13 September 2024, Friday
KSFE Galaxy Chits Banner 2

ദുരന്തസാഗരത്തിലെ തിമിംഗലങ്ങള്‍

ദേവിക
വാതിൽപ്പഴുതിലൂടെ
August 5, 2024 4:42 am

‘ഞങ്ങളെല്ലാം നല്ല ഉറക്കത്തിലായിരുന്നു. ആകാശം പൊട്ടിപ്പിളരുന്നതുപോലെ. കടല്‍ ഇരമ്പിക്കയറുന്നപോലെ. ഞങ്ങള്‍ ഞെട്ടിയുണര്‍ന്ന് കുഞ്ഞുങ്ങളുമായി മലമുകളിലേക്ക് ഓടിക്കയറി. അവിടെയെത്തിയപ്പോള്‍ മുന്നില്‍ മൂന്ന് കൊമ്പന്മാര്‍. അടുത്തുകണ്ട കൊമ്പനോട് ഞാന്‍ കരഞ്ഞുപറഞ്ഞു. വളരെ ബുദ്ധിമുട്ടി ജീവനുംകൊണ്ട് ഞങ്ങളിവിടെ എത്തിയതാണ്. നീ ഞങ്ങളെ ഒന്നും ചെയ്യരുതേ. അതുകേട്ട് കൊമ്പന്റെ കണ്ണുകള്‍ നിറഞ്ഞു. നേരം പുലരുംവരെ ഞങ്ങള്‍ അവന്റെ കാല്‍ക്കല്‍ സുഖമായി ഉറങ്ങി. അവന്‍ ഞങ്ങള്‍ക്ക് കണ്ണീരോടെ കാവല്‍ നിന്നു.’ ഇതൊരു മുത്തശ്ശിക്കഥയല്ല. കഴിഞ്ഞ ദിവസം മൃത്യുതാണ്ഡവമാടിയ വയനാട് മുണ്ടക്കെെ-ചൂരല്‍മലയില്‍ നിന്നും രക്ഷപ്പെട്ട ഒരമ്മൂമ്മ പറഞ്ഞ അനുഭവ കഥയാണ്. മൃഗങ്ങളോട് മനുഷ്യന്‍ കാട്ടുന്ന കൊടുംക്രൂരതയ്ക്ക് വേണമെങ്കില്‍ അവന് പകരം വീട്ടാമായിരുന്നു. പക്ഷെ അവനത് ചെയ്തില്ല. അവന്‍ മനുഷ്യനല്ല, മൃഗമാണ്. ജീവിതം നിമിഷങ്ങളുടെ ആകെ ശേഖരമാണ്. സന്തോഷവും സന്താപവും ഇടകലര്‍ന്ന ശേഖരം. അതില്‍ സന്തോഷവും സന്താപവും ഇടകലര്‍ന്ന അനുഭവകഥയാണ് ആ മുത്തശ്ശി നമ്മോട് പറഞ്ഞത്. മുണ്ടക്കെെ-ചൂരല്‍മല ഒരു സൗന്ദര്യഭൂമിയായിരുന്നു. അവിടുത്തെ മനുഷ്യര്‍ അധ്വാനശീലരായിരുന്നു, ശാന്തശീലരായിരുന്നു. ഇവിടെ ഒരു സ്വപ്നഭൂമിയുണ്ടായിരുന്നു, സ്വപ്നജീവികളായ മനുഷ്യരുണ്ടായിരുന്നു എന്ന് പറയുംവിധത്തില്‍ ഈ മലയോരഭാഗങ്ങള്‍ ഉരുള്‍പൊട്ടലില്‍ ഒഴുകിയൊലിച്ചുവന്ന പുതിയ നദിക്കടിയിലായിരിക്കുന്നു. സ്വപ്നങ്ങള്‍ക്കും സ്വപ്നജീവികള്‍ക്കുമൊപ്പം ഉറക്കത്തില്‍ മരിച്ചവര്‍. കെട്ടിപ്പിടിച്ച നിലയിലായിരുന്നു ഏഴ് മൃതദേഹങ്ങള്‍. ചെളിയില്‍പ്പുതഞ്ഞ പാഠപുസ്തകങ്ങളില്‍ ഡോക്ടറാകണം, എന്‍ജിനീയറാകണം, ശാസ്ത്രജ്ഞരാകണം, പൊലീസുകാരനാകണം, പട്ടാളക്കാരനാകണം എന്നിങ്ങനെയുള്ള മോഹാക്ഷരങ്ങളുടെ മയില്‍പ്പീലിത്തുണ്ടുകള്‍. ഒരു കുഞ്ഞ് തന്റെ ബുക്കില്‍ ഒരു പടം വരച്ചുവച്ചു. ആകാശത്ത് പറക്കുന്ന വിമാനത്തെ കയ്യെത്തിപ്പിടിക്കാന്‍ ശ്രമിക്കുന്ന കുഞ്ഞിന്റെ ചിത്രം. ആ കുഞ്ഞ് പിതാവ് പിടിച്ച കെെവിട്ടുപോയി അകലെയെങ്ങോ അറബിക്കടലില്‍ നീരറുതിയായിട്ടുണ്ടാകാം. ദുരന്തശേഷം കുട്ടിയുടെ സഹപാഠിയായ രണ്ടാം ക്ലാസുകാരി കുറിപ്പെഴുതി; ‘എന്താ ദെെവമേ നീയെന്റെ കൂട്ടുകാരിയെ രക്ഷിക്കാത്തത്.’
ഈ ദുരന്ത സാഗരത്തിലും നാം ശവംതീനി തിമിംഗലങ്ങളെക്കാണുന്നു. ഈ ദുഃഖഭൂമിയില്‍ കള്ളന്മാരില്ലായിരുന്നു. മോഷണങ്ങളും നന്നേ കുറവായിരുന്നു. അതുകൊണ്ടുതന്നെ തങ്ങളുടെ സമ്പാദ്യമെല്ലാം അവര്‍ ബാങ്കുകളില്‍ നിക്ഷേപിക്കുകയോ ലോക്കറില്‍ സൂക്ഷിക്കുകയോ ചെയ്യുന്ന ശീലവുമില്ലായിരുന്നു. എല്ലാം വീടുകളില്‍ത്തന്നെ സൂക്ഷിച്ചിരുന്നു. എന്നാല്‍ ദുരന്തമുണ്ടായശേഷം പൊലീസിന്റെ അറിയിപ്പ് വരുന്നു, കള്ളന്മാരെ സൂക്ഷിക്കുക. മോഷ്ടാക്കളെ പിടികൂടാന്‍ പട്രോളിങ്ങും ശക്തമാക്കി. ജീവനുവേണ്ടിയുള്ള പരക്കംപാച്ചിലിനിടെ പൂട്ടാതിരുന്ന വീടുകളില്‍ നിന്ന് കോടിക്കണക്കിന് രൂപയുടെ പൊന്നും പണവുമാണ് കള്ളന്മാര്‍ കട്ടെടുത്തത്. പുര കത്തുമ്പോള്‍ വാഴ വെട്ടുന്ന ഇവരെ നിയമമൊന്നും നോക്കാതെ കയ്യോടെ വെടിവച്ചുകൊല്ലുകയല്ലേ വേണ്ടത്?

സാംസ്കാരിക ഭൂമിയെന്ന് വാഴ്ത്തപ്പെടാറുള്ള കേരളത്തില്‍ ദുരന്തത്തിനിടെ സമൂഹമാധ്യമങ്ങളിലൂടെ നിറഞ്ഞാടുന്ന പിശാചുക്കളും ധാരാളം. ഒരു കുഞ്ഞിനെ ഞാന്‍ പൊന്നുപോലെ വളര്‍ത്തിക്കോളാം എന്ന് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ച യുവതിയുടെ പോസ്റ്റിനുതാഴെ ഒരു ക്രൂരന്‍ പോസ്റ്റിട്ടത് ‘ഇവിടെ എഴുതാന്‍ കൊള്ളാത്തത്. ഇടുക്കിയിലെ ഭാവന-രഞ്ജിത് ദമ്പതിമാര്‍ക്ക് രണ്ട് കുഞ്ഞുങ്ങളുണ്ട്. ഒരാള്‍ മുലകൂടി മാറാത്ത പ്രായം. അമ്മമാര്‍ നഷ്ടപ്പെട്ട പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടാന്‍ തയ്യാറാണെന്ന് ഭാവന അധികൃതരെ അറിയിച്ചു. ഇടുക്കിയില്‍ നിന്നും ദമ്പതിമാര്‍ ദുരന്തഭൂമിയിലെ ആശുപത്രിയിലെത്തി. ഒരു ഞരമ്പന്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടതും കണ്ടു. എന്തായാലും ഇവന്‍ ഇപ്പോള്‍ പാലും ചായയും കുടിക്കുന്നത് മുലയൂട്ടുന്ന കുപ്പിയിലാണ്! നാട്ടുകാര്‍ തലങ്ങും വിലങ്ങും തല്ലി കട്ലറ്റ് പരുവമാക്കിയ ഇയാള്‍ ദേഹമാസകലം ബാന്‍ഡേജിട്ട് ഒരു ബഹിരാകാശയാത്രികന്റെ പരുവത്തിലായി. ഇതിനിടെ കക്ഷിക്ക് തുരുതുരെ ഫോണ്‍കോള്‍. പാല്‍ കിട്ടിയോ എന്ന്. മറുതലയ്ക്കല്‍ ഫോണ്‍ ചെവിയില്‍ ഫിറ്റ് ചെയ്തുകൊടുക്കുന്നത് ഭാര്യ. ഒരു കാര്യം വ്യക്തമാണ് സാംസ്കാരിക കേരളത്തിന് ഇത്തരക്കാരെ ഇങ്ങനെയും കെെകാര്യം ചെയ്യാനറിയാം.

കേരളം ഉരുള്‍പൊട്ടലിന്റെ രാജ്യതലസ്ഥാനമാകാന്‍ പോകുന്നുവെന്ന് പ്രകൃതി 23 വര്‍ഷം മുമ്പുതന്നെ നമുക്ക് മുന്നറിയിപ്പ് നല്‍കി. അഗസ്ത്യകൂട താഴ്വരയിലെ അമ്പൂരിയില്‍ അന്നുണ്ടായ ഉരുള്‍പൊട്ടലില്‍ 39 പേരാണ് മരിച്ചത്. 38 മൃതദേഹങ്ങളും കിട്ടി. തോമസ് എന്ന മലയോര കര്‍ഷകന്റെ വീട്ടിലെ വിവാഹനിശ്ചയ ചടങ്ങായിരുന്നു അന്ന്. പ്രതിശ്രുതവരനടക്കം ചടങ്ങിനെത്തിയ 22 പേരെയാണ് മരണം കൊണ്ടുപോയത്. തോമസ് മാത്രം ഒരു പാറക്കൂട്ടത്തിനടിയില്‍പ്പെട്ട് രക്ഷപ്പെട്ടു. കേരളത്തിലെ ആലപ്പുഴയൊഴികെ എല്ലാ ജില്ലകളും ഉരുള്‍പൊട്ടലിന് സാധ്യതയുള്ള മേഖലകളാണെന്നായിരുന്നു മാധവ് ഗാഡ്ഗില്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട്. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ഇന്ത്യയിലുണ്ടായ ഉരുള്‍പൊട്ടലുകള്‍ 6,600. ഇവയില്‍ 2,800 എണ്ണവും കേരളത്തിലായിരുന്നു. പെട്ടിമുടി, കവളപ്പാറ തുടങ്ങിയ ദുരന്തങ്ങള്‍ മാത്രമാണ് നാം കൊണ്ടാടിയത്. രണ്ടും മൂന്നും പേര്‍ മരിച്ച സംഭവങ്ങള്‍ വാഹനാപകട മരണങ്ങള്‍ പോലെ നിസാരവല്‍ക്കരിച്ചു. ഗാഡ്ഗില്‍ മുന്നറിയിപ്പ് നല്‍കിയതുപോലെ നാം പശ്ചിമഘട്ടത്തെ തകര്‍ത്തെറിഞ്ഞു. പാറമടകള്‍ക്ക് കയ്യും കണക്കുമില്ലാതെ അനുമതി നല്‍കുന്ന നാം നീരൊഴുക്ക് തടഞ്ഞു, മലവെള്ളം മുഴുവന്‍ പാറമടകളുടെ വിള്ളലുകളിലൂടെ മലമടക്കുകളിലേക്ക് ആഴ്ന്നിറങ്ങി. ഭൂമിക്കുള്ളിലെ ജലസമ്മര്‍ദം കാരണം ഉരുള്‍പൊട്ടലുകള്‍ തുടര്‍ക്കഥയായി. കാട്ടുകള്ളന്മാര്‍ ഉള്‍വനങ്ങള്‍ വെട്ടി വെളുപ്പിച്ചതോടെ ദുരന്ത സാധ്യതകളുടെ ആക്കം കൂടി. എന്നിട്ട് നാം പറയുന്നു; ഇതെല്ലാം കാലാവസ്ഥാ വ്യതിയാനത്തിന്റെ കളികളല്ലേ! പക്ഷെ മന്ത്രി ഗണേഷ് കുമാര്‍ ഒരു കാര്യം വെട്ടിത്തുറന്ന് പറഞ്ഞു. പാറമടകളുടെ ആധിക്യം തന്നെയാണ് ഇപ്പോഴത്തെ ദുരന്തങ്ങള്‍ക്കെല്ലാം മൂലകാരണം.
പണ്ടൊരിക്കല്‍ ഒരു ‍ജപ്പാന്‍കാരന്‍ ദെെവത്തോട് ചോദിച്ചു. ഞങ്ങള്‍ ലോകകപ്പ് ഫുട്ബോള്‍ ജേതാക്കളാകാന്‍ എത്ര കൊല്ലം പിടിക്കും. ദെെവം പറഞ്ഞു, ഒരമ്പതുകൊല്ലം. ചെെനക്കാരനും ദെെവത്തോട് ഇതേ ചോദ്യം ചോദിച്ചു. ഒരു 20 കൊല്ലം എന്ന് ദെെവം പറഞ്ഞു. ഒടുവില്‍ ഇന്ത്യക്കാരന്റെ ഊഴം. ഇന്ത്യ ലോകകപ്പില്‍ മുത്തമിടാന്‍ എത്രകൊല്ലം വേണ്ടിവരും എന്റീശ്വരാ. ദെെവം കണ്ണീരോടെ പറഞ്ഞു; ‘അന്ന് ഞാനുണ്ടാവില്ലല്ലോ!’ ഏഴ് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ യുഎസിനൊപ്പമുള്ള സമ്പദ്‌വ്യവസ്ഥയാകുമെന്ന മോഡിയുടെ അവകാശവാദം കേട്ടപ്പോഴാണ് ഈ കഥ ഓര്‍ത്തുപോയത്. ലോകബാങ്കിന്റെ കഴിഞ്ഞ ദിവസം പുറത്തുവന്ന കണക്കനുസരിച്ച് 10 വര്‍ഷത്തിനുള്ളില്‍ ചെെന അമേരിക്കയ്ക്കൊപ്പമുള്ള സാമ്പത്തികശക്തിയായി മാറും. ജപ്പാന്‍ 15 വര്‍ഷത്തിനുള്ളിലും. ഇന്ത്യക്ക് യുഎസിന്റെ നാലിലൊന്ന് വരുമാനമെത്തണമെങ്കില്‍ 75 വര്‍ഷമെങ്കിലും വേണമെന്നാണ് ലോകബാങ്കിന്റെ പ്രവചനം. അന്ന് ഞാനുണ്ടാവില്ലല്ലോ എന്ന് പറഞ്ഞ് മോഡിക്ക് കരയുന്ന ദെെവത്തെപ്പോലെ തടിതപ്പാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.