പന്നിക്കൂടില്‍ നിന്ന് ദുര്‍ഗന്ധം

Web Desk
Posted on September 01, 2019, 10:52 pm

devikaലയാളത്തിന്റെ സാഗരഗര്‍ജനമായിരുന്ന സുകുമാര്‍ അഴീക്കോട് അന്ത്യയാത്ര ചൊല്ലുന്നതിനു മുമ്പ് ഒരു വന്‍ പോരാട്ടം നയിച്ചിരുന്നു; തന്റെ വീടിനടുത്ത പന്നിവളര്‍ത്തല്‍ കേന്ദ്രത്തിനെതിരെ. പന്നി കാഷ്ടത്തിന്റെ നാറ്റവും അവയുടെ മുക്രയിടലുംകൊണ്ട് അഴീക്കോടിന്റെയും സമീപവാസികളുടെയും ജീവിതം തന്നെ നരകതുല്യമായപ്പോഴാണ് അദ്ദേഹം പന്നിവളര്‍ത്തല്‍ ഫാമിനെതിരെ പോര്‍മുഖം തുറന്നത്. പടയില്‍ അഴീക്കോടും നാട്ടുകാരും വെന്നിക്കൊടി പാറിക്കുകയും ചെയ്തു. പന്നിഫാം മറ്റെങ്ങോട്ടോ മാറ്റി. അഴീക്കോടിനും ചങ്ങാതിമാര്‍ക്കും സ്വസ്ഥം ഗൃഹജീവിതം. പിന്നെയങ്ങോട്ട് മനുഷ്യനെ ദ്രോഹിക്കുന്ന പന്നിക്കൂടുകളെപ്പറ്റി കേട്ടിട്ടുമില്ല. പക്ഷേ ദേ പിന്നെയും കേരളത്തെയാകെ നാറ്റുന്ന ഒരു പന്നിക്കൂടു തുറന്നപോലെ. ഇത്തവണ കൂട് തലസ്ഥാനത്ത് ശാസ്തമംഗലത്തിനടുത്ത ഇന്ദിരാഭവനില്‍.

മോഡിക്ക് സ്തുതിഗീതം പാടി ശശിതരൂര്‍ ഇന്ദിരാഭവനില്‍ നിന്ന് മുക്രയിട്ടതോടെയാണ് തുടക്കം. മറ്റൊരു കൂട്ടില്‍ നിന്ന് മുരളീധരന്‍ തരൂരിനെതിരെ മുരണ്ടപ്പോള്‍ വിശന്നുകരയുന്നതാവാം എന്നു വഴിപോക്കര്‍ കരുതി. തരൂരാണെങ്കില്‍ ഇംഗ്ലീഷ് സാഹിത്യത്തില്‍ അവഗാഹമുള്ളയാള്‍. മുരളിക്കെതിരെ എടുത്തുവീശിയത് ബര്‍ണാഡ് ഷായെ. പന്നികളോട് ഗുസ്തിപിടിക്കാന്‍ പോകരുതെന്ന് താന്‍ പഠിച്ചിട്ടുണ്ടെന്ന് തരൂര്‍ എന്ന മേനിക്കണ്ടപ്പന്‍. ഗുസ്തിപിടിച്ചാല്‍ മേനിയാകെ വൃത്തികേടാവുമെന്ന് ഷാ പറഞ്ഞിട്ടുണ്ടെന്ന് തരൂര്‍ വക വിശദീകരണവും. കല്യാണം കഴിക്കാന്‍ വേണ്ടിമാത്രം ഉലകം ചുറ്റും വാലിബനായി നടന്ന തരൂരിനെതിരെ മുരളിയുടെ അനുയായികള്‍ മറ്റൊരു കഥ പുറത്തുവിടുന്നു. ദുബായിലെ ഒരു ഹോട്ടലില്‍ മൂന്നു ദിവസം രാപകല്‍ തരൂര്‍ ഒരു പന്നിയുമായി ഗുസ്തി പിടിച്ചിട്ടുണ്ടെന്ന്. അത്തരമൊരു ഗുസ്തിക്കഥ സുനന്ദാപുഷ്‌കര്‍ കേസില്‍ ഡല്‍ഹി പൊലീസും കോടതിസമക്ഷം ഹരികഥപോലെ അവതരിപ്പിച്ചിട്ടുണ്ട്. പാകിസ്ഥാനി മാധ്യമപ്രവര്‍ത്തകയായ മെഹര്‍ തരാറിനൊപ്പം ശശിതരൂര്‍ മൂന്ന് ദിവസം ദുബായിലെ ഒരു ഹോട്ടലില്‍ രാപാര്‍ത്തിട്ടുണ്ടെന്ന്!

വെറുതേ ഒരു പാക് സുന്ദരിയുമായി സുന്ദരകളേബരനായ തരൂര്‍ തണുപ്പുള്ള മൂന്നു രാത്രികളില്‍ ഒരു മുറിയില്‍ കഴിയുമോ എന്ന് മുരളീധരപക്ഷത്തിന്റെ ചോദ്യം. മൂന്ന് രാത്രിയും മെഹര്‍തരാര്‍ ശശിതരൂറിന്റെ മുഖത്തുനോക്കി ‘ഹം തും ഏക് കമ്രേ മേം ബന്ദ്‌ഹോ’ എന്നു പാടിക്കൊണ്ടിരിക്കുക മാത്രമാണ് ചെയ്തതെന്ന് തരൂര്‍പക്ഷം. പണ്ട് കേട്ട ഒരു കഥയുണ്ട്; മധുരയിലെ ഒരു വ്യഭിചാരശാലയില്‍ രണ്ട് ചെറുപ്പക്കാര്‍ ചെന്നു. റേറ്റിന്റെ കാര്യത്തില്‍ വില പേശലായി. റേറ്റ് തീരെ കുറഞ്ഞപ്പോള്‍ വ്യഭിചാരിണിപ്പെണ്ണ് പറഞ്ഞത്രേ; ‘അന്ത റേറ്റുക്ക് നമുക്കു ശുമ്മാ പേശിക്കൊണ്ടിരിക്കലാമേ’! തരൂരിനോട് തരാര്‍ പറഞ്ഞതും ‘ശുമ്മാ പേശിക്കൊണ്ടിരിക്കലാമേ’ എന്നായിരുന്നുവെന്ന് തരൂര്‍പക്ഷം. പക്ഷമേതായാലും സംഗതികള്‍ പന്നിക്കൂട്ടില്‍ നിന്നുള്ള നാറ്റക്കേസായി. ഈ ‘പന്നിഗുസ്തി’ കേസില്‍ മുല്ലപ്പള്ളി രാമചന്ദ്രനെങ്കിലും ഇടപെട്ട് പന്നിക്കൂട് പൂട്ടിത്തരുമോ!

കൊളോണിയല്‍ വാഴ്ചയുടെ അവശിഷ്ടംപോലെ നിന്ന തലസ്ഥാനത്തെ വിജെടി ഹാളിന് നവോത്ഥാന നായകനായ മഹാത്മാ അയ്യങ്കാളിയുടെ പേരു നല്‍കാന്‍ തീരുമാനിച്ച പിണറായി സര്‍ക്കാരിന് ദേവികയുടെ അരുണാഭിവാദ്യങ്ങള്‍. പ്രാന്തവല്‍ക്കരിക്കപ്പെട്ട ഒരു ജനസമൂഹത്തിന്റെ വിജയങ്ങളിലേക്കുള്ള പട നയിച്ച മഹാനായ അയ്യങ്കാളി, ശ്രീനാരായണ ഗുരുവിന്റെയും ചട്ടമ്പിസ്വാമിയുടെയും വൈകുണ്ഠസ്വാമിയുടെയും അയ്യാ ഗുരുവിന്റെയും കാവാലികുളം കണ്ണന്‍ കുമാരന്റെയും പൊയ്കയില്‍ കുമാരഗുരുദേവന്റെയും സമശീര്‍ഷനായ നവോത്ഥാന നായകനായിരുന്നു. അയ്യന്‍കാളി ഗുരുവിനെ ശ്രീമൂലം പ്രജാസഭാംഗമാക്കിയതിലൂടെ തിരുവിതാംകൂര്‍ രാജഭരണകൂടം അദ്ദേഹത്തിന്റെ പോരാട്ടങ്ങള്‍ക്കാണ് അംഗീകാരം നല്‍കിയത്. പ്രജാസഭ സമ്മേളിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ഘനഗംഭീര പോര്‍വിളി മുഴങ്ങി കോരിത്തരിച്ചുനിന്ന വിക്‌ടോറിയ ജൂബിലി ടൗണ്‍ഹാള്‍ എന്ന മന്ദിരം അയ്യങ്കാളി ഹാള്‍ ആയി പുനര്‍നാമകരണം ചെയ്തപ്പോള്‍ ആ തീരുമാനത്തിന് ചന്തമാര്‍ന്ന ഒരു പ്രതീകഭംഗി കൂടിയുണ്ടായി.

പക്ഷേ അയ്യങ്കാളി ഹാള്‍ എന്ന പുനര്‍നാമകരണം കൊണ്ടുമാത്രം നാം സംതൃപ്തരായാല്‍ മതിയോ എന്ന ചോദ്യമുയരുന്ന സംഭവശ്രേണികളും നവോത്ഥാന നായകര്‍ വിത്തെറിഞ്ഞ് കതിര്‍കൊയ്ത പ്രബുദ്ധ കേരളത്തിലുണ്ടാവുന്ന കാര്യം നാം കാണാതെ പോകരുത്. കെവിന്‍ എന്ന ദളിത് ക്രൈസ്തവ യുവാവിനെ സവര്‍ണ ക്രിസ്ത്യാനി പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന് പൈശാചികമായി ദുരഭിമാന കൊല ചെയ്ത നാടാണ് ഈ നവോത്ഥാന ഭൂമി. അയ്യന്‍കാളിയുടെ നൂറ്റിഅന്‍പത്തിയാറാം ജയന്തി പ്രമാണിച്ച് ഒരു മലയാളം ചാനല്‍ അഭിനന്ദനീയമായ ഒരു സര്‍വേ നടത്തി. ഈ സര്‍വേയനുസരിച്ച് ജാതിവിവേചനംമൂലം വയനാട്ടില്‍ മാത്രം എട്ട് ആദിവാസികളാണ് അപമാനഭാരം താങ്ങാനാവാതെ ആത്മഹത്യ ചെയ്തത്. ആദിവാസിയായ കുമാര്‍ എന്ന പൊലീസുകാരന്‍ അടുത്തകാലത്ത് ആത്മഹത്യ ചെയ്തതും ജാതീയമായ മാനസിക‑ശാരീരിക പീഡനങ്ങളെത്തുടര്‍ന്നാണ്. ചുരുങ്ങിയ കാലത്തിനുള്ളില്‍ ജാതിപീഡനം സഹിക്കാനാവാതെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും രാജിവച്ച ആദിവാസികള്‍ ഇരുപതിലേറെപ്പേര്‍. ഇവരില്‍ പ്യൂണ്‍ മുതല്‍ ഉയര്‍ന്ന തസ്തികകളില്‍ ജോലി ചെയ്തിരുന്നവര്‍ വരെ ഉള്‍പ്പെടുന്നു. ഹിന്ദുമതത്തിലെ ജാതിവിവേചനം സഹിക്കാന്‍ കഴിയാതെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത ദളിതുകള്‍ അവിടെ ചെന്നാലും അവര്‍ണ ക്രിസ്ത്യാനി, ദളിത് ക്രിസ്ത്യാനി എന്നിങ്ങനെ വര്‍ഗീകരണം. പടുകൂറ്റന്‍ ക്രൈസ്തവ പള്ളികളുടെ തീണ്ടാപ്പാടകലത്ത് അവര്‍ക്കുവേണ്ടി ചെറ്റപ്പള്ളിയും തട്ടിപ്പള്ളിയും. മതം മാറി ക്രിസ്ത്യാനിയായ ഇത്താപ്പിരിയെക്കുറിച്ച് ആറ് പതിറ്റാണ്ട് മുമ്പ് വയലാര്‍ പാടിയ ‘ക്രിസ്ത്യാനിയായി മതം മാറിയെങ്കിലും ഇത്താപ്പിരിക്കൊരു തീണ്ടലുണ്ടിപ്പോഴും’ എന്ന ദുരവസ്ഥ ഇന്നും. ഇതെല്ലാം കാണുമ്പോള്‍ ഇനിയും വരണമൊരു നവോത്ഥാന നായകര്‍ എന്നു തോന്നിപ്പോവുന്ന സാംസ്‌കാരിക കേരളം.

ചില നാടന്‍ വൈദ്യന്‍മാരുണ്ട്. ഇന്റര്‍നെറ്റ് കാലത്ത് അവര്‍ യുട്യൂബില്‍ കടന്നുകയറുന്നു. അത്തരം ഒരു വൈദ്യന്‍ തനി കഷണ്ടിക്കാരന് മുടി വളരാന്‍ ഒരുപദേശം നല്‍കി. മുട്ടയും തേനും സമാസമം കലര്‍ത്തി ഉറങ്ങുന്നതിനുമുമ്പ് തലയില്‍ തേച്ചു പിടിപ്പിക്കുക. ഉറങ്ങിയുണരുമ്പോള്‍ ‘കരിമുകിലൊത്ത ചികുരഭാര’മായിരിക്കുമെന്ന് ഉപദേശം. യുട്യൂബ് ഉപദേശം കേട്ടവര്‍ ‘മുട്ടത്തേന്‍’ കുഴമ്പു പുരട്ടി ഉറങ്ങാന്‍ കിടന്നു. പാതിയുറക്കമായപ്പോള്‍ ദേഹമാകെ ചൊറിയുന്നു. തപ്പിനോക്കിയപ്പോള്‍ തലയില്‍ തൊപ്പിക്കുടപോലെ കടിയനുറുമ്പുകള്‍. ഡോക്ടര്‍ കൂടിയായ മുസ്‌ലിം ലീഗ് നേതാവ് എം കെ മുനീര്‍ കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ടത് സാമദ്രോഹിയായ ഇത്തരമൊരു വൈദ്യന്റെ വേഷത്തില്‍! മോഡി സ്തുതിയുടെ പേരില്‍ ശശി തരൂരിനെതിരെ നാടെമ്പാടും രോഷം കത്തിനില്‍ക്കുമ്പോള്‍ ഡോ. മുനീര്‍ സാഹിബ് പറഞ്ഞത് തരൂരില്ലാത്ത കോണ്‍ഗ്രസിനെക്കുറിച്ച് ചിന്തിക്കാന്‍പോലും പേടിയാവുന്നുവെന്നാണ്. കോണ്‍ഗ്രസിനെ മുച്ചൂടും നശിപ്പിക്കാന്‍ മുനീര്‍ വൈദ്യന്റെ വക മുട്ടത്തേന്‍ കുഴമ്പ് ഉപദേശം.