June 7, 2023 Wednesday

അവര്‍ കുരയ്ക്കുന്നത് ഫാസിസ്റ്റ് യജമാനന്മാര്‍ക്കുവേണ്ടി

Janayugom Webdesk
January 11, 2020 5:10 am

 ദശലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ സാക്ഷ്യം വഹിച്ച അക്രമസംഭവങ്ങളാണ് ജനുവരി അഞ്ചിന് രാജ്യത്തിന്റെ അഭിമാനമായ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ അരങ്ങേറിയത്. വിശിഷ്ടമായ പഠനാന്തരീക്ഷം മാത്രമല്ല സവിശേഷമായ രാഷ്ട്രീയ അന്തരീക്ഷവും അവബോധവും കൂടിയാണ് ജെഎന്‍യുവിനെ വേറിട്ട് അടയാളപ്പെടുത്തുന്നത്. സ്വതന്ത്രമായ അക്കാദമിക അന്തരീക്ഷവും വിദ്യാര്‍ഥികളുടെ അന്വേഷണത്വരയെ ഉദ്ദീപിപ്പിക്കുന്ന കാമ്പസും ഇടതുപക്ഷ ചിന്തകള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും വളക്കൂറുള്ള മണ്ണായത് സ്വാഭാവികം മാത്രം. ജെഎന്‍യുവിന്റെ ആ സവിശേഷ പദവിയെയും സ്വതന്ത്ര അക്കാദമിക അന്തരീക്ഷത്തെയും തകര്‍ക്കാന്‍ നടക്കുന്ന ശ്രമങ്ങള്‍ക്ക് നരേന്ദ്രമോഡിയുടെ കേന്ദ്ര അധികാര ആരോഹണത്തോളംതന്നെ പഴക്കമുണ്ട്. അത് അവിടെ മാത്രമായി ഒതുങ്ങിനില്‍ക്കുന്നില്ലെന്നു മാത്രം.

രാജ്യത്തെ മികവുറ്റ സര്‍വകലാശാലകളും ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളും സംഘപരിവാറിന്റെയും ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള കേന്ദ്രസര്‍ക്കാരിന്റെയും ശരവ്യമാകുന്നത് തികച്ചും സ്വാഭാവികം. സംഘ്പരിവാറിനെ നിലനിര്‍ത്തുന്ന ഐതിഹ്യങ്ങളും കെട്ടുകഥകളും ചോദ്യം ചെയ്യപ്പെടാതിരിക്കണമെങ്കില്‍ വിവരത്തിനും വിജ്ഞാനത്തിനും അന്വേഷണത്വരയ്ക്കും അക്കാദമിക സ്വാതന്ത്ര്യത്തിനും കൂച്ചുവിലങ്ങ് ഇട്ടേ മതിയാവൂ. അതിനുള്ള തന്ത്രങ്ങളും കുതന്ത്രങ്ങളുമാണ് സംഘപരിവാര്‍ പാളയത്തില്‍ മെനഞ്ഞെടുക്കുന്നത്. ജനുവരി അഞ്ചിന്റെ ജെഎന്‍യു കാമ്പസിലെ അതിക്രമങ്ങളെ പറ്റിയുള്ള പൊലീസ് അന്വേഷണം പുറത്തു കൊണ്ടുവന്നിരിക്കുന്ന കണ്ടെത്തലുകള്‍ ഹിറ്റ്ലറെയും ഗീബല്‍സിനെയും അവരുടെ ശവക്കല്ലറകളില്‍ ഞെളിപിരികൊള്ളിക്കും. സംഘ്പരിവാര്‍ ഗുണ്ടാ ആക്രമണത്തിന് ഇരകളായ വിദ്യാര്‍ഥി നേതാക്കളെ പ്രതിപട്ടികയിലാക്കിയ ഡല്‍ഹി പൊലീസിന്റെ നടപടി ആടിനെ പട്ടിയാക്കി, പട്ടിയെ പേപ്പട്ടിയാക്കി തല്ലിക്കൊല്ലുന്ന ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ കുടിലതന്ത്രമാണ് തുറന്നുകാട്ടുന്നത്. ജെഎന്‍യുവില്‍ അരങ്ങേറിയ അക്രമവേളയില്‍ അതിന് ഇരകളായ വിദ്യാര്‍ഥികളെയും അധ്യാപകരെയും രക്ഷപ്പെടാന്‍ അനുവദിക്കാതെ അക്രമികള്‍ക്ക് അഴിഞ്ഞാടാന്‍ ജാലിയന്‍‌വാലാബാഗിനു സമാനമായ അന്തരീക്ഷവും സമയവും അവസരവും ഒരുക്കിയത് ക്യാമറക്കണ്ണുകള്‍ക്ക് മുന്നിലായിരുന്നു. അക്രമികള്‍ സുരക്ഷിതരായി രക്ഷപ്പെടാന്‍ അവസരം ഒരുക്കിയ അവര്‍ ഇരകള്‍ക്കുമേല്‍ കള്ളക്കേസുകള്‍ ചമയ്ക്കുന്നതിനും രാജ്യം സാക്ഷ്യം വഹിച്ചു. എന്നിട്ടും അരിശം തീരാതെ ഇപ്പോള്‍ ഡല്‍ഹി പൊലീസ് ഇരകളായവരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി പുതിയ കേസുകള്‍ കെട്ടിച്ചമച്ചിരിക്കുന്നു.

അക്രമം തുടരവേ തന്നെ പുറത്തുവന്നതും വ്യാപകമായി പ്രചരിപ്പിച്ചതുമായ ദൃശ്യങ്ങള്‍ ഒന്നുപോലും പരിഗണിക്കാന്‍ വിസമ്മതിച്ച പൊലീസ് ഇപ്പോ­ള്‍ പുറത്തുവിട്ടിരിക്കുന്ന ദൃശ്യങ്ങ­ള്‍ ജനങ്ങളെ കബളിപ്പിക്കാ­ന്‍ പര്യാപ്തമാണെന്ന് കരുതുന്നെങ്കില്‍ അവര്‍ വിഡ്ഡികളുടെ പറുദീസയിലാണ് ജീവിക്കുന്നതെന്ന് പറയാതെ വയ്യ. സംഘ്പരിവാര്‍ നുണഫാക്ടറികളുടെ ഉപഭോക്താക്കളല്ല, മറിച്ച് അവരുടെ നുണഫാക്ടറികള്‍ തന്നെയാണ് ഡല്‍ഹി പൊലീസ് ആസ്ഥാനമെന്നാണ് സംഭവങ്ങള്‍ സ്ഥിരീകരിക്കുന്നത്. പൊലീസ് യൂണിഫോം ധരിച്ച തങ്ങള്‍ യഥാര്‍ഥത്തില്‍ കാക്കിധാരികളായ ആര്‍എസ്എസ് സ്വയം സേവകരാണെന്നാണ് ഡല്‍ഹി പൊലീസ് തെളിയിക്കുന്നത്. അത്യന്തം അപകടകരവും ഭയാനകവുമായ സ്ഥിതിവിശേഷത്തെയാണ് രാജ്യം നേരിടുന്നത്. ഫാസിസ്റ്റ് ആര്‍എസ്എസും രാജ്യത്തിന്റെ നിയമങ്ങള്‍ക്ക് അനുസൃതമായി രൂപംകൊണ്ടതും പ്രവര്‍ത്തിക്കേണ്ടതുമായ ഡല്‍ഹി പൊലീസ് സേനയും തമ്മില്‍ യാതൊരു അന്തരവും ഇല്ലെന്നതാണ് അവസ്ഥ. അത് രാജ്യത്തിന്റെ ക്രമസമാധാന സംവിധാനത്തിന്റെ സമ്പൂര്‍ണ തകര്‍ച്ചയാണ് വിളിച്ചറിയിക്കുന്നത്. അത് അക്ഷരാര്‍ഥത്തില്‍ രാഷ്ട്ര തലസ്ഥാനത്തെ പൊലീസ് സ്റ്റേറ്റ് ആക്കി മാറ്റിയിരിക്കുന്നു. ജനാധിപത്യത്തിന്റെയും നിയമവാഴ്ചയുടെയും ഭരണഘടനയുടെ തന്നെയും മരണമണിയാണ് ഡല്‍ഹിയില്‍ നിന്ന് ഉയരുന്നത്.

ജനാധിപത്യത്തിനും മതനിരപേക്ഷതക്കും ഭരണഘടനക്കും നിയമവാഴ്ചക്കും സ്വാതന്ത്ര്യത്തിനും വേണ്ടി ഇന്ത്യന്‍ കാമ്പസുകളില്‍ നിന്ന് ഉയരുന്ന പ്രതിരോധത്തിന്റെ ശബ്ദം കേള്‍ക്കാന്‍ രാജ്യം ഇനിയും വൈകിക്കൂട. കനയ്യകുമാറും ഉമര്‍ഖാലിദുമടക്കം ജെഎന്‍യുവിലെ ഉല്പതിഷ്ണുക്കളായ വിദ്യാര്‍ഥികളെ ‘രാജ്യദ്രോഹി‘കളാക്കി മുദ്രകുത്തിയ ഡല്‍ഹി പൊലീസാണ് ഇപ്പോള്‍ ഇവിടത്തെ വിദ്യാര്‍ഥി യൂണിയന്‍ ജനറല്‍ സെക്രട്ടറി ഐഷിഘോഷടക്കം ഒരുപറ്റം കുട്ടികളെ ‘ക്രിമിനലു‘കളാക്കി മാറ്റാന്‍ ശ്രമിക്കുന്നത്. ഡല്‍ഹി പൊലീസ് കുരയ്ക്കുന്നത് തങ്ങളുടെ ഫാസിസ്റ്റ് യജമാനന്മാര്‍ക്കുവേണ്ടിയാണ്. കാമ്പസുകളുടെ മാത്രമല്ല, രാജ്യത്തിന്റെ സ്വതന്ത്ര അന്തരീക്ഷം തന്നെയാണ് വെല്ലുവിളിക്കപ്പെടുന്നത്. ആ വെല്ലുവിളിക്ക് അനുരോധമായ കരുത്തുറ്റ പ്രതിരോധം ഉയര്‍ന്നുവരണം — നിര്‍ണായക മുഹൂര്‍ത്തത്തെയാണ് രാജ്യം നേരിടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.