Monday
18 Feb 2019

വിവരാവകാശനിയമവും പ്രധാനമന്ത്രിയുടെ ഓഫീസും

By: Web Desk | Monday 29 January 2018 10:16 PM IST

ധികാരത്തിലേറിയ നാള്‍ മുതല്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു പദമാണ് സുതാര്യതയെന്നത്. അഴിമതിക്കെതിരായ പോരാട്ടവും ഭരണത്തിലെ സുതാര്യതയുമാണ് തന്റെ ലക്ഷ്യമെന്ന് കഴിഞ്ഞ ദിവസം പോലും അദ്ദേഹം പ്രഖ്യാപിക്കുകയുണ്ടായി. എന്നാല്‍ പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട പല വിവരങ്ങളും പ്രധാനമന്ത്രിയുടെ ഓഫീസ് രഹസ്യമാക്കിവയ്ക്കുന്ന പതിവ് മൂന്നര വര്‍ഷത്തിലധികമായി തുടരുകയാണ്. മോഡിയുടെ ഓഫീസില്‍ നിന്ന് വിവരങ്ങള്‍ നല്‍കാതിരിക്കുന്നത് അവിടെയുള്ള ജീവനക്കാരുടെ സ്വന്തം ഇഷ്ടപ്രകാരമാണ് എന്നു കരുതുക വയ്യ. ഇക്കാര്യം പല തവണ മുഖ്യവിവരാവകാശ കമ്മിഷന്റെ പരിഗണനയ്ക്ക് എത്തുകയും അവിടെനിന്ന് വിവരങ്ങള്‍ നല്‍കണമെന്ന നിര്‍ദ്ദേശമുണ്ടാകുകയും ചെയ്തുവെങ്കിലും സുരക്ഷ എന്ന കാരണം പറഞ്ഞ് അപേക്ഷകള്‍ നിരസിക്കുന്ന പതിവ് തുടരുകയായിരുന്നു.

ഭരണത്തിലെ സുതാര്യതയുടെ ഏറ്റവും പ്രകടമായ തെളിവാണ് വിവരാവകാശ നിയമപ്രകാരമുള്ള വിവരങ്ങള്‍ നല്‍കുകയെന്നത്. ഇടതുപക്ഷം കൂടി പിന്തുണ നല്‍കിയിരുന്ന ഒന്നാം യുപിഎ ഭരണകാലത്താണ് വിവരാവകാശ നിയമമെന്ന സുപ്രധാന നിയമനിര്‍മാണമുണ്ടായത്. ഔദ്യോഗിക രഹസ്യ നിയമം പോലുള്ള നിയമങ്ങളുടെ പിന്‍ബലത്തില്‍ പൊതുജനങ്ങളില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നും എല്ലാ വിവരങ്ങളും മറച്ചുപിടിക്കുന്ന ഭരണരീതിക്ക് തിരിച്ചടിയായിരുന്നു പ്രസ്തുത നിയമനിര്‍മാണമെന്ന കാര്യത്തില്‍ സംശയമില്ല. ഭരണ ഇടനാഴികളിലെ അഴിമതിക്കഥകളും അധികാരികളുടെയും ഉദ്യോഗസ്ഥരുടെയും വഴിവിട്ട ഇടപാടുകളും പുറത്തുകൊണ്ടുവരുന്നതിന് ആ നിയമം വളരെയധികം സഹായിക്കുന്നുണ്ട്. വളരെ സുപ്രധാനമായ രാജ്യ സുരക്ഷാ പ്രശ്‌നങ്ങളും മറ്റുമൊഴികെയുള്ള എല്ലാ വിവരങ്ങളും അപേക്ഷ നല്‍കുന്ന വ്യക്തി ആരായിരുന്നാലും നല്‍കണമെന്ന വ്യവസ്ഥ നിരവധി പൊതുപ്രവര്‍ത്തകര്‍ ഉപയോഗിക്കുന്ന സാഹചര്യമുണ്ടായി. പല കാരണങ്ങളാല്‍ ഇതിന് തുരങ്കം വയ്ക്കുന്ന പ്രവണത പല കോണുകളില്‍ നിന്നുമുണ്ടായെങ്കിലും ഒരു പരിധിവരെ വിപ്ലവകരമായിരുന്നു ആ നിയമം.
എന്നും സുതാര്യതയെ കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോഡി ഏറ്റവുമധികം ബഹുമാനിക്കേണ്ടിയിരുന്ന നിയമമാണ് അതെങ്കിലും പല കാരണങ്ങള്‍ പറഞ്ഞ് അത് ലംഘിക്കുകയെന്ന പ്രവണതയാണ് സ്വീകരിച്ചുപോന്നത്. എന്നാല്‍ ഏറ്റവുമധികം ഈ നിയമത്തെ നിരാകരിക്കുന്ന സമീപനം സ്വീകരിച്ചത് അദ്ദേഹത്തിന്റെ ഓഫീസായിരുന്നു. ഏത് വിവരങ്ങള്‍ അന്വേഷിച്ചാലും സുരക്ഷ എന്ന കാരണം പറഞ്ഞ് വിവരങ്ങള്‍ നല്‍കാതിരിക്കുകയായിരുന്നു.

അതിനിടയിലാണ് കഴിഞ്ഞ ദിവസം മുഖ്യവിവരാവകാശ കമ്മിഷണര്‍ ആര്‍ കെ മാഥൂറില്‍ നിന്ന് വിവരങ്ങള്‍ നല്‍കണമെന്ന ഉത്തരവുണ്ടായിരിക്കുന്നത്. വിദേശപര്യടനങ്ങളില്‍ പ്രധാനമന്ത്രിക്കൊപ്പം പോകുന്നവരുടെ വിവരങ്ങള്‍ വെളിപ്പെടുത്തണമെന്നാണ് നിര്‍ദേശം.
പ്രധാനമന്ത്രിയുടെ വിദേശ യാത്രയില്‍ സുരക്ഷയൊരുക്കണമെന്നത് സത്യം തന്നെയാണ്. എന്നാല്‍ പ്രധാനമന്ത്രിയുടെ വിദേശയാത്രകള്‍ സംബന്ധിച്ച പല വിവരങ്ങളും പ്രസിദ്ധീകൃതമാണ്. ഇപ്പോള്‍ തന്നെ മോഡി പലസ്തീനിലേയ്ക്ക് യാത്ര പോകുന്നുവെന്ന വിവരം പുറത്തുവന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ യാത്ര സംബന്ധിച്ച പല കാര്യങ്ങളും പരസ്യവുമാണ്. അവ പ്രധാനമന്ത്രിയുടെ ഓഫീസിന് മറച്ചുപിടിക്കാന്‍ കഴിയുന്നതുമല്ല. യാത്രാസംഘം, അവരുടെ പരിപാടികള്‍ എന്നിവയെല്ലാം വിദേശ മന്ത്രാലയമുള്‍പ്പെടെയുള്ള കേന്ദ്രങ്ങളെ മുന്‍കൂട്ടി അറിയിക്കേണ്ടതുണ്ട്. യാത്രാവിവരങ്ങള്‍ അതാത് രാജ്യങ്ങളെയും അറിയിക്കേണ്ടതുണ്ട്. പ്രധാനമന്ത്രിയുടെ കൂടെ പോകുന്ന ബിസിനസുകാര്‍, കൂടിക്കാഴ്ചകള്‍, പങ്കെടുത്ത ചടങ്ങുകള്‍ എന്നിവയെല്ലാം അതാത് രാജ്യങ്ങളിലെ മാധ്യമങ്ങള്‍ക്കുപോലും ലഭ്യമാകുന്ന കാര്യങ്ങളാണ്. എന്നാല്‍ അവയെല്ലാം സാധാരണക്കാരന്‍ അറിയണമെന്നില്ല. അതുകൊണ്ട് അവ സംബന്ധിച്ച് അറിയണമെങ്കില്‍ പൗരന്മാര്‍ക്ക് വിവരാവകാശ നിയമത്തെ ആശ്രിയക്കുകയേ മാര്‍ഗമുള്ളൂ.
പക്ഷേ ഇന്ത്യന്‍ പൗരന്‍ അത് ആവശ്യപ്പെടുമ്പോള്‍ നിരാകരിക്കുന്നത് ഏത് സുതാര്യതയുടെ പേരിലാണെന്ന് വ്യക്തമാകുന്നില്ല. ദേശസുരക്ഷയുടെ പേരില്‍ വിവരങ്ങള്‍ പുറത്തുവിടാനാവില്ലെന്ന പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഈ നിലപാടാണ് മുഖ്യവിവരാവകാശ കമ്മിഷന്‍ തള്ളിക്കളഞ്ഞിരിക്കുന്നത്. പ്രധാനമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരുടെയും അതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുടെയും വിവരങ്ങള്‍ പുറത്തുവിടുന്നത് കമ്മിഷന്‍ ഒഴിവാക്കി നല്‍കിയിട്ടുണ്ട്.

എല്ലാം പരസ്യമായി നടക്കുന്ന ഇക്കാലത്ത് തന്റെ ഓഫീസിന്റെ കാര്യങ്ങള്‍ മാത്രം രഹസ്യമാക്കിവയ്ക്കണമെന്ന ശാഠ്യം ദുരൂഹമാണ്. അത് സുതാര്യതയെ കുറിച്ച് ആണയിടുന്നൊരു ഭരണാധികാരിക്ക് യോജിച്ചതല്ല. അതുകൊണ്ടുതന്നെ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ മറ്റൊരു കപട നിലപാട് കൂടി വിവരാവകാശ കമ്മിഷണറുടെ ഈ ഉത്തരവിലൂടെ പൊളിയുകയാണ്.