6 October 2024, Sunday
KSFE Galaxy Chits Banner 2

സംസര്‍ഗേ ഗുണ, ദോഷ, കഷണ്ടി!

ദേവിക
വാതിൽപ്പഴുതിലൂടെ
June 5, 2023 4:10 am

തീവണ്ടിദുരന്തം നടന്ന ഒഡിഷയിലെ ബാലാസോറില്‍ പണ്ടൊരു ജില്ലാ കളക്ടറുണ്ടായിരുന്നു. പേര് അശ്വിനി വൈഷ്ണവ് ഐഎഎസ്. കുഗ്രാമങ്ങളുടെ സമുച്ചയമായിരുന്ന ബാലാസോറിനെ പരിഷ്കാരത്തിലേക്ക് കൈപിടിച്ചുനടത്തിയത് അശ്വിനിയായിരുന്നു. പ്രളയജലത്തില്‍ മുങ്ങുന്ന ഒഡിഷയില്‍ ദുരിതനിവാരണത്തിന് കര്‍മ്മ പദ്ധതി തയാറാക്കിയതും ആ ജനകീയ കളക്ടറായിരുന്നു. പിന്നീട് അദ്ദേഹത്തില്‍ ഒരു മോഹമുദിച്ചു, താന്‍ ഒഡിഷയില്‍ ഒതുങ്ങിക്കൂടേണ്ട ആളല്ലെന്ന്. അതോടെ ദശാവതാരങ്ങളിലെപ്പോലെ “മത്സ്യഃ കൂര്‍മ്മ വരാഹശ്ച നരസിംഹശ്ച വാമനഃ രാമോ രാമശ്ച രാമശ്ച കൃഷ്ണഃ” മന്ത്രംചൊല്ലി കല്‍ക്കിയായി കലിയുഗത്തില്‍ പ്രവേശിച്ചു, മോഡിയുടെ അടിയാളനായി. പണ്ട് വിജയരാഘവന്‍ പറഞ്ഞപോലെ അതോടെ അശ്വിനിയുടെ കഥ കഴിഞ്ഞു! നമ്മുടെ നാട്ടിന്‍പുറങ്ങളിലെ രസികന്മാര്‍ പണ്ട് പറയാറുണ്ടായിരുന്നു, ‘സംസര്‍ഗേ ഗുണ, ദോഷ, കഷണ്ടി‘യെന്ന്. സംസര്‍ഗം മൂലം ഗുണവും ദോഷവും മാത്രമല്ല കഷണ്ടിപോലും പകര്‍ന്നുകിട്ടുമെന്ന്. മിടുക്കനായ അശ്വിനി വൈഷ്ണവ് മോഡിയോടു സംസര്‍ഗമായതോടെ ആ പാവത്തിന്റെ പ്രതിഭയെല്ലാം മഹാനദിയില്‍ ചോര്‍ന്നുപോയി. വന്ദേഭാരത് തീവണ്ടി കേരളത്തില്‍ ഓടിച്ചപ്പോള്‍ അശ്വിനിയെക്കുറിച്ച് എന്തെല്ലാം വര്‍ണനകളായിരുന്നു. പക്ഷേ തന്റെ വകുപ്പു നടത്തിക്കൊണ്ടുപോകാനുള്ള ത്രാണി പോലുമില്ലെന്ന് ബാലാസോര്‍ ദുരന്തം വിളിച്ചു പറയുന്നു. മൂന്നു തീവണ്ടികള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ കൂട്ടിമുട്ടി മുന്നൂറോളം പേരെ കൊന്നൊടുക്കുന്ന പ്രതിഭ അശ്വിനിക്കല്ലാതെ മറ്റാര്‍ക്കുണ്ട്. കൂട്ടിമുട്ടല്‍ ഒഴിവാക്കാനുള്ള സാങ്കേതികവിദ്യയായ കവച് എല്ലാ തീവണ്ടികളിലുമുണ്ടെന്ന് അശ്വിനി പ്രഖ്യാപിച്ചിട്ട് ഏറെനാളായില്ല. ബാലാസോര്‍ ദുരന്തം കഴിഞ്ഞപ്പോള്‍ കവച് എവിടെയെന്ന് ജനം വിളിച്ചു ചോദിച്ചു. അപ്പോഴിതാ പറയുന്നു, നാലു ശതമാനം തീവണ്ടികളിലേ കവചമുള്ളു എന്ന്!

 


ഇതുകൂടി വായിക്കൂ:റെയില്‍വേ അപകടങ്ങള്‍: താല്‍ക്കാലിക ജാഗ്രത മാത്രം പോര


താരതമ്യേന അപരിഷ്കൃതരാണ് ഒഡിഷക്കാര്‍. പക്ഷേ അവരുടെ മനസിന്റെ വലിപ്പം ഹിമാലയത്തോളമുണ്ടെന്നു കാണിക്കുന്ന ദൃശ്യങ്ങള്‍ അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് ചോരനല്കാന്‍ ആയിരങ്ങളാണ് ആശുപത്രികളില്‍ തടിച്ചുകൂടിയത്. ആരും നിര്‍ബന്ധിച്ചല്ല ആ പാവങ്ങള്‍ വന്നത്. അതിനെയാണ് ഹൃദയവിശാലതയെന്ന് നാം പറയുക. എന്നാല്‍ ദുരന്തം കാണാന്‍ പ്രധാനമന്ത്രി മോഡിയും വന്നു. ബാലാസോറിലെത്തിയ മോഡിക്ക് ജയ്‌വിളിച്ചും ബിജെപിക്ക് സിന്ദാബാദ് വിളിച്ചും സ്വാഗതമോതിയ അനുയായികള്‍ ഒരു ദുരന്തഭൂമിയില്‍പ്പോലും മൃതദേഹക്കൂമ്പാരങ്ങള്‍ക്കിടയില്‍ നിന്ന് ആഘോഷിക്കാന്‍ ശ്രമിച്ച പരിഹാസ്യ ദൃശ്യങ്ങള്‍. എറണാകുളത്ത് ബസില്‍ നഗ്നതാ പ്രദര്‍ശനവും സ്വയംഭോഗവും നടത്തിയ സവാദിനെ ഇന്നലെ കോടതി ജാമ്യത്തില്‍ വിട്ടു. ആലുവാ ജയിലില്‍ നിന്നു പുറത്തിറങ്ങിയ ആ ഹീനജന്മത്തെ പൂമാലയണിയിച്ച് സ്വീകരിക്കാനും അനുയായികളുണ്ടായി. ദുരന്തഭൂമിയില്‍ മോഡിക്ക് ജയ്‌വിളിച്ച അനുയായികളും നഗ്നതാ പ്രദര്‍ശനം നടത്തിയ സവാദിനെ പൂമാലയിട്ട അനുയായികളും തമ്മില്‍ എന്തൊരു സാമ്യം! ഒരു ക്രിമിനലിന് രാജ്യത്തിന്റെ ഭരണകൂട കവചമൊരുക്കുമ്പോഴാണ് ഭരണയന്ത്രവും ക്രിമിനല്‍ വല്‍ക്കരിക്കപ്പെട്ടുവെന്ന് പറയുക. ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന്റെ അധ്യക്ഷനായ കൊടും ക്രിമിനല്‍ ബ്രിജ്ഭൂഷണ്‍ സിങ്ങിനെ മോഡിഭരണം ഭൂഷണവും ചെങ്കോലുമാക്കുന്നു. പോക്കറ്റടി, ബൈക്ക് മോഷണം, ബലാത്സംഗം, വ്യാജവാറ്റ്, കള്ളനോട്ടടി, അന്താരാഷ്ട്ര കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ അനുയായി, നിരവധി കൊലക്കേസുകളില്‍ പ്രതി എന്നീ പരിണാമങ്ങളിലൂടെ ബിജെപിയുടെ എംപിയായ മഹദ്‌വ്യക്തിത്വം! ലോകകായിക രംഗത്തെ അഭിമാനപുഷ്പങ്ങളായ വനിതാ ഗുസ്തി താരങ്ങളെ പീഡിപ്പിച്ച ബ്രിജ്ഭൂഷണ്‍ ജന്മനാ ലൈംഗിക കുറ്റവാളിയെന്ന് പൊലീസിന്റെ പ്രഥമ വിവര റിപ്പോര്‍ട്ടിലുള്ളപ്പോള്‍ പോലും അറസ്റ്റ് വൈകിപ്പിക്കുന്നു.


ഇതുകൂടി വായിക്കൂ:ഒഡിഷ തീവണ്ടി ദുരന്തം വേദനാജനകം: കാനം രാജേന്ദ്രന്‍


 

രാജ്യത്തിന്റെ അഭിമാനമായ താരങ്ങള്‍ക്ക് ലഭിച്ച മെഡലുകള്‍ ഗംഗയിലെറിയുമെന്നു പറഞ്ഞിട്ടും മോഡിക്കു കുലുക്കമില്ല. ഇതെല്ലാം കണ്ടിട്ടും നമ്മുടെ സാംസ്കാരിക നായകരില്‍ ഏറിയ പങ്കിനും കുലുക്കമില്ല. മലയാളത്തിന്റെ അക്ഷരമുത്തശ്ശി ഡോ. എം ലീലാവതി കഴിഞ്ഞ ദിവസം ഒരു കുറിപ്പെഴുതി, ചെങ്കോലിനെക്കാളും കിരീടങ്ങളെക്കാളും വിലപ്പെട്ടതാണ് നമ്മുടെ പെണ്‍മക്കള്‍. അവര്‍ വിയര്‍പ്പൊഴുക്കി നേടിയ പതക്കങ്ങള്‍ ഗംഗയിലെറിഞ്ഞിരുന്നുവെങ്കില്‍ ഒപ്പം ഒഴുകിപ്പോകുമായിരുന്നത് നമ്മുടെ മാനമായിരുന്നു. വസ്ത്രാധിക്ഷേപത്തിനിരയായ പാഞ്ചാലിയുടെ വൈവശ്യം കണ്ടവരാണ് നമ്മള്‍. ഇവിടെ നാം വസ്ത്രാക്ഷേപവൈവശ്യം കാണാതെ പോകരുത്. സാക്ഷാല്‍ സവര്‍ക്കര്‍ വന്നു പറഞ്ഞാലും ബ്രിജ്ഭൂഷനൊപ്പമാണ് തങ്ങളെന്ന് പറയുന്ന മോഡിയോട്, ഗോവിന്റെ ആസനത്തില്‍ ശ്രീരാഗം വായിച്ചിട്ടെന്തുഫലം! നമ്മുടെ ന്യായാസനങ്ങളുടെ കുംഭകര്‍ണസേവയെക്കുറിച്ചുള്ള കഥകള്‍ സമൃദ്ധം. വൈകിവരുന്ന നീതി, നീതിനിഷേധത്തിന്റെ കഥയാവുന്ന കഥകളാല്‍ സമ്പന്നം. കൊല്‍ക്കത്ത ഹൈക്കോടതിയില്‍ നിന്ന് ഈയിടെ ഒരു സിവില്‍ കേസില്‍ വിധിയുണ്ടായത് എഴുപത് വര്‍ഷത്തിനുശേഷം. തൊണ്ണൂറുകാരനായ ഗംഗാദയാലിന് ജീവപര്യന്തവും അരലക്ഷം രൂപ പിഴയും. 42 വര്‍ഷം മുമ്പ് 10 ദളിതരെ അരുംകൊല ചെയ്യുകയും രണ്ട് പേരെ പരിക്കേല്പിക്കുകയും ചെയ്ത കേസിലെ പ്രതിയെ ശിക്ഷിക്കുന്നത് സംഭവം നടന്ന് ആരനൂറ്റാണ്ടോളമായ ശേഷം. വിവാഹവാഗ്ദാനം നല്കി ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ചശേഷം പെണ്ണിന് ചൊവ്വാദോഷമുണ്ടെന്ന് ആരോപിച്ച് പ്രതി പിന്മാറിയ മറ്റൊരു കേസില്‍ കോടതി ആവശ്യപ്പെട്ടത് പെണ്‍കുട്ടിയുടെ ജാതകം പരിശോധിച്ച് ചൊവ്വാദോഷമുണ്ടോ എന്ന് ഉറപ്പുവരുത്താനായിരുന്നു. അതും മോഡിയുടെയും യോഗിയുടെയും യുപിയില്‍. സുപ്രീം കോടതി ഇടപെട്ട് ആ ഉത്തരവ് റദ്ദാക്കിയിരുന്നില്ലെങ്കില്‍ ഈ കേസിലെ വിധിയുണ്ടാകുന്നതിനും ആ പെണ്‍കുട്ടി അമ്മൂമ്മയാകുന്നതുവരെ കാത്തിരിക്കണമായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.