Thursday
21 Feb 2019

ട്രംപിനെ കാത്തിരിക്കുന്നത് പ്രശ്‌നവലയം

By: Web Desk | Monday 22 January 2018 9:59 PM IST

മേരിക്കയില്‍ ഉണ്ടായ ഭരണ-സാമ്പത്തിക പ്രതിസന്ധി വിരല്‍ചൂണ്ടുന്നത് ആഗോളവല്‍ക്കരണ സാമ്പത്തിക നയങ്ങളുടെ പൊള്ളത്തരത്തിലേക്കാണ്. സമ്പന്നരുടെ പറുദീസയില്‍ എന്തൊക്കെയോ ചീഞ്ഞുനാറുന്നുണ്ടെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഒരു ശതമാനത്തിനെതിരെ 99 ശതമാനം എന്ന മുദ്രാവാക്യം ഉയര്‍ന്നതിന്റെ പശ്ചാത്തലം പരിശോധിക്കുമ്പോള്‍ ഇന്ന് അമേരിക്ക എത്തിച്ചേര്‍ന്നിരിക്കുന്ന പ്രതിസന്ധിയുടെ കാരണം വ്യക്തമാകുന്നുണ്ട്.
ട്രംപ് അധികാരമേറ്റ് ഒരു വര്‍ഷം തികയുന്ന വേളയില്‍ അമേരിക്കയില്‍ വന്‍സാമ്പത്തിക പ്രതിസന്ധിയാണുണ്ടായിരിക്കുന്നത്. ഒരു മാസത്തെ പ്രവര്‍ത്തനത്തിനുള്ള ധനബില്‍ യു എസ് സെനറ്റ് പാസാക്കാന്‍ കൂട്ടാക്കാത്തതിനെ തുടര്‍ന്ന് നിരവധി സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം തടസപ്പെട്ടു, പത്തുലക്ഷത്തിലധികം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം ലഭിച്ചില്ല, ഭരണം സ്തംഭിപ്പിച്ച നടപടി എന്തുകൊണ്ടുണ്ടായി? ഇപ്പോഴുണ്ടായ സാമ്പത്തിക പ്രതിസന്ധികാരണം ആഴ്ചയില്‍ 6,500 കോടി ഡോളറിന്റെ നഷ്ടം സമ്പദ്‌വ്യവസ്ഥയില്‍ ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ധനബില്‍ പാസാക്കുന്നതിനുള്ള അവസാന സമയംവരെയും ട്രംപ് ഭരണകൂടത്തിന് പ്രശ്‌നത്തിന്റെ തീവ്രത മനസിലാക്കാന്‍ കഴിഞ്ഞില്ല എന്നതാണ് ഏറെ വിചിത്രം. പ്രതിപക്ഷ പാര്‍ട്ടിയായ ഡെമോക്രാറ്റുകള്‍ ഉയര്‍ത്തിയ ഭീഷണി സമവായത്തിലെത്തിക്കാന്‍ കഴിയാതെ പോയത് ട്രംപിന്റെ ഭരണപരമായ വന്‍ വീഴ്ചയായാണ് ലോകരാഷ്ട്രങ്ങള്‍ വിലയിരുത്തുന്നത്. ഫെബ്രുവരി 16 വരെയുള്ള സകലധനവിനിയോഗങ്ങളും മരവിപ്പിച്ചിരിക്കുന്നു. നൂറംഗ സെനറ്റില്‍ ബജറ്റ് പാസാക്കുന്നതിന് ആവശ്യമുള്ള അംഗസംഖ്യ ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കില്ല. ധനബില്ലിന് ആവശ്യമായ അറുപത് പേരുടെ പിന്തുണ നേടിയെടുക്കാന്‍ ട്രംപിന് കഴിഞ്ഞതുമില്ല.
ട്രംപ് വിതച്ചത് കൊയ്യുകയാണ്. പ്രതിപക്ഷ ഡെമോക്രാറ്റിക് പാര്‍ട്ടി തങ്ങള്‍ക്ക് ലഭിക്കുന്ന എല്ലാ പഴുതുകളും ട്രംപിനെ ആക്രമിക്കാനുള്ള അവസരമായി കാണുമെന്നതിന്റെ വ്യക്തമായ സൂചനയാണ് ധനബില്‍ പരാജയപ്പെടുത്തിയത് വഴി അവര്‍ നല്‍കിയിരിക്കുന്നത്. ട്രംപിന്റെ വിവാദമായ പല നിലപാടുകള്‍ക്കും ഇനി വരുംകാലം ഈ എതിര്‍പ്പ് ഏറ്റുവാങ്ങേണ്ടിവരും. കുടിയേറ്റ അഭയാര്‍ഥിവിഷയങ്ങളില്‍ മനുഷ്യത്വരഹിതമായും അന്താരാഷ്ട്ര പൊതുബോധത്തിനെതിരായും ട്രംപെടുത്ത നിലപാട് ഇപ്പോഴത്തെ പ്രതിസന്ധിക്ക് ഹേതുവാകുകയുണ്ടായി. രക്ഷിതാക്കള്‍ക്കൊപ്പം ആവശ്യമായ രേഖകളില്ലാതെ അമേരിക്കയില്‍ കുടിയേറിപ്പാര്‍ത്ത ജനവിഭാഗങ്ങള്‍ക്ക് നേരെ ദാക്ഷിണ്യരഹിതമായ കുടിയൊഴിപ്പിക്കലിന് ട്രംപ് നടപടികള്‍ നീക്കിയിരുന്നു. കുട്ടികളായിരിക്കെ രാജ്യത്തെത്തിയ ഇത്തരത്തിലുള്ള എട്ടുലക്ഷം പേരെയാണ് കുടിയിറക്കുന്നത്. കുടിയേറ്റ വിരുദ്ധവംശവെറിയുടെ അംബാസിഡറായ ട്രംപ് ഡ്രീമേഴ്‌സ് എന്നറിയപ്പെടുന്ന ഇവരെ കുടിയിറക്കാനുള്ള ഉറച്ച തീരുമാനമെടുത്തതോടെ അവരെ പിന്തുണയ്ക്കുന്ന ഡെമോക്രാറ്റുകള്‍ ട്രംപുമായി വിലപേശലിന് ഒരുങ്ങിയതിന്റെ ഫലമായാണ് ധനബില്‍ സെനറ്റില്‍ പരാജയപ്പെട്ടത്. ഒബാമ ഭരണകാലത്ത് ഡ്രീമേഴ്‌സിന് രാജ്യത്ത് തുടരാന്‍ നല്‍കിയ അനുമതി റദ്ദാക്കണമെന്ന് ട്രംപ് ശഠിച്ചതോടെ, ധന ബില്ലിനെ പിന്തുണയ്ക്കണമെങ്കില്‍ റദ്ദാക്കല്‍ തീരുമാനം പിന്‍വലിക്കണമെന്ന് ഡെമോക്രാറ്റുകളും ശഠിച്ചു.

അമേരിക്കയില്‍ ഇന്നുണ്ടായിരിക്കുന്ന ധനപ്രതിസന്ധി ട്രംപിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കേറ്റ പ്രഹരം കൂടിയാണ്. സാമ്പത്തിക അടിയന്തരാവസ്ഥയിലേക്ക് രാജ്യത്തെ കൊണ്ടുചെന്നെത്തിച്ച ട്രംപിനെ അതിനേക്കാള്‍ രൂക്ഷമായ പ്രതിസന്ധികളാണ് വരുംനാളുകളില്‍ കാത്തുനില്‍ക്കുന്നത്. ഒബാമ സര്‍ക്കാരിന്റെ കാലത്തുണ്ടായ അടിയന്തരാവസ്ഥയില്‍ എട്ടരലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടമായ ചരിത്രം അമേരിക്കന്‍ ഭരണകൂടം ഓര്‍ക്കുന്നത് നന്ന്. പുതിയ ധനപ്രതിസന്ധി അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് ഏല്‍പിക്കാന്‍ പോകുന്ന ആഘാതങ്ങള്‍ ആ നാടിന്റെ ആഭ്യന്തര മേഖലകളെ കരകേറാനാകാത്ത പ്രതിസന്ധിയിലാക്കുകതന്നെ ചെയ്യും. വൈറ്റ് ഹൗസിലെ ജീവനക്കാര്‍ക്ക് പോലും ശമ്പളമില്ലാതാകുന്ന സ്ഥിതിവിശേഷമാണ് വരാന്‍ പോകുന്നത്. ട്രംപ് അധികാരത്തിലേറിയതിന്റെ വാര്‍ഷികാചരണവേളയില്‍ അമേരിക്കയിലെ 250ല്‍പരം തെരുവുകളില്‍ സ്ത്രീകളുടെ നേതൃത്വത്തില്‍ വന്‍ ട്രംപ്‌വിരുദ്ധ റാലികള്‍ നടന്നത് വിരല്‍ചൂണ്ടുന്നതും ഇതിലേക്കാണ്. ട്രംപിന് കീഴില്‍ അമേരിക്കന്‍ ജനാധിപത്യം കുത്തഴിഞ്ഞതായി ഇവര്‍ ആരോപിച്ചു.

കുടിയേറ്റക്കാരോടും കറുത്തവര്‍ഗക്കാരോടുമുള്ള ട്രംപിന്റെ വംശീയ വിദ്വേഷം ഒന്നുകൊണ്ട് മാത്രം അമേരിക്കയില്‍ ഒരു ധനപ്രതിസന്ധി ഉണ്ടായി എന്നത് ആ നാട്ടിലെ ജനത ട്രംപിന് നല്‍കുന്ന വ്യക്തമായ സന്ദേശം കൂടിയാണ്. ഇപ്പോഴത്തെ ഷട്ട്ഡൗണ്‍ പ്രതിസന്ധിക്ക് കാരണം ഡെമോക്രാറ്റുകളാണെന്ന പഴിചാരി രക്ഷപ്പെടാന്‍ കഴിയുന്നത്ര ലഘുവല്ല ട്രംപ് ചെന്ന് പെട്ടിരിക്കുന്ന പ്രശ്‌നവലയം. അത് അടിസ്ഥാനപരമായി ട്രംപ് തുടരുന്ന സാമ്പത്തിക സാമൂഹ്യ പാരിസ്ഥിതിക നയവൈകല്യങ്ങളുടെ സംഭാവനകൂടിയാണ്.