7 September 2024, Saturday
KSFE Galaxy Chits Banner 2

നമുക്കു കിട്ടി രാമായണരത്നം സുധാകരന്‍ എഴുത്തച്ഛന്‍!

ദേവിക
വാതിൽപ്പഴുതിലൂടെ
October 17, 2022 5:45 am

പുരാണങ്ങളും ഇതിഹാസങ്ങളും നമുക്കൊക്കെ കിട്ടിയിട്ടെന്തു കാര്യം. ഒന്നിന്റെയും അര്‍ത്ഥമറിയാതെ പൊതിയാ തേങ്ങപോലെ നോക്കിയിരിക്കാനേയാവൂ. അതിനാണ് കാലം നമുക്കു വേദേതിഹാസങ്ങളുടെ വ്യാഖ്യാതാക്കളെ വരദാനമായി നല്കുന്നത്. മഹാഭാരതമെന്ന സാഗരതുല്യമായ ആഴപ്പരപ്പുകളുള്ള പുരാണത്തെ വ്യാഖ്യാനിച്ചുതരാന്‍ നമുക്കു ഭാഗവതഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയെ കിട്ടി. മഹാഭാരതത്തിന്റെ അരികും മൂലയും അകക്കാമ്പും നമുക്കു പറഞ്ഞുതരുന്ന അദ്ദേഹത്തിന്റെ സ്മാരകമായി നിര്‍മ്മിക്കുന്ന വാസ്തുശില്പഭംഗിയെഴുന്ന ക്ഷേത്രത്തിന് കഴിഞ്ഞ ദിവസം തറക്കല്ലിടുകയും ചെയ്തു. ഭാഗവത വ്യാഖ്യാനത്തിന് ഭാഗവതഹംസത്തെ കിട്ടി. പക്ഷേ ഇനിയും രാമായണത്തിന് തത്തുല്യനായ ഒരു വ്യാഖ്യാതാവിനെ കിട്ടിയില്ല. രാമായണവിശ്വാസികള്‍ അങ്ങനെ ദുഃഖിച്ചിരിക്കവേ മര്യാദാപുരുഷനായ രാമന്റെ നക്ഷത്രമായ പുണര്‍തത്തലേന്ന് നമുക്കും കിട്ടി ഒരു രാമായണരത്നത്തെ. സുധാകരന്‍ എഴുത്തച്ഛനെ! ശ്രീരാമനും സീതാദേവിക്കും ലക്ഷ്മണനും ഇംഗ്ലീഷറിയില്ലെങ്കിലും ഒരു ഇംഗ്ലീഷ് പത്രത്തിലൂടെയായിരുന്നു ഈ രാമായണ രണാവതരണത്തിന്റെ വ്യാഖ്യാനകുശലത. ലങ്കാദഹനം മുതലായിരുന്നു വ്യാഖ്യാനത്തുടക്കം.

 


ഇതുകൂടി വായിക്കു; ആ കുറിപ്പുകള്‍ പകര്‍ന്നുതന്ന ആവേശം


സീതയെ ഹെെജാക്കു ചെയ്തുകൊണ്ടുപോയ രാവണനുമായുള്ള യുദ്ധത്തില്‍ രാമസേനയാകെ ചത്തൊടുങ്ങിയപ്പോള്‍ യൂറോപ്പില്‍ നിന്നും മൃതസഞ്ജീവനി എത്തിച്ചത് താനായിരുന്നുവെന്നാണ് സുധാകരന്റെ അവകാശവാദം. രാവണനെ നിഗ്രഹിച്ച ശേഷം പുഷ്പകവിമാനത്തില്‍ അതിജീവിതയായ സീതയെയുംകൊണ്ട് രാമലക്ഷ്മണന്മാര്‍ നാട്ടിലേക്ക് വരുന്നു. കന്യാകുമാരിയിലെ മരുത്വാമലയും കഴിഞ്ഞ് വിമാനം പറപറക്കുന്നു. പെെലറ്റ് ശ്രീരാമന്‍. തൊട്ടുപിന്നിലെ സീറ്റില്‍ സീതാദേവി. അതിനുപിറകിലെ സീറ്റില്‍ ലക്ഷ്മണന്‍. വിമാനം പുത്തരിക്കണ്ടത്തിന് മുകളിലെത്തി പടിഞ്ഞാട്ടു പറന്ന് അറബിക്കടലിനും മുകളിലേക്ക്. അപ്പോള്‍ ലക്ഷ്മണന് ഒരു പൂതി. ഏട്ടനെ കടലില്‍ തള്ളിയിട്ടിട്ട് ഏട്ടത്തിയെ ഹെെജാക്ക് ചെയ്ത് ഭാര്യയാക്കിയാലോ! അല്പനേരം കഴിഞ്ഞ് ലക്ഷ്മണന്‍ ഒരു കുഞ്ഞ് കല്ലെടുത്ത് സീതയേട്ടത്തിയുടെ മുതുകത്ത് മാര്‍ദ്ദവമേറിയ ഒരേറ്. സ്ഥാനം തെറ്റി കല്ല് വീണത് ശ്രീരാമേട്ടന്റെ തോളില്‍. സീതയെ കാണിക്കാനിരുന്ന വിരല്‍കൊണ്ടുള്ള ലെെംഗികചേഷ്ട കണ്ടതാകട്ടെ ശ്രീരാമനും. അപ്പോഴേക്കും വിമാനം തൃശൂര്‍ തേക്കിന്‍കാട് മെെതാനത്തിനു മുകളിലെത്തി. ലക്ഷ്മണനാകട്ടെ ചേട്ടത്തിയമ്മയെ തട്ടിക്കൊണ്ടു പോകാനോര്‍ത്തതിനെക്കുറിച്ച് മനഃസ്താപം. രാമന്‍ അനുജനോട് സീത കേള്‍ക്കാതെ പറഞ്ഞത്രേ, ‘അനിയാ, ഞാന്‍ നിന്റെ മനസ് വായിക്കുന്നുണ്ട്.

നിനക്ക് അങ്ങനെയൊക്കെ തോന്നിയത് മോശക്കാരായ തിരുവിതാംകൂറുകാരുടെ ഭൂവിഭാഗത്തില്‍ എത്തിയപ്പോഴായിരുന്നു. പോട്ടെ, വാ നമുക്ക് ഒരു ബിരിയാണി കഴിക്കാം’. രാമലക്ഷ്മണന്മാര്‍ സീതയെയും കൂട്ടി മെെതാനത്തിന് എതിര്‍വശത്തെ കോഫിഹൗസിലേക്ക് നീങ്ങി. റണ്ണിങ് കമന്ററി പോലുള്ള രാമായണരത്നം സുധാകരന്റെ വ്യാഖ്യാനം ഇതിസമാപ്തം. പിണറായി, എം വി ഗോവിന്ദന്‍, കെ സുരേന്ദ്രന്‍, പിന്നെ ഞാന്‍ എന്നീ മലബാറുകാര്‍ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ അമരക്കാരായത് കൊള്ളാവുന്ന തെക്കന്മാരെ നുള്ളിപ്പെറുക്കിയെടുക്കാന്‍പോലും കിട്ടാത്തതിനാലാണെന്ന് രാമായണഹംസത്തിന്റെ ഒരു തിരുടിപ്പണിയും. പിന്നീടാണ് സുധാകരന്‍ ഓര്‍ത്തത് കെപിസിസി ഓഫീസ് ഒന്നിനും കൊള്ളാത്തവന്മാരുടെ തെക്കത്തെ അനന്തപുരിയില്‍ ആണല്ലോ. കെെക്കരുത്തുള്ള തെക്കന്മാര്‍ പിള്ളേര്‍ ഇന്ദിരാഭവനു മുന്നില്‍ വച്ച് കരണത്തെങ്ങാനും രണ്ട് കീച്ചുകീച്ചിയാലോ. അതോര്‍ത്ത് ഉച്ച തിരിഞ്ഞ് ഒരു ഖേദപ്രകടനവും. താന്‍ രാമായണം വ്യാഖ്യാനിക്കുകയായിരുന്നില്ല, കുട്ടിക്കാലത്ത് കേട്ട മുത്തശ്ശിക്കഥകള്‍ വിളമ്പുകയായിരുന്നു എന്നൊരു തട്ടും. സിപിഐയുടെ പാര്‍ട്ടി കോണ്‍ഗ്രസുകളെക്കുറിച്ചുള്ള വാര്‍ത്തകള്‍ വായിച്ചാല്‍ ഓര്‍മ്മകളുടെ നിധികുംഭങ്ങളാണ് നമ്മുടെ മുന്നില്‍ തുറക്കപ്പെടുക. ഇപ്പോള്‍ പാര്‍ട്ടി കോണ്‍ഗ്രസിനു വേദിയാകുന്ന വിജയവാഡയില്‍ 1973ല്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസ്. ഉച്ചയ്ക്ക് ഭക്ഷണം വിളമ്പുന്ന വിശാലമായ പന്തല്‍. നീലകള്ളികളുള്ള ലുങ്കിയും മുറിക്കയ്യന്‍ ബനിയനുമിട്ട പാര്‍ട്ടി ജനറല്‍ സെക്രട്ടറി സി രാജേശ്വരറാവുവും കേന്ദ്ര സെക്രട്ടേറിയറ്റംഗവും രാഷ്ട്രപതിയായിരുന്ന നീലംസഞ്ജീവറെഡ്ഡിയുടെ അനുജനുമായ നീലം രാജശേഖര റെഡ്ഡിയുമുള്‍പ്പെടെ‍ വീട്ടുകാരെപ്പോലെ ഓടിനടക്കുന്നു. ഓരോ പാത്രത്തിലും വിഭവങ്ങള്‍ വിളമ്പാന്‍ നിര്‍ദ്ദേശിക്കുന്ന തെലുങ്കന്മാരുടെ പ്രിയങ്കരനായ ‘സിയാരഗാരു’ (സിആര്‍ അവര്‍കള്‍) എന്ന രാജേശ്വരറാവു. ഇക്കട മട്ടന്‍, അക്കട മജ്ജിക (മോര്), ഇക്കട സാമ്പാര്‍ എന്നിങ്ങനെ വിളമ്പന്മാര്‍ക്ക് സിയാരഗാരുവിന്റെ നിര്‍ദ്ദേശപ്പെരുമഴ. ഈ സമ്മേളനത്തിലെ കേരളത്തില്‍ നിന്നുള്ള രണ്ട് പ്രതിനിധികള്‍ അന്ന് വലിയ വാര്‍ത്തയായിരുന്നു. ഇ പി ഗോപാലനും ആര്‍ രാമകൃഷ്ണനും. ഇരുവരും സംസ്ഥാന നേതാക്കള്‍.


ഇതുകൂടി വായിക്കു;  കാഥികവേഷം കെട്ടിയ വി വി രാഘവൻ


 

പക്ഷേ ഇരുവരും തമ്മില്‍ സംസാരിക്കുന്നത് തെലുങ്കില്‍. മലയാളികളായ സഖാക്കള്‍ മാത്രമല്ല, തെലുങ്കന്മാരും ഒഴുക്കോടെയുള്ള അവരുടെ സംസാരം കേട്ട് അത്ഭുതത്തില്‍ പൊതിഞ്ഞ ആനന്ദത്തില്‍. പണ്ഡിതനായ ഇപിയും സാമാന്യവിദ്യാഭ്യാസം മാത്രമുള്ള രാമകൃഷ്ണനും എങ്ങനെ ഈ സുന്ദരമായി തെലുങ്ക് സംസാരിക്കുന്നുവെന്ന് തിരക്കിയപ്പോഴല്ലേ രഹസ്യമറിയുന്നത്. കല്‍ക്കട്ടാതീസിസിന്റെ കാലത്ത് ഇപി തെലങ്കാനയില്‍ ഒളിവിലായിരുന്നു. ഒടുവില്‍ പൊലീസ് പൊക്കി രാജമുന്ദ്രി ജയിലിലടച്ചു. തെലുങ്ക് പഠിക്കാന്‍ ഇതുതന്നെ തക്കമെന്നു കരുതി തെലുങ്ക് ഭാഷാ വിദഗ്ധനുമായി. തെലങ്കാനയില്‍ നിന്നും കൊല്ലം കടപ്പാക്കടയിലേക്ക് തലമുറകള്‍ക്കു മുമ്പ് കുടിയേറിയ അലക്കുതൊഴിലാളികളായിരുന്നു സഖാവ് രാമകൃഷ്ണന്‍ അംഗമായ സമൂഹം. അവരിലെ മുതിര്‍ന്ന തലമുറയിലുള്ളവര്‍ ഇന്നും സംസാരിക്കുന്നത് തെലുങ്കാണ്. സംസ്ഥാന കൗണ്‍സില്‍ അംഗമായിരുന്ന അവിവാഹിതനായ രാമകൃഷ്ണന്‍ ഇപ്പോള്‍ കടപ്പാക്കടയിലെ സഹോദരിയുടെ വീട്ടില്‍ രോഗശയ്യയിലാണ്. അന്ന് മുഖ്യമന്ത്രിയായിരുന്ന സി അച്യുതമേനോനായിരുന്നു മറ്റൊരു ദേശീയ വാര്‍ത്താതാരം. സമ്മേളനത്തിന്റെ ഇടവേളകളില്‍ സമ്മേളന നഗരിക്ക് മുന്നിലെ പന്തലില്‍ കസേരയിട്ട് വിശ്രമിക്കുന്ന അച്യുതമേനോന്‍ മാധ്യമപ്രവര്‍ത്തകരോട് രാഷ്ട്രീയം സംസാരിക്കുകയേയില്ല. ജന്മനാ ഗൗരവക്കാരനായിരുന്ന അദ്ദേഹം ചുറ്റുമുള്ളവരോട് തമാശകള്‍ പറഞ്ഞ് പൊട്ടിച്ചിരിക്കുന്ന അപൂര്‍വകാഴ്ച. മാധ്യമപ്രവര്‍ത്തകരുടെ ശല്യം സഹിക്കാതെ വയ്യാതായപ്പോള്‍ ഒരു ദിവസം അദ്ദേഹം എണീറ്റു. വരിക നമുക്കു തലശേരി അരിമുറുക്ക് കഴിക്കാം. വിവിധ സംസ്ഥാനങ്ങളുടെ രുചിവിഭവങ്ങള്‍ വില്‍ക്കുന്ന സ്റ്റാളിനടുത്തേക്ക് ക്ഷണിച്ച് അദ്ദേഹം നീങ്ങും. അരിമുറുക്കു കഴിക്കും. ചുറ്റുമുള്ളവരുടെ കാശും അദ്ദേഹം തന്നെ നല്കും.
ഒക്ടോബറിന്റെ നഷ്ടവും വിപ്ലവകേരളത്തിനുണ്ട്. വിപ്ലവപ്രസ്ഥാനം ഒരിക്കലും ആത്മവിമര്‍ശനം കെെവിടരുതെന്ന് നമ്മെ ഓര്‍മ്മിപ്പിച്ച ചിന്താധീരതയുടെ അടയാളമായിരുന്ന പ്രൊഫ. എം എന്‍ വിജയന്റെ ഓര്‍മ്മദിനമായിരുന്നു ഒക്ടോബര്‍ രണ്ട്. ആത്മവിമര്‍ശനത്തിന്റെ അനിവാര്യത നമ്മെയോര്‍മ്മിപ്പിക്കുന്ന പ്രതിഭാശാലി. ഒരിക്കലും ഇടതുപക്ഷം മുതലാളിത്ത ചായ്‌വ് കാട്ടരുതെന്ന് അദ്ദേഹം നമ്മോട് പറഞ്ഞു. അവരുടെ മൂലധനത്തിനും ആനുകൂല്യങ്ങള്‍ക്കും വേണ്ടി കാത്തുകെട്ടിക്കിടക്കരുത്. വിപ്ലവം വിദൂരമായ ഒരു സ്വപ്നമാകരുത്, ആക്കരുത്. വിപ്ലവത്തിന്റെ ആകാശത്തിന് സ്വാസ്ഥ്യമരുത്. വിപ്ലവത്തിന്റെ മിന്നലിന് വിളര്‍ച്ചയുണ്ടാകരുത്. ചക്രവാളത്തില്‍ എന്നും വിപ്ലവത്തിന്റെ മേഘഗര്‍ജ്ജനമുണ്ടാകണം. ചെറുപ്പക്കാര്‍ വിപ്ലവം ഗുവേര ടീഷര്‍ട്ടുകളിട്ട് മൂടരുത്. ഇക്കിളിയുടെ ആസക്തമായ ചിരികള്‍ വിപ്ലവത്തെ വിളറിയ മിന്നല്‍ത്തലപ്പുകളാക്കി മാറ്റരുത്. ആത്മവിമര്‍ശനത്തിന്റെ രാജരഥത്തിലേറി വരുന്ന വിജയന്‍ മാഷിന്റെ മൊഴിമുത്തുകള്‍…

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.