മുഹമ്മദ് ഖാൻ ഈ അജണ്ട നടപ്പാക്കിയിരുന്നു. സർവകലാശാല സെനറ്റിനെയും സംസ്ഥാന സർക്കാരിനെയും വെല്ലുവിളിച്ചുകൊണ്ട് വൈസ് ചാൻസലർ സ്ഥാനങ്ങളിലേക്ക് സംഘപരിവാര പ്രതിനിധികളെ അവരോധിച്ചു. നീതിപീഠങ്ങളുടെ ഇടപെടൽ ഉണ്ടായിട്ടുപോലും ഉന്നതവിദ്യാഭ്യാസ മേഖലയിൽ ധാർഷ്ട്യത്തോടെ നിയമലംഘനം നടത്തുകയായിരുന്നു ആരിഫ് മുഹമ്മദ് ഖാൻ. സ്വേച്ഛാധിപത്യ പ്രവണതയോടെ പ്രവർത്തിച്ച ആരിഫ് മുഹമ്മദ് ഖാന്റെ അതേ പാതയിലൂടെയാണ് തമിഴ്‌നാട് ഗവർണർ രവിയും ബംഗാൾ ഗവർണർ ആനന്ദബോസും സഞ്ചരിച്ചത്. സംഘ്പരിവാർ അജണ്ടയാണ് അവർ സർവകലാശാലകളിൽ നടപ്പാക്കിയത്. പുതിയ മാർഗരേഖ ഇത്തരക്കാർക്ക് കരുത്തേകുകയും സർവകലാശാലകളുടെ സ്വയംഭരണത്തെ അസ്ഥിരപ്പെടുത്തുകയും മതനിരപേക്ഷ നിലപാടിനെ ധ്വംസിക്കുകയും ചെയ്യും. നാം നിതാന്ത ജാഗ്രത പുലർത്തേണ്ട കാലമാണിതെന്ന് വിദ്യാഭ്യാസ മണ്ഡലത്തിലെ വഴിപിഴച്ചതും ആപത്കരവുമായ ഈ സമീപനങ്ങൾ നിരന്തരം ഓർമ്മിപ്പിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.