സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് ‘നടുത്തളം സമരം’

Web Desk
Posted on March 22, 2018, 10:33 pm

പാര്‍ലമെന്റിനകത്തും പുറത്തും ഒരു ഇടക്കാല ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അന്തരീക്ഷം രൂപപ്പെട്ടുവരുന്ന പ്രതീതിയാണ് ഇപ്പോഴുള്ളത്. ഉത്തര്‍പ്രദേശിലെയും ബിഹാറിലെയും ഉപതെരഞ്ഞെടുപ്പ് ഫലവും കോണ്‍ഗ്രസിന്റെ 84-ാമത് പ്ലീനറി സമ്മേളനവുമാണ് ഇതിന് അടിസ്ഥാനമായി ഭവിച്ചത്. യുപി, ബിഹാര്‍ ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ബിജെപിയുടെ അടിത്തറ ഇളകിക്കഴിഞ്ഞു. ഇതേത്തുടര്‍ന്ന് എല്‍ഡിഎഫിലെ ഘടകകക്ഷികളെല്ലാം കൊഴിഞ്ഞുകൊണ്ടിരിക്കുകയാണ്. ഏറ്റവുമവസാനം രാംവിലാസ് പാസ്വാന്‍ വരെ യാത്രാമൊഴി ചൊല്ലാനുള്ള തിരക്കിലാണ്. ബിഹാറിലെ ഉപതെരഞ്ഞെടുപ്പ് രാംവിലാസ് പാസ്വാന്റെ നിലയും വഷളാക്കിയതാണ് ഇതിന് കാരണം.

ഇത്തരമൊരു പശ്ചാത്തലത്തിലാണ് ജഗന്‍മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസ് നല്‍കിയ അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ നിന്ന് ബിജെപി സര്‍ക്കാര്‍ ഓടിയൊളിച്ചുകൊണ്ടിരിക്കുന്നത്. എന്‍ഡിഎയില്‍ നിന്ന് പിരിഞ്ഞുപോന്ന ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിയും അവിശ്വാസ പ്രമേയത്തിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. ബാലിശമായ കാരണങ്ങള്‍ പറഞ്ഞ് സ്പീക്കര്‍ പ്രമേയം ചര്‍ച്ചയ്ക്ക് എടുക്കുന്നത് തടഞ്ഞിരിക്കുകയാണ്. സര്‍ക്കാരിന് ആവശ്യമുള്ള കാര്യങ്ങളെല്ലാം നടത്തിക്കൊടുക്കുന്നതിന് സ്പീക്കര്‍ക്ക് ബഹളമൊന്നും തടസമല്ല.

ബിജെപിയുടെ ആജ്ഞാനുവര്‍ത്തികളായ അണ്ണാഡിഎംകെയും തെലങ്കാന രാഷ്ട്രീയസമിതിയും നടുത്തളത്തില്‍ ഇറങ്ങി ബഹളം വയ്ക്കുന്നതിനാല്‍ തനിക്ക് അംഗങ്ങളെ കാണാന്‍ കഴിയുന്നില്ലെന്നും സഭാനടപടികള്‍ നിയന്ത്രിക്കാന്‍ കഴിയുന്നില്ലെന്നുമാണ് അവിശ്വാസപ്രമേയം ചര്‍ച്ചയ്ക്കു വയ്ക്കാതെ നീട്ടിക്കൊണ്ടുപോകുന്നതിന് ന്യായമായി സ്പീക്കര്‍ പറയുന്നത്. 315 അംഗങ്ങളുള്ള എന്‍ഡിഎയ്ക്ക് അവിശ്വാസപ്രമേയം സഭയില്‍ പരാജയപ്പെടുമെന്ന് ഉറപ്പാണ്. എന്നിട്ടും എന്തുകൊണ്ടാണ് ബിജെപി സര്‍ക്കാര്‍ പ്രമേയാവതരണത്തെ ഭയക്കുന്നത്? കഴിഞ്ഞ നാല് വര്‍ഷത്തെ ഭരണത്തിനിടയില്‍ അവിശ്വാസപ്രമേയത്തെ അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ലാത്ത സര്‍ക്കാര്‍ എന്ന മേനി നടിക്കല്‍ ഇല്ലാതാകുമെന്ന ചിന്ത മാത്രമല്ല സര്‍ക്കാരിനെ പ്രമേയാവതരണത്തെ തടസപ്പെടുത്താന്‍ പ്രേരിപ്പിക്കുന്നത്.

ബിജെപി സ്‌പോണ്‍സേര്‍ഡ് നടുത്തളസമരമാണ് അണ്ണാഡിഎംകെയും തെലങ്കാന രാഷ്ട്രീയസമിതിയും ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അണ്ണാഡിഎംകെ പ്രതിഷേധത്തിന് കാരണമായി പറയുന്ന കാവേരി നദീജലതര്‍ക്കത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. അതുപോലെ അമ്പത് ശതമാനത്തിന് മുകളില്‍ സംവരണം പാടില്ലെന്ന സുപ്രിംകോടതി വിധിയുണ്ടായിട്ടും അതിന്റെ പേരില്‍ സഭയില്‍ ബഹളം വയ്ക്കുന്ന തെലങ്കാന രാഷ്ട്രീയ സമിതിയുടെ ഉദ്ദേശവും ബിജെപി സര്‍ക്കാരിന് വേണ്ടിയുള്ള പ്രതിരോധം തീര്‍ക്കലാണ്.
അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ ഒരുക്കമാണെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിന്റെ പ്ര്യഖാപനം വെറും പ്രഹസനം മാത്രമാണ്. എങ്കില്‍ എന്തുകൊണ്ട് സര്‍ക്കാര്‍ സ്പീക്കറെ വിവരം അറിയിക്കുന്നില്ല. അവിശ്വാസപ്രമേയം സര്‍ക്കാരിന് ഭീഷണിയല്ലെങ്കിലും അതിന്മേല്‍ നീണ്ടുനില്‍ക്കുന്ന ചര്‍ച്ചകള്‍ സര്‍ക്കാരിന്റെ ഭരണപരാജയം തുറന്നുകാണിക്കാനുള്ള സന്ദര്‍ഭമായിത്തീരും. സര്‍ക്കാരിനെ തുറന്നുകാണിക്കുന്ന ഒരു ചര്‍ച്ചയെ ബിജെപി ഭയക്കുന്നു.
രാഷ്ട്രീയം എന്നത് എക്കാലത്തും വര്‍ത്തമാന കാലാവസ്ഥയുടെ ഗതിവിഗതികളുടെ സഞ്ചാരം എങ്ങോട്ടെന്ന് നോക്കിക്കണ്ടാണ് അതിന്റെ സാധ്യതകള്‍ ആരായേണ്ടത്. എന്നുവച്ചാല്‍ ജനങ്ങളെ നേരിട്ടു ബാധിക്കുന്ന ദുരിതങ്ങളില്‍ നിന്നും കഷ്ടപ്പാടുകളില്‍ നിന്നും അവര്‍ക്ക് എങ്ങനെ വിടുതല്‍ നേടാം എന്നതിന് വ്യക്തമായ മാര്‍ഗരേഖകളും പ്രായോഗികപ്രവര്‍ത്തനവും അവതരിപ്പിക്കുക എന്നത് തന്നെയാവണം കാലികമായ രാഷ്ട്രീയപ്രവര്‍ത്തനം. ഇന്ത്യയില്‍ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളുടെ മതവിശ്വാസത്തെ വൈകാരികമായി ചൂഷണം ചെയ്തുകൊണ്ട് അവരെ എക്കാലത്തും തങ്ങളുടെ വോട്ട് ബാങ്കാക്കി നിലനിര്‍ത്തുകയും അവരുടെ അടിസ്ഥാന ജീവിതപ്രശ്‌നങ്ങളെ കണ്ടില്ലെന്ന് നടിക്കുകയും ചെയ്യുന്ന രീതിയാണ് ഭരണകൂടം പയറ്റിക്കൊണ്ടിരിക്കുന്ന തന്ത്രം.

ഇന്ത്യയിലെ നിലവിലെ ഭരണാധികാരികള്‍ക്ക് തുടക്കത്തില്‍ നേടാനായ സ്വീകാര്യതയ്ക്ക് വലിയ മങ്ങല്‍ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. കൂടെക്കൂടിയിരുന്ന സഹയാത്രികരുടേയും പിന്തുണക്കാരുടേയും അപ്രീതി നാള്‍ക്കുനാള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നു. ബിജെപി നല്‍കിയ മോഹനവാഗ്ദാനങ്ങളുടെ പെരുമഴ ഒന്ന് പെയ്‌തൊഴിഞ്ഞപ്പോള്‍ ബാക്കിയാവുന്നത് പൗരന്മാരുടെ അരക്ഷിതാവസ്ഥകളും ബഹുഭൂരിപക്ഷത്തിന്റെ ജീവിതദുരിതങ്ങളും മാത്രമായിരിക്കുന്നു. പിന്തുണച്ചവര്‍ക്ക് പോലും ഈ തിരിച്ചറിവുണ്ടായിത്തുടങ്ങിയിരിക്കുന്നു എന്നിടത്താണ് അതിന്റെ പരാജയത്തിന്റെ പടിവാതില്‍ തുറന്നിട്ടിരിക്കുന്നത്.
തുറന്നിട്ട ഈ ശൂന്യതയിലേയ്ക്ക് ഇടിച്ചുകയറി എത്രയും എളുപ്പത്തില്‍ ഒരു ജനതയെ എങ്ങനെ മോചിപ്പിച്ചെടുക്കാം എന്ന ചിന്തയ്ക്ക് ഏറ്റവും അനുയോജ്യമായ ഒരു തലം ഇപ്പോള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തുറക്കപ്പെട്ടിരിക്കുന്നു. ഇന്ത്യയുടെ ഹൃദയഭൂമികളില്‍ ഉപതെരഞ്ഞെടുപ്പുകളില്‍ വര്‍ധിച്ച പരാജയങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന അര്‍ധഫാസിസ്റ്റ് ഭരണക്കാര്‍ക്ക് മുമ്പില്‍ ഇങ്ങനെ പോയാല്‍ ഒരേയൊരു മാര്‍ഗം മാത്രമേ പിടിച്ചുനില്‍ക്കാനുണ്ടാവൂ. അതില്‍ അപകടം പിടിച്ച മാര്‍ഗമായ സമ്പൂര്‍ണ ഫാസിസത്തിലേയ്ക്കുള്ള കുതിച്ചോട്ടവും അതുവഴി ജനാധിപത്യത്തിന്റെ പരിമിതമായ ആനുകൂല്യങ്ങളെപോലും ജനങ്ങളില്‍ നിന്നും തട്ടിപ്പറിച്ചെടുക്കലും ആവും അവരുടെ മുമ്പില്‍ അവശേഷിക്കുന്ന ഏകമാര്‍ഗം.

അതിന്‍റെ ഭാഗമായുള്ള ഒരു പരീക്ഷണതന്ത്രമാകും ചില ഉപതെരഞ്ഞെടുപ്പുകളെ സ്വതന്ത്രമായി വിട്ടുകൊണ്ട്, വരാനുള്ള വലിയ തെരഞ്ഞെടുപ്പില്‍ കൃത്രിമങ്ങളുടെ വലിയ സാധ്യതകള്‍ ആരയുക എന്നത് ഗോരഖ്പൂരും, ഫുല്‍പൂരും, ബിഹാറും ഒക്കെ ഏല്‍പിച്ച ആഘാതത്തില്‍ നിന്ന് കരകയറാന്‍ ഇനി പരീക്ഷിക്കുന്നത് ഇത്തരം ഹീനമാര്‍ഗമായിരിക്കും. അല്ലാതെ വാഗ്ദാനങ്ങളുടെ പ്രളയം തന്നെ സൃഷ്ടിച്ചാലും രക്ഷപ്പെടാനുള്ള തുരുത്തുകള്‍ കുറഞ്ഞുകുറഞ്ഞു വരികയാണ്.
ഉത്തര്‍പ്രദേശിലെയും ബിഹാറിലെയും ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ അടുത്തവര്‍ഷം നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിലേക്കുള്ള ചൂണ്ടുപലകയായാണ് നിരീക്ഷകര്‍ കാണുന്നത്. ദേശീയ രാഷ്ട്രീയത്തിന്റെ ഏറ്റവും ഒടുവിലത്തെ അവസ്ഥ ഭരണ‑പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാവരുടെയും കണ്ണു തുറപ്പിക്കാന്‍ പോന്നതാണ്. ഉപതെരഞ്ഞെടുപ്പ് ഫലം ഇനി ഉറക്കം കെടുത്താന്‍ പോകുന്നത് നരേന്ദ്രമോഡി-അമിത്ഷാ പ്രഭൃതികളുടെയും പ്രധാനമന്ത്രിപദത്തിന്റെ കണ്ണുംനട്ട് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ തീവ്രമുഖം പുറത്തെടുത്തു കൊണ്ടിരിക്കുന്ന യോഗി ആദിത്യനാഥിന്റേതായിരിക്കും. ഹിന്ദു ബെല്‍ട്ടുമായുള്ള മോഡിയുടെ മധുവിധു അവസാനിച്ചുകഴിഞ്ഞു. ത്രിപുരയില്‍ സിപിഎമ്മില്‍ നിന്ന് അധികാരം പിടിച്ചെടുത്തതിന്റെ അഹങ്കാരം ‘കോണ്‍ഗ്രസ് മുക്ത, കമ്യൂണിസ്റ്റ് മുക്ത ഇന്ത്യ’യെക്കുറിച്ചുള്ള മുദ്രാവാക്യം ഉച്ചത്തില്‍ മുഴക്കാന്‍ ധൈര്യം പകര്‍ന്ന സമയത്തുതന്നെയാണ് അഖിലേഷ്-മായാവതി കൂട്ടുകെട്ടില്‍ നിന്ന് കരണത്തടി ഏറ്റുവാങ്ങേണ്ടി വന്നിരിക്കുന്നത്.
മോഡി സര്‍ക്കാരിന്റേയും ആര്‍എസ്എസിന്റേയും നവലിബറല്‍ ഫാസിസ്റ്റ് നയങ്ങളെ ചെറുക്കാന്‍ എല്ലാ മതേതര രാഷ്ട്രീയ പാര്‍ട്ടികളുടെയും ബഹുജന സംഘടനകളുടെയും വിശാലമായ വേദി ഉയര്‍ന്നുവരണമെന്ന് സിപിഐ 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ കരട് രാഷ്ട്രീയപ്രമേയം ആഹ്വാനം ചെയ്യുന്നു. ജനകീയമായ ചെറുത്തുനില്‍പാണ് ഇന്നിന്റെ ആവശ്യം.
2014 ആവില്ല 2019 എന്ന് ബിജെപി ഇപ്പോള്‍തന്നെ ഉറപ്പിച്ചിരിക്കുന്നു. അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ നിന്ന് ഒളിച്ചോടുന്ന സഭാനേതാവിന്റെ ചിത്രമാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി ലോകത്തിന് നല്‍കിക്കൊണ്ടിരിക്കുന്നത്. കെട്ടിപ്പൊക്കിയ കൃത്രിമ പ്രതിഛായയുടെ ദയനീയമായ അധഃപതനം.