മറ്റൊരു പിന്തിരിപ്പന് തീരുമാനംകൂടി
വിദ്യാഭ്യാസമേഖലയില്‍ പിന്തിരിപ്പന് ആശയങ്ങള്‍ നടപ്പിലാക്കുകയെന്നത് ബിജെപി സര്‍ക്കാര്‍ പതിവാക്കിയിട്ടുണ്ട്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് രാജ്യത്ത് വിവിധ വിഷയങ്ങളില്‍ ഓണ്‍ ലൈന്‍ ബിരുദങ്ങള്‍ക്ക് അംഗീകാരം നല്‍കാനുള്ള തീരുമാനം. യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന് ഇതിനുള്ള നടപടികള്‍ ആരംഭിച്ചതായി കഴിഞ്ഞ ദിവസം കേന്ദ്ര മാനവ വിഭവശേഷി വികസന വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കര്‍ വെളിപ്പെടുത്തുകയുണ്ടായി. സാങ്കേതികേതര വിഷയങ്ങളിലാണ് ഓണ്‍ലൈന്‍ ബിരുദ പഠനത്തിന് അവസരമൊരുക്കുന്നതെന്ന് മന്ത്രി പറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ എന്‍ജിനിയറിങ്, മെഡിക്കല്‍ പോലുള്ള സുപ്രധാന കോഴ്സുകള്‍ക്ക് ഈ പിന്തിരിപ്പന് തീരുമാനം ബാധകമാകില്ലെന്നത് ആശ്വാസകരം തന്നെ.
കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച് രാജ്യത്ത് 40,000 കോളജുകളും 11,669 ഇന്‍സ്റ്റിറ്റ്യൂട്ടുകളും 860ലധികം സര്‍വകലാശാലകളുമാണുള്ളത്. ഇതില്‍ നിന്നെല്ലാമായി മൂന്നരക്കോടിയിലധികം പേര് ഓരോ വര്‍ഷവും പഠിച്ച് പുറത്തിറങ്ങുന്നുണ്ട്. 15 ശതമാനം സര്‍വകലാശാലകള്‍ക്ക് ഇതിനായി അനുമതി നല്‍കാനാണ് നീക്കം. നാഷണല്‍ അസസ്മെന്റ് ആന്‍ഡ് അക്രഡിറ്റേഷന് കൗണ്‍സില്‍ (നാക്) എപ്ലസ് അംഗീകാരം നല്‍കിയിട്ടുള്ള സര്‍വകലാശാലകളെയാണ് ആദ്യഘട്ടത്തില്‍ പരിഗണിക്കുകയെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. ഇപ്പോള്‍ ഇത്തരം അംഗീകാരം ലഭിച്ചിട്ടില്ലാത്തവര്‍ക്ക് രണ്ടുവര്‍ഷം കൊണ്ട് അത് കരസ്ഥമാക്കുന്ന മുറയ്ക്ക് ഓണ്‍ലൈന്‍ ബിരുദം നല്‍കുന്നതിനുള്ള അനുമതി നല്‍കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ആദ്യഘട്ടത്തില്‍ ബിരുദ, ബിരുദാനന്തര തലത്തിലുള്ള കോഴ്സുകള്‍ ആരംഭിക്കാനാണ് അനുമതി നല്‍കുക. ഒരു മാസത്തിനുള്ളില്‍ ഇതിനായി പ്രത്യേക ചട്ടങ്ങള്‍ക്ക് രൂപം നല്‍കും. നിലവില്‍ ചില സ്വകാര്യ സ്ഥാപനങ്ങള്‍ ഓണ്‍ലൈന്‍ ബിരുദങ്ങള്‍ നല്‍കുന്നുണ്ടെങ്കിലും അതിന് യുജിസിയുടെയോ സര്‍ക്കാരിന്റെയോ അംഗീകാരമില്ല.
തൊഴിലെടുക്കുന്നവരെയും മറ്റുവിധത്തില്‍ പഠിക്കാന്‍ സാധിക്കാത്തവരെയും ഉദ്ദേശിച്ചാണ് ഈ സംവിധാനം ആരംഭിക്കുന്നതെന്നാണ് അധികൃതര്‍ വിശദീകരിക്കുന്നത്. മൊബൈല്‍ഫോണുകളും കമ്പ്യൂട്ടറുകളും വ്യാപകമായതിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുവാനാണെന്നും പറയുന്നുണ്ട്. വിദ്യാഭ്യാസത്തിന്റെ കാഴ്ചപ്പാടുകള്‍ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുകൊണ്ട് പരിഷ്കരിക്കുന്നത് നല്ലതാണ്. എന്നാല്‍ ഇപ്പോള്‍ സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്ന തീരുമാനം വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുമെന്ന ആശങ്ക ഉയര്‍ത്തുന്നുണ്ട്.
രാജ്യത്ത് വിദൂരവിദ്യാഭ്യാസമെന്ന പേരില്‍ നടത്തുന്ന കോഴ്സുകളെ ഇത് എങ്ങനെ ബാധിക്കുമെന്നതാണ് പ്രധാന ആശങ്ക. പഠനസാമഗ്രികള്‍ സര്‍വകലാശാലകള്‍ നേരിട്ട് നല്‍കുകയും അനുബന്ധമായി ക്ലാസുകള്‍ നടത്തിയുമുള്ള വിദൂര വിദ്യാഭ്യാസ സംവിധാനത്തെ കുറിച്ചുപോലും പലതരത്തിലുള്ള ആക്ഷേപങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. പ്രധാനമായും അതിന്റെ ഗുണനിലവാരത്തെ കുറിച്ചുതന്നെ. ചില സ്ഥാപനങ്ങളെങ്കിലും വിദൂര വിദ്യാഭ്യാസത്തെ കച്ചവടക്കണ്ണോടെ കാണുകയും അതിന്റെ ഫലമായി ബിരുദങ്ങളുടെയും സാങ്കേതിക യോഗ്യതകളുടെയും ഗുണനിലവാരം കുറയുന്നതായും പരാതികളുമുണ്ട്. ഇഷ്ടംപോലെ സര്‍ട്ടിഫിക്കറ്റുകള്‍ നല്കുന്നവയായി ചില വിദ്യാഭ്യാസ സ്ഥാപനങ്ങളെങ്കിലും മാറിയിട്ടുണ്ടെന്നതും യാതാര്‍ഥ്യമാണ്.
ഈയൊരു പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ കോഴ്സുകള്‍ ആരംഭിക്കുമ്പോള്‍ അതിന്റെ ഗുണനിലവാരം എങ്ങനെ പരിരക്ഷിക്കപ്പെടുമെന്ന ചോദ്യം പ്രസക്തമാണ്. എന്നുമാത്രമല്ല ലോകത്ത് പല രാജ്യങ്ങളിലും നടത്തപ്പെടുന്ന ഓണ്‍ലൈന്‍ കോഴ്സുകള്‍ വിജയകരമായിരുന്നില്ലെന്നും ഗുണനിലവാരം കുറഞ്ഞതാണെന്നുമുള്ള വാര്‍ത്തകളും പുറത്തുവന്നിട്ടുണ്ട്. ചില രാജ്യങ്ങളെങ്കിലും പരാജയമായിരുന്നതിനാല്‍ ഉപേക്ഷിക്കുകയും ചെയ്തിട്ടുണ്ട്. അതോടൊപ്പം തന്നെ പഠിതാവിനെ സംബന്ധിച്ച മൂല്യനിര്‍ണയം എങ്ങനെയാണ് സാധ്യമാവുകയെന്നതും പ്രശ്നമാണ്.
അതുപോലെ ഇത്തരം കോഴ്സുകള്‍ അനുവദിക്കുന്നതിനുള്ള മാനദണ്ഡവും പ്രധാനമാണ്. ഇപ്പോള്‍ തന്നെ വിദ്യാഭ്യാസം കച്ചവടമായി മാറിക്കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ കേന്ദ്ര സര്‍ക്കാരിന്റെ പിന്തിരിപ്പന് തീരുമാനം വിദ്യാഭ്യാസത്തിന്റെ വാണിജ്യവല്‍ക്കരണം പ്രോത്സാഹിപ്പിക്കാനും വിദ്യാഭ്യാസ വ്യാപാരികളെ സഹായിക്കാനും മാത്രമേ ഉപകരിക്കുകയുള്ളൂ.
ആയുര്‍വേദവും ഹോമിയോയും പോലുള്ള കോഴ്സുകള്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് ബ്രിഡ്ജ് കോഴ്സ് പാസായാല്‍ അലോപ്പതി ചികിത്സ നടത്താമെന്ന തീരുമാനം ആഴ്ചകള്‍ക്കു മുമ്പാണ് കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ടത്. ഇത്തരത്തിലുള്ള പിന്തിരിപ്പന് തീരുമാനങ്ങളല്ല സര്‍ക്കാര്‍ സ്വീകരിക്കേണ്ടത്. ഓരോ വര്‍ഷവും മൂന്നരകോടിയോളം പേര് വിവിധ കോഴ്സുകള്‍ പൂര്‍ത്തിയാക്കി പുറത്തിറങ്ങുമ്പോള്‍ അവര്‍ക്ക് തൊഴില്‍ നല്‍കുന്നതിനുള്ള സംവിധാനങ്ങളെ കുറിച്ചാണ് ആലോചിക്കേണ്ടത്.