Friday
22 Feb 2019

തമീമി മാനവികതയുടെ എക്കാലത്തേയും പ്രതീകം

By: Web Desk | Wednesday 14 February 2018 9:55 PM IST

നിരായുധയായ പെണ്‍കുട്ടി എങ്ങനെയാണ് സായുധരായ പട്ടാളക്കാരെ അപായപ്പെടുത്തുക എന്ന ചോദ്യം ഉന്നയിച്ച് ആംനസ്റ്റി ഇന്റര്‍നാഷണല്‍ രംഗത്തെത്തി. മാത്രമല്ല കൊടുംകുറ്റവാളി എന്ന പോലെ കൈകാലുകളില്‍ വിലങ്ങ് വച്ച നിലയിലാണ് തമീമിയെ വിചാരണക്കോടതിയില്‍ സൈന്യം ഹാജരാക്കിയത്

ധിനിവേശത്തിന്റെ രാഷ്ട്രീയം ഒരു രാജ്യത്തെ ജനങ്ങളെ എങ്ങനെയാണ് ഇല്ലാതാക്കുന്നതെന്നതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് പലസ്തീന്‍ പ്രശ്‌നം. പിറന്ന മണ്ണിന്റെ അവകാശികളാകാന്‍ പലസ്തീന്‍ ജനത നടത്തുന്ന പോരാട്ടത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇസ്രയേല്‍ അധിനിവേശ സേന ആ കൊച്ചുമുനമ്പ് ദേശത്തിനോട് കാട്ടുന്ന ക്രൂരതകളും അതിക്രമങ്ങളും ലോകരാഷ്ട്രങ്ങളില്‍ വന്‍ പ്രതിഷേധത്തിനിടയാക്കുന്നുണ്ട്. മാരകബോംബുകള്‍ സിവിലിയന്‍ കേന്ദ്രങ്ങളില്‍ പോലും വര്‍ഷിച്ച് കൂട്ടക്കുരുതി നടത്തിയാണ് ഇസ്രയേല്‍ ഭരണകൂടം അര്‍മാദിക്കുന്നത്. യുഎന്‍ നിര്‍ദേശങ്ങള്‍ തന്നെ കാറ്റില്‍പറത്തി നടക്കുന്ന ഈ മനുഷ്യത്വരഹിതമായ പ്രവൃത്തിക്ക് പിഞ്ചുകുഞ്ഞുങ്ങള്‍ പോലും ഇരയാവുന്നു. ഇസ്രയേലിന്റെ മിലിട്ടറി ജയിലില്‍ മുന്നൂറില്‍പരം കുട്ടികള്‍ ഇത്തരത്തില്‍ തടവുകാരായി കഴിയുന്നുണ്ട്. അവരെന്ത് കുറ്റം ചെയ്തു എന്ന ചോദ്യം അന്താരാഷ്ട്രസമൂഹം നിരന്തരം ഉന്നയിക്കുന്നുണ്ട്. ഇന്ന് ലോകശ്രദ്ധ നേടിയ പതിനാറ് വയസുകാരിയായ അഹദ് തമീമി നിഷ്‌കളങ്കരായ ഈ കുട്ടികളുടെ പ്രതിനിധിയായിരിക്കുന്നു. തന്റെ ബന്ധുവായ പതിനഞ്ചു വയസുകാരന്റെ തലയ്ക്ക് നേരെ വെടിയുതിര്‍ത്ത ഇസ്രയേലി പട്ടാളക്കാരെ ധീരമായി നേരിട്ടതിനാണ് അവര്‍ തമീമിയെ അറസ്റ്റ് ചെയ്ത് തുറുങ്കിലടച്ചിരിക്കുന്നത്. നിരായുധയായ തമീമി മുറിവേറ്റ ബാലന്റെ പിടച്ചില്‍ കണ്ട് ദുഃഖം സഹിക്കാനാകാതെ സായുധരായ പട്ടാളക്കാരെ പിടിച്ചുതള്ളാന്‍ ശ്രമിക്കുന്ന വീഡിയോ ചിത്രം വൈറലായതോടെയാണ് പട്ടാളക്കാരുടെ ക്രൂരത ലോകത്തിന് മുമ്പില്‍ വെളിവാക്കപ്പെട്ടത്. തമീമിക്കെതിരെ പന്ത്രണ്ടോളം കുറ്റകൃത്യങ്ങളാണ് പട്ടാളക്കോടതി ആരോപിച്ചിരിക്കുന്നത്. 2017 ഡിസംബറില്‍ ജയിലിലടയ്ക്കപ്പെട്ട തമീമിയുടെ വിചാരണ നാടകം അടച്ചിട്ട കോടതിയില്‍ ആരംഭിച്ചു. എന്നാല്‍ മാധ്യമങ്ങളുടെ സാന്നിധ്യം പോലും അനുവദിക്കാതെ പട്ടാളക്കോടതിയില്‍ നടക്കുന്ന വിചാരണയ്‌ക്കെതിരെ അന്താരാഷ്ട്രതലത്തില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞു. ഇതുതന്നെ ലോകത്ത് നിലവിലുള്ള ജുവനൈല്‍ ജസ്റ്റിസ് നിയമങ്ങള്‍ക്ക് എതിരാണ്. പട്ടാള വെടിവയ്പില്‍ പരിക്കേറ്റ് നിലവിളിക്കുന്ന ബാലനുവേണ്ടി തമീമി തന്നെപോലും മറന്ന് പ്രതിരോധിച്ചത് മനുഷ്യത്വ പ്രവര്‍ത്തനങ്ങളിലെ ഏറ്റവും ഉദാത്തമായ ഒരു കര്‍മമാണെന്ന മാനവികബോധം പോലും നശിച്ചവരായി ഇസ്രയേല്‍ സേന മാറിയതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. ഒരു രാജ്യത്തെ ജനങ്ങളുടെ പൗരാവകാശങ്ങള്‍ തട്ടിപ്പറിക്കാനും അവരെ കീഴ്‌പെടുത്താനും ഇസ്രയേല്‍ ഭരണകൂടം നടത്തുന്ന ഹീനനടപടികളുടെ ഭാഗമാണ് കുട്ടികള്‍ക്ക് നേരെയുള്ള വെടിവയ്പും അറസ്റ്റും.

പലസ്തീന്‍ ജനതയ്ക്ക് അവരുടെ ഭൂമി വിട്ടുനല്‍കി അനുരഞ്ജനത്തിന് ഇസ്രയേല്‍ ഒരുങ്ങണമെന്നും പ്രദേശത്ത് സമാധാനം പുനഃസ്ഥാപിക്കണമെന്നുമുള്ള ആവശ്യം ഐക്യരാഷ്ട്രസഭ ഉന്നയിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷം കുറേയായി. എന്നാല്‍ അമേരിക്കന്‍ സാമ്രാജ്യത്വശക്തികളുടെ ഒത്താശയോടെ ഇസ്രയേല്‍ ഗാസ മുനമ്പിലും മറ്റ് പ്രദേശങ്ങളിലും നടത്തുന്ന ആക്രമണം അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ അടുത്തകാലത്തെ നിലപാടോടെ ശക്തിപ്രാപിച്ചിരിക്കുന്നു. തര്‍ക്കഭൂമിയാക്കി ഇസ്രയേല്‍ നിലനിര്‍ത്തുന്ന ജറുസലേം പലസ്തീന്‍ ജനതയ്ക്ക് കൂടി അവകാശപ്പെട്ടതാണെന്നിരിക്കെ അമേരിക്ക ഏകപക്ഷീയമായി അത് ഇസ്രയേലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ചതോടെയാണ് അവിടെ നിലനിന്ന താല്‍ക്കാലിക വെടിയുതിര്‍ക്കലിനും ആക്രമണത്തിനും പുതുജീവന്‍ വച്ചത്. അമേരിക്കയുടെ പ്രേരണയില്‍ ഇസ്രയേല്‍ സേന ആരംഭിച്ച ആക്രമണങ്ങള്‍ക്കെതിരെ തമീമി നടത്തിയ ചെറുത്തുനില്‍പ് നിര്‍ണായകമായത് അതുകൊണ്ടുകൂടിയാണ്.

നബി സാലിഹിലെ സ്വന്തം വസതിക്ക് സമീപമാണ് തമീമി ഇസ്രയേല്‍ പട്ടാളക്കാരെ നേരിട്ടത്. തമീമിയുടെ നടപടി ക്രിമിനല്‍ കുറ്റമായിക്കണ്ട സൈനിക കോടതി അവള്‍ക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കുമെന്ന വാശിയിലാണ്. എന്നാല്‍ വീഡിയോ വൈറലായതോടെ ഇസ്രയേല്‍ സേന ലോകസമൂഹത്തിന് മുമ്പില്‍ നാണംകെട്ടിരിക്കുന്നു. തന്റെ മകളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് തമീമിയുടെ പിതാവ് ഓണ്‍ലൈനില്‍ ആരംഭിച്ച ഒപ്പുശേഖരണത്തില്‍ 17 ലക്ഷത്തിലേറെ പേര്‍ പിന്തുണയുമായി എത്തിക്കഴിഞ്ഞു. ലോകത്തെ മനുഷ്യാവകാശ സംഘടനകള്‍ വിചാരണ തുറന്ന കോടതിയില്‍ മാധ്യമങ്ങളുടെ സാന്നിധ്യത്തിലായിരിക്കണമെന്ന് ശക്തമായി ആവശ്യപ്പെടുന്നുണ്ട്. ധീരയായ ഈ പെണ്‍കുട്ടിയെ പലസ്തീനിലെ ‘ജോന്‍ ഓഫ് ആര്‍ക്കാ’യാണ് സാര്‍വദേശീയ രംഗത്ത് വിശേഷിപ്പിക്കപ്പെടുന്നത്. തമീമിയുടെ പോരാട്ടം മാനവികതയ്ക്ക് വേണ്ടി കൂടിയുള്ളതാണ്. അവള്‍ വിജയിക്കേണ്ടത് ലോകത്തിന്റെ ആവശ്യമാണ്.