June 26, 2022 Sunday

Latest News

June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022

വാല്മീകിയുടെ രാമായണവും ശ്രീരാമചന്ദ്രനും ദുർവ്യാഖ്യാനിക്കപ്പെട്ടു

By Janayugom Webdesk
July 17, 2020

അജിത് കൊളാടി

നാരദ മുനീന്ദ്രന്റെ വാക്കുകൾ കേട്ടശേഷം, വാല്മീകി മഹർഷി ശിഷ്യപ്രധാനിയായ ഭരദ്വാജനൊന്നിച്ച്, ഗംഗയുടെ സമീപത്തുള്ള തമസാ നദീതീരത്തിലേക്ക് ആഗമിച്ചു, സന്ധ്യാവന്ദനത്തിന്. തമസാ നദീതീരത്തിലെ വിശാലമായ വനത്തിന്റെ മനോഹാരിത നോക്കിക്കൊണ്ട് മഹാമുനി സഞ്ചരിച്ചു. കളകൂജനത്തോടെ ഇണപിരിയാതിരിക്കുന്ന ക്രൗഞ്ചപ്പക്ഷിയുഗളത്തെ സസ്നേഹം മാമുനി നോക്കിക്കൊണ്ടിരിക്കെ, ഒരു കാട്ടാളൻ ആൺപക്ഷിയെ അമ്പെയ്തു വീഴ്ത്തി. സന്തത സഹചാരിയായ ആൺപക്ഷി ചോരയിൽ കിടന്ന് പിടയുന്നത് കണ്ട് പെൺപക്ഷി ദീനദിനം കരഞ്ഞു. അമ്പേറ്റ് ക്രമത്തിൽ ചലനരഹിതമായ ആൺ പക്ഷിയെയും വിലപിക്കുന്ന പെൺപക്ഷിയെയും ധർമ്മാത്മാവായ വാത്മീകി കണ്ടു. ബ്രഹ്മർഷിവര്യന്റെ ഹൃദയം തരളിതമായി. കരുണകൊണ്ട് ഹൃദയം അലിഞ്ഞു. കാട്ടാളന്റെ അധാർമ്മികത, ഉഗ്രതപോനിധിയിൽ ഒരു പരിവർത്തനം ഉണ്ടാക്കി.

ആ ദുഃഖത്തിൽ നിമഗ്നനായ അദ്ദേഹത്തിൽ ശ്ലോകരൂപത്തിൽ വാക്കുകൾ പുറത്തുവന്നു. “മാ നിഷാദ, പ്രതിഷ്ഠാം ത്വ മഗമഃ ശാശ്വതീസമാഃ യത് ക്രൌഞ്ചമിഥുനാദേകാ മവ ധീഃ കാമമോഹിതം” അല്പം മുമ്പ് നാരദരിൽ നിന്നു കേട്ട മനുഷ്യ കഥാമൃതം ഋഷിയുടെ മനസ്സിന്റെ കാഠിന്യത്തിനെ അലിയിച്ചു കളഞ്ഞതു കൊണ്ടാണ്, ആ ശ്ലോകം ഉത്ഭവിച്ചത്. അല്ലാതെ പക്ഷിയുടെ ജീവൻ നഷ്ടപ്പെട്ടതുകൊണ്ടല്ല. വനത്തിൽ ജീവിക്കുന്ന താപസന്മാർക്ക്, പക്ഷിമൃഗാദികളെ വേട്ടയാടുന്നത് നിത്യകാഴ്ചയാണല്ലൊ. ഏതായാലും ഈ ശ്ലോകമാണ് രാമായണമാകുന്ന മഹാവൃക്ഷത്തിന്റെ വിത്ത്. തിരിച്ച് ആശ്രമത്തിൽ എത്തിയ മാമുനിയെ കാണാൻ ബ്രഹ്മദേവൻ എത്തുന്നു. മഹാമുനി ചൊല്ലിയ ശ്ലോകത്തിൽ രാമായണാർത്ഥത്തെ പ്രകാശിപ്പിച്ച്, അതിനെ വിസ്തരിച്ച് ഉപന്യസിക്കാൻ നിർദ്ദേശിക്കുന്നു. ആ വിസ്താരമാണ് ആദിരാമായണം. ശ്രീരാമനെ ഈശ്വരനാക്കി മാറ്റാൻ വാല്മീകിക്ക് നിഷ്പ്രയാസം കഴിയുമായിരുന്നു. ബ്രഹ്മാവിനു മാത്രമായിരുന്നു കവി എന്ന ആദരപ്പേർ എന്ന് പുരാണങ്ങൾ. “നാരദൻ ഉപദേശിച്ചതുപോലെ തന്നെ അങ്ങയാൽ വിരചിതമാകുന്ന കാവ്യത്തിൽ അർത്ഥശൂന്യമായ ഒരു വാക്കും ഉണ്ടാകില്ല.

ശ്ലോകങ്ങളായി വിരചിക്കുന്ന രാമായണം ഗിരികളും നദികളും ഉള്ളിടത്തോളം കാലം ഭൂമിയിൽ പ്രചരിക്കും” എന്ന ബ്രഹ്മദേവൻ പറഞ്ഞുവത്രെ. ബ്രഹ്മാവിനുമാത്രമുള്ള കവി എന്ന ആദരപ്പേർ, രണ്ടാമതായി വാല്മീകിക്കാണ് സിദ്ധിച്ചത്, മനുഷ്യന്റെ കഥ പറഞ്ഞുകൊണ്ടു തന്നെ. മനുഷ്യജീവിതത്തിന്റെ എല്ലാ സുഖദുഃഖങ്ങളും വികാര വിചാരങ്ങളും രാമനിലൂടെ പടർന്നൊഴുകി. ഈശ്വരനായിരുന്നെങ്കിൽ അത്തരം മാനുഷിക സ്വഭാവങ്ങൾ ഉണ്ടാകുമായിരുന്നില്ല. വനത്തിൽ പോകലോ, സീതാദേവീ അപഹരണമോ, സുഗ്രീവ സഖ്യമോ, ബാലിവധ മോ, സമുദ്രലംഘനമോ, രാവണവധമോ ഒന്നും വേണ്ടി വരുന്നില്ല. മനുഷ്യനായതുകൊണ്ട്. ലക്ഷ്യത്തിലെത്താൻ, സമസ്ത പ്രതിസന്ധികളെയും നേരിട്ട്, അവയെ അതിജീവിച്ച്, നിശ്ചയ ദാർഢ്യത്തിന്റെയും അചഞ്ചലമായ ആത്മവിശ്വാസത്തിന്റെയും സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും ക്ഷമയുടെയും പ്രതീകമായ ശ്രീരാമൻ മുന്നോട്ടുനടന്നു. എന്നാൽ ഇന്ന് വാല്മീകിയുടെ രാമായണവും ശ്രീരാമചന്ദ്രനും ദുർവ്യാഖ്യാനിക്കപ്പെട്ടു. സങ്കുചിതത്വത്തിന്റെ പ്രതീകമാക്കി മാറ്റുന്നു, വലിയ മനസ്സിലാത്ത ശക്തികൾ. ശ്രീരാം ജയ് വിളിച്ചില്ലെങ്കിൽ മനുഷ്യ ജീവൻ അപഹരിക്കപ്പെടുന്നു

. ശ്രീരാമൻ ലോകത്തിന്റെതാണ്. സർവ്വ ചരാചരങ്ങളുടെതുമാണ്. സാഹോദര്യത്തിന്റെ പ്രതിഷ്ഠാപനം ആണ് രാമായണം. കാവ്യനായകനായ രാമൻ ഉത്തമമായ മാനവികതയുടെ ഉന്നത പ്രതീകമാണ്. മനുഷ്യന്റെ ശക്തിദൗർബല്യങ്ങൾ അദ്ദേഹത്തിൽ ഇടകലർന്ന് കളിയാടുന്നത് കാണാം. രാമൻ എന്ന വിസ്മയം, പുത്രൻ, സഹോദരൻ, ഭർത്താവ്, സുഹൃത്ത്, വൈരി, ഭരണകർത്താവ്, തുടങ്ങി എല്ലാ നിലകളിലും പ്രഭാപൂരം ചൊരിഞ്ഞു വിളങ്ങുന്നത് കാണുക. ലോകത്തിന്റെ മുഴുവൻ മാനവരാശിയുടെ, പൊതുസ്വത്തായ രാമന്റെ സാർവ്വജനീതയെ തകർത്തേ അടങ്ങു എന്ന ചിലരുടെ വാശി, വാല്മീകിയോട് ചെയ്യുന്ന ക്രൂരതയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.