19 April 2024, Friday

വർഗീയതയുടെ കളിക്കളത്തിൽ കുരുന്നുകളെ കരുക്കളാക്കുമ്പോൾ

Janayugom Webdesk
പ്രതികരണം
May 27, 2022 7:00 am

കേരളത്തെ കലാപഭൂമിയാക്കി മാറ്റാൻ സംഘ്പരിവാർ ശക്തികളും പോപ്പുലർ ഫ്രണ്ട് പോലുള്ള മതതീവ്രവാദസംഘടനകളും നടത്തുന്ന ശ്രമങ്ങൾ എല്ലാ അതിരുകളും ലംഘിക്കുകയാണ്. സംഘ്പരിവാറിന് വേണ്ടി മുസ്‌ലിം സമുദായത്തിനെതിരെ പി സി ജോർജിനെപ്പോലുള്ളവർ ഒരു ഭാഗത്ത് വിദ്വേഷപ്രസംഗങ്ങൾ നടത്തുമ്പോൾ മറുഭാഗത്ത് ഒട്ടും വിട്ടുകൊടുക്കില്ലെന്ന മട്ടിൽ പോപ്പുലർ ഫ്രണ്ടും അതേ രീതിയിലുള്ള പ്രവർത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഹിന്ദുവികാരം ഇളക്കിവിടാൻ സംഘ്പരിവാർ ശ്രമിക്കുമ്പോൾ മുസ്‌ലിം വികാരത്തെ ഉദ്ദീപിപ്പിക്കാനാണ് പോപ്പുലർ ഫ്രണ്ടിന്റെ നീക്കം. തലശേരിയിൽ ഹിന്ദുഐക്യവേദിയുടെ പ്രകടനത്തിൽ മുസ്‌ലിം വിഭാഗങ്ങൾക്കെതിരെ കൊലവിളി ഉയർത്തിയ സംഘ്പരിവാർ ശൈലിയെ അനുകരിച്ചുകൊണ്ടാണ് ആലപ്പുഴയിൽ നടന്ന പോപ്പുലർ ഫ്രണ്ട് റാലിയിൽ ഹിന്ദു-ക്രൈസ്തവ വിഭാഗങ്ങൾക്കെതിരെയുള്ള പ്രകോപനപരമായ മുദ്രാവാക്യം ഉയർത്തിയത്. ഇത്തരമൊരു മുദ്രാവാക്യം കൊച്ചുകുട്ടിയെക്കൊണ്ട് വിളിപ്പിച്ചുവെന്നതാണ് അതീവ ഗുരുതരമായ വിഷയം. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നു. ഒരു പോപ്പുലർ ഫ്രണ്ടുകാരൻ കുട്ടിയെ ചുമലിൽ ഇരുത്തിയാണ് സമൂഹത്തിൽ വെറുപ്പും വംശീയതയും വിദ്വേഷവും വിഭാഗീയതയും ജനിപ്പിക്കുന്ന തരത്തിലുള്ള മുദ്രാവാക്യം വിളിപ്പിച്ചത്. ഇതിനെ അനുകൂലിച്ചും എതിർത്തുമൊക്കെ സമൂഹമാധ്യമങ്ങളിൽ വ്യത്യസ്ത ചർച്ചകളും പ്രതികരണങ്ങളും സജീവമാണ്.

സമൂഹത്തിൽ ആകെ അസ്വസ്ഥത പരത്തുന്ന പ്രശ്നമായി ഈ വീഡിയോ മാറിക്കഴിഞ്ഞിരിക്കുന്നു. സംഭവത്തിൽ കുട്ടിയെ തോളിലേറ്റിയ ആൾക്കും പോപ്പുലർ ഫ്രണ്ടിന്റെ ആലപ്പുഴയിലെ നേതാക്കൾക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണങ്ങൾ നടക്കുന്നുണ്ട്. എന്തായാലും നിയമം നിയമത്തിന്റെ വഴിക്കുപോകുകയും കുറ്റവാളികളെ ശിക്ഷിക്കുകയും ചെയ്യട്ടെ. കേരളത്തിലെ പൊതുമനഃസാക്ഷിക്കെതിരെയുള്ള വെല്ലുവിളികളും ഭീഷണികളുമാണ് ഈ തരത്തിലുള്ള കൊലവിളികളെന്നത് സമൂഹത്തിൽ അതീവ ഗൗരവത്തോടെ തന്നെ ചർച്ച ചെയ്യേണ്ടിയിരിക്കുന്നു. കുട്ടികളുടെ മനസിൽ വർഗീയവിഷം കുത്തിവച്ച് അവരെ കൊടും ക്രിമിനലുകളും ചാവേറുകളും നാടിന്റെ ശത്രുക്കളുമാക്കി മാറ്റാനുള്ള ശ്രമങ്ങളെ മതേതരസമൂഹം കരുതിയിരിക്കുക തന്നെ വേണം എന്ന യാഥാർത്ഥ്യത്തിലേക്കാണ് ആലപ്പുഴയിൽ നിന്ന് ഉയർന്നുവന്ന വിദ്വേഷ വീഡിയോ ഓർമ്മപ്പെടുത്തുന്നത്. മതേതരത്വത്തിലും ജനാധിപത്യത്തിലും ഭരണഘടനയിലും മനുഷ്യത്വത്തിലും മാനവികതയിലും വിശ്വസിക്കാത്തവരും തികഞ്ഞ വർഗീയ ചിന്താഗതി പുലർത്തുന്നവരുമായ സമൂഹത്തെ സൃഷ്ടിച്ച് മുതലെടുപ്പ് നടത്തുകയെന്ന ലക്ഷ്യമാണ് ആർഎസ്എസിനും പോപ്പുലർ ഫ്രണ്ടിനും ഇവരെപ്പോലെ ചിന്തിക്കുന്ന മറ്റ് വർഗീയ തീവ്രവാദ സംഘടനകൾക്കുമുള്ളത്. കുട്ടിയെക്കൊണ്ട് മുദ്രാവാക്യം വിളിപ്പിച്ച പോപ്പുലർ ഫ്രണ്ടിനെതിരെ ശക്തമായി പ്രതികരിക്കാനുള്ള ധാർമ്മിക അവകാശം കേരളത്തിലെ മതേതരവിശ്വാസികൾക്കുണ്ടെങ്കിലും ആർഎസ്എസ് അടക്കമുള്ള സംഘ്പരിവാർ സംഘടനകൾക്ക് അതില്ല.


ഇതുകൂടി വായിക്കാം;കുറ്റവാളികളുടെയും വെറുപ്പിന്റെയും ഉല്പാദനശാലകള്‍


 

കുട്ടികളെ വർഗീയ താല്പര്യങ്ങൾക്കനുസരിച്ച് ദുരുപയോഗം ചെയ്യാമെന്ന് ആദ്യം കാണിച്ചുകൊടുത്തത് സംഘ്പരിവാറാണ്. ആർഎസ്എസ് ശാഖകളിൽ കുട്ടികൾക്ക് അവർ ആയുധപരിശീലനം നൽകുന്നുവെന്നത് പുതിയ കാര്യമല്ല. പിഞ്ചുകുട്ടികളുടെ കയ്യിൽ വരെ കുറുവടികളും വാളും പിടിപ്പിച്ച് മനുഷ്യനെ അടിച്ചും വെട്ടിയും കൊല്ലാനുള്ള പരിശീലനങ്ങളാണ് ആർഎസ്എസ് ശാഖകളിൽ നടത്തുന്നത്. കുരുന്നുമനസുകളെ അന്യമതവിദ്വേഷത്തിലും വെറുപ്പിലും അടിമപ്പെടുത്തി ഫാസിസ്റ്റ് ചിന്താഗതിക്കാരായ തലമുറയെ വളർത്തിയെടുക്കുന്ന കർമ്മപദ്ധതികളിലാണ് അവർ ഏർപ്പെടുന്നത്. ആർഎസ്എസിന്റെ നിര്‍ബന്ധത്തിനുവഴങ്ങി കുട്ടികൾ കത്തിയും വടിയുമേന്തി റൂട്ട് മാർച്ച് നടത്തുന്ന എത്രയോ വീഡിയോകൾ നിലവിലുണ്ട്. ഭൂരിപക്ഷ വർഗീയതയെ നേരിടാനെന്ന് പറഞ്ഞ് വിധ്വംസക പ്രവർത്തനങ്ങളിലേർപ്പെടുന്ന പോപ്പുലർ ഫ്രണ്ട് സംഘ്പരിവാറിനെപ്പോലെ കുട്ടികളെ തന്നെ തങ്ങളുടെ ലക്ഷ്യത്തിനായി ഉപയോഗിക്കുന്നതിന്റെ ഒരു ഉദാഹരണം മാത്രമാണ് ആലപ്പുഴയിലെ റാലിയോടനുബന്ധിച്ചുള്ള വിദ്വേഷ മുദ്രാവാക്യം. കുട്ടികൾ തീവ്രവാദികളും ഫാസിസ്റ്റുകളും ആകുന്നതിൽ പോപ്പുലർ ഫ്രണ്ടിനോടും ആർഎസ്എസിനോടും ആഭിമുഖ്യമുള്ള ഒരു രക്ഷിതാവിനും ഉൽക്കണ്ഠയില്ല. കുട്ടികളിൽ ജനാധിപത്യബോധവും അറിവും സംസ്കാരവും മതസൗഹാർദബോധവും വളർത്തി ഉത്തമപൗരൻമാരും നാളെയുടെ വാഗ്ദാനങ്ങളും ആക്കി മാറ്റണമെന്ന ചിന്തക്ക് പകരം അവരെ സർവനാശത്തിലേക്ക് എറിഞ്ഞുകൊടുക്കുന്ന സമീപനമാണ് ഇത്തരം രക്ഷിതാക്കൾ സ്വീകരിക്കുന്നത്.


ഇതുകൂടി വായിക്കാം; പുതുചമയങ്ങളണിഞ്ഞ ഭീഷണക്കോലങ്ങൾ


 

തങ്ങളുടെ മനസിലുള്ള മതഭ്രാന്ത് തിരിച്ചറിവില്ലാത്ത പ്രായം മുതൽക്കേ കുട്ടികൾക്ക് പകർന്നുനൽകുകയാണ് ഇവർ ചെയ്യുന്നത്. ഇങ്ങനെ വളരുന്ന കുട്ടികൾ നാളെ നമ്മുടെ നാടിനും സമൂഹത്തിനും എത്ര വലിയ ഭീഷണിയാകുമെന്ന് ചിന്തിച്ചുനോക്കുക. ഒരു പക്ഷേ സ്വന്തം മാതാപിതാക്കളെ പോലും വകവരുത്താൻ മടികാണിക്കാത്തത്ര ക്രൂരതയുടെ പര്യായങ്ങളായി ഇങ്ങനെയുള്ള കുട്ടികൾ മാറിയെന്ന് വരാം. അപരമതവിദ്വേഷം പുലർത്തുന്ന ചിന്താഗതികളുമായി വളരുന്ന കുട്ടികളെ അഫ്ഗാനിലെയും സിറിയയിലെയും ചാവേർസ്ക്വാഡുകളെപ്പോലെ ഭയപ്പെടുക തന്നെ വേണം. മതവിദ്വേഷത്തിന്റെ കനലെരിയുന്ന മനസുമായി ജീവിക്കുന്ന കുട്ടികൾക്ക് മതസൗഹാർദ്ദ സംസ്കാരം മനസിൽ സൂക്ഷിക്കുകയും പെരുമാറുകയും ചെയ്യുന്ന കേരളത്തിലെ ഭൂരിഭാഗം കുട്ടികളുമായി പൊരുത്തപ്പെടാൻ സാധിക്കുകയില്ല. അവർ വേറിട്ട മനോഭാവത്തോടെ തങ്ങൾക്ക് ഉൾക്കൊള്ളാൻ സാധിക്കാത്ത മതവിഭാഗങ്ങളിലെ കുട്ടികളോട് അസഹിഷ്ണുത പ്രകടിപ്പിച്ചുകൊണ്ടേയിരിക്കും. തർക്കങ്ങളിലേർപ്പെടും. മതപരമായ സംഭാഷണങ്ങൾ അതിരുവിടുമ്പോൾ അക്രമാസക്തമായി മാറിയെന്നും വരാം. വിദ്യാലയങ്ങളിലെ പൊതുവായ സൗഹൃദാന്തരീക്ഷത്തിൽ നിന്നും മാറി നടക്കാനായിരിക്കും ഇത്തരം കുട്ടികൾ ഇഷ്ടപ്പെടുക.

ഇതരമതസ്ഥനായ സഹപാഠിയെ കൊല്ലാനോ വർഗീയവാദികൾക്ക് ഒറ്റുകൊടുക്കാനോ വരെ മടികാണിക്കാത്ത സ്വഭാവത്തിനുടമയായിരിക്കും മതവെറി ബാധിച്ച കുട്ടി. സംഘ്പരിവാറിന്റെയും പോപ്പുലർ ഫ്രണ്ടിന്റെയും സ്വാധീനമുള്ള കുടുംബങ്ങളിലെ എല്ലാ കുട്ടികളും ഇങ്ങനെയുള്ള സ്വഭാവക്കാർ ആയിരിക്കുമെന്ന് ഇവിടെ ഉദ്ദേശിക്കുന്നില്ല. എന്നാൽ നിരന്തരമായ തീവ്രമതബോധം കുട്ടികളെ കയ്യറപ്പില്ലാതെ ആയുധമെടുത്ത് പ്രയോഗിക്കാനുള്ള പ്രേരണ നൽകുമെന്ന അപകടത്തെ മുൻകൂട്ടി കാണേണ്ടതുണ്ട്. വർഗീയവാദികളും ക്രിമിനലുകളുമായി വളരുന്ന കുട്ടികൾ പിന്നീട് ക്വട്ടേഷൻ സംഘങ്ങൾക്കും മയക്കുമരുന്ന് മാഫിയാ സംഘങ്ങൾക്കും നേതൃത്വം നൽകുന്നവരായി മാറിയാലും അത്ഭുതപ്പെടാനില്ല. കേരളത്തിലെ സ്കൂളുകളിലും കോളജുകളിലും എല്ലാം തീവ്രവാദവും വർഗീയതയും നിറഞ്ഞ ആശയങ്ങൾ ഒളിച്ചുകടത്തുന്ന സംഘടനകൾ പ്രത്യക്ഷമായും പരോക്ഷമായും പിടിമുറുക്കുകയാണ്. വിധ്വംസക സംഘടനകളുടെ ആജ്ഞാനുവർത്തികളായി കുട്ടികൾ മാറുന്ന സാഹചര്യം ഇതുമൂലമുണ്ടാകുന്നു. കുട്ടികളെ തങ്ങളുടെ പിണിയാളുകളാക്കുന്നതിന് സാമ്പത്തിക പ്രലോഭനങ്ങൾക്ക് പുറമെ മദ്യവും മയക്കുമരുന്നും പോലും നൽകാൻ വർഗീയശക്തികൾ മടികാണിക്കില്ല. വിനാശകാരികളായ വർഗീയ‑തീവ്രവാദസംഘങ്ങളുടെ വലയത്തിൽ നിന്നും കുട്ടികളെ രക്ഷിച്ചെടുക്കുകയെന്നത് മുഖ്യധാരാ രാഷ്ട്രീയകക്ഷികൾ അടക്കം നിർവഹിക്കേണ്ട ദൗത്യം തന്നെയാണ്.

ടി കെ പ്രഭാകരകുമാർ
കല്ലുമാളം ഹൗസ്, ഹരിപുരം പി ഒ
ആനന്ദാശ്രമം, കാസർകോട് ജില്ല

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.