Wednesday
20 Feb 2019

സ്വദേശാഭിമാനിയുടെ പൈതൃകം

By: Web Desk | Tuesday 25 September 2018 10:49 PM IST

karyavicharam

സ്വദേശാഭിമാനി കെ രാമകൃഷ്ണപിള്ളയെ നാടുകടത്തിയതിന്റെ ഓര്‍മദിനമാണ് ഇന്ന്. 1910 സെപ്റ്റംബര്‍ 26-നായിരുന്നു ആ കറുത്തസംഭവം നടന്നത്.

പഠനകാലത്തുതന്നെ പത്രപ്രവര്‍ത്തന ജീവിതം ആരംഭിച്ച രാമകൃഷ്ണപിള്ള സ്വദേശാഭിമാനിയിലൂടെയാണ് തിരുവിതാംകൂറിലും പുറത്തും വ്യാപകമായി ജനശ്രദ്ധ ആകര്‍ഷിച്ചത്. അന്ന് തിരുവിതാംകൂറില്‍ സംഘടിത ബഹുജന പ്രസ്ഥാനങ്ങളോ രാഷ്ട്രീയ പ്രസ്ഥാനങ്ങളോ ഉണ്ടായിരുന്നില്ല. ജനാധിപത്യപരമായ മാറ്റങ്ങള്‍ക്കും ജനങ്ങളുടെ അവകാശങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനും വേണ്ടിയും അന്ന് തിരുവിതാംകൂറിന്റെ ഭരണത്തിലും സമൂഹത്തിലും നടമാടിയിരുന്ന അഴിമതിക്കും സ്വേച്ഛാധികാരത്തിനും സ്വജനപക്ഷപാതത്തിനും അന്ധവിശ്വാസങ്ങള്‍ക്കും ജാതിവ്യവസ്ഥകള്‍ക്കുമെതിരായി പോരാടുന്നതിനും ജനങ്ങളെ ഉദ്ബുദ്ധരാക്കുന്നതിനും ആ യുവ ദേശാഭിമാനി തന്റെ തൂലികയെ പടവാളാക്കിമാറ്റി.

ഒറ്റയ്‌ക്കൊരു വ്യക്തി 32 വയസ് മാത്രം പ്രായമായ ഒരു സാധാരണ യുവാവ് തങ്ങളുടെ വാഴ്ചകളെയും ചെയ്തികളെയും ഇത്തരത്തില്‍ ധിക്കാരപരമായി ആരെയും കൂസാതെ വെല്ലുവിളിക്കുന്നത് തിരുവിതാംകൂറിലെ അന്നത്തെ ഭരണാധികാരികള്‍ക്ക് സഹിക്കാന്‍ കഴിയില്ലായിരുന്നു. അതുകൊണ്ട് ദിവാന്‍ രാജഗോപാല്‍ ആചാരിയും കൊട്ടാരസേവ മുഖ്യരും ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കളും ഒരു വിളംബരം മൂലം സ്വദേശാഭിമാനി പത്രത്തെ നിരോധിക്കാനും പത്രം അച്ചടിക്കുന്ന പ്രസ്സും മറ്റ് ഉപകരണങ്ങളും കണ്ടുകെട്ടാനും പത്രത്തിന്റെ എഡിറ്ററും ഉടമയുമായിരുന്ന രാമകൃഷ്ണപിള്ളയെ നാടുകടത്താനും മഹാരാജാവിനെ പ്രേരിപ്പിച്ചു.
പത്രസ്വാതന്ത്ര്യത്തിന്റെയും പ്രാഥമികമായ പൗരാവകശങ്ങളുടെയും നേര്‍ക്ക് നടത്തിയ ഇത്രയും നഗ്നമായവിധം നിയമവിരുദ്ധവും ഭീരുത്വം നിറഞ്ഞതും ക്രൂരവുമായ കയ്യേറ്റത്തെ തിരുവനന്തപുരത്തെ പൗരാവലി അടങ്ങാത്ത രോഷത്തോടുകൂടിയാണ് സ്വാഗതം ചെയ്തത്. സ്വദേശാഭിമാനിയുടെ ഓഫീസ് കയ്യേറിയെന്നും പത്രാധിപരെ അറസ്റ്റ് ചെയ്‌തെന്നുമുള്ള വാര്‍ത്ത കാട്ടുതീപോലെ പട്ടണത്തില്‍ പടര്‍ന്നു. വാര്‍ത്തയറിഞ്ഞ ജനങ്ങള്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ തടിച്ചുകൂടി. രാമകൃഷ്ണപിള്ളതന്നെ എന്റെ നാടുകടത്തല്‍ എന്ന വികാരതീവ്രമായ ലഘുഗ്രന്ഥത്തില്‍ ആ സന്ദര്‍ഭം വിവരിക്കുന്നത് ഇങ്ങനെയാണ്:

”പതിനായിരത്തിലധികം ജനങ്ങള്‍ തെരുതെരെ മണല്‍വാരി തള്ളി മേല്‍പ്പോട്ടെറിഞ്ഞാല്‍ ഒരു തരി മണല്‍പോലും താഴെവീഴാത്തവണ്ണം റോഡില്‍ നിരന്നിട്ടുണ്ട്. റോഡിന്റെ ഇരുവശത്തുമുള്ള കടകളിലും വെസ്റ്റേണ്‍സ്റ്റാര്‍ ഓഫീസിന്റെ വരാന്തയിലും കാഴ്ചക്കാര്‍ കൂടിയിട്ടുണ്ട്. ആ ആള്‍ക്കൂട്ടത്തിന്റെയിടയില്‍ പൊലീസുകാര്‍ വളരെ ശ്രമപ്പെട്ടാണ് വഴി തെളിയിച്ചത്. മെയിന്‍ റോഡ് വിട്ട് സ്റ്റേഷനിലേയ്ക്കുള്ള വഴിയില്‍ തിരിയാറായപ്പോള്‍ റോഡിന്റെ ഇരുഭാഗങ്ങളില്‍ നിന്നും ജനങ്ങള്‍ ഓടിയെത്തി. ജനപ്രവാഹങ്ങള്‍ എല്ലാം ചേര്‍ന്ന് പൊലീസുകാരുടെ തടസത്തെ വകവയ്ക്കാതെ പൊലീസ് സ്റ്റേഷനിലേയ്ക്ക് തള്ളിക്കയറി.”

റോഡില്‍ ഗതാഗതം നിലച്ചു. സ്വേച്ഛാധികാര പ്രവൃത്തിയെ എതിര്‍ത്തുകൊണ്ട് പ്രതിഷേധസ്വരങ്ങള്‍ ഉയര്‍ന്നു. പൊലീസിന്റെ നടപടിയെ അധിക്ഷേപിച്ച് ജനങ്ങള്‍ കൂക്കിവിളിച്ചു. പൊലീസ് മര്‍ദ്ദനത്തിന് പത്രാധിപര്‍ വിധേയനായിരിക്കുമെന്ന് ഭയപ്പെട്ട് ഡോക്ടറെ വരുത്തി ദേഹം പരിശോധിപ്പിക്കാന്‍ ജനങ്ങള്‍ ആവശ്യപ്പെട്ടു. എന്നാല്‍ പൊലീസുകാര്‍ സ്റ്റേഷന്റെ വരാന്തയില്‍തന്നെ പത്രാധിപര്‍ക്കിരിക്കാന്‍ ഒരു കസേരകൊടുത്തു. അദ്ദേഹം ജനങ്ങളെ അഭിമുഖീകരിച്ച് അവിടെ ഉപവിഷ്ടനായപ്പോള്‍ ജനങ്ങള്‍ ആഹ്ലാദം കൊണ്ട് ആര്‍ത്തുവിളിച്ചു. നിയമപ്രകാരം കേസെടുത്ത് പത്രാധിപരെ കോടതിയില്‍ ഹാജരാക്കുമെന്ന് വിശ്വസിച്ച് കുറേകഴിഞ്ഞപ്പോള്‍ ജനക്കൂട്ടം പിരിഞ്ഞുപോയി.

എന്നാല്‍ മഹാരാജാവിന്റെ വിളംബരം രാമകൃഷ്ണപിള്ളയെ നാടുകടത്താനായിരുന്നു. അതുകൊണ്ട് സെപ്റ്റംബര്‍ 26ന് അര്‍ധരാത്രിതന്നെ പത്രാധിപരെ പൊലീസ് അകമ്പടിയോടെ ആരുവാമൊഴിവഴി മദ്രാസ് പ്രവിശ്യയിലേയ്ക്ക് കടത്തിവിടാന്‍ കൊണ്ടുപോയി. ജന്മസ്ഥലമായ നെയ്യാറ്റിന്‍കരയില്‍ വണ്ടി നിര്‍ത്തിയില്ല. 27ന് വെളുത്തപ്പോഴേയ്ക്കും പത്രാധിപരെ നാടുകടത്താന്‍ കൊണ്ടുപോയ വാര്‍ത്ത നാട്ടില്‍ പരന്നിരുന്നു. കുഴിത്തുറയിലും തക്കലയിലും വലിയ ജനക്കൂട്ടം പത്രാധിപരെ സ്വാഗതം ചെയ്യുവാനും കണ്ണീരോടെ യാത്രയയക്കാനും പൊലീസ് സ്റ്റേഷന് മുന്നില്‍ തടിച്ചുകൂടിയിരുന്നു. ഉത്കണ്ഠിതരായി വണ്ടിയിലേയ്ക്കുതന്നെ നയനങ്ങളെ പതിപ്പിച്ചുകൊണ്ടിരുന്ന ജനങ്ങളുടെ ആശംസകള്‍ക്ക് മൗനംകൊണ്ട് കൃതജ്ഞത പ്രകടിപ്പിക്കാന്‍ മാത്രമേ പത്രാധിപര്‍ ശക്തനായുള്ളു.

നാടുകടത്തുന്നതിന് ചില മാസങ്ങള്‍ക്കുമുമ്പ് തിരുവിതാംകൂറിലെ ജനങ്ങള്‍ക്കും തങ്ങളുടെ അവകാശങ്ങള്‍ക്കും വേണ്ടി മുഖംനോക്കാതെ നിരന്തരം ശബ്ദമുയര്‍ത്തുന്ന രാമകൃഷ്ണപിള്ളയോടുള്ള സ്‌നേഹാദരങ്ങള്‍ എത്ര വലുതാണെന്ന് തെളിയിച്ച മറ്റൊരു വലിയസംഭവം നടക്കുകയുണ്ടായി. 1910 ആരംഭത്തില്‍ നടന്ന ആറാമത്തെ ശ്രീമൂലം പ്രജാ സഭയിലേയ്ക്കുള്ള തെരഞ്ഞെടുപ്പില്‍ രാമകൃഷ്ണപിള്ള നെയ്യാറ്റിന്‍കര താലൂക്കില്‍ നിന്ന് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. പ്രജാസഭയുടെ അടുത്ത സമ്മേളനത്തിലേയ്ക്ക് ചര്‍ച്ചചെയ്യാന്‍ രണ്ട് പ്രമേയങ്ങള്‍ അദ്ദേഹം അയച്ചു.

അവയിലൊന്ന്, ബ്രിട്ടീഷുകാരായ തോട്ടമുടമകള്‍ക്ക് തിരുവിതാംകൂറില്‍ യഥേഷ്ടം ഭൂമി വാങ്ങാന്‍ നല്‍കിയിട്ടുള്ള അനുവാദം പിന്‍വലിക്കണമെന്ന് ഗവണ്‍മെന്റിനോട് ആവശ്യപ്പെടുന്നതായിരുന്നു. കൊട്ടാര സേവകരുടെ വിക്രിയയേയും കൈക്കൂലിയേയും ക്രമവിരുദ്ധ നടപടികളേയും ദുര്‍നടത്തകളെയും എതിര്‍ത്തുകൊണ്ടുള്ളതായിരുന്നു രണ്ടാമത്തെ പ്രമേയം. ഇവ രണ്ടും ദിവാന്‍ജിയെ വിഷമിപ്പിച്ചു. പ്രമേയം ചര്‍ച്ചയ്‌ക്കെടുക്കുന്നത് തടയാന്‍ ദിവാന്‍ജി കണ്ടുപിടിച്ച വഴി രാമകൃഷ്ണപിള്ള നെയ്യാറ്റിന്‍കരയില്‍ സ്ഥിരതാമസക്കാരനല്ലെന്ന കാരണം പറഞ്ഞ് അദ്ദേഹത്തിന്റെ അംഗത്വം റദ്ദാക്കുകയായിരുന്നു. ഈ നടപടിക്കെതിരെ നെയ്യാറ്റിന്‍കര താലൂക്കിലാകെ പ്രതിഷേധമലയടിച്ചു. വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ഗവണ്‍മെന്റ് ഉത്തരവ് പുറപ്പെടുവിച്ചപ്പോള്‍ നെയ്യാറ്റിന്‍കര താലൂക്കില്‍ നിന്നും ആരും സ്ഥാനാര്‍ഥിയായി നില്‍ക്കാന്‍ തയ്യാറായില്ല. ഒടുവില്‍ കേശവപിള്ളയെന്നയാളെ ദിവാന്‍ നെയ്യാറ്റിന്‍കര താലൂക്കില്‍ നിന്നും നോമിനേറ്റു ചെയ്തു. പക്ഷേ, അയാള്‍ ആ ‘ബഹുമതി’ സ്വീകരിക്കാന്‍ തയ്യാറായില്ല.

1910 സെപ്റ്റംബര്‍ 10ന്റെ സ്വദേശാഭിമാനിയില്‍ ഈ സംഭവവികാസങ്ങളെപ്പറ്റി ‘പ്രചാസഭ നിയമവിരൂപണ’മെന്ന ഒരു മുഖപ്രസംഗത്തില്‍ രാമകൃഷ്ണപിള്ള എഴുതി: ”മിസ്റ്റര്‍ ആചാര്യയെപ്പോലെ ഉദ്ധാനബുദ്ധികളായവര്‍ ചെറുകാറ്റിലുലയുന്ന പുല്‍ക്കൊടികള്‍ക്കൊപ്പം ആടിപ്പോകും. അപ്പോഴാണ് അവര്‍ ആശ്രയത്തിനായി ജനസ്വാതന്ത്ര്യത്തെ കുറയ്ക്കുന്ന വ്യവസ്ഥകള്‍ക്കൊരുങ്ങുന്നത്. എന്നാല്‍ ഇത്തരം ഭരണകര്‍ത്താക്കന്മാരുടെ ധൂര്‍ത്തിനെ ജനങ്ങള്‍ക്ക് അക്ഷീണമായ പ്രതിഷേധവാദംകൊണ്ടുള്ള പ്രചണ്ഡവാദത്താല്‍ അടിച്ചുമറിക്കുവാന്‍ സാധിക്കുന്നതാകയാലാണ് ഇതര ദേശങ്ങളില്‍ ജനസ്വാതന്ത്ര്യ ഛേദകങ്ങളായ സാഹചര്യങ്ങള്‍ വ്യവസ്ഥകളെ എതിര്‍ത്ത് നിയമത്തെ വണങ്ങിക്കൊണ്ടുള്ള യോഗങ്ങള്‍ തുടരെത്തുടരെ നടത്തിക്കൊണ്ടുവരുന്നത്.”

ഇത് എഴുതി ഒരാഴ്ച കഴിഞ്ഞപ്പോള്‍ സ്വദേശാഭിമാനിയെ നാടുകടത്തി. പക്ഷെ, ജനഹൃദയങ്ങളില്‍ നിന്ന് അദ്ദേഹത്തെയോ അദ്ദേഹം തിരികൊളുത്തിയ ജനാധിപത്യപരമായ ആശയങ്ങളെയോ ആര്‍ക്കും നാടുകടത്താനായില്ല. അദ്ദേഹം വിതച്ച ജനാധിപത്യ അവകാശങ്ങളുടെയും സ്വാതന്ത്ര്യബോധത്തിന്റെയും വിത്തുകള്‍ ഇന്ത്യയിലാകമാനം പടര്‍ന്നുപിടിച്ച ദേശീയ വിമോചന പ്രസ്ഥാനത്തിന്റെ അഭേദ്യഭാഗമായി തിരുവിതാംകൂറിലും തഴച്ചുവളരുകയും സ്വേച്ഛാധിപത്യത്തെയും രാജവാഴ്ചയെതന്നെയും ചില ദശകങ്ങള്‍ക്കുള്ളില്‍ തൂത്തെറിയുകയും ചെയ്തു.

”എഴുതിക്കൊണ്ടിരിക്കേ മരിക്കണമെന്നാണ് എന്റെ ആഗ്രഹം. വലതുകൈ മരിച്ചാലും ഇടതുകൈകൊണ്ട് ഞാനെഴുതും”-രാമകൃഷ്ണപിള്ള പറയുമായിരുന്നു. മാര്‍ക്‌സിനെയും ഗാന്ധിജിയെയും മലയാളികള്‍ക്ക് ആദ്യമായി പരിചയപ്പെടുത്തിക്കൊടുത്തത് സ്വദേശാഭിമാനിയായിരുന്നു. ഗാന്ധിജി അന്ന് ഇന്ത്യയില്‍ അത്രയൊന്നും അറിയപ്പെടാന്‍ തുടങ്ങിയിരുന്നില്ല. ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യക്കാര്‍ക്കെതിരായ വര്‍ണവിവേചനം അവസാനിപ്പിക്കാന്‍ സഹനസമരം സംഘടിപ്പിക്കുന്ന സമയമായിരുന്നു അത്. സോഷ്യലിസ്റ്റ് ചിന്താഗതിയുടെ വികസന പരിണാമങ്ങളെപ്പറ്റി ആത്മപോഷിണിയില്‍ ഒരു ലേഖന പരമ്പരതന്നെ അദ്ദേഹം അക്കാലത്ത് എഴുതിയിരുന്നു.

നമ്മുടെ രാജ്യം ഏകാധിപത്യത്തിന്റെയും ഫാസിസത്തിന്റെയും വഴിയിലേയ്ക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ സ്വദേശാഭിമാനിയുടെ ചിന്തകള്‍ക്കും വാക്കുകള്‍ക്കും രചനകള്‍ക്കും പ്രസക്തിയേറിവരികയാണ്. അദ്ദേഹത്തിന്റെ രചനകളും വാക്കുകളും എന്നും നമുക്ക് പ്രചോദനമാകും.