കെ ദിലീപ്

നമുക്ക് ചുറ്റും

January 19, 2021, 5:31 am

വിധേയരെ സൃഷ്ടിക്കാനായുള്ള പുതിയ വിദ്യാഭ്യാസ നയം

Janayugom Online

കോവിഡ് 19 വ്യാപനംമൂലം ജനങ്ങള്‍ തെരുവിലിറങ്ങാന്‍ മടിച്ച കാലത്ത് ഇന്ത്യയില്‍ കേന്ദ്രസര്‍ക്കാര്‍ ജനവിരുദ്ധ നിയമങ്ങള്‍ ഒന്നിനുപിറകെ ഒന്നായി നടപ്പിലാക്കി സ്വന്തം കോര്‍പ്പറേറ്റ് വിധേയത്വം ഊട്ടി ഉറപ്പിക്കുന്ന തിരക്കിലായിരുന്നു. പൗരത്വ നിയമഭേദഗതി മുതല്‍ കാര്‍ഷിക നിയമഭേദഗതിവരെ എല്ലാ നിയമനിര്‍മ്മാണങ്ങളും കോര്‍പ്പറേറ്റ് യജമാനന്മാര്‍ക്ക് വേണ്ടി മാത്രമായിരുന്നു. തൊഴില്‍ നിയമ ഭേദഗതിയുടെ കാര്യം ഏറ്റവും പ്രത്യക്ഷമായ ഉദാഹരണമാണ്.

1800കളുടെ അവസാനം മുതല്‍ നിരന്തരമായി നടന്ന പ്രക്ഷോഭങ്ങളിലൂടെയാണ് ഇന്ത്യയിലെ തൊഴിലാളിവര്‍ഗം മനുഷ്യരായി ജീവിക്കുവാനുള്ള അവകാശങ്ങള്‍ ഓരോന്നായി നേടിയെടുത്തത്. ആഴ്ചയില്‍ ഏഴ് ദിവസവും തുടര്‍ച്ചയായി ഇരുപത്തിരണ്ട് മണിക്കൂര്‍ വീതം വ്യവസായശാലകളില്‍ ജോലി ചെയ്ത് നരകതുല്യമായ അവസ്ഥയില്‍ ജീവിച്ചിരുന്നിടത്ത് നിന്ന് എട്ട് മണിക്കൂര്‍ ജോലിയും ആഴ്ചയില്‍ ഒരു ദിവസം അവധിയും എന്ന നിലയിലെത്താന്‍ ഒരു നൂറ്റാണ്ടു കാലത്തോളം ഇന്ത്യന്‍ തൊഴിലാളി വര്‍ഗത്തിന് നിരന്തരമായി പ്രക്ഷോഭം നടത്തേണ്ടതായി വന്നു. അങ്ങനെ നേടിയെടുത്ത അവകാശങ്ങളാണ് 40 തൊഴില്‍ നിയമങ്ങള്‍ റദ്ദ് ചെയ്ത് വെറും നാല് നിയമങ്ങളാക്കി മോഡി സര്‍ക്കാര്‍ മാറ്റിയപ്പോള്‍ പൂര്‍ണമായും നഷ്ടപ്പെട്ടത്, സംഘടനാ സ്വാതന്ത്ര്യമടക്കം.

മോഡി സര്‍ക്കാര്‍ കഴിഞ്ഞ ആറ് വര്‍ഷങ്ങളായി കൊണ്ടുവന്ന എല്ലാ നിയമഭേദഗതികളിലും ലക്ഷ്യമിട്ടത് പൂര്‍ണമായ കോര്‍പ്പറേറ്റുവല്‍ക്കരണം മാത്രമാണ്. ഏറ്റവുമൊടുവില്‍ ഒരു ചര്‍ച്ചയുമില്ലാതെ അടിച്ചേല്പിച്ച കാര്‍ഷിക നിയമഭേദഗതികള്‍ക്കെതിരെ ഇന്ത്യയിലെ മുഴുവന്‍ കര്‍ഷകരും സമരരംഗത്താണ്. കഴിഞ്ഞ ഒന്നര മാസത്തിലേറെയായി രാജ്യ തലസ്ഥാനത്ത് കൊടുംശെെത്യത്തില്‍ നിരന്തര സമരത്തിലാണ് നമ്മെ അന്നമൂട്ടുന്ന കര്‍ഷകര്‍. ഏറ്റവുമൊടുവില്‍ കര്‍ഷകര്‍ക്ക് നേരെ രാജ്യദ്രോഹ കുറ്റമാരോപിച്ച് വിചാരണ ചെയ്യാനൊരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. ലോകപ്രശസ്തരായ ശാസ്ത്രജ്ഞരെയും സാമ്പത്തിക വിദഗ്ധരെയും ഒക്കെ സൃഷ്ടിച്ച ഇന്ത്യയിലെ സാര്‍വത്രിക വിദ്യാഭ്യാസ സമ്പ്രദായം ആകെ നശിപ്പിച്ച് ഉന്നതവിദ്യാഭ്യാസം സമ്പന്നര്‍ക്ക് മാത്രം പ്രാപ്യമാവുംവിധം മാറ്റിയെഴുതുക എന്ന ലക്ഷ്യവുമായാണ് ന്യൂ എഡ്യൂക്കേഷന്‍ പോളിസി 2020 നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. വിദ്യാഭ്യാസ നയത്തെക്കുറിച്ചുള്ള മോഡി സര്‍ക്കാരിന്റെ ധാരണയെന്താണെന്ന് കടലാസില്‍ മാത്രമുള്ള അംബാനിയുടെ കല്പിത സര്‍വകലാശാലയ്ക്ക് ശ്രേഷ്ഠ പദവി അനുവദിച്ചപ്പോള്‍ തന്നെ വ്യക്തമായതാണ്.

ഇന്ത്യയിലെ മൂന്നാമത്തെ വിദ്യാഭ്യാസനയം, രണ്ടാമത്തെ വിദ്യാഭ്യാസനയം പ്രഖ്യാപിച്ച് 34 വര്‍ഷങ്ങള്‍ക്കിപ്പുറം പ്രഖ്യാപിക്കുമ്പോള്‍ സ്വാതന്ത്ര്യപൂര്‍വ ഇന്ത്യയില്‍ ബ്രിട്ടീഷുകാര്‍ നടപ്പിലാക്കിയ വിദ്യാഭ്യാസ സമ്പ്രദായത്തോടാണ് അത് കൂടുതല്‍ അടുത്തുനില്ക്കുന്നത്. സമൂഹത്തില്‍ വരേണ്യവര്‍ഗവും സാധാരണക്കാരും തമ്മിലുള്ള അന്തരം വിദ്യാഭ്യാസ മേഖലയില്‍ കൂടി പ്രതിഫലിപ്പിക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള പല നടപടികളും 2020ലെ പുതിയ വിദ്യാഭ്യാസനയം സ്വീകരിക്കുന്നുണ്ട്. സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ചാം ക്ലാസുവരെ പ്രാദേശിക ഭാഷകളില്‍ മാത്രമാണ് അധ്യയനം നിര്‍ദ്ദേശിച്ചിരിക്കുന്നത്. അതേസമയം സ്വകാര്യസ്കൂളുകളില്‍ നേരത്തെ തന്നെ ഇംഗ്ലീഷ് ഭാഷ പഠിപ്പിക്കാന്‍ ആരംഭിക്കുകയും ചെയ്യുന്നു. പ്രാദേശിക ഭാഷകളിലെ പാഠപുസ്തകങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം എന്നതാണ് മറ്റൊരു നിര്‍ദ്ദേശം.

രാജ്യത്ത് 30 ശതമാനം ജനങ്ങള്‍ക്ക് പോലും സ്മാര്‍ട്ട്ഫോണ്‍ ഇല്ലാത്ത, ഇന്റര്‍നെറ്റ് പോയിട്ട് വെെദ്യുതി പോലുമില്ലാത്ത ഗ്രാമങ്ങളില്‍ വസിക്കുന്ന വിദ്യാര്‍ത്ഥികള്‍. നഗരങ്ങളിലെ സ്വകാര്യ സ്കൂള്‍ വിദ്യാര്‍ത്ഥികളെക്കാള്‍ ബഹുദൂരം പിന്‍തള്ളപ്പെടുവാനേ ഈ നിര്‍ദ്ദേശങ്ങള്‍ ഇടവരുത്തൂ. നാല് വര്‍ഷമാണ് ബിരുദം നേടുവാന്‍ നിശ്ചയിച്ചിരിക്കുന്നത്. വിദ്യാഭ്യാസ ഘട്ടങ്ങളില്‍ എവിടേയും വിദ്യാര്‍ത്ഥിക്ക് പുറത്തുപോകാന്‍ കഴിയും. ദരിദ്ര വിദ്യാര്‍ത്ഥികള്‍ പഠനം പൂര്‍ത്തിയാക്കാതെ ഡിഗ്രിക്ക് പകരം അവര്‍ കൊഴിഞ്ഞുപോകുന്ന വര്‍ഷത്തിന്റെ അടിസ്ഥാനത്തില്‍ ലഭിക്കുന്ന ഡിപ്ലോമയുമായി ജോലി നേടേണ്ട അവസ്ഥയിലെത്തുന്നു. പാഠ്യപദ്ധതിയില്‍ പൗരാണിക ഇന്ത്യയുടെ മഹത്വവല്‍ക്കരണം, സ്വകാര്യവല്‍ക്കരണത്തെ അനുകൂലിച്ചുകൊണ്ടുള്ള നിലപാടുകള്‍, ഭരണഘടനാ തത്വങ്ങള്‍ക്ക് പകരം സേവ, സ്വച്ഛത, ത്യാഗം, മര്യാദ തുടങ്ങിയ അവ്യക്തമായ കാര്യങ്ങളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഇത് അനുസരണയുള്ള ഭൃത്യന്മാരെ സൃഷ്ടിക്കുവാന്‍ മാത്രമേ ഉതകുകയുള്ളു- കോര്‍പ്പറേറ്റുകളുടെ അടിമകളായ ഭൃത്യന്മാര്‍. സ്വന്തം രാഷ്ട്രത്തിന്റെ ചരിത്രമോ, ഭരണഘടനാദത്തമായ പൗരന്മാരുടെ അവകാശങ്ങളെക്കുറിച്ചോ ഒന്നുമറിയാതെ പുരാണകഥകളിലും അവ്യക്തമായ അടിമ മനോഭാവത്തിലും വ്യാപരിക്കുന്ന ഒരു ജനതയെ സൃഷ്ടിക്കുന്നതിന് പുതിയ വിദ്യാഭ്യാസനയം വഴിതെളിക്കും.

സ്കൂള്‍ വിദ്യാഭ്യാസകാലത്തുതന്നെ കുട്ടികളില്‍ യാഥാസ്ഥിതികത്വം വളര്‍ത്തുക, ‘നിഷ്കാമ കര്‍മ’ത്തില്‍ അഥവാ പ്രതിഫലം ആഗ്രഹിക്കാതെ പ്രവൃത്തിചെയ്യുക, ഉത്തരവാദിത്വങ്ങള്‍ മാത്രം അറിയുക, മൗലികാവകാശങ്ങളെക്കുറിച്ച് ഒന്നും അറിയാതിരിക്കുക, ചുരുക്കത്തില്‍ വിമര്‍ശനാത്മകമായ സമീപനം മുളയിലേതന്നെ ഇല്ലാതാക്കുവാനുതുകുന്ന പാഠ്യപദ്ധതിയാണ് വിഭാവനം ചെയ്തിരിക്കുന്നത്. വിദ്യാഭ്യാസത്തിന്റെ ഫെഡറല്‍ സ്വഭാവത്തെ പൂര്‍ണമായും നിരാകരിച്ചുകൊണ്ടാണ് ഈ നയം രൂപീകരിച്ചിരിക്കുന്നത്. ഒരു ജനാധിപത്യരാജ്യത്ത് പൗരന്റെ അവകാശങ്ങളെക്കുറിച്ച് ഒരു ധാരണയുമില്ലാതെ ഒരു ചോദ്യവും ഉയര്‍ത്താതെ, സ്വതന്ത്ര നിലപാടുകള്‍ ഇല്ലാതെ, മുതലാളിത്തത്തിന് വിനീത വിധേയരായ, ചെറുത്തുനില്ക്കാത്ത, ഹിന്ദുത്വ അജണ്ടയ്ക്ക് വിധേയരായ ഒരു ആള്‍ക്കൂട്ടത്തെ സൃഷ്ടിക്കുക എന്ന ലക്ഷ്യമാണ് ഈ പുതിയ വിദ്യാഭ്യാസനയത്തിലൂടെ നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്. കൊളോണിയലിസവും സംഘപരിവാര്‍ ഉദ്ദേശിക്കുന്ന ദേശീയതയും തമ്മില്‍ പൂര്‍ണമായ യോജിപ്പാണ് ഇവിടെ ദൃശ്യമാവുന്നത്. സ്വേച്ഛാധിപത്യ ഭരണകൂടത്തിന്റെയും ചങ്ങാത്ത മുതലാളിത്തത്തിന്റെയും അധികാരം ഉറപ്പിക്കുവാനായാണ് ഇന്ന് ദേശീയത, ഹിന്ദുത്വം തുടങ്ങിയ സംജ്ഞകള്‍ സംഘപരിവാര്‍ ഉപയോഗിക്കുന്നത്.

അതേസമയംതന്നെ അവര്‍ ഉദ്ദേശിക്കുന്ന ഹിന്ദുരാഷ്ട്രം ഹിന്ദുക്കള്‍ക്കു വേണ്ടിയുള്ളതല്ല എന്ന് അവരുടെ ഓരോ പ്രവൃത്തിയും എടുത്തുകാണിക്കുന്നുണ്ട്. കോവിഡ് കാലത്ത് തൊഴില്‍ നഷ്ടപ്പെട്ട് സ്വന്തം ഗ്രാമങ്ങളിലേക്കുള്ള പലായനത്തില്‍ മരിച്ചുവീണ തൊഴിലാളികളിലും നോട്ടുനിരോധനംമൂലം പാപ്പരായ ചെറുകിട, ഇടത്തരം വ്യവസായികളിലും തൊഴില്‍ നിയമങ്ങള്‍ ഇല്ലാതായതോടെ പെരുവഴിയിലാവുന്ന തൊഴിലാളികളിലും കാര്‍ഷികനിയമങ്ങള്‍ക്കെതിരെ പൊരുതുന്ന കര്‍ഷകരിലും ഭൂരിഭാഗവും ഹിന്ദുക്കള്‍ തന്നെയാണ്. അന്താരാഷ്ട്ര മൂലധനശക്തികളും അമിതാധികാരം പ്രയോഗിക്കുന്ന ഫാസിസ്റ്റ് ഭരണകൂടവും ഒത്തുചേര്‍ന്ന് സൃഷ്ടിക്കുന്ന അവരുടെ സ്വേച്ഛാധിപത്യം അടിച്ചേല്പിക്കുവാനുള്ള ഒരു തന്ത്രം മാത്രമാണ് ഭൂരിപക്ഷവാദം. ഈ ഭൂരിപക്ഷവാദത്തെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ഉള്‍പ്പെടുത്തുക എന്നതാണ് പുതിയ വിദ്യാഭ്യാസ നയംകൊണ്ട് ഉദ്ദേശിക്കുന്നത്. തീവ്ര വലതുപക്ഷ വ്യതിയാനത്തിന് ആക്കംകൂട്ടുക, ജനാധിപത്യ ബോധമില്ലാത്ത ആള്‍ക്കൂട്ടങ്ങളെ സൃഷ്ടിക്കുക, അതുവഴി കോര്‍പ്പറേറ്റ് പിന്തുണയോടെ സ്വേച്ഛാധിപത്യഭരണം നടത്തുക എന്നീ ലക്ഷ്യങ്ങള്‍ നേടാനുള്ള ഒരു മാര്‍ഗമായാണ് പുതിയ വിദ്യാഭ്യാസനയം പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്.