മഹാരാഷ്ട്ര: അരങ്ങൊരുക്കുന്നത് കുതിരക്കച്ചവടത്തിന്

Web Desk
Posted on November 12, 2019, 11:21 pm

മഹാരാഷ്ട്രയില്‍ ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള രാഷ്ട്രപതിയുടെ വിജ്ഞാപനം എല്ലാ അര്‍ത്ഥത്തിലും ഭരണഘടനയുടെയും ഭരണഘടനാ തത്വങ്ങളുടെയും ജനാധിപത്യ മര്യാദകളുടെയും കശാപ്പിന്റെ ആവര്‍ത്തനമാണ്. ഗവര്‍ണര്‍ എന്ന ചട്ടുകത്തെ ഉപയോഗിച്ച് ജനാധിപത്യത്തെ അരുംകൊല ചെയ്യുന്നത് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഇത് ആദ്യമല്ല. എന്നാല്‍ രണ്ടാം നരേന്ദ്രമോഡി സര്‍ക്കാരിന്റെ വരവോടെ ചരിത്രത്തിന്റെ ഈ ആവര്‍ത്തനം തികഞ്ഞ അസംബന്ധമായി മാറിയിരിക്കുന്നു. മഹാരാഷ്ട്ര, ഹരിയാന അസംബ്ലി തെരഞ്ഞെടുപ്പുകളില്‍ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുമെന്ന അവകാശവാദത്തോടെയാണ് ബിജെപി പ്രചാരണം സംഘടിപ്പിച്ചത്.

ഇരു സംസ്ഥാനങ്ങളിലും അവര്‍ക്ക് കേവലഭൂരിപക്ഷം നേടാനായില്ല. ഹരിയാനയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിലുടനീളം തങ്ങള്‍ നിശിതമായി എതിര്‍ക്കുകയും അവഹേളിക്കുകയും ചെയ്തുപോന്ന ജനനായക് ജനതാ പാര്‍ട്ടി (ജെജെപി)യുടെ പിന്തുണയോടെ അധികാരം കയ്യാളാന്‍ അവര്‍ക്ക് യാതൊരു മനഃസാക്ഷിക്കുത്തും ഉണ്ടായില്ല. അടിമുടി അഴിമതിയില്‍ മുങ്ങിക്കുളിച്ച ചൗത്താല കുടുംബത്തിന്റെ നിയന്ത്രണത്തിലാണ് ജെജെപി എന്നതും അവസരവാദ കൂട്ടുകെട്ടിന് തടസമായില്ല. മഹാരാഷ്ട്രയില്‍ ബിജെപി-ശിവസേന കൂട്ടുകെട്ട് ഒരിക്കലും സന്തുഷ്ട ദാമ്പത്യം ആയിരുന്നില്ല. ആശയഭിന്നതയെക്കാള്‍ ഉപരി അധികാരത്തിന്റെ അപ്പക്കഷ്ണങ്ങള്‍ക്കു വേണ്ടിയുള്ള കടിപിടി ആയിരുന്നു അത്. ഈ തെരഞ്ഞെടുപ്പിലും അവസരവാദ കൂട്ടുകെട്ട് തുടരാന്‍ അവരെ നിര്‍ബന്ധിതമാക്കിയത് അധികാരദുര മാത്രമാണ്. ഒറ്റക്ക് ഭൂരിപക്ഷം നേടാനാവുമെന്ന കണക്കുകൂട്ടലിലായിരുന്നു ബിജെപി.

ഹരിയാനയിലെന്ന പോലെ മഹാരാഷ്ട്രയിലും ജനങ്ങള്‍ ബിജെപിയെ കെെവിടുകയാണ് ഉണ്ടായത്. അധികാരം പങ്കിടുന്നതിലുള്ള തര്‍ക്കം ബിജെപി-ശിവസേന ബന്ധത്തിന് അന്ത്യം കുറിച്ചു. കര്‍ണാടകയിലും അതിന് മുമ്പ് മറ്റ് പല സംസ്ഥാനങ്ങളിലും പയറ്റിയ കാലുമാറ്റ, കുതിരക്കച്ചവട പരിപാടികള്‍ വിജയിപ്പിക്കാന്‍ മഹാരാഷ്ട്രയില്‍ ആയില്ല. കെെവിട്ടുപോയ ഭരണം ഏത് നീചമാര്‍ഗവും ഉപയോഗിച്ച് തിരിച്ചുപിടിക്കാനുള്ള ബിജെപിയുടെ കുത്സിത നീക്കങ്ങളുടെ ഭാഗമായാണ് ഗവര്‍ണര്‍ ഭരണം എന്ന രാഷ്ട്രീയ നാടകം. ഗവര്‍ണര്‍ പദവി എന്നത് കേന്ദ്ര സര്‍ക്കാരിന്റെ വിടുപണിയാണെന്ന് മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത്‌സിങ് കോശിയാരി ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുന്നു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനുശേഷം ഗവണ്‍മെന്റ് രൂപീകരണത്തിന് ആവശ്യമായ എല്ലാ വൃത്തികെട്ട പണികള്‍ക്കും കോശിയാരി ബിജെപിക്ക് രണ്ടാഴ്ചയിലധികം സമയം നല്‍കി.

ആവശ്യമായ പിന്തുണ ആര്‍ജിക്കാന്‍ ഒരുതരത്തിലും കഴിയില്ലെന്നു വന്നപ്പോഴാണ് ദേവേന്ദ്ര ഫഡ്‌നാവിസ് ആ യത്നത്തില്‍ നിന്നും പിന്‍മാറിയത്. തുടര്‍ന്ന് രണ്ടാമത്തെ വലിയ മുന്നണിയെ അവഗണിച്ച് ശിവസേനക്ക് സര്‍ക്കാര്‍ രൂപീകരണത്തിന് അവസരം നല്‍കുകയായിരുന്നു. ആവശ്യപ്പെട്ട സാവകാശം നല്‍കാതെ ശിവസേനയെ തള്ളി എന്‍സിപിയെ ഗവര്‍ണര്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ക്ഷണിച്ചു. എന്നാല്‍ അവര്‍ക്ക് നല്‍കിയ സമയപരിധി പോലും മാനിക്കാതെ നാടകീയമായി കോശിയാരി രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ നല്‍കി. ഇന്നലെ ഉച്ചതിരിഞ്ഞ് ഗവര്‍ണറുടെ ശുപാര്‍ശയെപ്പറ്റി വാര്‍ത്ത വന്നപ്പോള്‍ അത് നിഷേധിച്ച കോശിയാരിയുടെ നടപടി രാഷ്ട്രീയ ഗൂഢാലോചനയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും ഉള്‍പ്പെട്ട ഒരു കൂട്ടുകക്ഷി ഗവണ്‍മെന്റെന്നത് എല്ലാ രാഷ്ട്രീയ തത്വാധിഷ്ഠിത നിലപാടുകളുടെയും നിഷേധമാണ്.

അത്തരമൊരു നീക്കത്തില്‍ കോണ്‍ഗ്രസ്, എന്‍സിപി സാമാജികര്‍ക്കിടയിലും ഇരു പാര്‍ട്ടികളുടെയും നേതൃത്വത്തിലും ഭിന്നതയുണ്ടെന്ന വസ്തുത അനിഷേധ്യമാണ്. എന്നാല്‍ അത് ഒരു കാരണവശാലും ഗവര്‍ണറുടെ നടപടിക്കുള്ള ന്യായീകരണം ആവുന്നില്ല. ഗവര്‍ണറുടെയും കേന്ദ്ര സര്‍ക്കാരിന്റെയും നടപടി ഭരണഘടനാ തത്വങ്ങള്‍ക്കും സമാനമായ അവസ്ഥയില്‍ ഗവര്‍ണര്‍ എങ്ങനെ പെരുമാറണമെന്ന എസ് ആര്‍ ബൊമ്മെെ കേസില്‍ 1994ലെ സുപ്രിംകോടതി വിധിക്കും നിരക്കുന്നതല്ല. ആറ് മാസത്തേക്കാണ് മഹാരാഷ്ട്രയില്‍ ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന അസംബ്ലിയെ മരവിപ്പിച്ച് നിലനിര്‍ത്തിക്കൊണ്ടായിരിക്കും ഗവര്‍ണര്‍ ഭരണം. കാലുമാറ്റത്തിനും രാഷ്ട്രീയ കുതിരക്കച്ചവടത്തിനും അരങ്ങൊരുക്കിക്കൊണ്ടാണ് ഗവര്‍ണര്‍ ഭരണം പ്രഖ്യാപിച്ചിരിക്കുന്നത്. മതിയായ ജനപിന്തുണയും പ്രാതിനിധ്യവും നിഷേധിക്കപ്പെട്ടപ്പോഴൊക്കെ എത്ര നിന്ദ്യവും നീചവുമായ രാഷ്ട്രീയ നാടകങ്ങള്‍ക്ക് മടിയില്ലാത്തവരാണ് തങ്ങളെന്ന് മോഡി-ഷാ കൂട്ടുകെട്ടിന്റെ നേതൃത്വത്തില്‍ ബിജെപി ആവര്‍ത്തിച്ച് തെളിയിച്ചിട്ടുണ്ട്. അത്തരം അസംബന്ധ രാഷ്ട്രീയ നാടകത്തിനാണ് മഹാരാഷ്ട്രയില്‍ അരങ്ങൊരുങ്ങിയിരിക്കുന്നത്.