ബഹുരാഷ്ട്ര കുത്തകകള്‍ക്ക് കാര്‍ഷികമേഖലയെ പണയപ്പെടുത്തരുത്

Web Desk
Posted on January 14, 2018, 9:21 pm

സ്വദേശിവാദമുയര്‍ത്തി ഭരണത്തിലേറിയ ബിജെപി രാജ്യത്തെ സുപ്രധാന മേഖലകളെ ഒന്നൊന്നായി ബഹുരാഷ്ട്ര കുത്തകകള്‍ക്ക് തീറെഴുതിക്കൊടുത്തുകൊണ്ടിരിക്കുകയാണ്. കോര്‍പ്പറേറ്റുകളുടെ സമ്മര്‍ദത്തിന് വഴങ്ങിയാണ് മോഡി സര്‍ക്കാര്‍ ഇത് ചെയ്തുകൊണ്ടിരിക്കുന്നത്. രാജ്യത്തിനകത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഒന്നൊന്നായി വിറ്റഴിക്കുന്നതും പോരാഞ്ഞ് കാര്‍ഷികമേഖലയെയും അനുബന്ധ മേഖലയെയും ബഹുരാഷ്ട്ര കുത്തകകള്‍ക്ക് പണയം വയ്ക്കാനുള്ള തത്രപ്പാടിലാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍.
ജനിതകമാറ്റം വരുത്തിയ കാര്‍ഷിക വിളകളുടെ വിത്തുകള്‍ ഉല്‍പാദിപ്പിക്കാനും വിതരണം ചെയ്യാനുമുള്ള അവകാശം അവര്‍ക്ക് നല്‍കിയത് ഈ ലക്ഷ്യത്തോടെയാണ്. ജി എം വിളകളുടെ കടന്നുകയറ്റത്തിനുള്ള ശ്രമം രാജ്യത്ത് ആരംഭിക്കുന്നത് 1966–67 കാലഘട്ടത്തിലാണ്. മെക്‌സിക്കോയില്‍ നിന്നും 18,000 ടണ്‍ ഗോതമ്പ് വിത്തുകള്‍ രാജ്യത്ത് ഇറക്കുമതി ചെയ്തതാണ് ആദ്യത്തെ സംഭവം. അസുരവിളയെന്ന മോഹനവാഗ്ദാനം നല്‍കിയാണ് അന്ന് കര്‍ഷകരെക്കൊണ്ട് ഈ വിത്തുകള്‍ ഉപയോഗിക്കാന്‍ പ്രേരിപ്പിച്ചത്. എന്നാല്‍ നാടന്‍വിളകള്‍ക്ക് ലഭിക്കുന്നതിലും വളരെക്കുറച്ച് വയ്‌ക്കോല്‍ മാത്രം ലഭിക്കുമെന്ന് വന്നതോടെ കര്‍ഷകര്‍ ഇതിനെതിരെ തിരിഞ്ഞു. മാത്രമല്ല ഒരിക്കല്‍ വിത്തുപയോഗിച്ചാല്‍ പിന്നീട് വിളവ് നടക്കണമെങ്കില്‍ പുതിയ വിത്ത് വീണ്ടും വാങ്ങേണ്ടതുണ്ട്. തട്ടിന്‍പുറത്ത് വിത്ത് സൂക്ഷിച്ച് പരമ്പരാഗത രീതിയില്‍ കൃഷി ചെയ്ത് വിളവെടുത്ത് വിവിധങ്ങളായ അനുബന്ധ കാര്‍ഷിക ആവശ്യങ്ങള്‍ നിറവേറ്റിയിരുന്ന കര്‍ഷകര്‍ക്ക് ഇതൊരു വലിയ ആഘാതമായി. പിന്നീട് ഇതേ അനുഭവം ബി ടി പരുത്തിക്കൃഷിയിലും രാജ്യം നേരിട്ടു. ബി ടി പരുത്തിക്കൃഷി ചെയ്ത സ്ഥലങ്ങളില്‍ തീറ്റ തേടിയ കന്നുകാലികള്‍ ചത്തൊടുങ്ങിയതും, കര്‍ഷകര്‍ കടക്കെണിയിലായതും മറക്കാറായിട്ടില്ല. മൊണ്‍സാന്റോ എന്ന അന്താരാഷ്ട്ര ബഹുരാഷ്ട്ര കുത്തകഭീമന്റെ ഇന്ത്യയിലെ ഏജന്റായ മഹിക്കോ കമ്പനിയാണ് പരുത്തിവിത്തിന്റെ മൊത്ത വിതരണക്കാര്‍. ഈ ഇനത്തില്‍ ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ 70,000 കോടി തുക ബഹുരാഷ്ട്ര കമ്പനികള്‍ കൈക്കലാക്കുകയുമുണ്ടായി. പിന്നീട് തക്കാളി കൃഷിയിലും വഴുതനങ്ങകൃഷിയിലും ജനിതക വിത്തുകള്‍ നടപ്പിലാക്കാനുള്ള നീക്കം നടന്നു. രാജ്യത്തെ പ്രമുഖ ഗവേഷണ സ്ഥാപനങ്ങള്‍ക്ക് പണം നല്‍കി ജി എം വിത്തുകളുടെ ഊതിപ്പെരുപ്പിച്ച നേട്ടങ്ങള്‍ പ്രചരിപ്പിക്കാന്‍ കോടികളാണ് ഇവര്‍ ചിലവഴിച്ചത്. ഇതിനായി ഡല്‍ഹി സര്‍വകലാശാലയില്‍ നടത്തിയ ഗവേഷണത്തിന് മൊണ്‍സാന്റോയ്ക്ക് ചെലവായ 33 കോടിയില്‍ 30 കോടിയും മോഡി സര്‍ക്കാര്‍ ഇടപെട്ട് സബ്‌സിഡിയായി തിരിച്ചുനല്‍കി. വിളകളുടെ കൈവശാവകാശം (പേറ്റന്‍സി) പൂര്‍ണമായും കൈക്കലാക്കുക എന്ന ദുഷ്ടലാക്കോടെ പ്രവര്‍ത്തിക്കുന്ന ബഹുരാഷ്ട്രകമ്പനികള്‍ക്ക് ഒത്താശ ചെയ്യുന്ന നയം ബിജെപിയും തുടരുന്നു. ഇപ്പോള്‍ അവര്‍ ലക്ഷ്യം വച്ചിട്ടുള്ളത് കടുക് കര്‍ഷകരെയാണ്. ഹരിയാന, മധ്യപ്രദേശ്, രാജസ്ഥാന്‍ തുടങ്ങി കടുക് ഏറ്റവുമധികം കൃഷി ചെയ്യുന്ന സംസ്ഥാനങ്ങളില്‍ ഭരണത്തിലിരിക്കുന്നത് ബിജെപിയാണെന്നതു കൊണ്ടുതന്നെ മോഡിയുടെ പാത പിന്‍തുടരാന്‍ അവരും സന്നദ്ധരായിട്ടുണ്ട്. എന്നാല്‍ ദുരനുഭവം അറിഞ്ഞ കര്‍ഷകര്‍ കടുക് കൃഷിയില്‍ ജി എം വിത്തുകള്‍ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ്. മണ്ണിന്റെ ജൈവികത എന്നന്നേയ്ക്കുമായി നഷ്ടപ്പെടുമെന്നവര്‍ ഭയക്കുന്നുണ്ട്. പരുത്തിക്കൃഷിയില്‍ സംഭവിച്ചത് ഒരു പാഠമാണെന്ന് കര്‍ഷകര്‍ക്കറിയാം.
എന്നാല്‍ നീതി ആയോഗ് ഒരിക്കലുമില്ലാത്തവിധം കൃഷിയില്‍ കാണിക്കുന്ന താല്‍പര്യം ഉദ്ദേശശുദ്ധിയില്ലാത്തതാണെന്ന് കൃഷിയെ സ്‌നേഹിക്കുന്നവര്‍ തിരിച്ചറിയുന്നുണ്ട്. പാട്ടക്കൃഷിനിയമം നടപ്പിലാക്കാനുള്ള നീതി ആയോഗിന്റെ നീക്കം അത്തരത്തിലൊന്നായിരുന്നു. ഇതിനെതിരെ കേരളം ശക്തമായി നിലപാടെടുക്കുകയുണ്ടായി.
അടുത്തിടെ ഡല്‍ഹിയില്‍ ‘ആഗോള ഭക്ഷ്യ ഇന്ത്യ’ എന്ന പേരില്‍ കേന്ദ്രഭക്ഷ്യ സംസ്‌കരണ മന്ത്രാലയം സംഘടിപ്പിച്ച ചടങ്ങില്‍ കൃഷിക്ക് ഇന്ത്യ ഒരുങ്ങിയെന്നും അതിനായി മുതല്‍ മുടക്കാന്‍ വിദേശ വ്യവസായികളും കോര്‍പ്പറേറ്റുകളും മുന്നോട്ടുവരണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തത് ഈ ലക്ഷ്യം മുന്നില്‍ കണ്ടാണ്. ഏറ്റവുമധികം കൃഷിഭൂമിയുള്ള ലോകത്തെ രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. വിവിധങ്ങളായ 127 കാര്‍ഷിക മേഖലകളും കാര്‍ഷിക വിളകളുമുണ്ട്. എങ്കില്‍പ്പോലും, ഒന്‍പത് കോടിയിലധികം വരുന്ന കര്‍ഷകരുടെ ശരാശരി വരുമാനം കര്‍ഷകത്തൊഴിലാളികളുടെ കൂലിയിലും താഴെയാണെന്നാണ് 70-ാം ദേശീയ സാമ്പിള്‍ സര്‍വ്വേ ഓഫീസ് പുറത്തുവിടുന്ന കണക്ക്. 52 ശതമാനം ജനങ്ങളും കാര്‍ഷിക വൃത്തിയെ ആശ്രയിച്ചു ജീവിക്കുന്നുവെങ്കിലും ഒരു കര്‍ഷക കുടുംബത്തിന്റെ പ്രതിമാസ വരുമാനം 6426 രൂപയാണ്. രാജ്യത്തെ 17 സംസ്ഥാനങ്ങളിലെ കര്‍ഷക കുടുംബ പ്രതിമാസ വരുമാനം ശരാശരി 1666 രൂപ. 1995 മുതല്‍ 16 വരെയുള്ള കാലയളവില്‍ രാജ്യത്ത് ആത്മഹത്യ ചെയ്ത കൃഷിക്കാരുടെ എണ്ണം 3.18 ലക്ഷം.
ഇന്ത്യന്‍ യാഥാര്‍ഥ്യം ഇതായിരിക്കേ ജനിതകമാറ്റം വരുത്തിയ വിത്തുകളുടെ കൈവശാവകാശം പൂര്‍ണമായും ബഹുരാഷ്ട്ര കുത്തകകള്‍ക്ക് തീറെഴുതുക കൂടി ചെയ്താല്‍ രാജ്യത്തെ കാര്‍ഷിക മേഖല തകര്‍ന്നുതരിപ്പണമാകും. ലോകത്തെ 20 വികസിത രാജ്യങ്ങളില്‍ 17ഉം തള്ളിക്കളഞ്ഞ ജി എം വിത്തുകളുടെ കച്ചവട കേന്ദ്രമാക്കി രാജ്യത്തെ മാറ്റി കൊള്ളലാഭം ലക്ഷ്യമിടുന്ന ബഹുരാഷ്ട്രകമ്പനികളെ നിലയ്ക്കുനിര്‍ത്താന്‍ സ്വദേശിവാദികളായ മോഡിക്കും ബിജെപിക്കും കഴിയുമോ? കര്‍ഷകര്‍ ഉന്നയിക്കുന്ന ചോദ്യമതാണ്.