കല്‍ക്കരി ഖനന മേഖലയുടെ സ്വകാര്യവല്‍ക്കരണം ചെറുക്കുക

Web Desk
Posted on February 21, 2018, 10:16 pm

രാജ്യത്തെ പൊതുസ്വത്തുക്കള്‍ വിറ്റു തുലയ്ക്കുന്ന നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബാധം തുടരുകയാണ്. വന്‍കിട പൊതുമേഖലാ സ്ഥാപനങ്ങള്‍ ഒന്നൊന്നായി വിറ്റഴിച്ചുകൊണ്ടിരിക്കുന്ന മോഡി സര്‍ക്കാര്‍ ഏറ്റവുമൊടുവില്‍ രാജ്യത്തെ കല്‍ക്കരി പാടങ്ങളും സ്വകാര്യവല്‍ക്കരിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. പൊതുമേഖലാ ബാങ്കുകളിലെ ധനമത്രയും നീരവ് മോഡിമാര്‍ക്കും വിജയ് മല്യമാര്‍ക്കും തട്ടിയെടുക്കുന്നതിന് ഒത്താശ ചെയ്യുന്ന സര്‍ക്കാരാണ് പൊതുസ്വത്തുക്കള്‍ സ്വദേശി — വിദേശി കുത്തകകള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും തീറെഴുതുന്ന തീരുമാനം കൈക്കൊള്ളുന്നത്.

ലേലനടപടികളിലൂടെ ഖനനമേഖല സ്വകാര്യ വിദേശ കുത്തകകള്‍ക്ക് നല്‍കുന്നതിനുള്ള തീരുമാനത്തിനാണ് കഴിഞ്ഞദിവസം സാമ്പത്തിക കാര്യങ്ങള്‍ സംബന്ധിച്ച മന്ത്രിതല സമിതി അംഗീകാരം നല്‍കിയിരിക്കുന്നത്. 1973 ലാണ് കല്‍ക്കരി ഖനനമേഖല ദേശസാല്‍ക്കരിക്കപ്പെട്ടത്.
ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കാലം മുതല്‍ തന്നെ രാജ്യത്തിന്റെ അപൂര്‍വ ധാതുസമ്പത്തായ കല്‍ക്കരി ഖനനം ചെയ്ത് കടത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. ലോകത്ത് ഏറ്റവുമധികം കല്‍ക്കരി സമ്പത്തുള്ള രാജ്യങ്ങളില്‍ അഞ്ചാം സ്ഥാനത്തുള്ള രാജ്യമാണ് നമ്മുടേത്. അതില്‍ തന്നെ കല്‍ക്കരി ഉല്‍പാദനത്തില്‍ നാലാംസ്ഥാനവും ഇന്ത്യയ്ക്കുണ്ട്. ഔദ്യോഗിക കണക്കുകളനുസരിച്ച് 30660 കോടി മെട്രിക് ടണ്‍ കല്‍ക്കരി നിക്ഷേപമാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളത്. ഇവയില്‍ 2014 ലെ കണക്കനുസരിച്ച് 53.65 കോടി മെട്രിക് ടണ്‍ കല്‍ക്കരിയാണ് ഖനനം ചെയ്‌തെടുത്തത്.

ഒഡിഷ, ഛത്തീസ്ഗഡ്, ഝാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതലായി കല്‍ക്കരി നിക്ഷേപമുള്ളതായി കണ്ടെത്തിയിട്ടുള്ളത്. ഇതിന് പുറമേ തെലങ്കാന, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും നിക്ഷേപമുണ്ട്. സ്റ്റീല്‍, സിമന്റ് നിര്‍മാണ ആവശ്യത്തിനായും ഇത് ഉപയോഗിക്കുന്നുണ്ടെങ്കിലും ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്നത് ഊര്‍ജോല്‍പാദനത്തിനായാണ്. രാജ്യത്ത് ഉല്‍പാദിപ്പിക്കപ്പെടുന്ന ഊര്‍ജത്തിന്റെ 72 ശതമാനവും കല്‍ക്കരി ഉപയോഗിച്ചാണെന്നാണ് കണക്ക്. ദേശസാല്‍ക്കരണത്തിന് ശേഷം കോള്‍ ഇന്ത്യയുടെ കയ്യിലായിരുന്നു ഇന്ത്യന്‍ കല്‍ക്കരി മേഖലയുടെ കുത്തക. കുത്തക പൊളിച്ച് സ്വകാര്യമേഖലയ്ക്ക് വഴി തുറക്കുന്നതിനു വളരെക്കാലമായി കേന്ദ്ര ഭരണാധികാരികളുടെ മേല്‍ സമ്മര്‍ദമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ചെറിയൊരു മേഖലയിലെ ഖനനം സ്വകാര്യമേഖലയ്ക്ക് നല്‍കുകയും ചെയ്തിരുന്നു. ഇത് വന്‍ മാഫിയാവല്‍ക്കരണത്തിനും കുംഭകോണങ്ങള്‍ക്കും വഴിവച്ചത് വളരെ പഴയ കാലത്തെ ചരിത്രമല്ല.

ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ നാള്‍ മുതല്‍ നരേന്ദ്രമോഡിയുടെയും ബിജെപി സര്‍ക്കാരിന്റെയും ഉറ്റതോഴന്മാരായ കോര്‍പ്പറേറ്റുകളും വിദേശ വ്യവസായികളും ഈ സമ്മര്‍ദം ശക്തിപ്പെടുത്തുകയും ചെയ്തിരുന്നു. അതിന്റെ ഫലമാണ് കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രിതല സമിതി തീരുമാനമായി പുറത്തുവന്നിരിക്കുന്നത്. മോഡി അധികാരത്തിലെത്തിയ ശേഷം ആസ്തിയില്‍ വന്‍ കുതിച്ചുകയറ്റം നടത്തിയ ഗൗതം അദാനി, മോഡിയുമായി ഉറ്റ ബന്ധമുള്ള വേദാന്ത, ഹിന്‍ഡാല്‍കോ, അംബാനിയുടെ റിലയന്‍സ്, എസ്സാര്‍ തുടങ്ങിയ വന്‍കിട കോര്‍പറേറ്റുകള്‍ക്കും വിദേശ കുത്തകകള്‍ക്കുമാണ് ഇതിന്റെ നേട്ടമുണ്ടാകാന്‍ പോകുന്നതെന്നത് യാദൃച്ഛികമല്ല. കല്‍ക്കരിസമ്പത്ത് ഒരു നിയന്ത്രണവുമില്ലാതെ ഖനനംചെയ്യാനും വില്‍ക്കാനുമാണ് കുത്തകകമ്പനികള്‍ക്ക് അവസരം ലഭിക്കുന്നത്. ഖനനം ചെയ്‌തെടുക്കുന്ന കല്‍ക്കരി ടണ്ണിന് ഇത്ര എന്ന വില നിശ്ചയിച്ചാണ് ലേലം നടത്തുകയെങ്കിലും കല്‍ക്കരിയുടെ വില്‍പ്പനയിലോ ഉപയോഗത്തിലോ സര്‍ക്കാരിന് യാതൊരു നിയന്ത്രണവുമുണ്ടാകില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.
രാജ്യത്തിന്റെ പൊതുസ്വത്ത് കൊള്ളയടിക്കാന്‍ സ്വകാര്യ മുതലാളിമാര്‍ക്ക് അവസരമുണ്ടാകുന്നുവെന്നതു മാത്രമല്ല ഇതിന്റെ അപകടം. ഊര്‍ജാവശ്യത്തിനാണ് പ്രധാനമായും കല്‍ക്കരി ഉപയോഗിക്കുന്നതിനാല്‍ വിലനിയന്ത്രണമില്ലാത്തതുകൊണ്ട് വൈദ്യുതി നിരക്ക് കൂട്ടേണ്ട സാഹചര്യം സൃഷ്ടിക്കപ്പെടുമെന്നതില്‍ സംശയമില്ല. ഇത് രാജ്യത്തെ സാധാരണക്കാരെയാണ് ദോഷകരമായി ബാധിക്കാന്‍ പോകുന്നത്. വ്യവസായ ആവശ്യത്തിനുള്ള ഉപയോഗത്തെയും വിലവര്‍ധനവ് ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഇത് നിലവിലുള്ള വ്യവസായങ്ങളെ പ്രതിസന്ധിയിലാക്കും.

അതോടൊപ്പം തന്നെ ഈ തീരുമാനം തൊഴില്‍ മേഖലയിലും വന്‍ പ്രതിസന്ധിയാണ് സൃഷ്ടിക്കാന്‍ പോകുന്നത്. വ്യവസായങ്ങള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ അവിടെ തൊഴിലെടുക്കുന്നവരെ ബാധിക്കുന്നതാണ്. അതുപോലെ ഖനന മേഖലയെ ആശ്രയിച്ച് തൊഴിലായും അല്ലാതെയും ജീവിക്കുന്ന കോടിക്കണക്കിന് പേരാണ് രാജ്യത്തുള്ളത്. അത്തരത്തിലൊരു മേഖല സ്വകാര്യ കുത്തകകളുടെ കയ്യിലെത്തുന്നതോടെ സുരക്ഷയും ആശങ്കയിലാകും.
രാജ്യത്തിന്റെ പൊതുസമ്പത്ത് കൊള്ളയടിക്കാനും മേഖലയെ ആശ്രയിച്ച് ജീവിക്കുന്ന കോടിക്കണക്കിന് മനുഷ്യ ജീവിതങ്ങളെ പ്രതിസന്ധിയിലാക്കാനും മാത്രമാണ് മോഡി സര്‍ക്കാരിന്റെ കോര്‍പ്പറേറ്റ് വിധേയത്വം പ്രകടിപ്പിക്കുന്നതിന് മാത്രമുള്ള ഈ തീരുമാനം വഴിവയ്ക്കുകയെന്നതില്‍ സംശയമില്ല. അതുകൊണ്ട് രാജ്യതാല്‍പര്യത്തിനും ജനതാല്‍പര്യത്തിനും വിരുദ്ധമായ സര്‍ക്കാര്‍ തീരുമാനം സംഘടിത ശക്തിയിലൂടെ ചെറുക്കപ്പെടേണ്ടതുണ്ട്.