September 30, 2022 Friday

ധാർമ്മികത, മഹാഭാരതം മുതൽ

അജിത് കൊളാടി
വാക്ക്
July 11, 2020 5:21 am

അജിത് കൊളാടി

ഹാഭാരതം പറയുന്ന കഥ, ഭാരത വർഷത്തിലെ രണ്ടു സഹോദരന്മാരുടെ മക്കൾ തമ്മിലുള്ള വ്യർത്ഥമായ, ഭയാനകമായ, നിശ്ശേഷം നാശത്തിലേക്ക് നയിച്ച ഒരു യുദ്ധത്തിന്റെ കഥ. യുധിഷ്ഠിരന്, ചൂതുകളിയിൽ എല്ലാം നഷ്ടപ്പെടുന്നു. രാജ്യം, സഹോദരന്മാർ, പത്നി എന്നിവർ മാത്രമല്ല, അവസാനം അദ്ദേഹത്തിന് അദ്ദേഹത്തേയും നഷ്ടപ്പെട്ടു. എല്ലാം ദുര്യോധനനു മുമ്പിൽ അടിയറ വയ്ക്കേണ്ടി വന്നു. പാണ്ഡവ പത്നി ദ്രൗപദിയെ, ദുര്യോധന സഭയിലേക്ക്, ദുശ്ശാസനൻ വലിച്ചിഴച്ചു കൊണ്ടുവന്നു. മഹാഭാരതത്തിന്റെ ഹൃദയത്തിലെ വാക്കാണ് ധർമ്മം. ആ വാക്കിനെ പൂർണമായി വ്യാഖ്യാനിക്കുവാൻ ഇതിഹാസത്തിനു കഴിഞ്ഞതുമില്ല. അതിൽ ധർമ്മം ഒരു ബാക്കിപത്രമായി അവശേഷിക്കുന്നു.

ധർമ്മത്തെയും പ്രപഞ്ചത്തേയും സംബന്ധിച്ച ബാക്കിപത്രം. ധർമ്മം എന്ന വാക്ക് ഉത്ഭവിക്കുന്നത് സംസ്കൃതവേരുകളിൽ നിന്ന്, “ധർ ” എന്ന വാക്കിൽ നിന്നാണ്. അതിനർത്ഥം ആധാരമാക്കുക, താങ്ങി നിർത്തുക എന്നതാണ്. ധാർമ്മികതയാണ് സമൂഹത്തേയും വ്യക്തിയേയും ലോകത്തേയും താങ്ങി നിർത്തുന്നത് എന്ന് ഇതിഹാസം പറയുന്നു. ധർമ്മം എന്താണ് എന്നുള്ളത് വിപുലമായി വ്യാഖ്യാനിക്കാനുള്ള ശ്രമമാണ് മഹാഭാരതം. രാജ്യവും,സഹോദരങ്ങളെയും, തന്നെ തന്നെ പണയപ്പെടുത്തിയതിനു ശേഷം, ആണ് ദ്രൗപദിയെ നഷ്ടപ്പെടുത്തുന്നത്. അതു തന്നെ ധർമ്മമാണോ എന്ന് ദ്രൗപദി ചോദിക്കുന്നുണ്ട്. സ്വയം പണയപ്പെടുത്തിയ ആൾ എങ്ങിനെ മറ്റൊരാളെ പണയം വയ്ക്കുന്നു. എല്ലാം നഷ്ടപ്പെട്ടപ്പോൾ യുധിഷ്ഠിരന്റെ മുഖത്തെ ദുർഗ്രാഹ്യത നോക്കു. ഇത് സംഭവിക്കുന്നത്, അദ്ദേഹത്തെ “രാജാക്കന്മാരുടെ രാജാവ് ” എന്ന് വാഴ്ത്തപ്പെട്ട സമയത്ത് തന്നെ. ചൂതുകളി, അമിതമായ ഔദാര്യം കാട്ടുന്ന, എന്നാൽ എളുപ്പത്തിൽ വ്രണിതമാകുന്ന മനുഷ്യാവസ്ഥയുടെ പ്രതീകമാണ്. ജീവിതമാകുന്ന കളിയിൽ ഒരാൾ എന്തിനു ജനിച്ചു എന്നും, ഒരാൾ എന്തിനു മരിക്കുന്നു എന്നതും അറിയില്ല.

നിശ്ചിതമായി ഒരു കാര്യം മാത്രം മഹാഭാരതം പറയുന്നു, “കാലം “നമ്മളെ പിന്തുടരുന്നു എന്ന്. അനിശ്ചിതമായ ലോകത്തിൽ, നമ്മുടെ രക്ഷക്ക്,ധർമ്മത്തെ ആശ്രയിക്കാമോ എന്നാണ് ചോദ്യം? എങ്ങനെയാണ് ഒരു മനുഷ്യൻ ധർമ്മത്തെ കണ്ടെത്തുക? തടാകത്തിലെ വെള്ളം ദാഹം തീർക്കാൻ, കുടിക്കാൻ ഒരുമ്പെടുന്ന സമയത്ത് യക്ഷൻ, ധർമ്മപുത്രരോട് ചോദിച്ചത്, ഇതേ ചോദ്യമാണ്. ശരിയായ ഉത്തരം അദ്ദേഹത്തേയും, സഹോദരന്മാരേയും രക്ഷിക്കും, തെറ്റായ ഉത്തരം എല്ലാവരുടെയും മരണത്തിലും കലാശിക്കും. ധർമ്മപുത്രർ പറയുന്നത്, “ധർമ്മത്തെ കണ്ടെത്താനുള്ള ശ്രമത്തിൽ സാമാന്യബോധം, ചെറിയ തോതിലെ ഉപകരിക്കുകയുള്ളു. കാരണം, അതിന്റെ അടിത്തറ ഭദ്രമാകില്ല, വിശുദ്ധ ഗ്രന്ഥങ്ങളും ഉപയോഗപ്പെട്ടു എന്ന് വരില്ല, കാരണം അവയിൽ വൈരുദ്ധ്യങ്ങൾ ഉണ്ടാകാം; മാത്രമല്ല ആധികാരികമായ അഭിപ്രായം പറയുവാനുള്ള ഒരു ഋഷിയുമില്ല. ധർമ്മത്തിന്റെ സത്യം ഒരു ഗുഹയിൽ ഒളിഞ്ഞിരിക്കുന്നു”. യുധിഷ്ഠിരൻ യോദ്ധാവ് ആണ്, രാജാവ് ആണ്, പക്ഷെ ചില ഘട്ടങ്ങളിൽ നിസ്സഹായനായിരുന്നു. അദ്ദേഹത്തിന്റെ എപ്പോഴമുള്ള രക്ഷ, അദ്ദേഹം എപ്പോഴും അദ്ദേഹമായി നിലനിൽക്കാനല്ലാതെ മറ്റൊന്നും ആകാൻ ശ്രമിച്ചില്ല എന്നതാണ്. പ്രപഞ്ചം. ധർമ്മത്തെ കുറിച്ച് ഉത്കണ്ഠപ്പെടുകയില്ല, എന്ന വിദൂര സാധ്യതയോട് അദ്ദേഹം ഏകനായി ഏറ്റുമുട്ടുന്നു, ജീവിതത്തിൽ. മഹാഭാരതം, ഗംഭീര വിജയത്തിന്റെ കഥ പറഞ്ഞ്, പറഞ്ഞ്,അവസാനം പരാജയത്തിന്റെ കഥയാകുന്നു. മഹാകാവ്യത്തിന് അവസാനഘട്ടത്തിൽ, മഹാവിജയത്തിന്റെ കഥ പറയേണ്ട എന്നു തോന്നുന്നു.

യുദ്ധവിജയം യുധിഷ്ഠിരന് അവസാനം പരാജയം ആയി തോന്നി. അതിരു കടന്ന അസൂയ, കാപട്യം, ദുരാഗ്രഹം, അതിരു കടന്ന അഹംബോധം, വിദ്വേഷം, തട്ടിപ്പ്, വഞ്ചന എല്ലാം നിറഞ്ഞ ലോകം ഇതാണ് അദ്ദേഹം കാണുന്നത്. ചുരുക്കത്തിൽ ധർമ്മത്തിന്റെ കാര്യത്തിൽ മഹാഭാരതം, അഗാധമായ അറിവുള്ള, എന്നാൽ അവസ്ഥാ വൈചിത്ര്യമുള്ള, വ്യംഗ്യോക്തിയുള്ള, ഇതിഹാസമാണ് എന്ന അഭിപ്രായവും ഉണ്ട്. യുധിഷ്ഠിരൻ സ്വർഗ്ഗലോകത്തിൽ അതീവ നന്മയും സമാധാനവും പ്രതീക്ഷിക്കുന്നു. പക്ഷെ, അവിടെയെത്തിയപ്പോൾ കാണുന്നത്, തന്നെ നിതാന്തം എതിർത്ത, യുദ്ധത്തിനു കാരണഭൂതനായ ദുര്യോധനനെ. നരകത്തിൽ പരമ ദുഷ്ടന്മാരെ കാണന്നതിനു പകരം തന്റെ പത്നിയേയും, സഹോദരന്മാരെയും കാണുന്നു. എന്താണ് ധർമ്മം എന്ന ചോദ്യം വീണ്ടും ഉയരുന്നു. സ്വജനങ്ങളെ നരകത്തിൽ കാണുമ്പോൾ മനസ്സിലാക്കാൻ കഴിയാത്ത ഭാവം അദ്ദേഹത്തിൽ പ്രത്യക്ഷപ്പെടുന്നു. ഗ്രീക്ക് പുരാണത്തിലെ സിസിഫസിന് അതേ ഗതിയായിരുന്നു. ദൈവരഹസ്യങ്ങൾ മനുഷ്യനോട് പറഞ്ഞതിന്റെ പേരിൽ, വലിയ പാറ മലമുകളിലേക്ക് ഉരുട്ടി കയറ്റ‌ുക എന്ന ശിക്ഷ അനുഭവിച്ച ആൾ.

മലമുകളിൽ എത്തുമ്പോൾ പറ ഉരുണ്ട് താഴെക്ക് വീഴും. വീണ്ടും സിസിഫസ് പാറ ഉരുട്ടി മുകളിൽ കയറ്റാൻ തുടങ്ങും. പാറ മുകളിൽ നിന്ന് താഴെക്ക് ഉരുണ്ടു വീഴുമ്പോൾ സിസിഫസിന്റെ മുഖത്ത് ഭവിക്കുന്ന ഒരു ഭാവമില്ലേ യുധിഷ്ഠിരന്റെ മുഖത്ത് പണ്ട് അതായിരുന്നു. ജീവിതം എത്ര പ്രയോജനമില്ലാത്തതാണ്, പരിഹാസ്യമാണ്, എന്ന ചിന്തയുടെ സാക്ഷാത്ക്കരിക്കൽ. യുധിഷ്ഠിരന്റെ മനസ്സിൽ എന്താണ് ധർമ്മം എന്ന ചോദ്യം വീണ്ടും ഉയരുന്നു. യുധിഷ്ഠിരൻ സത്യത്തെ ഉയർത്തി പിടിച്ചു, അനുകമ്പ പ്രകടിപ്പിച്ചു. ധാർമ്മികമായ പവിത്രതയോ, മനുഷ്യന്റെ ദൈനംദിന പ്രവൃത്തിയോ, ഇതിൽ ഏത് തിരഞ്ഞെടുക്കണം എന്നതാണ് കഥയുടെ കേന്ദ്രബിന്ദു. അദ്ദേഹം വൈരുധ്യത്തിന്റെ നടുവിലാണ്. നല്ലവനായി രാജ്യം ഭരിക്കണമോ, അതോ, താപസനാകണമോ ഇതിൽ ഏത് തിരഞ്ഞെടുക്കണം എന്ന ചിന്ത. സിംഹാസനത്തിൽ ശൂന്യത അനുഭവപ്പെടാതിരിക്കാൻ, പിതാമഹൻ ഭീഷ്മർ ചില ഉപദേശം നൽകുന്നു. ”രാഷ്ട്രീയ നേതാവിന്റെ ധർമ്മം എന്നുള്ളത്, കുറ്റമറ്റ സ്വഭാവശുദ്ധി, സദാചാരം മാത്രമല്ല എന്ന്. രാഷ്ട്രീയം ശക്തിയുടെ വിഹാര രംഗമാണ്. രാഷ്ട്രതന്ത്രജ്ഞർ കരുതലോടെ പ്രവർത്തിയ്ക്കണം, രാജാവ് കൈയ്യിൽ ദണ്ഡ് പിടിക്കണം, അധികാരത്തിന്റെ ദണ്ഡ്, തക്ക ശിക്ഷ നൽകുന്ന ന്യായത്തിന്റെ പ്രതീകമാകണം ആ അധികാരം; നിരപരാധികളെ രക്ഷിക്കണം” എന്ന്. ചില ഘട്ടങ്ങളിൽ മഹാഭാരതം ആശയസംഹിതകളെ സംശയിക്കുന്നു.

ചിലപ്പോൾ യുധിഷ്ഠിരന്റെ ആദർശവാദത്തെ, യുദ്ധവിരുദ്ധ വാദത്തെ തള്ളുന്നു. അതേസമയം ദുര്യോധനന്റെ സദാചാര ബോധമോ മൂല്യങ്ങളോ ബാധകമല്ലാത്ത നിലപാടുകളെയും തള്ളുന്നു. എന്താണ് ഈ ഇതിഹാസം നമ്മോടു പറയുന്നത്? വിവിധ കാര്യങ്ങൾ, വ്യത്യസ്ത വായനക്കാരോട്, വ്യത്യസ്ത സമയങ്ങളിൽ പറയുന്നു. അതിനൊന്നും ഏകാർത്ഥമില്ല. വല്ലാതെ പൊരുത്തപ്പെടുന്ന ആശയങ്ങളില്ല, പ്രത്യേകിച്ച് ദുർഗ്രാഹ്യമായ. പരിഹാരമുണ്ടാക്കാനാകാത്ത രാഷ്ട്രീയ പ്രശ്നങ്ങളിൽ. മഹാഭാരതം പറയുന്നത്, പൂർത്തിയാകാത്ത ജീവിതങ്ങളെ കുറിച്ചാണ്. നല്ല മനുഷ്യർ പോലും തിന്മ ചെയ്യുന്നതിനെ പറ്റി ചിന്തിക്കുന്നു, മാത്രമല്ല ഈ ലോകത്ത് നല്ലവരായിരിക്കുക എന്നത് പ്രയാസകരമാണെന്ന് അത് ഓർമ്മിപ്പിക്കുന്നു. കഥയുടെ അവസാനത്തിലും പാണ്ഡവർ ധർമ്മത്തെ ഗുഹയിൽ അന്വേഷിക്കുന്നു. അവസാനം യുധിഷ്ഠിരൻ മാത്രം ബാക്കിയാകുന്നു. അതേസമയം, നന്മയുടെ പ്രതീകമാകാൻ നമുക്ക് പ്രചോദനം നൽകുന്നു മഹാഭാരതം. നന്മ നമ്മളിൽ അന്തർലീനമായി ഉണ്ട് എന്ന് മഹാഭാരതം പറയുന്നു. അത് സ്വയം കണ്ടെത്തണം. നമ്മുടെ ജീവിതം ക്രൂരമാകരുത്, പരിഹാസ്യമാകരുത് എന്നത് ഓർമ്മിക്കുന്നു. “ധർമ്മം രക്ഷിക്കും” എന്നു പറയുന്നു. പക്ഷെ, ജീവിതത്തിൽ കയറി വരുന്ന സ്വഭാവം നമുക്ക് നമ്മെ തന്നെ വഞ്ചിക്കാനുള്ള പ്രവണതയാണ്; മാത്രമല്ല മറ്റുള്ളവരിൽ ദോഷം കാണാനുള്ള വ്യഗ്രതയാണ്, നമ്മുടെ പ്രവൃത്തിയെ ന്യായീകരിക്കാനുള്ള ഔത്സുക്യമാണ്, നമ്മുടെ ഉള്ളിലെ ദോഷങ്ങളെ കാണാതിരിക്കലാണ്.

പുരാണേതിഹാസങ്ങളിലെ നായികാനായകന്മാരുടെ വിഭക്തമായ വ്യക്തിത്വത്തെ പോലെ നമ്മുടെ ഇടയിലും പലരും ഭാഗിക്കപ്പെട്ട വ്യക്തിത്വത്തിന്റെ ഉടമകളാണ്. അപ്പോൾ എന്താണ് ധർമ്മം? ഹിപ്പോക്രസിയെ പോലെ അത്രയും വലിയ മറ്റൊരു നൈതികാധഃപതനമില്ല, വ്യക്തിക്കും, രാഷ്ട്രത്തിനും. മഹാഭാരത കാലം കഴിഞ്ഞിട്ടും അധികാരം പണവും സമ്പത്തും കുന്നുകൂട്ടാൻ ശ്രമിച്ചു കൊണ്ടേയിരിക്കുന്നു, ഏത് അധികാരമാണ് പൗരാണിക കാലം മുതൽ അതിനു വേണ്ടി ദുരുപയോഗപ്പെടുത്താത്തത്. അഴിമതിയും, അനീതിയും മുകളിൽ നിന്ന് താഴോട്ടോ, താഴെ നിന്ന് മുകളിലോട്ടോ എന്ന കാര്യത്തിൽ അഭിപ്രായ വ്യത്യാസമുണ്ടാകാം എന്നു മാത്രം. അധികാരം ദുഷിച്ചാൽ മറ്റെല്ലാം ദുഷിയ്ക്കും. സാർവ്വത്രികമായ നൈതികാധഃപതനം സാധാരണ ജനങ്ങളുടെ മുഖത്ത് വന്ന് ആഞ്ഞടിക്കുന്നു.

ഇതിനെതിരെ വലിയ ജനകീയ മുന്നേറ്റമില്ല എന്നത് ദയനീയമായ ഒരു പരമാർത്ഥമാണ്. സാമൂഹ്യ രംഗത്ത് അടിഞ്ഞുകൂടിയ മാലിന്യങ്ങളിൽ ശ്രദ്ധ പതിയുന്നില്ല. പുതിയ സാമൂഹ്യ വ്യവസ്ഥിതിയെപ്പറ്റിയുള്ള സ്വപ്നങ്ങൾ ഇന്നത്തെ യുവതലമുറയിൽ നിന്ന് ഏറെക്കുറെ അപ്രത്യക്ഷമായിരിക്കുന്നു. ലക്ഷ്യബോധവും, ഗതിബോധവും ഒരു ജനതയിൽ നിന്ന് അപ്രത്യക്ഷമാകുമ്പോൾ സമൂഹം ദിശ തെറ്റും. ചില വ്യക്തികൾ എന്തു ചെയ്തും പണവും സുഖവും തേടും. സമ്പത്ത് അധികരിക്കുമ്പോൾ, വ്യക്തികൾ സർവ്വ നിഷേധത്തിലേക്കും, അതിരു കടന്ന വ്യക്തി സ്വാതന്ത്ര്യവാദത്തിലേക്കും വഴുതിപ്പോകുന്നു. ജീവിതം അവർക്കു വലിയൊരു തമാശയാകും, മരണം അതിലും വലിയ തമാശ. ഭാരതീയ ചിന്ത അനുസരിച്ച് ധർമ്മം സാമൂഹ്യമാണ്. സമുദായത്തെ നിലനിർത്തുന്നത് ഏതോ, അതാണ് ധർമ്മം.

സമുദായത്തിന്റെ സുസ്ഥിതിയും ഭദ്രതയുമാണ് ഏറ്റവും പ്രധാന തത്വം എന്ന് അവർ പറഞ്ഞു. ഒരു വ്യക്തിക്കെന്ന പോലെ ഒരു സമുദായത്തിനു വരാവുന്ന ഏറ്റവും വലിയ നൈതികാധഃപതനം ധർമ്മധ്വജിത്വം ആണ്. എണ്ണമില്ലാത്ത ആദർശശാലികളുടെ ത്യാഗത്തിന്റെ ഫലമാണ് നമുക്ക് ലഭിച്ച സ്വാതന്ത്ര്യം. അതിയായ ക്ലേശം അനുഭവിച്ച് ആദർശശാലികളായ വീര പുരുഷന്മാർ ഒരു പ്രസ്ഥാനം ആരംഭിക്കുന്നു. നിരന്തരമായ അദ്ധ്വാനത്തിന്റെ ഫലമായി സ്വാധീനശക്തി ലഭിക്കുന്നു. പ്രസ്ഥാനത്തിനു ശക്തി കൂടുമ്പോൾ സ്വാർത്ഥികളും ലാഭേച്ഛുക്കളും അധികാര മോഹികളും അതിൽ കടന്നു കൂടുന്നു. അപ്പോൾ ജീർണ്ണത വ്യാപിക്കും. എന്താണ് ധർമ്മം? “സർവ്വ ഗുണാ: കാഞ്ചനമാശ്രയന്തേ” എന്ന തത്വം നമ്മുടെ മസ്തിഷ്കത്തിൽ നിന്ന് തൂത്തെറിയുന്നതിലൂടെ, ചൂഷണവ്യവസ്ഥ നാമാവശേഷമാക്കാനുമുള്ള സമരങ്ങളിൽ ഭാഗഭാക്കാകുന്നതിലൂടെ ധാർമ്മിക നിലവാരം ഉയർത്താൻ സാധിക്കും എന്ന ഭാരതീയ ചിന്ത. ഭർതൃഹരി, തന്റെ കാവ്യസമുച്ചയത്തിൽ പറഞ്ഞതാണ്, തനിക്കു ചുറ്റുമുള്ള സമൂഹത്തെ നോക്കി “സർവ്വേ ഗുണാ: കാഞ്ചനമാശ്രയന്തേ” എന്ന്. ഇപ്പോഴും അത് പ്രസക്തം.

സാക്ഷാൽ കുഞ്ചൻ നമ്പ്യാർ പാടിയതുപോലെ, “പണമെന്നുള്ളതു കയ്യിൽ വരുമ്പോൾ, ഗുണമെന്നുള്ളതു ദൂരത്താകും” അതാണോ ധർമ്മം? വ്യാസന്റെ ചോദ്യം അവശേഷിക്കുന്നു. മഹാഭാരതം കാലത്തെ കുറിച്ച് തറപ്പിച്ചു പറയുന്നു. കാലപ്രവാഹത്തിൽ കുഞ്ചൻ നമ്പ്യാർ പറഞ്ഞതു പോലെ “കർമ്മദോഷത്താൽ വരുന്ന രോഗങ്ങൾക്കു,ചെമ്മേ കഷായം കുടിച്ചാൽ ഫലിക്കുമോ?” കാലം,ധർമ്മത്തെ കൊണ്ട് ചില ഘട്ടങ്ങളിൽ ചോദിപ്പിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.