Wednesday
20 Feb 2019

എന്തിനാണ് ഈ സമരാഭാസം

By: Web Desk | Monday 3 December 2018 10:47 PM IST

കേരളത്തില്‍ ഇന്ന് സമരാഭാസങ്ങളുടെ പരമ്പര അരങ്ങേറുകയാണ്. ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് 1991 ല്‍ കേരള ഹൈക്കോടതി ഉത്തരവ് പ്രകാരമുണ്ടായ ചില നിയന്ത്രണങ്ങള്‍ 2018 ലെ സുപ്രിം കോടതി ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവ് പ്രകാരം റദ്ദാക്കപ്പെട്ടതാണ് ഈ സമരങ്ങളുടെ കാരണം എന്നാണ് പൊതുവെ പറയപ്പെടുന്നത്. പൊതുവെ പറയപ്പെടുന്നത് എന്നു മാത്രമേ പറയാന്‍ സാധിക്കുകയുള്ളൂ. കാരണം ഈ സമരം ചെയ്യുന്ന സംഘടനകളെല്ലാം തന്നെ സുപ്രിം കോടതി വിധി വന്ന ദിവസം തന്നെ സ്വാഗതം ചെയ്തവരാണ്. ‘ചരിത്ര വിധി’ എന്ന് വലിയ തലക്കെട്ടെഴുതിയ ജന്മഭൂമി മുതല്‍, അഖിലേന്ത്യാ കോണ്‍ഗ്രസ് നേതൃത്വം വരെ. പിന്നീട് ദിവസങ്ങള്‍ക്കകമാണ് ശബരിമല തീര്‍ത്ഥാടനം ആരംഭിക്കുന്ന ദിവസം സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ നടത്തിയും അവിടെയെത്തുന്ന തീര്‍ത്ഥാടകരെ കേട്ടാലറയ്ക്കുന്ന തെറി പറഞ്ഞും തടഞ്ഞുമൊക്കെ സമരം പുരോഗമിച്ചത്. മതേതര പാര്‍ട്ടിയെന്നവകാശപ്പെടുന്ന കോണ്‍ഗ്രസുകാരും കൊടിയും ഖദറും ഗാന്ധിജിയെയുമൊക്കെ മറന്ന് ഈ സമരാഭാസത്തില്‍ പങ്കുചേര്‍ന്നു. ഈ സമരം സുപ്രിം കോടതി വിധിക്കെതിരെയാണോ എന്ന ചോദ്യമുയര്‍ന്നപ്പോഴാണ് സായിപ്പിന്റെ മുമ്പില്‍ കവാത്തുമറന്ന പഴയ നാടന്‍ പട്ടാളക്കാരന്റെ തനിനിറം പുറത്തുവരുന്നത്.

അഭിഭാഷകന്‍ കൂടിയായ സംസ്ഥാന ബിജെപി പ്രസിഡന്റ് കമ്യൂണിസത്തിനെതിരെയാണ് സമരം എന്ന് വ്യക്തമാക്കി. അപ്പോള്‍ കമ്യൂണിസത്തിനെതിരെയാണ് സമരമെങ്കില്‍ ആ സമരത്തിനുള്ള വേദി ശബരിമലയാണോ? ശബരിമലയിലെ പ്രതിഷ്ഠ ധര്‍മശാസ്താവായ അയ്യപ്പനാണ്. അവിടെ തത്ത്വമസി എന്ന ഛാന്ദോഗ്യോപനിഷത്തിലെ വാക്യമാണ് എഴുതിവച്ചിട്ടുള്ളത്. എന്താണ് അതിന്റെ പൊരുള്‍. ഗുരുകുല വിദ്യാഭ്യാസം പൂര്‍ത്തിയാക്കി തിരിച്ചെത്തിയ മകന്‍ ശ്വേതകേതുവിനോട് അച്ഛന്‍ ഉദ്ദാലകന്‍ അഥവാ ആരുണി മഹര്‍ഷി ചോദിച്ച ചോദ്യം നീ എന്തൊക്കെ പഠിച്ചു എന്നതായിരുന്നു. നിലവിലുള്ള എല്ലാ ശാസ്ത്രങ്ങളും എന്നായിരുന്നു ശ്വേതകേതുവിന്റെ അഹങ്കാരം മുറ്റിയ മറുപടി. അഹങ്കാരം നിമിത്തം, നേടിയ അറിവൊന്നും തന്നെ ജ്ഞാനമായി മാറാത്ത ശ്വേതകേതുവിന് ആരുണിമഹര്‍ഷി നല്‍കിയ യഥാര്‍ഥ ജ്ഞാനോപദേശമാണ് തത്ത്വമസി (അത് നീ ആകുന്നു). യഥാര്‍ഥ ഈശ്വര ചൈതന്യം കുടികൊളളുന്നത് നിന്നില്‍ തന്നെയാണ് എന്ന മഹദ്തത്വമാണ് ശബരിമല ഉദ്‌ഘോഷിക്കുന്നത്. ജ്ഞാനേന്ദ്രിയങ്ങളെ പ്രതിനിധാനം ചെയ്യുന്ന ആദ്യത്തെ അഞ്ചുപടികളും കാമം, ക്രോധം, ലോഭം തുടങ്ങിയ അഷ്ടരാഗങ്ങളെ പ്രതിനിധാനം ചെയ്യുന്ന എട്ട് പടികള്‍, സത്വ, രജ, തമോ ഗുണങ്ങളെ പ്രതിനിധാനം ചെയ്യുന്ന മൂന്നു പടികള്‍, പിന്നെ വിദ്യയും അവിദ്യയും അങ്ങനെ പതിനെട്ടുപടികള്‍ താണ്ടിയാണ് ഭക്തന്‍ ഈശ്വര സന്നിധിയില്‍ എത്തിച്ചേരുന്നത് എന്നാണ് സങ്കല്‍പം. ഈ സങ്കല്‍പത്തിലെവിടെയാണ് സ്ത്രീ-പുരുഷ ഭേദം.

തൂണിലും തുരുമ്പിലും ഏത് സൃഷ്ടിയിലും ദൈവചൈതന്യമുണ്ട് എന്നും എല്ലാം ഈശ്വര ചൈതന്യത്തിന്റെ വിവിധ ഭാവങ്ങളാണ് എന്നും പ്രഘോഷിക്കുന്ന ഒരു സങ്കല്‍പത്തെയാണ് വിശ്വാസികള്‍ എന്ന പേരില്‍ ഇവര്‍ അവഹേളിക്കുന്നത്. രാത്രി പത്തര മണിക്ക് നടയടച്ച് കഴിഞ്ഞാല്‍ വയ്ക്കുന്ന ഒരു പാട്ട് ഉണ്ടല്ലോ എന്ന് അത്താഴപൂജയ്ക്ക് ശേഷം ഉടുക്കുകൊട്ടി ആലപിക്കുന്ന ഹരിവരാസനം എന്ന മധ്യമാവതി രാഗത്തില്‍ ആദിതാളത്തില്‍ പതിനാറ് പദങ്ങളുള്ള മനോഹരമായ കീര്‍ത്തനത്തെക്കുറിച്ച് പറയാന്‍ മാത്രം അജ്ഞത ഈ നാട്ടിലെ ഏതെങ്കിലും കമ്യൂണിസ്റ്റുകാര്‍ക്ക് ഉണ്ടാവാന്‍ സാധ്യതയില്ല.

ഇതുവരെയുള്ള ഈ സമരത്തിന്റെ നാള്‍വഴികള്‍ പരിശോധിച്ചാല്‍ രണ്ടു ലക്ഷ്യങ്ങള്‍ മാത്രമാണ് ഈ സമരക്കാരെ നയിക്കുന്നത് എന്ന് കാണാന്‍ പ്രയാസമില്ല. ഒന്ന് പഴയ ചെന്നായയുടെ തിയറിതന്നെ. വെള്ളം കലക്കിയത് ആട്ടിന്‍കുട്ടിയല്ലെങ്കില്‍ അതിന്റെ മുന്‍ തലമുറക്കാര്‍ എന്ന നിലപാട്. ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം വേണം എന്ന് ആവശ്യപ്പെട്ട് കേസുകൊടുത്തത് കമ്യൂണിസ്റ്റുകാരാണോ? ആ കേസില്‍ ഏതെങ്കിലും കമ്യൂണിസ്റ്റുകാര്‍ കക്ഷിചേര്‍ന്നിട്ടുണ്ടോ? ഏതെങ്കിലും കാലത്ത് ഏതെങ്കിലും കമ്യൂണിസ്റ്റ് സര്‍ക്കാര്‍ അങ്ങനെ സുപ്രിം കോടതിയില്‍ ആവശ്യമുന്നയിച്ചിട്ടുണ്ടോ? ഇല്ല; ഒരിക്കലും ഈ തര്‍ക്കത്തില്‍ കമ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ ഇടപെട്ടിട്ടില്ല. 91 ല്‍ കേരള ഹൈക്കോടതി 10 നും 50 വയസിനുമിടയില്‍ പ്രായമുള്ള സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കുന്നത് വിലക്കിയപ്പോള്‍ ആ വിധി നടപ്പിലാക്കുകയാണ് അന്നത്തെ നായനാര്‍ സര്‍ക്കാര്‍ ചെയ്തത്. ഇപ്പോള്‍ സുപ്രിം കോടതി വിധി നടപ്പിലാക്കുക എന്നത് ഒരു സംസ്ഥാന സര്‍ക്കാരിന്റെ കര്‍ത്തവ്യം മാത്രമാണ്. അതിനാല്‍ തന്നെ സംഘപരിവാറും കോണ്‍ഗ്രസും ഒത്തുചേര്‍ന്ന് നടത്തുന്ന ഈ സമരങ്ങള്‍ സുപ്രിം കോടതി വിധി നടപ്പിലാക്കുന്നതിനെതിരെ തന്നെയാണ്. മറ്റ് വാദങ്ങള്‍ക്കൊന്നും തന്നെ വിശ്വസനീയമായ ഒരടിസ്ഥാനവും ഇതുവരെ സ്ഥാപിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. അതിനാല്‍ തന്നെയാണ് ഓരോ ദിവസവും പുതിയ പുതിയ വാദഗതികളുമായി അവര്‍ മുന്നോട്ടുവരുന്നത്. രണ്ടാമത്തെ ലക്ഷ്യം അയോദ്ധ്യയില്‍ രാമജന്മഭൂമി ക്ഷേത്ര വിഷയത്തില്‍ ചെയ്തതുപോലെ വര്‍ഗീയ ധ്രുവീകരണമാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കേരളത്തെ കലാപ ഭൂമിയാക്കി മാറ്റാനായി നടത്തിവരുന്ന നിരന്തര പരിശ്രമത്തിലെ ഏറ്റവും പുതിയ അധ്യായമാണ് ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രിം കോടതി വിധിക്കെതിരായ ഈ സമരം. ജനങ്ങളെ സാമുദായികമായി വിഭജിക്കുന്നതിലൂടെ കേരളത്തില്‍ നിലവിലുള്ള സാമുദായിക സൗഹാര്‍ദ്ദ അന്തരീക്ഷം തകര്‍ക്കുക എന്ന ദുഷ്ടലാക്കാണ് ഈ സമരക്കാരെ നയിക്കുന്നത്. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളെ കുറിച്ചുള്ള ഈ സമരനേതാക്കളുടെ അജ്ഞത കൂടി വെളിവാക്കിയ ദിവസങ്ങളാണ് കടന്നുപോയത്.

കേരളത്തില്‍ 54 ലക്ഷത്തിലധികം പേരെ ബാധിച്ച, 483 പേരുടെ ജീവനപഹരിച്ച, 31,000 കോടിയിലധികം നഷ്ടം സംഭവിച്ച ഒരു മഹാദുരന്തത്തിലൂടെ സംസ്ഥാനം കടന്നുപോയിട്ട് ഏതാനും ആഴ്ചകള്‍ കഴിഞ്ഞതേയുള്ളു. ഐക്യരാഷ്ട്രസഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ലോക കാലാവസ്ഥ സംഘടന 2018 ല്‍ ലോകം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തം കേരളത്തിലെ മഹാപ്രളയമാണ് എന്നാണ് വിലയിരുത്തിയിരിക്കുന്നത്. 2017 ല്‍ ഇന്ത്യയിലാകെയുണ്ടായ പ്രകൃതി ദുരന്തങ്ങളേക്കാള്‍ കൂടിയ നാശനഷ്ടങ്ങളാണ് 2018 ല്‍ കേരളത്തിലെ പ്രളയദുരന്തത്തില്‍ ഉണ്ടായത് എന്ന് കേന്ദ്ര ജല കമ്മിഷന്‍ റിപ്പോര്‍ട്ടിലും പറയുന്നു. ഇത്തരത്തിലുള്ള ഒരു പ്രളയത്തെ ഒറ്റക്കെട്ടായി നേരിട്ട സംസ്ഥാനമാണ് കേരളം. കേരളജനതയുടെ നിശ്ചയദാര്‍ഢ്യവും ഐക്യവും ലോകമാകെ അംഗീകരിച്ചു. എന്നാല്‍ ഈ പ്രളയദുരന്തത്തില്‍ സമാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു ചെറുവിരല്‍പോലുമനക്കാത്ത ഒരു വിഭാഗം മാത്രമേ ഉണ്ടായിരുന്നുള്ളു. ഒരു രൂപ പോലും ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാതെ, ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നും വിവിധ രാജ്യങ്ങളില്‍ നിന്നും ലഭിച്ച സഹായവാഗ്ദാനങ്ങള്‍ സ്വീകരിക്കാനനുവദിക്കാതെ, വ്യാജ പ്രചരണങ്ങള്‍ അഴിച്ചുവിട്ടുകൊണ്ട് ”പണം കിട്ടുമെന്ന് പറഞ്ഞപ്പോള്‍ നിങ്ങള്‍ സന്തോഷിച്ചു. കിട്ടില്ലെന്നറിഞ്ഞപ്പോള്‍ ഞങ്ങള്‍ സന്തോഷിക്കട്ടെ” എന്ന് പരസ്യമായി വാര്‍ത്താചാനലിലൂടെ പ്രതികരിക്കാന്‍ പോലും തയാറായ ഒരു വിഭാഗം. അതേ വിഭാഗം ആളുകള്‍ തന്നെയാണ് ഇപ്പോള്‍ ശബരിമലയിലെ സ്ത്രീപ്രവേശനത്തെ സംബന്ധിച്ച സുപ്രിം കോടതി വിധിയുടെ പേരും പറഞ്ഞ് സംസ്ഥാന സര്‍ക്കാരിനെതിരെ തിരിഞ്ഞിരിക്കുന്നത്. ഈ സമരാഭാസങ്ങളിലൂടെ രാജ്യം മുഴുവന്‍ ശ്രദ്ധിക്കുന്ന റഫേല്‍ വിമാന ഇടപാടിലെയും സിബിഐയിലെ അര്‍ദ്ധരാത്രിയിലെ അട്ടിമറിയുടെയും രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയുടെയും ഇറച്ചിവെട്ടുകാരനോടടക്കം കൈക്കൂലി വാങ്ങി അഴിമതിയില്‍ കുളിച്ചുനില്‍ക്കുന്ന കേന്ദ്ര ഭരണത്തിന്റെയും ദുര്‍ഗന്ധം വമിക്കുന്ന കഥകള്‍ ഈ വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ജനങ്ങളുടെ മുന്നില്‍ നിന്നും മറച്ചുപിടിക്കുക എന്നതാണ് ലക്ഷ്യമെന്ന് സാമാന്യ ബുദ്ധിയുളള ആര്‍ക്കും മനസിലാകും. പക്ഷെ കേരളത്തില്‍ ഇക്കഴിഞ്ഞ ദിവസം നടന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ ഫലം ഇത്തരക്കാര്‍ക്കുള്ള കേരള ജനതയുടെ മറുപടിയാണ്. കേരള ജനത ആ പ്രളയമെന്നപോലെതന്നെ ഈ സമരാഭാസങ്ങളെയും അതിജീവിക്കുക തന്നെ ചെയ്യും.