ഇന്ത്യയുടെ സാമ്പത്തിക മാന്ദ്യം, ‘സ്വയംകൃതാനര്‍ത്ഥം’

Web Desk
Posted on September 21, 2019, 10:30 pm

വര്‍ഷത്തെ സമ്പൂര്‍ണ ബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിച്ച് ജനപ്രതിനിധികളുടെ അംഗീകാരം വാങ്ങിയതിനുശേഷം കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ കഴിഞ്ഞ വെള്ളിയാഴ്ച നാലാമത്തെ സാമ്പത്തിക പാക്കേജാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പാര്‍ലമെന്റ് പിരിഞ്ഞതിനുശേഷം ഗവണ്‍മെന്റ് കൈക്കൊള്ളുന്ന സാമ്പത്തികനികുതി പരിഷ്‌കാരങ്ങളാണ് ഈ പാക്കേജുകളുടെയെല്ലാം ഉള്ളടക്കം.

പാര്‍ലമെന്റില്‍ താന്‍ അവതരിപ്പിക്കുന്ന ബജറ്റ് നിര്‍ദേശങ്ങളെ ശക്തമായി ന്യായീകരിക്കുകയും അവയ്ക്കുവേണ്ടി വാദിക്കുകയും ചെയ്യുക, പാര്‍ലമെന്റ് പിരിഞ്ഞതിനുശേഷം തന്നിഷ്ടം പോലെ എന്തുമാറ്റവും വരുത്തുകയെന്നതും ആര്‍എസ്എസിനുമാത്രം അറിയാവുന്ന ഒരു ജനാധിപത്യ പ്രക്രിയയാണ്. എന്നാല്‍ അപൂര്‍വവും അപ്രതീക്ഷിതവുമായ ചില സന്ദര്‍ഭങ്ങളില്‍ ഇത്തരം നടപടികള്‍ വേണ്ടിവരുമെന്നത് വാദത്തിനുവേണ്ടി അംഗീകരിക്കുമ്പോഴും ഇന്ത്യയിലെ സാമ്പത്തിക പ്രതിസന്ധി അപ്രതീക്ഷിതമല്ലയെന്ന് ആര്‍ക്കാണറിഞ്ഞുകൂടാത്തത്.

ഓഗസ്റ്റ് 23നും 30നുമായി രണ്ടു സാമ്പത്തിക പാക്കേജുകള്‍ പ്രഖ്യാപിച്ചതിനു ശേഷമാണ് സെപ്റ്റംബര്‍ 14ന് ഭവന നിര്‍മ്മാണകയറ്റുമതി മേഖലകളിലേയ്ക്ക് യഥാക്രമം 20, 000കോടി രൂപയുടെ പ്രത്യേക നിധിയും 68, 000 കോടി രൂപയുടെ അധികരിച്ച വായ്പയും സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നത്. ഇതൊന്നും ഇന്ത്യന്‍ സമ്പദ്ഘടനയില്‍ കാര്യമായ ഒരു ചലനവും ഉണ്ടാക്കിയില്ലായെന്നു ബോധ്യമായപ്പോഴാണ് വെള്ളിയാഴ്ച പുതിയ നാലാം പാക്കേജ് ധനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. അതില്‍ പ്രധാനം കോര്‍പ്പറേറ്റു കമ്പനികളുടെ നികുതി 35 ശതമാനത്തില്‍നിന്നും 22 ശതമാനമായി കുറച്ചു എന്നതാണ്. 2023 ല്‍ മാത്രം ഉല്‍പ്പന്ന നിര്‍മ്മാണം ആരംഭിക്കുന്ന കമ്പനികള്‍ക്ക് കോര്‍പ്പറേറ്റ് നികുതി നിലവിലുള്ള 25 ശതമാനത്തില്‍നിന്നും 15 ശതമാനമായും കുറച്ചിട്ടുണ്ട്.

സൂക്ഷ്മമായി പരിശോധിച്ചാല്‍ നാലാം പാക്കേജും ലക്ഷ്യമിടുന്നത് ഇന്ത്യയിലെ മഹാഭൂരി പക്ഷംവരുന്ന സാധാരണക്കാരെയല്ല മറിച്ച് വിരലിലെണ്ണാവുന്ന കോര്‍പ്പറേറ്റ് ഭീമന്‍മാരെ സഹായിക്കുന്നതിനു മാത്രമാണ് എന്നു നമുക്ക് മനസിലാക്കാം. ബിജെപി താലോലിച്ചു വളര്‍ത്തുന്ന ക്രോണി ക്യാപിറ്റലിസത്തിന്റെ കണ്ണികളെ സഹായിക്കുന്നതിനുള്ള പരിശ്രമങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ധനമന്ത്രി നടത്തുന്ന പ്രഖ്യാപനങ്ങള്‍.

അന്തരിച്ച അരുണ്‍ജെയ്റ്റ്‌ലി പ്രഖ്യാപിച്ചതും പിന്നീട് പുതിയ ധനകാര്യമന്ത്രി ആവര്‍ത്തിച്ചതുമായ ഒരു പ്രഖ്യാപനമായിരുന്നു പൊതുമേഖലാ ബാങ്കുകള്‍ക്ക് 70, 000. 00 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക സഹായം എന്നത്. മാസങ്ങളോളം വെറും പ്രഖ്യാപനങ്ങള്‍ക്കപ്പുറം ഈ വാഗ്ദാനം പോയില്ല. 2008ല്‍ യുഎസില്‍ ആരംഭിച്ച സാമ്പത്തിക മാന്ദ്യത്തിനും തുടക്കം കുറിച്ചത് അവിടുത്തെ ”ലീമാന്‍ ബാങ്കി”ല്‍ ആരംഭിച്ച പ്രതിസന്ധിയാണ്. ഇന്ത്യയുടെ ബാങ്കിംഗ് മേഖലയില്‍ ബിജെപി, കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ വരുത്തിവച്ച കടുത്ത സാമ്പത്തിക പ്രതിസന്ധി ഇന്ത്യന്‍ സമ്പദ്ഘടനയെ ഗുരുതരമായി ബാധിക്കുമെന്ന് ഈ ലേഖകനുള്‍പ്പെടെ നിരവധിയാളുകള്‍ മുന്‍പ് പലപ്പോഴും ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്. വഴിവിട്ട മാര്‍ഗങ്ങളില്‍ക്കൂടി ബാങ്കുകള്‍ വന്‍കിടക്കാര്‍ക്കു നല്‍കിയ ഭീമമായ വായ്പകള്‍ തിരിച്ചടവില്ലാതെ കിട്ടാക്കടമായി മാറുകയും ഗവണ്‍മെന്റിന്റെ അനുമതിയോടെ അത്തരം വായ്പകളെ എഴുതിത്തള്ളാന്‍ തീരുമാനിക്കുകയും ചെയ്യുമ്പോള്‍ ബാങ്കിന്റെ മൂലധനമാണ് ശോഷിക്കുന്നത്. ഇത് ആത്യന്തികമായ ബാങ്കിംഗ് മേഖലയെയും രാജ്യത്തിന്റെ ഗ്രാമീണ സമ്പദ്ഘടനയെയും പെട്ടെന്നു തന്നെ ബാധിക്കുന്നു. പൊതുമേഖല ബാങ്കുകളുടെ കിട്ടാക്കടം 12 ശതമാനംവരെ വളര്‍ന്ന് എട്ട് ലക്ഷംകോടി അധികരിച്ചു നില്‍ക്കുമ്പോഴാണ് ഗവണ്‍മെന്റ് 70, 000കോടി രൂപ മൂലധനവര്‍ധനവിനായി പൊതുമേഖലാ ബാങ്കുകള്‍ക്ക് അനുവദിക്കുന്നത്. ആദ്യ പ്രഖ്യാപനം കഴിഞ്ഞ് നാലുമാസമായിട്ടും ഇനിയും പ്രഖ്യാപിച്ച തുക ബാങ്കുകളില്‍ എത്തിയിട്ടില്ലയെന്നത് മറ്റൊരു സത്യം.

വന്‍കിട കോര്‍പ്പറേറ്റ് കമ്പനികള്‍ അവരുടെ സാമൂഹ്യ പ്രതിബദ്ധതയ്ക്കായി നീക്കിവയ്ക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുള്ള രണ്ടുശതമാനം ഫണ്ട് നീക്കിവയ്ക്കുന്നതില്‍ വീഴ്ച വരുത്തുന്നവരുടെ പേരില്‍ ക്രിമിനല്‍ക്കുറ്റം ചുമത്തുന്നതിനുള്ള പുതിയ നിയമഭേദഗതി, അതിന്റെ മഷി ഉണങ്ങുന്നതിനു മുന്‍പെ ധനമന്ത്രി പിന്‍വലിച്ചു. തങ്ങളുടെ കൂറ് സമൂഹത്തോടല്ല കോര്‍പ്പറേറ്റുകളോടാണെന്ന് ഒരിക്കല്‍ക്കൂടി അവര്‍ തെളിയിച്ചു.
റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ആയിരുന്ന രഘുറാംരാജന്‍ 2016 ഫെബ്രുവരി മാസത്തില്‍ (നോട്ടു നിരോധനം പ്രഖ്യാപിക്കുന്നതിന് എട്ട് മാസം മുന്‍പ്) നോട്ടുനിരോധനം ഏര്‍പ്പെടുത്തുന്നത് ഇന്ത്യയുടെ ഗ്രാമീണ സമ്പദ്ഘടനയെ തകര്‍ക്കുമെന്നുള്ള തന്റെ അഭിപ്രായം കേന്ദ്ര സര്‍ക്കാരിനെ നേരിട്ടറിയിച്ചിരുന്നതായി അദ്ദേഹംതന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. അല്‍പ്പം താമസിച്ചാണെങ്കിലും നിതി ആയോഗിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ആയിരുന്ന അരവിന്ദ് പനഗിരിയായും, പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യവും ധൃതിപിടിച്ച് നടപ്പിലാക്കിയ ജിഎസ്ടിയും, നോട്ടുനിരോധനവും ഇന്ത്യന്‍ സമ്പദ്ഘടനയെ തകര്‍ക്കുമെന്ന അപകടം ചൂണ്ടിക്കാണിച്ചിരുന്നു. ആ സാമ്പത്തിക വിദഗ്ധരെയെല്ലാം പൂര്‍ണമായും അവഗണിച്ചുകൊണ്ടാണ് സംഘപരിവാര്‍ തീരുമാനിച്ച സാമ്പത്തിക അജണ്ട രാജ്യത്തിനുമേല്‍ മോഡി സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുന്നത്.

രണ്ടാംഘട്ടത്തില്‍ പ്രഖ്യാപിച്ച പത്ത് ദേശസാല്‍കൃത ബാങ്കുകളെ നാലു ബാങ്കുകളായി ലയിപ്പിച്ച നടപടിയും വന്‍കിട കോര്‍പ്പറേറ്റ് കമ്പനികളെ സഹായിക്കാനല്ലാതെ ഇന്ത്യന്‍ സമ്പദ്ഘടനയ്ക്ക് യാതൊരു തരത്തിലുള്ള ആശ്വാസവും പകരുന്നതല്ല. ഗ്രാമീണ മേഖലയിലെ ബ്രാഞ്ചുകള്‍ അടച്ചുപൂട്ടുന്നതിനും ജീവനക്കാരെ നിര്‍ബന്ധിത വിരമിക്കലിനു പ്രേരിപ്പിക്കുന്നതുമായ നടപടിയുടെ പ്രത്യാഘാത ങ്ങളെക്കുറിച്ചു പഠിക്കാനോ വിലയിരുത്താനോ സര്‍ക്കാര്‍ തയ്യാറല്ല.
‘ഒരു രാജ്യം ഒരു നികുതി”യെന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ‘ചരക്ക് സേവന നികുതി” 2017 മുതല്‍ മോഡി സര്‍ക്കാര്‍ നടപ്പാക്കി തുടങ്ങിയത്. നോട്ടു നിരോധനത്തിനു ചെയ്തതുപോലെ സംഘപരിവാര്‍ സാമ്പത്തിക വിദഗ്ധര്‍ തയ്യാറാക്കി പഠിപ്പിച്ച പ്രസംഗം എതിര്‍ചോദ്യങ്ങള്‍ക്കോ സംശയങ്ങള്‍ക്കോ ഇടം നല്‍കാതെ പ്രധാനമന്ത്രി സ്വതസിദ്ധമായ ശൈലിയില്‍ വാചാലമായി അവതരിപ്പിക്കുന്നു. രാജ്യം മുഴുവന്‍ ഒരേ നികുതി എന്ന പ്രധാനമന്ത്രിയുടെ വാക്കുകള്‍കേട്ടു നികുതിദായകര്‍ നടപടികള്‍ ഇനി വളരെയധികം ലഘൂകരിക്കപ്പെടുമെന്ന ചിന്തയില്‍ വലിയ കയ്യടി കൊടുക്കുന്നു. പ്രധാനമന്ത്രി ടാക്‌സേഷന്‍ വകുപ്പിലെ ഉദ്യോഗസ്ഥരുടെ പീഡനങ്ങളില്‍നിന്നും വ്യാപാരികളെ രക്ഷപ്പെടുത്തുന്നതിന് അവതരിപ്പിച്ച മിശിഹയായി മോഡിജിയെ വാഴ്ത്തിയ വ്യാപാര സമൂഹം അല്‍പ്പം കഴിഞ്ഞാണെങ്കിലും തങ്ങളുടെ മുന്‍പില്‍ പ്രത്യക്ഷപ്പെട്ടത് മിശിഹായയല്ല മറിച്ച് മാരീചനാണെന്ന് തിരിച്ചറിഞ്ഞിരിക്കുകയാണ് ഇപ്പോള്‍. 2017ല്‍ ആരംഭിച്ച ജിഎസ്ടി രണ്ടുവര്‍ഷത്തിനിടയില്‍ എത്രയോ തവണ ജിഎസ്ടി കൗണ്‍സില്‍കൂടി മാറ്റങ്ങള്‍ കൊണ്ടുവരേണ്ടിവന്നു. സര്‍ക്കാരിന്റെ നികുതി വരുമാനം കൂട്ടാനോ നികുതി ചോര്‍ച്ച തടയാനോ ജിഎസ്ടി സഹായിച്ചില്ലെന്നും മാത്രമല്ല നികുതി നിര്‍ണയിക്കാനുള്ള പാര്‍ലമെന്റിന്റെ അവകാശം കേവലം ഒരു ചടങ്ങായിമാത്രം അവസാനിപ്പിച്ചു. കേരളം ഒരു ഉപഭോക്തൃ സംസ്ഥാനമായതുകൊണ്ട് ജിഎസ്ടി കേരളത്തില്‍ ഗുണം ചെയ്യുമെന്നും ആദ്യഘട്ടത്തില്‍തന്നെ പ്രഖ്യാപിച്ച കേരളത്തിലെ സാമ്പത്തിക വിദഗ്ധര്‍ക്ക് പറ്റിയ അമളി പിന്നീടവര്‍ ബോധ്യപ്പെട്ട് തിരുത്തി.

ഉല്‍പ്പാദന മേഖലയിലെ വളര്‍ച്ചാനിരക്കു കുറഞ്ഞുവരുന്നു എന്ന യാഥാര്‍ഥ്യം സര്‍ക്കാര്‍തന്നെ പുറത്തുവിട്ട കണക്കുകളില്‍നിന്നും ആര്‍ക്കും മനസിലാക്കാന്‍ കഴിയുമായിരുന്നു. അഞ്ച് ശതമാനം വരെയുണ്ടായിരുന്ന വളര്‍ച്ചാ നിരക്ക് 2018ല്‍ രണ്ട് ശതമാനത്തിലേക്ക് കൂപ്പുകുത്തിയപ്പോള്‍ ‘മാനുഫാക്ചറിംഗ് സെക്ടറി”ല്‍ ഉണ്ടായ ഈ തളര്‍ച്ച പതുക്കെ സമ്പദ്ഘടനയെ ആകെ ബാധിക്കാന്‍ പോകുന്നു എന്നും പലരും ചൂണ്ടിക്കാണിച്ചു. നാഷണല്‍ സ്റ്റാറ്റിക്കല്‍ ഓര്‍ഗനൈസേഷന്‍ പുറത്തുവിട്ട കണക്കനുസരിച്ച് രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 45 വര്‍ഷത്തിനിടയിലെ ഏറ്റവും ഭീതിജനകമായ നിലയില്‍, വര്‍ധിച്ചുവരുന്നു എന്നതും കേന്ദ്ര സര്‍ക്കാര്‍ ഗൗരവമായി കണ്ടില്ല. അതെല്ലാം പ്രധാനമന്ത്രിക്കെതിരെ നടത്തുന്ന പ്രചാരണങ്ങള്‍ മാത്രമായി സര്‍ക്കാര്‍ വ്യാഖ്യാനിച്ചു. ജനങ്ങളുടെ അഭിപ്രായമോ സാമ്പത്തിക വിദഗ്ധരുടെ നിര്‍ദ്ദേശമോ അല്ലല്ലോ ഇന്നത്തെ കേന്ദ്ര ഗവണ്‍മെന്റിനെ നയിക്കുന്നത്. ആര്‍എസ്എസിന്റെ ആസ്ഥാനമായ നാഗ്പൂരില്‍നിന്നും ലഭിക്കുന്ന നിര്‍ദേശങ്ങളാണ് അവരെ നയിക്കുന്നതും, നിയന്ത്രിക്കുന്നതും. സാമ്പത്തികരംഗത്ത് ഈ ഒരവസ്ഥ വന്നുചേരുന്നതും അതിനാല്‍ അനിവാര്യമാകുന്നു.

ഇതിനിടയിലാണ് ഇന്ത്യയിലെ വിദേശനിക്ഷേപം വന്‍തോതില്‍ കുറയുന്നതിനും പിന്‍വലിക്കപ്പെടുന്നതിനും ഇടയാക്കിയിട്ടുള്ളത്. മെയ്ക്ക് ഇന്‍ ഇന്ത്യാ പദ്ധതി വെറും പൊള്ളയാണെന്ന് മനസിലാക്കിയ വിദേശ സ്ഥാപനങ്ങളും രാജ്യത്തിന്റെ ആഭ്യന്തരസ്ഥിതി നിക്ഷേപ സൗഹൃദമല്ലയെന്നു മനസിലാക്കിയ നിക്ഷേപകരുമാണ് പിന്‍വാങ്ങിയത്. കശ്മീര്‍ വിഷയം അവരുടെ ആശങ്ക വര്‍ധിപ്പിച്ചു.

മോട്ടോര്‍വാഹന വ്യവസായമാണെങ്കില്‍ മുന്‍പൊരിക്കലുമില്ലാത്ത നിലയിലുള്ള പ്രതിസന്ധിയിലും എത്തിചേര്‍ന്നു. രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുകിയും, അശോക് ലൈലാന്റും, ടിവിഎസും അവരുടെ വിവിധ പ്ലാന്റുകള്‍ അടച്ചു പൂട്ടുന്ന തീയതികള്‍വരെ പ്രഖ്യാപിച്ചു. തൊഴിലില്ലായ്മ വര്‍ധിക്കുന്നതോടൊപ്പം ഉള്ള തൊഴില്‍ നഷ്ടപ്പെടുന്ന ലക്ഷങ്ങള്‍കൂടി ചേരുമ്പോള്‍ സ്ഥിതി സ്‌ഫോടനാത്മകമായി മാറുകയാണ്. ഇതൊന്നും കണ്ടില്ലായെന്നു നടിച്ചാണ് കേന്ദ്ര ഭരണകര്‍ത്താക്കള്‍ ഇരിക്കുന്നത്. ഇന്ത്യന്‍ ഗ്രാമീണ ജനതയുടെ ക്രയശേഷി വര്‍ധിപ്പിക്കാന്‍ കഴിയുന്ന നിലയില്‍ അവരുടെ കൈവശം പണം എത്തിചേരണം. അത് എങ്ങനെ കഴിയും? മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതിയിലെ തൊഴില്‍ദിനങ്ങള്‍ കൂട്ടിയും അവരുടെ പ്രതിദിന വേതനം വര്‍ധിപ്പിച്ചു കൊണ്ടുമല്ലാതെ ഇതിനു ഫലപ്രാപ്തിയുണ്ടാക്കാന്‍ കഴിയുന്ന ഒരു പരിഹാരം കണ്ടെത്താന്‍ ആര്‍ക്കും ഇന്ത്യയില്‍ കഴിയില്ല. അല്‍പ്പം കൂടി കാലതാമസമുണ്ടാകുമെങ്കിലും ഇന്ത്യന്‍ കാര്‍ഷികകാര്‍ഷിക അനുബന്ധ മേഖലയില്‍ കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളുന്ന ഇന്നത്തെ കര്‍ഷക വിരുദ്ധവും കോര്‍പ്പറേറ്റ് ആഭിമുഖ്യ സമീപനങ്ങളിലും മാറ്റംവരാതെ ഇന്ത്യന്‍ സമ്പദ്ഘടനയില്‍ കാര്യമായ ഒരു ചലനവുമുണ്ടാക്കാന്‍ കേന്ദ്രസര്‍ക്കാരിനാവില്ല.