Thursday
21 Feb 2019

സാമൂഹ്യ ക്ഷേമത്തിലൂന്നിയ ബദലുമായി കേരളത്തിന്റെ ബജറ്റ്

By: Web Desk | Friday 2 February 2018 10:42 PM IST

സമീപകാല കേരള ചരിത്രത്തിലെ ഏറ്റവും കനത്ത പ്രകൃതിദുരന്തമായിരുന്നു ഓഖി ചുഴലിക്കാറ്റ്. രാഷ്ട്രത്തിന്റെയും സംസ്ഥാനത്തിന്റെയും സമ്പദ്ഘടനകളെയും ജനജീവിതത്തെയും പിടിച്ചുലച്ച മനുഷ്യനിര്‍മിത ദുരന്തങ്ങളായിരുന്നു നോട്ട് അസാധൂകരണവും ചരക്ക് സേവന നികുതിയുടെ അനവധാനതയോടെയുള്ള നടപ്പാക്കലും. ആ പ്രാതികൂല്യങ്ങളുടെ നടവിലും കേരളത്തിന് പ്രതീക്ഷയും ജനങ്ങള്‍ക്ക് പ്രത്യാശയും പകര്‍ന്നുനല്‍കുന്നതായി എല്‍ഡിഎഫ് സര്‍ക്കാരിനുവേണ്ടി ധനമന്ത്രി ഡോ. തോമസ് ഐസക് ഇന്നലെ അവതരിപ്പിച്ച സംസ്ഥാന ബജറ്റ്. ഈ ബജറ്റ് വ്യക്തതയാര്‍ന്ന കാഴ്ചപ്പാടിലൂടെ കേരളത്തിന് ഉറപ്പുനല്‍കുന്നത് രാജ്യത്തെ മറ്റൊരു സംസ്ഥാനവും സ്വന്തം ജനതയ്ക്ക് നാളിതുവരെ വാഗ്ദാനംചെയ്യാത്ത, സമാനതകളില്ലാത്ത, സമ്പൂര്‍ണ സാമൂഹ്യ സുരക്ഷയാണ്. എല്ലാവര്‍ക്കും വീട്, നല്ല ഭക്ഷണം, മെച്ചപ്പെട്ട വിദ്യാഭ്യാസം, ജീവിതശൈലീ രോഗങ്ങള്‍ക്കടക്കം സൗജന്യ ചികിത്സ, സാമൂഹ്യപെന്‍ഷന്‍ എന്നിവയാണ് ഈ പദ്ധതിയുടെ സുപ്രധാന ഘടകങ്ങള്‍. കര്‍ശനമായ സാമ്പത്തിക അച്ചടക്കം പാലിച്ചുകൊണ്ടെ സംസ്ഥാനത്തിന് ബജറ്റ് ലക്ഷ്യങ്ങള്‍ കൈവരിക്കാനാവൂ. ധനക്കമ്മി മൂന്നു ശതമാനമായി ഒതുക്കിനിര്‍ത്തും. 2018-19 ല്‍ ധനക്കമ്മി 3.1 ശതമാനം മാത്രമായിരിക്കും. കഴിഞ്ഞ വര്‍ഷങ്ങളില്‍ ധനക്കമ്മി ക്രമാനുഗതമായി കുറച്ചുകൊണ്ടുവരുന്നതില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ധനകാര്യ മാനേജ്‌മെന്റ് വിജയിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. സമാനമായ രീതിയില്‍ വരുംസാമ്പത്തിക വര്‍ഷത്തില്‍ റവന്യു കമ്മി 1.6 ശതമാനമായിരിക്കുമെന്നും ബജറ്റ് സൂചന നല്‍കുന്നു. കടുത്ത സാമ്പത്തിക അച്ചടക്കത്തെപ്പറ്റി സംസ്ഥാനങ്ങളെ നിരന്തരം താക്കീതു ചെയ്യുന്ന കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കാഴ്ചവയ്ക്കുന്ന പരാജയത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിന്റെ മാതൃക പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു. കേരളം ഏര്‍പ്പെട്ടിട്ടുളള സാമ്പത്തിക പരീക്ഷണങ്ങളില്‍ നിര്‍ണായകമാണ് കിഫ്ബിയുടെ വിജയം. സംസ്ഥാനത്തിന്റെ മൂലധന നിക്ഷേപ കുതിപ്പിനു ഉതകുന്ന കിഫ്ബി വഴിയുള്ള പരീക്ഷണം വിജയിച്ചേ മതിയാവൂ. അതിനും ബജറ്റിലെ സാമ്പത്തിക അച്ചടക്കം അനിവാര്യമാണ്.
ഗുണമേന്മയുള്ള ആളോഹരി ഭക്ഷണ ഉപഭോഗത്തിന്റെ കാര്യത്തില്‍ രാജ്യത്തിന്റെ മുന്‍നിരയിലാണ് കേരളം. രാജ്യവ്യാപകമായ ഭക്ഷ്യസുരക്ഷാ നയത്തിന്റെ പശ്ചാത്തലത്തില്‍ അത് കാര്യക്ഷമായി നടപ്പാക്കാന്‍ നാം ബാധ്യസ്ഥമാണ്. ഭക്ഷ്യസുരക്ഷാ പദ്ധതിക്കായുള്ള മുന്‍ഗണനാ പട്ടിക അന്തിമമായി തയാറാവുമ്പോള്‍ ആറ് ലക്ഷത്തോളം അനര്‍ഹരെങ്കിലും ആ പട്ടികയില്‍ നിന്ന് പുറത്താവും. അത് അര്‍ഹരായവര്‍ക്ക് കൂടുതല്‍ ഭക്ഷ്യവിഹിതം ഉറപ്പുവരുത്തും. ഭക്ഷ്യ സബ്‌സിഡിക്കായി വകയിരുത്തിയിട്ടുള്ള 954 കോടി രൂപയും സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍, കണ്‍സ്യൂമര്‍ ഫെഡ് എന്നിവയ്ക്കായി നീക്കിവച്ചിട്ടുള്ള 250 കോടി രൂപയും വിലക്കയറ്റം നിയന്ത്രിച്ചു നിര്‍ത്തുന്നതില്‍ നിര്‍ണായകമാവും. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ലൈഫ് പാര്‍പ്പിട പദ്ധതിക്കായി വകയിരുത്തിയിരിക്കുന്ന 2,500 കോടി രൂപ സമ്പൂര്‍ണ പാര്‍പ്പിടമെന്ന ലക്ഷ്യത്തിലേക്കുള്ള സുപ്രധാന കാല്‍വെയ്പാകും. ആര്‍ദ്രം ദൗത്യത്തില്‍ ഉള്‍പ്പെടുത്തി ബജറ്റ് വിഭാവനം ചെയ്യുന്ന സമഗ്ര ആരോഗ്യസുരക്ഷാ പദ്ധതികള്‍ ആരോഗ്യപരിരക്ഷ, ചികിത്സാരംഗങ്ങളില്‍ ഗണ്യമായ നേട്ടങ്ങള്‍ക്ക് വഴിതെളിക്കും. പ്രതിശീര്‍ഷ ആയുര്‍ദൈര്‍ഘ്യത്തില്‍ വികസിത രാജ്യങ്ങള്‍ക്ക് ഒപ്പമെത്തിനില്‍ക്കുന്ന കേരളം ജീവിതശൈലീരോഗങ്ങള്‍, കാന്‍സര്‍, ഹൃദ്‌രോഗം, പക്ഷാഘാതം തുടങ്ങിയ രംഗങ്ങൡ കനത്ത വെല്ലുവിളിയാണ് നേരിടുന്നത്. അവയ്ക്ക് പരിഹാരം കാണാനുള്ള നിരവധി നിര്‍ദേശങ്ങളും പദ്ധതികളും ബജറ്റ് വിഭാവനം ചെയ്യുന്നു. വിദ്യാഭ്യാസ രംഗത്ത് ഡിജിറ്റലൈസേഷന്‍ നടപ്പാക്കുന്നതില്‍, പ്രത്യേകിച്ചും പൊതുവിദ്യാഭ്യാസ രംഗത്ത്, ശ്രദ്ധേയമായ നേട്ടം കൈവരിക്കാന്‍ നമുക്കായിട്ടുണ്ട്. അത് വര്‍ധിത വീര്യത്തോടെ മുന്നോട്ടുകൊണ്ടുപോകാനുള്ള പദ്ധതികള്‍ക്കും ബജറ്റ് ശ്രദ്ധപതിപ്പിക്കുന്നുണ്ട്.
നെല്ല്, പച്ചക്കറികള്‍, പാല്‍, മുട്ട, മാംസം തുടങ്ങിയ ഭക്ഷ്യവസ്തുകക്കളുടെ ഉല്‍പാദനം ഗണ്യമായി ഉയര്‍ത്താന്‍ പര്യാപ്തമായ നിരവധി പ്രായോഗിക പദ്ധതികള്‍ക്കും ബജറ്റ് പ്രത്യേക ഊന്നല്‍ നല്‍കുന്നു. ഭിന്നശേഷിക്കാര്‍, സ്ത്രീകള്‍, ട്രാന്‍സ്ജന്‍ഡര്‍ തുടങ്ങി സമൂഹത്തില്‍ വിവേചനം നേരിടുന്ന ജനവിഭാഗങ്ങള്‍ക്ക് ബജറ്റ് പ്രത്യേക പരിഗണന ഉറപ്പുനല്‍കുന്നു. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍, പിന്നാക്ക സമൂദായങ്ങള്‍, ന്യൂനപക്ഷങ്ങള്‍ എന്നിവരുടെ ക്ഷേമത്തിന് ഉതകുന്ന പദ്ധതികളും അതിനാവശ്യമായ വിഹിതവും ബജറ്റ് വിഭാവനം ചെയ്യുന്നുണ്ട്. കൈത്തറി, കയര്‍, കശുഅണ്ടി തുടങ്ങിയ പരമ്പരാഗത തൊഴില്‍ മേഖലകളുടെയും അവയില്‍ പണിയെടുക്കുന്ന പതിനായിരക്കണക്കിന് തൊഴിലാളികളുടെയും പ്രശ്‌നങ്ങളോട് എല്‍ഡിഎഫ് സര്‍ക്കാരിനുള്ള പ്രതിബദ്ധത ബജറ്റില്‍ പ്രകടമാണ്. ആ മേഖലകളുടെ ആധുനീകരണവും സുസ്ഥിര നിലനില്‍പുമാണ് ബജറ്റ് ഉറപ്പുനല്‍കുന്നത്. ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലായ കെഎസ്ആര്‍ടിസിയുടെ പുരുദ്ധാരണവും അതിലെ പെന്‍ഷന്‍കാരുടെ ദൈന്യതയ്ക്കും ക്രിയാത്മകമായ പരിഹാര നിര്‍ദേശങ്ങളാണ് ബജറ്റ് നിര്‍ദേശിക്കുന്നത്. കെഎസ്ആര്‍ടിസിയെ സ്വയം പര്യാപ്തമാക്കി നിലനില്‍ക്കാന്‍ പ്രാപ്തമാക്കുന്നതാണ് അവ. ഓഖി ദുരന്ത ബാധിതരുടെ പുനരധിവാസങ്ങളടക്കം തീരദേശത്തിന് ആശ്വാസകരമായ നിര്‍ദേശങ്ങള്‍ ഇതിനകം സ്വാഗതം ചെയ്യപ്പെട്ടിട്ടുണ്ട്.
ഉദാരീകരണത്തിന്റെയും ആഗോളീകരണത്തിന്റെയും സാമ്പത്തിക ശാസ്ത്രത്തിനും രാഷ്ട്രീയ കാഴ്ചപ്പാടിനും ശക്തവും പ്രായോഗികവുമായ ബദലാണ് ഇടതുപക്ഷത്തിന്റെ ലക്ഷ്യം. അത്തരം ഒരു ബദലിന് കേരളത്തിന് നേതൃത്വംനല്‍കാനാവുമെന്ന ആത്മവിശ്വാസവും പ്രായോഗിക കാഴ്ചപ്പാടുമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഈ ബജറ്റിലൂടെ രാജ്യത്തിന് മുന്നില്‍ വെയ്ക്കുന്നത്.