October 6, 2022 Thursday

Related news

September 30, 2022
September 21, 2022
September 20, 2022
September 20, 2022
September 16, 2022
September 16, 2022
September 15, 2022
September 14, 2022
September 13, 2022
September 13, 2022

തെരുവുനായ്ക്കള്‍ പെരുകുന്നതിന്റെ‍ ഉത്തരവാദികളാര്?

സത്യന്‍ മൊകേരി
വിശകലനം
September 21, 2022 5:30 am

രാവിലെ എഴുന്നേറ്റ് കൈവീശി വേഗത്തില്‍ നടന്നാല്‍ പല അസുഖങ്ങള്‍ക്കും പരിഹാരം ഉണ്ടാകുമെന്ന് ഡോക്ടര്‍മാര്‍ പലപ്പോഴും പറയാറുണ്ട്. വീട്ടില്‍ ഉണ്ടാകുന്ന ദിവസങ്ങള്‍ പൊതുവെ കുറവാണ്. പാര്‍ട്ടി പരിപാടികളുമായി ബന്ധപ്പെട്ട യാത്രകളില്‍ ആകുമ്പോള്‍ താമസിക്കുന്ന സ്ഥലത്ത് രാവിലെ നടക്കാന്‍ കഴിയാത്ത സാഹചര്യം. റോഡരികുകളെല്ലാം തെരുവുനായ്ക്കള്‍ കയ്യടക്കിയിരിക്കും. പലര്‍ക്കും കടിയേല്‍ക്കുന്നു. ഇതുസംബന്ധമായ പത്രവാര്‍ത്തകള്‍ എല്ലാ ദിവസവും പുറത്തുവന്നതോടെ പുറത്തിറങ്ങി നടത്തം അവസാനിപ്പിക്കേണ്ട നിലയായി. സിപിഐ വയനാട് ജില്ലാ സമ്മേളനം 16, 17 തീയതികളില്‍ കല്‍പ്പറ്റയില്‍ ആയിരുന്നു. അഡ്വ. ജോസഫ് തോമസിന്റെ വീട്ടിലാണ് ഞാനും വസന്തവും താമസിച്ചത്. രാവിലെ നടക്കുന്നതിനെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ കുഴപ്പമില്ല നടക്കാം. പക്ഷെ നായകളുടെ ശല്യമുണ്ട്. കയ്യില്‍ വടി കരുതാം എന്നാണ് അദ്ദേഹം പറഞ്ഞത്. രാവിലെ ആറ് മണിക്ക് വടിയുമായി ഞാനും വസന്തവും അഡ്വ. ജോസഫും കല്‍പ്പറ്റ ബൈപാസിലൂടെ നടത്തം ആരംഭിച്ചു. ഒരു കിലോമീറ്റര്‍ പിന്നിട്ടതോടെ നായകളുടെ കൂട്ടം തന്നെ റോഡ് കയ്യടക്കിയിരിക്കുന്നു. കല്‍പ്പറ്റ ടൗണില്‍ നിന്നുള്ള അവശിഷ്ടങ്ങള്‍ തള്ളുന്ന ഇടമാണത്. അറവുശാലകളില്‍ നിന്നുള്ള മാംസാവശിഷ്ടങ്ങളും മത്സ്യ മാര്‍ക്കറ്റില്‍ നിന്നുള്ള അവശിഷ്ടങ്ങളും അവിടെ എത്തുന്നു. അതു തിന്നാനാണ് നായകള്‍ കൂട്ടമായി അവിടെ താവളമാക്കുന്നത്. ഗ്രാമങ്ങളിലായാലും പട്ടണങ്ങളിലായാലും തെരുവുനായ്ക്കള്‍ അവയുടെ കേന്ദ്രമാക്കുന്നത് മത്സ്യ, മാംസാവശിഷ്ടങ്ങള്‍ കൊണ്ടുതള്ളുന്ന പ്രദേശങ്ങളിലാണ്. അതിന് പരിഹാരം ആരാണ് ഉണ്ടാക്കേണ്ടത്? തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കാണിക്കുന്ന ഉദാസീനതയാണ് പ്രധാന കാരണം. മാംസ‑മത്സ്യ വിപണന കേന്ദ്രങ്ങളും അറവുശാലകളും ശുചിത്വം പാലിക്കണമെന്ന് ഉറപ്പുവരുത്തേണ്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പലതും അതിന് ശ്രമിക്കുന്നില്ല. പ്രാദേശിക ജനനേതാക്കളാണ് ഇവിടങ്ങളിലെ ഭരണാധികാരികള്‍. അവരുടെ അധികാരം ഉപയോഗിച്ച് ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ കഴിയും. അതിന് മുന്‍കയ്യെടുക്കുന്നവര്‍ എത്രപേരുണ്ട്?
കോര്‍പറേഷന്‍, മുനിസിപ്പല്‍, പഞ്ചായത്ത് തലങ്ങളില്‍ ഷെല്‍ട്ടര്‍ ആരംഭിക്കുന്നതിന് അടിയന്തരമായ നടപടികളാണ് സ്വീകരിക്കേണ്ടത്. അത്തരം സംരംഭങ്ങളെ കേരളത്തിലെ ജനങ്ങള്‍ പിന്തുണയ്ക്കുമെന്ന് ഉറപ്പാണ്.

 


ഇതുകൂടി വായിക്കു; വയ്യാവേലിപ്പെട്ടിക്ക് വയസ് ഇരുപത്താറ്!


തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ പരിഭ്രാന്തരായി കഴിയുകയാണ് സംസ്ഥാനത്തെ ജനങ്ങള്‍. പ്രത്യേകിച്ച് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും. എയര്‍ഗണ്ണുമായി കുട്ടികളെ മതപാഠശാലയില്‍ കൊണ്ടുപോയ ഒരു രക്ഷിതാവിന്റെയും കുട്ടികളുടെയും ഫോട്ടോയും വാര്‍ത്തയും പത്രങ്ങളില്‍ കണ്ടു. തെരുവുനായ്ക്കളുടെ എണ്ണവും അവയുടെ ആക്രമണങ്ങളും പെരുകുന്നത് സംസ്ഥാനത്തെ ഒരു വിഷയമായി മാറി. നിരവധി മേഖലകളില്‍ ലോകോത്തരമായ നേട്ടങ്ങള്‍ കൈവരിച്ച നമ്മുടെ സംസ്ഥാനത്തിന് അഭിമാനിക്കാം. ആ നേട്ടങ്ങളെല്ലാം കേരള സമൂഹം ഉയര്‍ത്തിപ്പിടിക്കുന്നു. അത്തരം നേട്ടങ്ങള്‍ കൈവരിച്ച നമുക്ക് തെരുവുനായ്ക്കളില്‍ നിന്നും ആക്രമണം ഉണ്ടാകുമ്പോള്‍ നിസഹായരായി നോക്കിനില്ക്കേണ്ടി വരുന്നു. 2019ലെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് 10 ലക്ഷം നായ്ക്കളാണ് ഉള്ളത്. അതില്‍ ഏഴ് ലക്ഷം വളര്‍ത്തു നായ്ക്കളും മൂന്നു ലക്ഷം തെരുവുനായ്ക്കളുമാണ്. ഇപ്പോള്‍ തെരുവുനായ്ക്കളുടെ എണ്ണം നാല് ലക്ഷത്തിലധികമായിട്ടുണ്ടെന്നാണ് മൃഗസംരക്ഷണ വകുപ്പ് വ്യക്തമാക്കുന്നത്.

തെരുവുനായ്ക്കള്‍ എന്തുകൊണ്ടാണ് ആക്രമണകാരികളാകുന്നത്? അവയെ നിയന്ത്രിക്കുന്നതിന് ആവശ്യമായ എന്തെല്ലാം നടപടികളാണ് സ്വീകരിക്കേണ്ടത്? ഈ കാര്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കുന്നതിനും കൃത്യമായ നടപടികള്‍ സ്വീകരിക്കുന്നതിനും ബന്ധപ്പെട്ടവര്‍ പ്രാരംഭം കുറിച്ചിരിക്കുന്നു. കൊന്നൊടുക്കി തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ നിന്നും സംരക്ഷണം നല്കമെന്ന നിലപാട് ആധുനിക ശാസ്ത്രലോകത്ത് ഒരിക്കലും സ്വീകരിക്കാന്‍ കഴിയാത്തതാണ്. താറാവുകള്‍ക്ക് വൈറസ് ബാധ ഉണ്ടാകുമ്പോള്‍ പ്രതിവിധിയായി ഉയര്‍ന്നുവന്നത് താറാവുകളെ കൊന്ന് നശിപ്പിക്കുക എന്നതായിരുന്നു. വൈറസ് എന്തുകൊണ്ട് പടര്‍ന്നു പിടിക്കുന്നു? അതില്‍ നിന്നും താറാവുകളെ സംരക്ഷിക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കേണ്ടതെന്ന് ചിന്തിക്കുവാന്‍ ശാസ്ത്രസമൂഹത്തിനോ ഉദ്യോഗസ്ഥന്മാര്‍ക്കോ ആലോചിക്കുവാന്‍ കഴിയുന്നില്ല. എളുപ്പമാര്‍ഗമായി കണ്ടെത്തിയത് താറാവുകളെ കത്തിച്ചു കളയലാണ്.
തെരുവുനായ്ക്കളെയും കൊന്നൊടുക്കിയാല്‍ പ്രശ്നം പരിഹരിക്കാം എന്ന് കരുതുന്നവര്‍ ഉണ്ട്. കൊന്നൊടുക്കലിലൂടെ ശാശ്വത പരിഹാരം കാണാന്‍ കഴിയില്ല. പേ വിഷബാധയേറ്റുള്ള മരണം തടയുന്നതിനായി നിരവധി കര്‍മ്മപദ്ധതികള്‍ സംസ്ഥാനം നേരത്തേതന്നെ തയാറാക്കിയിരുന്നു. 2025 വര്‍ഷത്തോടെ കേരളത്തില്‍ പേ വിഷബാധ മരണം ഇല്ലാതാകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. 2022 വര്‍ഷത്തില്‍ വളര്‍ത്തു നായ കടിച്ചതുള്‍പ്പെടെ പേ വിഷബാധയേറ്റ് 21 പേര്‍ സംസ്ഥാനത്ത് മരണപ്പെട്ടു.


ഇതുകൂടി വായിക്കു; രാജ്യത്തെ ഇരുട്ടിലേക്ക് നയിക്കുന്നവര്‍


 

2021 വര്‍ഷത്തില്‍ 2.34 ലക്ഷം പേരെ നായകള്‍ കടിച്ചതായാണ് പുറത്തുവന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്. 2022 വര്‍ഷത്തില്‍ ഇതിനകംതന്നെ രണ്ട് ലക്ഷം കവിഞ്ഞിട്ടുണ്ട്. ഓരോ ദിവസവും നായകളുടെ കടിയേറ്റ് പരിക്കുപറ്റുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയാണ്. പട്ടി കടിയേറ്റ പശുക്കള്‍ക്കും മറ്റ് മൃഗങ്ങള്‍ക്കും പേ ബാധ ഉണ്ടാകുന്നത് വര്‍ധിക്കുകയാണ്. പശു വളര്‍ത്തുന്നവര്‍ ആശങ്കയില്‍ ആകുന്നു. കറവ് എടുക്കുന്ന പശുക്കുട്ടികള്‍ക്ക് പേ ബാധ ഉണ്ടായതിന്റെ ഫലമായി പാലുകുടിച്ച നിരവധിപേര്‍ ഭയത്തില്‍ കഴിയുകയാണ്. നായ കടിച്ചാല്‍ വാക്സിന്‍ എടുത്ത് പേ ബാധയില്‍ നിന്നും രക്ഷപ്പെടാന്‍ കഴിയും എന്ന ഉറച്ച വിശ്വാസം ജനങ്ങളില്‍ ഉണ്ടായിരുന്നു. നായയുടെ കടിയേറ്റാല്‍ ബന്ധപ്പെട്ട ആശുപത്രികളില്‍ നിന്നും സുരക്ഷിതമായി വാക്സിന്‍ ലഭിക്കുമെന്നതും ഉറപ്പായിരുന്നു. അതിലും വിശ്വാസം ഇല്ലാതാകുന്നു. വാക്സിന്‍ കുത്തിവച്ചതിനു ശേഷവും പേ ബാധ ഉണ്ടായി മരണപ്പെടുന്ന സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
2017 വര്‍ഷത്തില്‍ പട്ടികള്‍ കടിച്ച 1,35,749 ല്‍ എട്ടു പേരാണ് മരിച്ചത്. 2018ല്‍ 1,48,899 ല്‍ ഒന്‍പതു പേരും 2019 ല്‍ 1,61,055ല്‍ എട്ടു പേരും 2020ല്‍ 1,60,483ല്‍ അഞ്ചുപേരും 2021 ല്‍ 2,21,379ല്‍ 11 പേരും 2022ല്‍ 1,83,931ല്‍ 21 പേരും പേ വിഷബാധിതരായി മരിച്ചിട്ടുണ്ട്. മരിച്ചവരെല്ലാം വാക്സിന്‍ എടുത്തവരാണ്. വാക്സിന്‍ ഫലപ്രദമല്ല എന്നാണോ ഇതെല്ലാം സൂചിപ്പിക്കുന്നത്. വാക്സിന്‍ ഉല്പാദിപ്പിക്കുന്നതും വില്പന നടത്തുന്നതും ലാഭത്തെ മാത്രം അടിസ്ഥാനപ്പെടുത്തിയാണ്. വാക്സിന്‍ ഉല്പാദകരായ വന്‍കിട കമ്പനികള്‍ മനുഷ്യന്റെ ജീവന് ഒരു വിലയും കല്പിക്കാറില്ല. അവര്‍ക്ക് മനുഷ്യര്‍ മരിച്ചുവീഴുന്നതില്‍ ഒരു പ്രയാസവും ഉണ്ടാകുന്നില്ല. ലാഭം മാത്രമാണ് അവരുടെ ലക്ഷ്യം. പ്രതിരോധ മരുന്നുകളുടെ ഗുണമേന്മ എന്തുകൊണ്ട് ഉറപ്പുവരുത്തുന്നില്ല. ആരാണ് ആ ഉത്തരവാദിത്വം നിര്‍വഹിക്കേണ്ടത്? അതിനായി ഉദ്യോഗസ്ഥര്‍ ഉണ്ടോ. 2018നു ശേഷം 62 പേരാണ് വാക്സിന്‍ എടുത്തതിനുശേഷവും സംസ്ഥാനത്ത് മരണപ്പെട്ടത്. ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥര്‍ എത്ര ഗൗരവത്തോടെ ഈ വിഷയങ്ങളെ സമീപിക്കുന്നുണ്ട്? നഷ്ടപ്പെട്ട ജീവന് ആരാണ് ഉത്തരവാദികളാവുക. കമ്പനികള്‍ക്ക് അതില്‍ നിന്നും ഒഴിഞ്ഞുനില്ക്കുവാന്‍ കഴിയുമോ. കൊലക്കുറ്റത്തിന് അവരുടെ പേരില്‍ കേസെടുക്കേണ്ടതല്ലെ? വിവിധ തലങ്ങളില്‍ നിന്നും ഉയരുന്ന ചോദ്യങ്ങളാണിവ.

തെരുവുനായ്ക്കളെ നിയന്ത്രിക്കുന്നിതിന് യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടി സ്വീകരിക്കണം. തെരുവുനായ്ക്കളുടെ എണ്ണം വര്‍ധിക്കുന്നതില്‍ നിന്നും തടയുന്നതിനുള്ള പദ്ധതി ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ (എബിസി) 2003–2004 വര്‍ഷത്തില്‍ തന്നെ ആരംഭിച്ചു. 19 വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. ഈ പദ്ധതിക്ക് ലക്ഷ്യം കൈവരിക്കാന്‍ എന്തുകൊണ്ട് കഴിഞ്ഞില്ല. അതൊക്കെ പരിശോധിക്കേണ്ടവര്‍, അവരുടെ ജോലി ചെയ്യുന്നുണ്ടോ? എബിസി പദ്ധതിയുടെ ഭാഗമായി കൃത്യമായ പരിപാടികള്‍ക്ക് രൂപം നല്കിയിരുന്നു. നായകള്‍ക്കുള്ള ഷെല്‍ട്ടര്‍ ഹോം, നായയെ പിടിക്കുന്നവര്‍, ഡോക്ടര്‍മാര്‍ എന്നിവയടക്കമുള്ളവര്‍ക്ക് കൃത്യമായ നിര്‍ദ്ദേശങ്ങള്‍ പദ്ധതിയുടെ ഭാഗമായി ഉണ്ടായിരുന്നു. എന്തുകൊണ്ട് പദ്ധതി നടപ്പിലാക്കിയില്ല. അതിന്റെ കാര്യങ്ങള്‍ അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. നായകളെ വന്ധ്യംകരിച്ചാല്‍ വംശവര്‍ധനവ് തടയാന്‍ കഴിയും എന്നത് ആര്‍ക്കും മനസിലാക്കാവുന്നതാണ്. അതിനായി യാതൊരു ശ്രമവും നടത്തിയില്ല.
തെരുവുനായ്ക്കളെ ഷെല്‍ട്ടറുകളിലെത്തിച്ച്‍ വന്ധ്യംകരണം ചെയ്യാനുള്ള എബിസി പദ്ധതി നടപ്പിലാക്കിയിരുന്നെങ്കില്‍ ഇന്ന് ഉയര്‍ന്നുവന്ന തെരുവുനായ ഭീഷണി ഉണ്ടാകുമായിരുന്നില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, കേന്ദ്ര – സംസ്ഥാന ഗവണ്‍മെന്റുകളുടെയും സന്നദ്ധ, സാമൂഹ്യ സംഘടനകളുടെയും വ്യക്തികളുടെയും സഹായത്തോടുകൂടി ഷെല്‍ട്ടര്‍ പദ്ധതി നടപ്പിലാക്കുന്നതിന് താമസം വരുത്തിക്കൂടാ. തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ നിന്നും ജനങ്ങള്‍ക്ക് സംരക്ഷണം നല്കുന്നതിന് ഫലപ്രദമായ വാക്സിന്‍ തടസങ്ങള്‍ ഇല്ലാതെ ലഭ്യമാക്കും എന്ന് ഉറപ്പുവരുത്തണം. തെരുവുനായ്ക്കളില്‍ നിന്നും ജനങ്ങള്‍ക്ക് സംരക്ഷണം നല്കുന്നതിനായി യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ ഉണ്ടാകണം. പ്രസംഗത്തെക്കാള്‍ ഇവിടെ വേണ്ടത് ബന്ധപ്പെട്ടവരുടെ പ്രവര്‍ത്തനമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.